ദേശീയലക്ഷ്യം എന്തെന്നു കോണ്‍​ഗ്രസ്സിനെ പഠിപ്പിക്കേണ്ടി വരുമോ

പ്രാദേശിക സങ്കുചിതത്വങ്ങൾ വെടിഞ്ഞ് മതനിരപേക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാക്കണമെന്ന രാഹുലിന്റെ ആഹ്വാനം എന്തുകൊണ്ടാണ് ദൽഹിയിലും ബംഗാളിലും സ്വീകാര്യമാവാത്തത്?

ദേശീയലക്ഷ്യം എന്തെന്നു കോണ്‍​ഗ്രസ്സിനെ പഠിപ്പിക്കേണ്ടി വരുമോ

രാജ്യത്ത് ഫാസിസ്റ്റു ശക്തികൾ വാ പിളർത്തി നിൽക്കവേ,സി.പി.എമ്മിന്‍റെ കേരള ഘടകത്തിനും കാരാട്ട് പക്ഷത്തിനും ഇനിയെന്നാണ് നേരം വെളുക്കുകയെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, മുമ്പ് ഈ ചോദ്യം തിരക്കിയവരോട് തിരിച്ച് അതേ ചോദ്യമുന്നയിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതാണ് ദൽഹിയിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകൾ നൽകുന്ന സൂചന!

ആസന്നമായ ലോക് സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാറിനെ താഴെ ഇറക്കിയില്ലെങ്കിൽ അത് ഒരു ഫാസിസ്റ്റ് വാഴ്ചയ്ക്കായിരിക്കും വഴിയൊരുക്കുകയെന്നാണ് കോൺഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. ഫാസിസ്റ്റ് ഭരണം അടിച്ചേൽപ്പിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾക്കെതിരേയുള്ള അന്തിമ പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവർ പറയുന്നു. എന്നാൽ ആ ചുമതലകൾ നിറവേറ്റുന്നതില്‍‍ ഇവര്‍ക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് ? ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി (എ.എ.പി) സഹകരിച്ച് മത്സരിക്കണമെന്ന കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ താൽപര്യത്തിനു പുല്ലുവില കൽപ്പിച്ച്, ഒറ്റയ്ക്കു മത്സരിക്കാനാണ് ദൽഹി പി.സി.സി തീരുമാനം. ഗത്യന്തരമില്ലാതെ രാഹുലതിനു വഴങ്ങിയിരിക്കുന്നു. ഡൽഹിയിൽ ബി.ജെ.പിക്കെതിരെ ശക്തമായ മുന്നേറ്റം സാദ്ധ്യമാക്കുമായിരുന്ന സഖ്യമാണ് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ ഇല്ലാതാക്കിയത‌്. എ.എ.പി-കോൺഗ്രസ് സഖ്യമുണ്ടായാൽ ഡൽഹിയിലെ ഏഴ‌് സീറ്റിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ‌് 2014ലെ വോട്ട‌ുവിഹിതവും ഈയിടെ നടന്ന സർവ്വേ ഫലങ്ങളും വ്യക്തമാക്കുന്നത‌്. പശ്ചിമ ബംഗാളിലെ സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന സി.പി.എം-കോൺഗ്രസ് താൽപര്യത്തിനു മേലും പ്രാദേശിക കോൺഗ്രസ് നേതൃത്വം മങ്ങലേൽപ്പിക്കുകയാണ്.

സഖ്യത്തിന‌് ഇരു സംസ്ഥാനങ്ങളിലും അവസാന നിമിഷം വരെയും എ.എ.പിയും സി.പി.എമ്മും സന്നദ്ധത അറിയിച്ചിട്ടും ബി.ജെ.പിക്കു കാര്യങ്ങൾ എളുപ്പമാക്കുംവിധമാണ് പി.സി.സികളുടെ പിടിവാശി. കോൺഗ്രസും ആം ആദ്മിയും, സി.പി.എമ്മും കോൺഗ്രസ്സും വേറിട്ടു മത്സരിക്കുമ്പോൾ മതനിരപേക്ഷ വോട്ടുകളിലുണ്ടാകുന്ന ഭിന്നത സംഘപരിവാറിനു ഗുണം ചെയ്യുമെന്ന് ആരേയും പറഞ്ഞുപഠിപ്പിക്കേണ്ടതല്ല. തൂക്കുസഭയ്ക്കുള്ള സാദ്ധ്യതയുണ്ടെന്നിരിക്കെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയോ അല്ലെങ്കില്‍ വലിയ ബ്ലോക്കോ ആകുന്നതിന് ഇതു തടസ്സമായേക്കാം. ദേശീയ രാഷ്ട്രീയം ഇക്കാര്യം പരി​ഗണിക്കാതിരിക്കില്ല. അപക്വവും ഒട്ടും ദീർഘവീക്ഷണം ഇല്ലാത്തതുമാണ് കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ നിലപാട്.

