ഝാര്‍ഖണ്ഡ്: ആദിവാസി, ക്രിസ്ത്യന്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകം

സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗങ്ങളും 13 ശതമാനത്തേളം വരുന്ന ആദിവാസി വിഭാഗമായ സാർനായിസ്റ്റുകളും നാലു ശതമാനത്തിന് മുകളിലുള്ള ക്രിസ്ത്യൻ വോട്ടുകളും സംസ്ഥാനത്ത് നിർണായകമാണ്. സംസ്ഥാനത്തെ 24 ജില്ലകളിൽ 18 ഇടങ്ങളും നക്‌സൽ മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്. താരതമ്യേന നക്‌സൽ സ്വാധീനമില്ലാത്ത മേഖലകളിലാണ് അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്നെ ഇവിടെ പോളിങ് ശതമാനം വർധിക്കാനാണ് സാധ്യത

ഝാര്‍ഖണ്ഡ്: ആദിവാസി, ക്രിസ്ത്യന്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകം

സിദ്ദീഖ് കെ

കാടുകളുടെ നാടെന്ന അപര നാമത്തില്‍ അറിയപ്പെടുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. ഇന്ത്യയുടെ കിഴക്ക് ഭാഗത്തും ബിഹാറിന്റെ തെക്കുഭാഗത്തുമായാണ് ഝാര്‍ഖണ്ഡിന്റെ സ്ഥാനം. 2000 നവംബര്‍ 15ന് ബിഹാറിലെ 18 തെക്കന്‍ ജില്ലകള്‍ ചേര്‍ത്ത് രൂപീകൃതമായി. ഇപ്പോള്‍ അഞ്ചു ഡിവിഷനുകളിലായി 24 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. 81 അസംബ്ലി സീറ്റുകളും 14 ലോക്‌സഭ സീറ്റുകളുമുണ്ട്. 2014 നവംബര്‍ 25നും ഡിസംബര്‍ 20നുമിടയില്‍ അഞ്ചു ഘട്ടമായി നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാലാവധി പൂര്‍ത്തിയാക്കുന്ന രഘുബര്‍ ദാസ് മന്ത്രിസഭയുടെ സെമി ഫൈനലാണ് ഇവിടത്തെ ലോക്‌സഭ തെരഞ്ഞടുപ്പ്. നാലുഘട്ടങ്ങളായാണ് സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ട പോളിങ് നടക്കുന്ന അടുത്ത ഞായറാഴ്ച സന്ഥാല്‍ പര്‍ഗാന ഡിവിഷനിലെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലില്‍ ജനം വിധി എഴുതും.

പാകൂര്‍, സാഹിബ് ഗഞ്ച് ജില്ലകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന രാജ്മഹല്‍ ലോക്‌സഭ മണ്ഡലം, ദുംക ജില്ലയില്‍ ഉള്‍പ്പെടുന്ന ദുംക ലോക്‌സഭ മണ്ഡലം, ഗൊഡ്ഡ ജില്ലയിലെ ഗൊഡ്ഡ ലോക്‌സഭ മണ്ഡലം എന്നിവയിലാണ് 19ന് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 13 ശതമാനത്തോളം വരുന്ന ഗോത്ര വര്‍ഗ വോട്ടുകള്‍ സംസ്ഥാനത്ത് ഏറെ നിര്‍ണായകമാണ്. അഞ്ച് എസ്.ടി സംവരണ മണ്ഡലങ്ങളും ഒരു എസ്.സി സംവരണ മണ്ഡലവും അടങ്ങിയതാണ് സംസ്ഥാനത്തെ ലോക്‌സഭ മണ്ഡലങ്ങള്‍. അവസാന ഘട്ട പോളിങ് നടക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ രാജ്മഹല്‍, ദുംക മണ്ഡലങ്ങള്‍ എസ്.ടി സംവരണ മണ്ഡലങ്ങളാണ്.

സാഹിബ ഗഞ്ച്, പാക്കൂര്‍ ജില്ലകളിലെ രണ്ടു വീതം എസ്.ടി സംവരണ അസംബ്ലി മണ്ഡലങ്ങള്‍ അടക്കം മൊത്തം ആറു മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് രാജ്മഹല്‍ ലോക്‌സഭ മണ്ഡലം. ഝാര്‍ഖണ്ഡ് സംസ്ഥാന രൂപീകൃതമായതിന് ശേഷം 2004, 2009, 2014 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്മഹല്‍ മണ്ഡലം 2009ല്‍ മാത്രമാണ് ബി.ജെ.പിയെ പിന്തുണച്ചത്. 2004ലും 2014ലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ ലോക്‌സഭയിലെത്തിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി കോണ്‍ഗ്രസിതര അംഗത്തെ മണ്ഡലം പാര്‍ലമെന്റിലെത്തിച്ചത്. പിന്നീട് 1989ലും 1991ലും ജെ.എം.എം സ്ഥാനാര്‍ത്ഥി വിജിയിച്ചു. 1998ലാണ് ആദ്യമായൊരു ബി.ജെ.പി അംഗം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തിയത്. രാജ്മഹല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രാജ്മഹല്‍, ബോറിയൊ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ബി.ജെ.പി അംഗങ്ങളാണ്. മറ്റൊരു അസംബ്ലി മണ്ഡലമായ ബര്‍ഹൈത്തില്‍ നിന്നും വിജയിച്ചത് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറനാണ്. 2005 മുതല്‍ ഈ മണ്ഡലം ജെ.എം.എമ്മിന്‍ കൈകളിലാണ്.

