കുമാരനാശാന്‍ ടൂറിസ വിഗ്രഹമാകുന്നു

കാലം മാറുമ്പോൾ ചരിത്രവും സംസ്ക്കാരവും അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ നിന്നും അകന്നു പോവുകയും പകരം വാണിജ്യവൽക്കരണത്തിന്റെ നീരാളികൈകളിൽ അകപ്പെടുകയും ചെയ്യും എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് കുമാരനാശാൻ സ്മാരകം.

കുമാരനാശാന്‍ ടൂറിസ വിഗ്രഹമാകുന്നു

വി ശശികുമാര്‍

കുമാരനാശാൻ മഹാകവി എന്നതിനും അപ്പുറത്തേയ്ക്ക് ടൂറിസം വ്യവസായത്തിനു ഒരു അടയാളമായി മാറ്റപ്പെടുകയാണ്. ശരിയാണ്, ആശാൻ സ്വജീവിതത്തിന്റെ അവസാന കാലത്തു ഓട് നിർമ്മാണ ഫാക്റ്ററി ഉടമയും വ്യവസായിയും ആയിരുന്നല്ലോ? ജീവിതാവസാന കാലത്തു സ്വന്തം സമുദായത്തിൽ നിന്നും നിഷ്‌കാസനം ചെയ്ത അവസ്ഥയിലായിരുന്നു ആശാൻ. എസ്.എൻ. ഡി.പി സെക്രട്ടറി സ്ഥാനം വിട്ടതിനു ശേഷമാണമല്ലോ അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിതകൾ രചിക്കപ്പെട്ടത്. അവസാന കവിത കിട്ടിയത് ആലുവയിലെ വ്യവസായ സ്ഥാപനത്തിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്നുമാണ്. പല്ലനയിൽ മുങ്ങിയതു റെഡീമർകമ്പനിയുടെ ബോട്ടായിരുന്നു. നാട്ടുകാർ ആശാന്റെ മൃതദേഹംവിട്ടുകൊടുക്കാതെ പല്ലനയിൽ തന്നെ അടക്കി.

ആശാന്റെ ശവക്കല്ലറ താണു പോകാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രിയായിരുന്ന സി അച്ചുതമേനോൻ കല്ലറയുടെ മുകളിൽ കോൺക്രീറ്റിൽ നല്ലൊരു സ്മാരകം പണിയിപ്പിച്ചു. അതിനു മുമ്പ് കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ പേരിൽ ഒരു യു.പി സ്‌കൂൾ അനുവദിച്ചു. 1970-കളിൽ തച്ചടി പ്രഭാകരൻ മാനേജരായി ആശാന്റെ പേരിൽ ഒരു ഹൈസ്കൂളും വന്നു. ഇതൊക്കെ കൂടാതെ പിന്നാലെ വന്ന സർക്കാരുകൾ കുമാരനാശാൻ സാംസ്കാരിക സമിതികെട്ടിടം, കനാലിനു കിഴക്കേ കരയിൽ ഒരു വായനശാല തുടങ്ങിയവ പണിതു കൊടുത്തു. വിദ്യാഭ്യാസ-സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായുള്ള സംരംഭങ്ങളായിരുന്നു ഇതൊക്കെ. എന്നാൽ, കാലം മാറിയപ്പോൾ സാംസ്ക്കാരികത്തിൽ നിന്നും ആശാനെ ഒന്ന് ട്വിസ്റ്റ് ചെയ്തു.

അതിനു തുടക്കമിട്ടത് കഴിഞ്ഞ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സർക്കാരിന്റെ കാലത്താണ്. 32 കോടി രൂപ ചെലവ് ചെയ്ത് എൻ.എച്ച്‌ 47 ൽ നിന്ന് കുമാരകോടിയിലേക്ക് ആശാന്റെ പേരിൽ ഒരു റോഡും പാലവും അനുവദിച്ചു. നിർദ്ദിഷ്ഠ റോഡ് പോകുന്ന വഴി വെള്ളകെട്ടും ചിറയും മാത്രം.

