കാര്‍ഷിക പ്രതിസന്ധി: ത്വരിത നടപടികള്‍ വേണം

മന്ത്രിസഭായോഗ തീരുമാനനങ്ങൾ കൊണ്ട് മാത്രമായില്ല. ത്വരിത നടപടികൾ ഉണ്ടാവണം. തീരുമാനം നടപ്പിലാക്കുന്നതിൽ ബ്യൂറോക്രസിയിൽ നിന്നുണ്ടാവാറുള്ള മെല്ലേപ്പോക്കും ചുവപ്പുനാടയുടെ നൂലാമാലകളും ഇക്കാര്യത്തിലെങ്കിലും ഇല്ലാതിരിക്കണം

കാര്‍ഷിക പ്രതിസന്ധി: ത്വരിത നടപടികള്‍ വേണം

കാർഷിക പ്രതിസന്ധി തീവ്രമാകുകയും കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള കേരളസർക്കാർ തീരുമാനം പ്രശംസനീയമാണ്. സംസ്ഥാനത്തെ കാർഷിക വായ്പകളുടെ മൊറോട്ടോറിയം ഡിസംബർ 31 വരെ നീട്ടും, വിളനാശം, പ്രകൃതിക്ഷോഭം എന്നിവയ്ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കും, കാർഷിക കടാശ്വാസ കമ്മിഷൻ പരിധിയിൽ വാണിജ്യ ബാങ്കുകളെ കൂടി ഉൾപ്പെടുത്തും തുടങ്ങിയവയാണ് ഇന്നലത്തെ അടിയന്തര മന്ത്രിസഭായോഗ തീരുമാനങ്ങൾ.

പ്രതിസന്ധി തരണം ചെയ്യാനുള്ള വഴികാണാതെ കഴിഞ്ഞ ഓഗസ്റ്റിനു ശേഷം എട്ട് കർഷകർ ഇടുക്കിയിൽ ജീവനൊടുക്കി. വിളനാശം മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയുമാണ് ആത്മഹത്യക്ക് പ്രധാന കാരണം. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയമാണ് ഇടുക്കിയുടെ കാർഷിക തകർച്ചക്ക് മുഖ്യ ഹേതു. 59 പേർക്ക് ഇടുക്കിയിൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടു. 11000 ഹെക്ടർ കൃഷിഭൂമി നശിച്ചു.

കഴിഞ്ഞ ദിവസം തൃശൂർ മാളയിൽ, പ്രളയത്തെ തുടർന്ന് കൃഷി നശിച്ച് കടക്കെണിയിലായ കുഴൂർ പാറശേരി ജിജോ പോളിനെ (47) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയ ജിജോ, സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴ, ചേന, ചീര, പയർ തുടങ്ങിയ പച്ചക്കറി കൃഷി പ്രളയത്തെ തുടർന്ന് അപ്പാടെ നശിച്ചു. ഏതാണ്ട് 19 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുണ്ടെന്ന് കുടുംബക്കാർ പറയുന്നു. സ്വന്തമായുള്ള പതിനേഴര സെന്റ് ഭൂമി പണയത്തിലുമാണ്.

ഇന്ത്യയിലെ കാർഷികമേഖല മൊത്തത്തിൽ പ്രതിസന്ധി നേരിടുകയാണ്. ആവശ്യങ്ങൾ അനുവദിച്ചു കിട്ടാൻ കർഷകർ ഡൽഹിയിലും മുംബൈയിലും ലോങ് മാർച്ച് സംഘടിപ്പിച്ചു. എങ്കിലും അവരുടെ പല പ്രശ്നങ്ങളും പരിഹൃതമായിട്ടില്ല. കർഷകരുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും വർദ്ധിപ്പിക്കാൻ കേന്ദ്രം പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും 2013 ന് ശേഷം പ്രതിവർഷം 12,000 കർഷകർ ഇന്ത്യയിൽ ജീവൻ വെടിയുന്നുണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ ബോധിപ്പിക്കുകയുണ്ടായി. 2013 ലെ കണക്ക് പ്രകാരം മഹാരാഷ്ട്രയാണ് കർഷക ആത്മഹത്യയിൽ മുൻപന്തിയിൽ (4291 പേർ), കർണാടക (1569), തെലങ്കാന (1400), മദ്ധ്യപ്രദേശ് (1290), ഛത്തീസ്ഗഢ് (954), ആന്ധ്രപ്രദേശ് (916), തമിഴ്‌നാട് (606) എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. നാഷനൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ശേഖരിച്ച കണക്കനുസരിച്ച് 1995 മുതൽ 2010 വരെയുള്ള കാലയളവിൽ 2,56,913 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. രാജ്യത്തെ കാർഷിക പ്രതിസന്ധിയുടെ സൂചനയാണിത്.