ഫാസിസത്തിനും മോദി വിരുദ്ധ രാഷ്ട്രീയത്തിനുമെതിരേ പേർത്തും പേർത്തും സംസാരിക്കുമ്പോഴും കോൺഗ്രസിനെ തൊട്ടുകൂട്ടിക്കൂടെന്ന കേരളത്തിലെ സി.പി.എം നേതാക്കളുടെ നിലപാടിനോടാണ് ഇത് കൂട്ടിവായിക്കേണ്ടത്. ദേശീയ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങൾക്കു മുഖം കൊടുക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജാഗ്രത്തായ ഇടപെടലുകൾ നടത്തിയപ്പോഴെല്ലാം അതിന് തുരങ്കം വെയ്ക്കാനായിരുന്നു കേരളത്തിലെ വി.എസ് അച്യുതാനന്ദൻ ഒഴികെയുള്ള പ്രബല സി.പി.എം നേതാക്കളെല്ലാം കേന്ദ്ര കമ്മിറ്റിയിൽ ശ്രമിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ ബംഗാൾ ഘടകത്തിന്റെ ശക്തമായ സമ്മർദ്ദത്തിനു വഴങ്ങി അവിടെ കോൺഗ്രസും സി.പി.എമ്മും സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കാതിരിക്കാനുള്ള ബുദ്ധിപരമായ ധാരണയോളം കാര്യങ്ങൾ എത്തി. പാർട്ടി കോൺഗ്രസിലും അതിനു മുമ്പും ശേഷവുമെല്ലാം യെച്ചൂരിയൻ സമീപനത്തെ നഖശിഖാന്തം എതിർത്ത കേരള നേതാക്കൾക്കു പോലും ഇതോട് സന്ധി ചെയ്യേണ്ടവിധം കാര്യങ്ങൾ എത്തിയിട്ടും പി.സി.സികൾക്ക് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്രദൗത്യം തിരിച്ചറിയാൻ സാധിക്കാത്തത് ഖേദകരമാണ്. ഈ രാജ്യമാണോ പാർട്ടിയാണോ വലുത് എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പ് ഉയർത്തുന്നത്. അതിനാൽ അന്യോന്യം പോരടിച്ചു സംഘപരിവാർ രാഷ്ട്രീയത്തെ തുണയ്ക്കുന്ന ഇന്നത്തെ സ്ഥിതി മാറേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അത് സമാഗതമാകുന്ന ഘട്ടത്തിൽ ഉരുത്തിരിയുന്നതാണ്. പ്രാദേശിക സങ്കുചിതത്വങ്ങൾ വെടിഞ്ഞ് മതനിരപേക്ഷ കക്ഷികളുടെ ഐക്യം ഉണ്ടാക്കണമെന്ന രാഹുലിന്റെ ആഹ്വാനം എന്തുകൊണ്ടാണ് ദൽഹിയിലും ബംഗാളിലും സ്വീകാര്യമാവാത്തത്? കഴിഞ്ഞ ലോക് സഭയിൽ 565 ൽ 464 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 44 സീറ്റുകൾ മാത്രമാണ് കൈപ്പിടിയിൽ ഒതുക്കാനായത്. അതിൽ തന്നെ ഏഴു മണ്ഡലത്തിൽ പതിനായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷമെങ്കിൽ 178 മണ്ഡലങ്ങളിൽ കെട്ടിവെച്ച പണം പോലും ലഭിച്ചിരുന്നില്ല. ആ വഴിയിലേക്കാണോ ദൽഹി, ബംഗാൾ ഘടകങ്ങൾ സഞ്ചരിക്കുന്നത്? അതിനേക്കാളേറെ അപകടകരമാണ് അന്ധമായ പ്രാദേശിക വിരോധം കാരണം താമരക്കൃഷിക്കു മണ്ണ് പാകപ്പെടുത്തുന്നത്. കോൺഗ്രസ് ഭൂതകാല അനുഭവങ്ങളിൽനിന്ന് ഇപ്പോഴും പാഠങ്ങളൊന്നും പഠിക്കുന്നില്ലെന്നാണ് ഇത്തരം സമീപനങ്ങൾ വ്യക്തമാക്കുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്ന മറ്റനേകം പാർട്ടികളിൽ ഒന്നു മാത്രമായി കോൺഗ്രസ് മാറണോ? അതോ ബി.ജെ.പി വിരുദ്ധ വോട്ടുകളെല്ലാം ഏകോപിപ്പിക്കുന്ന ഒരൊറ്റ ഏകകമായി കോൺഗ്രസ് മാറണോ? എന്ന പ്രസക്തമായ ചോദ്യമാണ് ഈ സമയം കോൺഗ്രസ് അഭിമുഖീകരിക്കേണ്ടത്.

Read More >>