ജനവാസമില്ലാത്ത ലക്ഷ്മിതോപ്പിന്റെ ഉടമകൾ പരിസരത്തും മറ്റു നഗരങ്ങളിലുള്ള വ്യവസായികളാണ്. പടിഞ്ഞാറേ കരക്കാർക്കാണ് പാലവും റോഡും ആവശ്യമുള്ളത്. ഇപ്പോഴത്തെ പാലത്തിൽ നിന്നും തെക്കു മാറിയായിരുന്നു ആ പ്രദേശം. അപ്പോൾ കുമാരനാശാന്റെ പേരിൽ പെട്ടെന്ന് പദ്ധതി കിട്ടില്ലെന്ന് മനസ്സിലാക്കിയ സ്ഥലം എം.എൽ.എയും കെ.പി.സി.സി അദ്ധ്യക്ഷനുമായിരുന്ന രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ തന്നെ പാലത്തിനും റോഡിനും അനുമതി വാങ്ങി. അങ്ങനെ കുമാരനാശാൻ പാലത്തിനു താഴെയായി പിന്നീട് തെക്കുമാറി ഒരു തൂക്കുപാലം പണിത് ജനങ്ങളെ തൃപ്തിപ്പെടുത്തി. പാലവും റോഡും വന്നിട്ടും ആശാന്റെ സ്മാരകത്തിലേയ്ക്ക് റോഡെത്തിയില്ല. പണിയെല്ലാം തീർന്നപ്പോൾ പണവും തീർന്നു.

കഴിഞ്ഞ സർക്കാർ ഭരണം പകുതിയായപ്പോൾ, ദാ വരുന്നു പുതിയ തരം ടൂറിസം -പിൽഗ്രിമേജ് ടൂറിസം, സാംസ്ക്കാരിക ടൂറിസം. ജലപാതയുടെ അടുത്ത് തന്നെ കുമാരനാശാനുണ്ട്. 10 കിലോമീറ്റർ വടക്കു മാറി കരുമാടിക്കുട്ടനുണ്ടെങ്കിലും ആശാനാണ് പിൽഗ്രിമേജ് ടൂറിസം, സാംസ്ക്കാരിക ടൂറിസം എന്നിവയ്ക്ക് പറ്റിയ കക്ഷി എന്ന് മനസ്സിലാക്കിയ ഉപദേഷ്ടാക്കൾ സ്ഥലം

എം.എൽ.എയെ ബോദ്ധ്യപ്പെടുത്തുന്നു. അദ്ദേഹം പറഞ്ഞാൽ എന്തും നടക്കുന്ന കാലം. എന്നാൽ പിന്നെ ഒരു പുതിയ സാംസ്ക്കാരികനിലയം കൂടി ആയിക്കൊള്ളട്ടെ. നാലരക്കോടി ചെലവിൽ ആശാന് പുതിയസ്മാരകം. പഴയതു പൊളിച്ചു അതിനു പകരം വേറൊന്നു. മ്യൂസിയം, ബോട്ടിൽ വരുന്നവർക്ക് ഇറങ്ങാനും കാപ്പി കുടിയ്ക്കാനും ആശാന്റെ ശവകുടീരം കാണാനും സൗകര്യം. സാംസ്ക്കാരിക വകുപ്പിനു പകരം ടൂറിസം വകുപ്പിനെ ഏല്പിച്ചു. പണിയാൻ പറ്റിയ കക്ഷികൾ തിരുവനന്തപുരത്തുണ്ട്. ടൂറിസവും ട്രാവൽ ഏജൻസിയും ആരോഗ്യ പരിപാലനവുമുള്ള വൻ വ്യവസായിയുടെ സ്ഥാപനം. അതിന്റെ ഉടമയ്ക്ക് എല്ലാ പാർട്ടികളുമായും തലസ്ഥാന നഗരിയിലെ പല സാംസ്ക്കാരികപ്രവർത്തകരും സംഘടനയുമായും ബന്ധമുള്ള വ്യവസായിലൂടെ സ്ഥാപനം ഉപദേശക സ്ഥാനം ഏറ്റെടുത്തു. ഡിസൈൻ ശരിയാക്കി. ആശാന്റെ കൃതികളോടോ, പ്രവർത്തന രംഗവുമായോ ബന്ധമുള്ള ആരെയും അറിയാതെ ഡിസൈൻ ശരിയാക്കി.

