സൈനിക നേട്ടങ്ങള്‍ കൊണ്ട് എങ്ങനെ വോട്ടു വര്‍ദ്ധിപ്പിക്കാം

പാകിസ്താന് അതിന്റെ ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ സൈനികാഘാതം ബംഗ്ലാദേശിന്റെ മോചനമായിരുന്നു. ആ നേട്ടത്തിന്റെ മുഴുവൻ ഗുണഫലവും ലഭിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കായിരുന്നു. അതു കഴിഞ്ഞു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ദിര ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല

സൈനിക നേട്ടങ്ങള്‍ കൊണ്ട് എങ്ങനെ വോട്ടു വര്‍ദ്ധിപ്പിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞിരിക്കുന്നു. രാഷ്ട്രത്തിന്റെ സൈന്യം അതിർത്തിയിൽ നേടിയ വിജയങ്ങൾ ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഭവമായി ഉപയോഗപ്പെടുത്തുന്നതിൽ എന്താണ് തെറ്റ് എന്നു അദ്ദേഹം തുറന്നു ചോദിച്ചിരിക്കുന്നു. ഒരു തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. പ്രധാനമന്ത്രി അങ്ങനെ ഉറച്ചു വിശ്വസിക്കുന്നുണ്ട് എന്ന് ഇതിനകം അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗങ്ങളിൽനിന്നു നേരത്തെതന്നെ മനസ്സിലായിരുന്നു. ഇപ്പോഴത് തുറന്നു ചോദിച്ചു എന്നു മാത്രം.

മോദിയുടെ അനുയായികൾ ഇതു നേരത്തെ തന്നെ പരസ്യമായി ചോദിക്കുന്നുണ്ടായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യൻ സൈന്യത്തെ വിശേഷിപ്പിച്ചത് 'മോദിജി കി സേന' എന്നായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആരെങ്കിലും ഇങ്ങനെ ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിച്ചതായി കേട്ടിട്ടില്ല. ഒരു രാജ്യത്തിന്റെ സൈന്യത്തെ ഏതെങ്കിലും ഭരണാധികാരി സ്വന്തം സേനയായി ഇടിച്ചു കാട്ടിയിട്ടുണ്ടാവാനിടയില്ല. ഉണ്ടാവാം, ഹിറ്റ്‌ലറെയും സ്റ്റാലിനെയും പോലുള്ള ഏകാധിപതികൾ അങ്ങനെ ചെയ്തിരിക്കാം. ജനാധിപത്യരാജ്യത്ത് ഒരു ചെറിയ കാലത്തേക്കു കാര്യങ്ങൾ നോക്കി നടത്താൻ ജനങ്ങൾ ചുമതല ഏൽപ്പിക്കുന്നവർ മാത്രമാണ് പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും. യോഗി ആദിത്യനാഥിന്റെ വാക്കുകളിലും മോദിയുടെ മോഹങ്ങളിലും ഭരണഘടനാവിരുദ്ധമായ ഒരു വശം കൂടിയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ അധിപൻ പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ്. സൈന്യം മോദിയുടെ സേനയാണ് എന്നു പറയുന്നവർ രാഷ്ട്രപതിയെയാണ് അപഹസിക്കുന്നത്.

സൈനിക നേട്ടം പാർട്ടിയുടെ പ്രചാരണത്തിനുപയോഗിക്കുന്നതിൽ എന്താണ് തെറ്റ് എന്ന ചോദ്യത്തിൽ വലിയ അഹന്തയും ദുരഭിമാനവും തെളിഞ്ഞു നിൽക്കുന്നുണ്ട്. ഈ ചോദ്യത്തിനുള്ള പ്രകോപനം എന്താണ് എന്ന് വ്യക്തമാണ്. ബാലക്കോട്ട് സൈനിക നടപടിക്കു ശേഷം സൈനികനേട്ടങ്ങൾ സ്വന്തം നേട്ടമായി മോദിയും അനുയായികളും ഉപയോഗിച്ചു വരികയാണ്. ഇതിനെതിരെ 156 മുൻകാല സൈനിക ഓഫീസർമാർ പരസ്യപ്രസ്താവന നടത്തിയത് കഴിഞ്ഞ ദിവസമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വിധം, ഈ തെരഞ്ഞെടുപ്പിൽ വോട്ടു കിട്ടാൻ എന്തും ചെയ്യുമെന്ന നിലയിലാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും. ഇത് സ്വഭാവികമായും സൈനിക രംഗത്ത് പ്രവർത്തിച്ചവരെ പ്രകോപിപ്പിച്ചിരിക്കാം. അല്ലെങ്കിൽ ഒരു പക്ഷേ, അവർ വ്യക്തമായ രാഷ്ട്രീയനിലപാടുകൾ ഉള്ളവരായിരിക്കാം. വിരമിച്ച ഒരു സൈനികൻ രാഷ്ട്രീയ ധാരണകൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് കുറ്റമല്ലല്ലോ. ഇതിനു മുമ്പൊരിക്കലും ഒരു തെരഞ്ഞെടുപ്പു കാലത്ത് ഈ രീതിയിൽ മുൻസൈനികർക്ക് പരസ്യപ്രസ്താവന ഇറക്കേണ്ടതായി വന്നിട്ടില്ലെന്നതും നാം വിസ്മരിച്ചുകൂടാ. ഇതാവണം, പാർട്ടിയുടെ പ്രചാരണതന്ത്രത്തെ പരസ്യമായി ന്യായീകരിക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചിരിക്കുക. അതെ, ഇന്ത്യൻ സേന മോദിജി കി സേന ആണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ഈ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.

