വാജ്‌പേയിയുടെ ഉദയം, കൃഷ്ണമേനോന്‍ എന്ന ഹീറോ

ബോംബെ-ബോംബെ സിറ്റി നോർത്തിൽ നിന്ന് ജയിച്ചെത്തിയ വി.കെ കൃഷ്ണമേനോൻ നെഹ്‌റു സർക്കാറിൽ അതിശക്തനായി മാറിയത് ഈ തെരഞ്ഞെടുപ്പിന് ശേഷമാണ്. കോഴിക്കോട് പന്നിയങ്കരയിൽ നിന്ന് വിശ്വത്തോളം വളർന്ന നേതാവായി പിന്നീട് കൃഷ്ണമേനോൻ.

വാജ്‌പേയിയുടെ ഉദയം,   കൃഷ്ണമേനോന്‍ എന്ന ഹീറോ

ഭാരതീയ ജനസംഘത്തിന്റെ ടിക്കറ്റിൽ അടൽബിഹാരി വാജ്‌പേയി ആദ്യമായി മത്സരിച്ചത് രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു. ആ വർഷം നിലവിൽ വന്ന, ബൽറാംപൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. പടിഞ്ഞാറൻ റപ്തി നദിയുടെ തീരത്തെ യു.പി നഗരമായിരുന്നു ബൽറാംപൂർ. തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലം. അക്കാലത്ത് ലഖ്‌നൗ എ.പി സെൻ റോഡിലെ വിനായക് ഭവനിലായിരുന്നു വാജ്‌പേയിയുടെ താമസം. പതിനായിരത്തോളം വോട്ടുകൾക്കാണ് എതിർ സ്ഥാനാർത്ഥി ഹൈദർ ഹുസൈനെ അദ്ദേഹം പരാജയപ്പെടുത്തിയത്.

ബ്രാഹ്മണ-മുസ്‌ലിം വോട്ടുകൾക്ക് മേധാവിത്വമുണ്ടായിരുന്ന മണ്ഡലത്തിൽ നിന്ന് പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ വാജ്‌പേയി തോറ്റു. 1942-43ൽ കോൺഗ്രസ് അംഗത്വമുണ്ടായിരുന്ന വാജ്‌പേയി ജനസംഘത്തിന്റെ സ്ഥാപകാംഗമായിരുന്നു. 54ൽ സംഘത്തിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവിലെത്തി. രണ്ടു വർഷത്തിനു ശേഷം സെക്രട്ടറിയും. സെക്രട്ടറി പദവിയിലിരിക്കെയാണ് ലോക്‌സഭയിലേക്ക് ജനവിധി തേടിയത്.

ആ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്ന് ഫിറോസ് ഗാന്ധി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നന്ദകിഷോര്‍, രാഘവേന്ദ്രദത്ത് എന്നിവരായിരുന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഫിറോസിന്റെ എതിർസ്ഥാനാർത്ഥികൾ. അക്കാലത്ത് കോൺഗ്രസ് പത്രങ്ങളായ നാഷണൽ ഹെറാൾഡ്, നവജീവൻ എന്നിവയുടെ പബ്ലിഷറായിരുന്നു ബോംബെക്കാരനായ ഫിറോസ്.

ബോംബെ-ബോംബെ സിറ്റി നോർത്തിൽ നിന്ന് ജയിച്ചെത്തിയ വി.കെ കൃഷ്ണമേനോൻ നെഹ്‌റു സർക്കാറിൽ അതിശക്തനായി മാറിയത് ഈ തെരഞ്ഞെടുപ്പിന് ശേഷമാണ്. കോഴിക്കോട് പന്നിയങ്കരയിൽ നിന്ന് വിശ്വത്തോളം വളർന്ന നേതാവായി പിന്നീട് കൃഷ്ണമേനോൻ. 47-52കാലയളവിൽ ലണ്ടൻ ഹൈക്കമ്മിഷണറായി ജോലി ചെയ്തു തിരിച്ചെത്തിയ ശേഷമാണ് കൃഷ്ണമേനോൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. അന്താരാഷ്ട്രതലത്തിൽ തന്നെ അറിയപ്പെട്ട മണ്ഡലത്തിൽ വി.കെയെ എതിരിട്ടത് പി.എസ്.പി ടിക്കറ്റിൽ മത്സരിച്ച പീറ്റർ അൽവാരിസ്. 47741 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കൃഷ്ണമേനോന്റെ ജയം. യു.എന്നിൽ കശ്മീരിന് വേണ്ടി വാദിച്ച നയതന്ത്രജ്ഞനെന്ന നിലയിൽ മണ്ഡലത്തിൽ ഹീറോ പരിവേഷമായിരുന്നു കൃഷ്ണമേനോന് ലഭിച്ചത്.

രണ്ടാം ലോക്‌സഭയിൽ നാല് ദേശീയ പാർട്ടികളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ്, ജനസംഘ്, സി.പി.ഐ, പി.എസ്.പി എന്നീ കക്ഷികൾ.

Read More >>