ആദ്യ ലോക്‌സഭയിൽ മുസ്‌ലിം വനിതകൾ ഇല്ലായിരുന്നുവെങ്കിൽ 57ൽ രണ്ട് പേർ സഭയിലെത്തി

മുഫീദ അഹ്മദ്, സുല്‍ത്താന്‍ മൈമൂന: പാര്‍ലമെന്റിലെ ആദ്യ മുസ്‌ലിം വനിതകള്‍

Published On: 16 March 2019 3:25 PM GMT
മുഫീദ അഹ്മദ്,   സുല്‍ത്താന്‍ മൈമൂന:   പാര്‍ലമെന്റിലെ ആദ്യ മുസ്‌ലിം വനിതകള്‍

ഒന്നിൽ നിന്ന് രണ്ടാം ലോക്‌സഭയിലേക്കെത്തുമ്പോൾ സഭയിലെ സ്ത്രീപ്രാതിനിധ്യം 22ൽ നിന്ന് 27 ആയി വർദ്ധിച്ചു. സുചേത കൃപലാനി, ഉമ നെഹ്‌റു തുടങ്ങിയവർ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു. ആദ്യ ലോക്‌സഭയിൽ മുസ്‌ലിം വനിതകൾ ഇല്ലായിരുന്നുവെങ്കിൽ 57ൽ രണ്ട് പേർ സഭയിലെത്തി. അസമിൽ നിന്നു ബീഗം മുഫീദ അഹ്മദും ഭോപ്പാലിൽ നിന്ന് സുൽത്താന മൈമൂനയും.

അസമിലെ ജോർഹട്ടിൽ നിന്നുമാണ് അസനുദ്ദീൻ അഹമ്ദിന്റെ ഭാര്യയായ മുഫീദ തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥി സെയ്ദ് അബ്ദുൽ മലികിനെ 46315 വോട്ടുകൾക്കാണ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ ഇവർ തറപറ്റിച്ചത്. ഗോലാട്ടിലെ കോൺഗ്രസ്സിന്റെ വനിതാ വിഭാഗം അദ്ധ്യക്ഷയും ജോർഹട്ട് റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു ഇവർ. എട്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 ജനുവരി 17നാണ് അന്തരിച്ചത്.

ഭോപ്പാൽ മണ്ഡലത്തിൽ നിന്നാണ് സുൽത്താന മൈമൂന തെരഞ്ഞെടുക്കപ്പെട്ടത്, കോൺഗ്രസ് ടിക്കറ്റിൽ. 62ലും ഇവിടെ നിന്ന് വിജയിച്ചു. 1974-80, 80-86 വർഷങ്ങളിൽ രാജ്യസഭാംഗമായിരുന്നു. ഭോപ്പാലിലെ അവസാന നവാബായിരുന്ന സർ ഹമീദുല്ല ഖാന്റെ

ഭാര്യയായിരുന്നു മൈമൂന. വൈസ്രോയി ലൂയിസ് മൗണ്ട്ബാറ്റൺ, മുഹമ്മദലി ജിന്ന, എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാളാണ് ഹമീദുല്ല. ജിന്നയുടെ സമ്മർദ്ദമുണ്ടായിട്ടും ഭോപ്പാലിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

അഫ്ഗാൻ ഭരണാധികാരിയായിരുന്ന ഷാ ഷുജാ ദുർറാനിയുടെ കൊച്ചുമകളായിരുന്നു മൈമൂന. ഹമീദുല്ല ഖാന്റെയും മൈമൂനയുടെയും ആദ്യമകൾ ആബിദ സുൽത്താന വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു. ഇവരുടെ മകനാണ് പാകിസ്താൻ വിദേശകാര്യ സെക്രട്ടറിയും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായിരുന്ന ഷഹരിയാർ ഖാൻ.

2006 മാർച്ച് 21ന് ബീഗം മൈമൂന അന്തരിച്ചു. ഇവരോട് ആദരസൂചകമായി മദ്ധ്യപ്രദേശ് മന്ത്രിസഭ രണ്ടു മിനിറ്റ് മൗനവലംബിച്ച് പിരിഞ്ഞിരുന്നു.

Top Stories
Share it
Top