1990 മുതല്‍ ജെ.എം.എം സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിക്കുന്ന ലിട്ടിപാറ മണ്ഡലും 2005 മുതല്‍ ജെ.എം.എമ്മിനെ പിന്തുണക്കുന്ന മഹേഷ് പൂര്‍ മണ്ഡലവും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഗണ്യമായ സ്വാധീനമുള്ള പാക്കൂര്‍ അസംബ്ലി മണ്ഡലവും ചേര്‍ന്നതാണ് രാജ്മഹല്‍ ലോക്‌സഭ മണ്ഡലം. രാജ്മഹല്‍ ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എം.പിയായ വിജയ് കുമാര്‍ ഹാന്‍സ്ഡാകാണ് ഇക്കുറിയും ജെ.എം.എമ്മിന് വേണ്ടി ജനവിധി തേടുന്നത്. 2004ല്‍ ജെ.എം.എം ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ ഹേംലാല്‍ മുര്‍മുവാണ് ബി.ജെ.പിക്ക് വേണ്ടി ഇക്കുറി രംഗത്തുള്ളത്. ഇവര്‍ അടക്കം 11 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മണ്ഡലത്തില്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങിയിരിക്കുന്നത്.

1980ലും 1989 മുതല്‍ 1996 വരെയും 2002 മുതല്‍ തുടര്‍ച്ചായായും ജെ.എം.എം അദ്ധ്യക്ഷന്‍ ഷിബു സോറന്‍ വിജയിച്ചു വരുന്ന മണ്ഡലമാണ് ദുംക. ഷിബു സോറണ്‍ എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാല്‍, 1998,1999 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം ബി.ജെ.പിയെ പിന്തുണച്ചു. ഝാര്‍ഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയായ ബാബുലാല്‍ മറാണ്ഡി ബി.ജെ.പി ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. മൂന്ന് എസ്.ടി സംവരണ മണ്ഡലങ്ങല്‍ അടക്കം ആറു അസംബ്ലി മണ്ഡലങ്ങളല്‍ ചേര്‍ന്നതാണ് ദുംക ലോക്‌സഭ മണ്ഡലം. ഇവയില്‍ മൂന്നിടത്ത് ജെ.എം.എമ്മും രണ്ടു മണ്ഡലങ്ങളില്‍ ബി.ജെ.പിയും ഒരു മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയുമാണ് വിജയിച്ചത്. ദുംകയില്‍ ഇക്കുറിയും ഷിബു സോറണ്‍ തന്നെയാണ് ജെ.എം.എം സ്ഥാനാര്‍ത്ഥി. 2004ല്‍ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുനില്‍ സോറനാണ് ഷിബോ സോറന്റെ എതിരാളി.

ഏഴാം ഘട്ടത്തില്‍ പോളിങ് നടക്കുന്ന ഗോഡ്ഡ ലോക്‌സഭ മണ്ഡലം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. ബി.ജെ.പിയിലെ നിഷികാന്ത് ദൂബെയാണ് 2009ലും 2014ലും മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഫുര്‍ഖാന്‍ അന്‍സാരി ലോക്‌സഭയിലെത്തി. 1962ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ ഏഴു തവണ ബി.ജെ.പി അംഗങ്ങളും ആറു തവണ കോണ്‍ഗ്രസ്സ് അംഗങ്ങളുമാണ് മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചത്. 1991ലെ തെരഞ്ഞെടുപ്പില്‍ ജെ.എം.എമ്മിലെ സൂരജ് മണ്ഡല്‍ തെരഞ്ഞടുക്കപ്പെട്ടു. 1980ല്‍ കോണ്‍ഗ്രസ്സിലെ മൗലാന സമീനുദ്ദീനാണ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. ദിയോഘര്‍ എസ്.സി സംവരണ മണ്ഡലം അടക്കം ആറു അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഗോഡ്ഡ ലോക്‌സഭ മണ്ഡലം. ഇതില്‍ 2014ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാലിടത്തും ബി.ജെ.പി പ്രതിനിധികളാണ് വിജയിച്ചത്. ഓരു സീറ്റില്‍ കോണ്‍ഗ്രസ്സും രണ്ടാമത്തേതില്‍ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച സ്ഥാനാര്‍ത്ഥിയും വിജയിച്ചു. ഇക്കുറി ബി.ജെ.പിയിലെ നിഷികാന്ത് ദൂബെയുടെ പ്രധാന എതിരാളി മുന്‍ ബി.ജെ.പി നേതാവും 2000ല്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി പ്രതിനിധിയായി ലോക്‌സഭയിലെത്തുകയും ചെയ്ത ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയിലെ പ്രദീപ് യാദവാണ്. പോഡിയാഹഠ് അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എയാണ് പ്രദീപ് യാദവ്.

സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗങ്ങളും 13 ശതമാനത്തേളം വരുന്ന ആദിവാസി വിഭാഗമായ സാര്‍നായിസ്റ്റുകളും നാലു ശതമാനത്തിന് മുകളിലുള്ള ക്രിസ്ത്യന്‍ വോട്ടുകളും സംസ്ഥാനത്ത് നിര്‍ണായകമാണ്. സംസ്ഥാനത്തെ 24 ജില്ലകളില്‍ 18 ഇടങ്ങളും നക്‌സല്‍ -മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്. താരതമ്യേന നക്‌സല്‍ സ്വാധീനമില്ലാത്ത മേഖലകളിലാണ് അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ പോളിങ് ശതമാനം വര്‍ധിക്കാനാണ് സാധ്യത.


Read More >>