സംയുക്തമായി രാഷ്ട്രപതിക്കു കത്തെഴുതിയ മുൻ ജനറൽമാരുടെ മേൽ അതു നിഷേധിക്കാനുള്ള ശക്തമായ സമ്മർദ്ദമുണ്ടായി എന്നും വ്യക്തമാണ്. രണ്ടു പേർ അവരുടെ അറിവോടെയല്ല പ്രസ്താവന ഇറക്കിയതെന്നു പ്രസ്താവിക്കുകയും ചെയ്തു. സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം നൽകിക്കൊണ്ട് അവർ അയച്ച ഇമെയിൽ സംഘാടകർ പുറത്തുവിട്ടിരുന്നു. ഈ വിമതശബ്ദത്തിലും കാലുമാറലിലും അത്ഭുതപ്പെടുത്തുന്നതായി ഒന്നുമില്ല. മുൻസൈനികരും മനുഷ്യരാണ്. സമ്മർദ്ദങ്ങളും ഭീഷണികളും അവരെയും പിന്തിരിപ്പിരിക്കാം. പ്രധാനപ്പെട്ട പ്രശ്നം ഇതു കൊണ്ടൊന്നും അസാധുവാകുന്നില്ല.

ബാലക്കോട്ട് ചെയ്തത് വ്യോമസേനയുടെ പ്രഹരശേഷിക്കുള്ള വലിയ തെളിവാണ് എന്നു സേന അവകാശപ്പെടുമോ? ഇതു വരെ അങ്ങനെയൊരു അവകാശവാദം ഉയർന്നിട്ടില്ല. ബാലക്കോട്ട് ഭീകരവാദി കേന്ദ്രമാണ് എന്നു കണ്ടെത്തിയത് വ്യോമസേനയല്ല. സൈനിക ചരിത്രത്തിൽ ഇതു പോലുള്ള നടപടികൾ പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. പാകിസ്താനിലെ ഒളിവുകേന്ദ്രത്തിൽ കഴിയുകയായിരുന്ന ബിൻ ലാദനെ വിദൂരതയിൽ ഇരുന്ന് മിസൈൽ ആക്രമണത്തിൽ കൊന്നതിനു സമാനമായ നടപടി വേറെയില്ല. അതിന്റെ സാങ്കേതികശക്തിയെക്കുറിച്ചല്ല, അന്താരാഷ്ട്ര പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്. ഇതു തന്റെ നേട്ടമാണെന്നു പ്രസിഡന്റ് ഒബാമയോ തങ്ങളുടെ നേട്ടമാണെന്നു ഡമോക്രാറ്റിക് പാർട്ടിയോ പാടി നടന്നിട്ടില്ല. പാകിസ്താന് അതിന്റെ ചരിത്രത്തിൽ കിട്ടിയ ഏറ്റവും വലിയ സൈനികാഘാതം ബംഗ്ലാദേശിന്റെ മോചനമായിരുന്നു. നീണ്ടുനിന്ന രാഷ്ട്രീയ-അന്താരാഷ്ട്ര-സൈനിക നീക്കങ്ങളിലൂടെ ഉണ്ടായ ആ നേട്ടത്തിന്റെ മുഴുവൻ ഗുണഫലവും ലഭിച്ചത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കായിരുന്നു. ദുർഗാദേവിയാണ് അങ്ങ് എന്നു പാർലമെന്റിൽ പ്രകീർത്തിച്ചത് ജനസംഘം നേതാവ് അടൽ ബിഹാരി വാജ്‌പേയിയാണ്. അതു കഴിഞ്ഞു നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ദിര ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. ജനം ഓർക്കും, അവർ മറക്കില്ല എന്നവർക്ക് ഉറപ്പുണ്ടായിരിക്കാം. രണ്ടാം ലോകയുദ്ധം ജയിപ്പിച്ച പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിനെ ബ്രിട്ടീഷ് ജനത തോല്പിച്ചുവിടുകയാണ് ചെയ്തത്. മോദിജിയും ബി.ജെ.പിയും ഇതും ഓർക്കണം.

Read More >>