ഒരു കുംഭകോണത്തിന്റെ പേരാകുമോ ചിദംബരം

പളനിയപ്പന്‍ എന്ന പി. ചിദംബരത്തിന്റെ പേരിനൊപ്പമുള്ള ചിദംബരം എന്ന തമിഴ്‌നാട്ടിലെ ചിദംബരം എന്ന ദേശവും ഇനി അഴിമതിയുടെ പര്യായ പദമായി മാറുമോ എന്നതാണ് ഇന്നലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഉയര്‍ന്ന തമാശ

ഒരു കുംഭകോണത്തിന്റെ പേരാകുമോ ചിദംബരം

കെ. സിദ്ദീഖ്

വന്‍ അഴിമതികള്‍ നടത്തുന്നതിനെ കുംഭകോണം എന്നാണ് പൊതുവെ മലയാളത്തില്‍ പറയാറുള്ളത്. പി. ചിദംബരത്തിന്റെ മാതൃ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു പ്രദേശമാണ് കുംഭക്കോണം. പളനിയപ്പന്‍ എന്ന പി. ചിദംബരത്തിന്റെ പേരിനൊപ്പമുള്ള ചിദംബരം എന്ന തമിഴ്‌നാട്ടിലെ ചിദംബരം എന്ന ദേശവും ഇനി അഴിമതിയുടെ പര്യായ പദമായി മാറുമോ എന്നതാണ് ഇന്നലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഉയര്‍ന്ന തമാശ. മാദ്ധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വന്‍ അഴിമതികള്‍ക്ക് കുംഭകോണം മാതൃകയില്‍ ഇനി ചിദംബരം എന്ന് പറയാമെന്നും ആരൊക്കെയോ തമാശിച്ചു.

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയും ഒക്കെയായിരുന്ന പി.ചിദംബരത്തെ അവസാനം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.െഎ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ കുറിപ്പ് എഴുതുന്ന സമയത്ത് ഡല്‍ഹി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ എന്ന മാദ്ധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഇന്നലെ വൈകുന്നേരം വരെ ചിദംബരത്തെ തേടി സി.ബി.െഎ ഡല്‍ഹിയിലെ ജോര്‍ ബാഗിലുള്ള ഔദ്യോഗിക വസതിയില്‍ മതില്‍ ചാടി എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനൊ സാധിച്ചിരുന്നുല്ല.

എന്നാല്‍, ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ അന്വേണഷണ ഏജന്‍സികള്‍ സ്ഥിരം ചെയ്യാറുള്ള ലുക്ക് ഔട്ട് നോട്ടീസ് ചിദംബരത്തിന്റെ കാര്യത്തിലും സി.ബി.െഎ ഇന്നലെ പുറത്തിറക്കി. അതേസമയം, എ.െഎ.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷമാണ് സി.ബി.െഎ മുന്‍ ആഭ്യന്തര മന്ത്രിയും നിലവില്‍ രാജ്യ സഭാംഗവുമായ ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്.

'ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നുമാണ് ചിദംബരം ഇന്നലെ എ.െഎ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍, 2008 മുതല്‍ 2012വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം യു.എ.പി.എ നിയമത്തിന്റെ കരാള ഹസ്തങ്ങളില്‍ കുടുക്കി അന്യായമായി ജയിലിലടച്ച നിരവധി നിരപരാധികളായ കശ്മീരി യുവാക്കളുടെ കുുടുംബത്തിന്റെ കണ്ണീരാണ് പളനിയപ്പനെയും മകന്‍ കാര്‍ത്തിയെയും കുടുംബം സമേതം വേട്ടയാടുന്നതെന്നാണ് കശ്മീരിലെ മാദ്ധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ പക്ഷം.

ഇപ്പോള്‍ ചിദംബരം വാവിട്ടു കരയുന്ന അറസ്റ്റിലെ പരിരക്ഷയും പൗരവകാശവും എല്ലാം കശ്മീരി യുവാക്കള്‍ക്കും അവരുടെ കുടുംബത്തിനും നല്‍കാന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായ കാലത്തെ അന്വേഷണ ഏജന്‍സികളും തയ്യാറായിരുന്നില്ല.

പി ചിദംബരത്തിന് മുന്നില്‍ ഇനി മൂന്ന് വഴികളുണ്ടെന്നാണ് സുഹൃത്തായ മാദ്ധ്യമ പ്രവര്‍ത്തകന്‍ പി.ബി അനൂബ് ഇന്നലെ പറഞ്ഞത്. ഒന്നാമത്തെ വഴി - അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ കീഴടങ്ങുക എന്നതാണ്. രണ്ടാമത്തെ മാര്‍ഗം സുപ്രീംകോടതിയുടെ ഉത്തരവുവരെ ഒളിവ് തുടരുക. (അതു നടന്നില്ല) മൂന്നാമത്തെ വഴി അജ്ഞാത കേന്ദ്രത്തിലിരുന്ന് ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ബിജെപിയില്‍ ചേരുക. (അതോടെ അദ്ദേഹത്തിന്റെ മേലുള്ള എല്ലാ കേസുകളും ആവിയാവുമല്ലോ). എന്നാല്‍, ഈ മൂന്നു വഴിയും പളനിയപ്പന്‍ തെരഞ്ഞെടുത്തില്ല. നാലാമത്തെ വഴിയിലൂടെ അതായത് മതില്‍ ചാടി ചിദംബരത്തെ (തങ്ങളുടെ മുന്‍ യജമാനനെ) അറസ്റ്റ് ചെയ്യുക എന്ന എളുപ്പ വഴിയാണ് സി.ബി.െഎ പരിഗണിച്ചത്.

Read More >>