ബാങ്കുകളുടെ കർശന നടപടികളും കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ പ്രധാനമത്രെ. വായ്പ വീട്ടുന്നത് മുടങ്ങിയാൽ ഈടു വെച്ച സ്വത്ത് ജപ്തി ചെയ്യാനുള്ള അധികാരം 'സർഫാസി' നിയമം ബാങ്കുകൾക്ക് നല്കുന്നുണ്ട്. ഇത് കർഷകരെ സമ്മർദ്ദത്തിലാക്കുന്നു. മുമ്പ് സിവിൽ കോടതികളെ സമീപിച്ച് വേണ്ടിയിരുന്നു ബാങ്കുകൾക്ക് നിയമ നടപടികൾക്ക് തുടക്കം കുറിക്കാൻ. പ്രളയത്തോടനുബന്ധിച്ചുണ്ടായ മണ്ണിടിച്ചിൽ, കാലാവസ്ഥാ വ്യതിയാനം, കൊടും ചൂട് തുടങ്ങിയ പ്രതിഭാസങ്ങൾ കൃഷിയെ പാടെ നശിപ്പിച്ചു. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു-ഇവയെല്ലാം പ്രതിസന്ധിക്ക് ആക്കംകൂട്ടി.

വായ്പാ തിരിച്ചടവിൽ മുടക്കം വന്നതിനാൻ മാനസിക പ്രയാസമനുഭവിക്കുന്ന കർഷകർക്ക് കൗൺസലിങ് നല്കാൻ സംസ്ഥാന കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ടത്രെ. കേരളത്തിലെ കർഷക ആത്മഹത്യയുടെ മുഖ്യകാരണം ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് ഈ തീരുമാനം. വായ്പ തിരിച്ചടക്കുന്നതിൽ കാലവിളംബം വരുത്തിയവരുടെ പൂർണ വിവരങ്ങൾ തരാൻ ബാങ്കുകളോട് ആവശ്യപ്പെട്ടെങ്കിലും പല ബാങ്കുകളും അക്കാര്യത്തിൽ താല്പര്യം കാണിച്ചില്ല. വായ്പ തിരിച്ചടക്കാനാവാത്തതുമൂലം മനഃപ്രയാസമനുഭവിക്കുന്ന കർഷകരെ സമീപിക്കാനും കൗൺസലിങ് നല്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ ആൻസി ജോൺ സൂചിപ്പിക്കുകയുണ്ടായി. കൗൺസലിങ് നടത്തിയതുകൊണ്ട് മാത്രമായില്ല.

പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്‌നം. മലയിടിഞ്ഞ് വീടിന്റെ മൂന്ന് മുറികൾ തകർന്നു; കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും ലഭിച്ചില്ല. അതിന് പണമുണ്ടാക്കാൻ വൃക്ക വില്പനക്ക് എന്നു വെള്ളത്തുവലിലെ തണ്ണിക്കോട് ജോസഫ് എന്ന 73 കാരനായ കർഷകൻ വീടിന്റെ മുകളിൽ പരസ്യം ചെയ്തത് ഏറെ ചർച്ചാവിഷയമായിരുന്നു. ഇടുക്കിയിലെ ഗ്രാമങ്ങളിൽ പ്രളയദുരിതാശ്വാസ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്ന നൂറ് കണക്കിന് ഹതഭാഗ്യരിൽ ഒരാളാണ് ജോസഫ്. കൈക്കൂലി നല്കിയാലെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭ്യമാകൂ എന്ന അവസ്ഥ മാറണം.

മന്ത്രിസഭായോഗ തീരുമാനനങ്ങൾ കൊണ്ട് മാത്രമായില്ല. ത്വരിത നടപടികൾ ഉണ്ടാവണം. തീരുമാനം നടപ്പിലാക്കുന്നതിൽ ബ്യൂറോക്രസിയിൽ നിന്നുണ്ടാവാറുള്ള മെല്ലേപ്പോക്കും ചുവപ്പുനാടയുടെ നൂലാമാലകളും ഇക്കാര്യത്തിലെങ്കിലും ഇല്ലാതിരിക്കണം.