ഹൗസ് ബോട്ട് മാതൃകയിൽ. മുകളിലേയ്ക്കു പേനയുടെ രണ്ടു നിബ്ബും. രൂപം പണിതു വന്നപ്പോൾ ഭരണം മാറി. എതിർപ്പുകൾ വന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. പണി നിലച്ചു. സർക്കാർ നിയോഗിച്ച സ്ഥലത്തെ ആശാൻ സ്മാരക സാംസ്ക്കാരിക സമിതിക്കു ഒന്നും നിർദ്ദേശിക്കാൻ പറ്റാത്ത അവസ്ഥ. നോക്കുകുത്തികളായവർ നിസ്സഹായരായി. നിർമ്മിതിയുടെ നിയന്ത്രണം ടൂറിസത്തിനും. പണി തീർന്നപ്പോഴാണറിയുന്നതു സ്മാരകത്തിലേയ്ക്ക് കരവഴി എത്താൻ മാർഗ്ഗമില്ല. തൊട്ടുമുന്നിലെ സ്‌കൂൾ മുറ്റത്തു കൂടിവരണം. സ്ഥലം വിട്ടുകൊടുക്കാൻ സ്‌കൂൾ മാനേജ്മെന്റ് തയ്യാറായില്ല. സ്‌കൂൾ ഭരണം നോക്കുന്നത് ഭാനുമതി അമ്മയുടെ മകൾ ഡോ. ലളിതയും ഭർത്താവും വയലാർ അവാർഡ് കമ്മറ്റി നേതൃസ്ഥാനത്തുള്ള ആളുമായ ത്രിവിക്രമനുമാണ്. സ്ഥലം വിട്ടുകൊടുത്താൽ സ്ഥലക്കുറവ് കാരണം സ്കൂളിന്റെ അനുമതി നഷ്ടപ്പെടാംഎന്നുള്ളത് കൊണ്ടവർ ദൂരെ നിന്നു. ഉൽഘാടനത്തിനു റോഡ് മാർഗ്ഗം എത്തുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും സ്മാരകത്തിന് തെക്കുവശത്തുള്ള സ്‌കൂളിനോട് ചേർന്നുള്ള ശ്രീനാരായഗുരുവിന്റെ പ്രതിമയുടെ മുന്നിൽവരെ കഴിഞ്ഞ ദിവസം പി.ഡബ്ല്യൂ.ഡി പണിത റോഡ് വഴി എത്താൻ കഴിയും. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലൂടെ സ്മാരകത്തിലെത്തും. ആറു വർഷം നീണ്ടു നിന്ന ഈ സ്മാരക നിർമ്മാണവും എട്ടു വർഷം കൊണ്ട് പൂർത്തിയായ കുമാരകോടി റോഡും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പൊതുജനത്തിന് സമർപ്പിക്കും. ആശാന്റെ പേരിൽ പൊതുഖജനാവിൽ നിന്ന് എത്ര തുക ചെലവഴിക്കുന്നു എന്നും എങ്ങനെ അത് ചെലവഴിക്കുന്നു എന്നും പൊതുസമൂഹം അറിയേണ്ടതില്ലേ?

കൃത്യമായി കണക്കുകൾ സൂക്ഷിച്ചിരുന്ന കുമാരനാശാൻ കല്ലറയിൽ കിടന്നു വീണ്ടും പുതിയ വീണപൂവ് എഴുതുമായിരിക്കും. കാലം മാറുമ്പോൾ ചരിത്രവും സംസ്ക്കാരവും അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ നിന്നും അകന്നു പോവുകയും പകരം വാണിജ്യവൽക്കരണത്തിന്റെ നീരാളികൈകളിൽ അകപ്പെടുകയും ചെയ്യും എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ് കുമാരനാശാൻ സ്മാരകം. എല്ലാം ടൂറിസത്തിന്റെ മാത്രം കണ്ണിൽ കണ്ടാൽ സംഭവിക്കുന്ന സ്വാഭാവിക കാര്യമാണിത്. ഇളവെയിലേറ്റ് വിശ്രമിക്കാനുള്ള അലസഗമനത്തിനുള്ള കേന്ദ്രമല്ല സാംസ്ക്കാരിക ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ സ്മാരകങ്ങൾ. അത് ഒരു നാടിന്റെ, ജനതയുടെ ചരിത്രത്തിലേക്കും ജീവിതത്തിലേക്കുമുള്ള പ്രവേശനകവാടമാവണം. കായലും വള്ളവും വഞ്ചിയും കരിമീനും ചേർന്നാൽ അതൊക്കെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി എന്ന ധാരണ തിരുത്തണം. എല്ലാവിധ വിനോദസഞ്ചാരങ്ങളും അറിവിലേക്കുള്ള യാത്രകളാവണം.

Read More >>