ആശങ്കയുയര്‍ത്തുന്ന ഗാര്‍ഹിക പീഡനങ്ങള്‍

വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് നേരെ ജീവിത പങ്കാളിയുടെ ക്രൂരകൃത്യങ്ങൾ ഏറെയാണ്. സ്ത്രീകളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുകയെന്നതാണ് ഇവയ്ക്കൊക്കെ പ്രതിവിധിയായി വിദഗ്ദ്ധർ ചുണ്ടിക്കാണിക്കുന്നത്.

ആശങ്കയുയര്‍ത്തുന്ന ഗാര്‍ഹിക പീഡനങ്ങള്‍

ലോകവ്യാപക സംഘടനകളും മതങ്ങളും സ്ത്രീകൾക്ക് ആദരണീയമായ സ്ഥാനം നല്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ പീഡനം തടയാൻ ഒട്ടേറെ നിയമങ്ങളും പ്രാബല്യത്തിലുണ്ട്. എന്നാൽ വനിതകൾക്ക് നേരെയുള്ള പീഡനങ്ങൾ ആഗോളതലത്തിൽ തന്നെ നാളുകൾ തോറും വർദ്ധിക്കുന്നതായാണ് വിവിധ റിപ്പോർട്ടുകളും സർവേകളും സൂചിപ്പിക്കുന്നത്. പീഡനവും അതുവഴിയുള്ള ദുരിതവും മൂലം ആത്മഹത്യചെയ്യാൻ സ്ത്രീകളെ പ്രേരിപ്പിച്ച സംഭവങ്ങളും ഒട്ടേറെയുണ്ട്.

സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ള്യു. എച്ച്.ഒ) ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആശങ്കയുളവാക്കുന്നതാണ്. ലോകത്തെ മൂന്നിലൊന്നു സ്ത്രീകളും (35 ശതമാനം) ജീവിതത്തിന്റെ ഏതെങ്കിലും സമയത്ത് ജീവിതപങ്കാളിയിൽ നിന്നോ സുഹൃത്തിൽ നിന്നോ അന്യരിൽ നിന്നോ ശാരീരികമോ ലൈംഗികപരമോ രണ്ടും കൂടിയുള്ളതോ ആയ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ലോകത്തെ 38 ശതമാനം സ്ത്രീകൊലപാതകങ്ങളും ജീവിത പങ്കാളിയുടെ ക്രൂരകൃത്യമാണ്. ഇന്ത്യയുൾപ്പെടുന്ന തെക്കു കിഴക്കേഷ്യയിൽ അടുത്ത ജീവിതപങ്കാളിയിൽ നിന്നുമുള്ള പീഡനത്തിന്റെ തോത് 37.7 ശതമാനമാണ്.

ദ്രോഹവും ലൈംഗിക പീഡനവും-പ്രത്യേകിച്ച് ജീവിതപങ്കാളിയിൽ നിന്നാവുമ്പോൾ- അത് സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായ ആഘാതം ഏല്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. പ്രത്യുല്പാദന ശേഷിയെ അത് ബാധിക്കുന്നു. ലൈംഗിക അതിക്രമം മൂലം സ്ത്രീകൾ എച്ച്.ഐ.വി ബാധിതരായ സംഭവങ്ങൾ പോലുമുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡന ദുരാനുഭവങ്ങൾ തങ്ങൾക്കുണ്ടായിട്ടുണ്ടെന്ന് ഈയിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 81 ശതമാനവും വ്യക്തമാക്കുകയുണ്ടായി. അത് ശാരീരികാതിക്രമമോ, ലൈംഗികചുവയുള്ള പദപ്രയോഗം വഴിയുള്ള വാചിക പീഡനമോ ആവാം. അതല്ലെങ്കിൽ തങ്ങളുടെ മുമ്പാകെയുള്ള അശ്ലീല പ്രദർശനമോ അധിക്ഷേപകരമായ സൈബർ ആക്രമണമോ ആവാമെന്ന് വനിതകൾ വെളിപ്പെടുത്തുന്നു. 'തെരുവ് പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടന'യാണ് ആഗോളതലത്തിൽ ഓൺലൈൻ സർവേ സംഘടിപ്പിച്ചത്. 18 വയസ്സ് കവിഞ്ഞ സ്ത്രീ-പുരുഷന്മാർക്കിടയിലാണ് സർവേ നടത്തിയത്. സർവേയുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി: പലപ്പോഴായി വാചിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സർവേയിൽ പങ്കാളികളായ 77 ശതമാനം സ്ത്രീകളും പറയുന്നു; 51 ശതമാനം വനിതകൾക്ക് ലൈംഗിക അഭിവാഞ്ചയോടെയുള്ള പുരുഷ സ്പർശനമേൽക്കേണ്ടിവന്നു; 41 ശതമാനത്തിന് ലൈംഗിക അധിക്ഷേപത്തോടെയുള്ള സൈബർ ആക്രമണമാണുണ്ടായത്; 21 ശതമാനത്തിന് ശാരീരിക പീഡനം തന്നെയുണ്ടായി. ലൈംഗികച്ചുവയോടെയുള്ള പദപ്രയോഗവും സ്പർശനവും പൊതുസ്ഥലങ്ങളിൽ നിന്നാണുണ്ടായതെന്ന് 66 ശതമാനം സ്ത്രീകൾ പറയുന്നുണ്ട്. ജോലി സ്ഥലത്താണ് 38 ശതമാനത്തിന് പീഡനാനുഭവമുണ്ടായത്. സ്വവസതിയിൽ നിന്നു തന്നെ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകൾ 35 ശതമാനമത്രെ.

ലോകാരോഗ്യ സംഘടനയും ആഗോള വനിതാ പ്രസ്ഥാനങ്ങളും സ്ത്രീ പീഡനം തടയാനുതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയുണ്ടായി. അവയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ സ്ത്രീ പീഡനങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാനാവുമെന്ന് ഡബ്ള്യു. എച്ച്.ഒ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വിധ ക്രൂരതക്ക് പുരുഷന്മാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം കുറഞ്ഞ വിദ്യാഭ്യാസമാണ്. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബ പശ്ചാത്തലമുളളവർ, അമ്മയെ അച്ഛൻ മർദ്ദിക്കുന്നത് കാണാനിടയായവർ, ചെറുപ്പത്തിൽ ദുരനുഭവം നേരിട്ടവർ, അമിതമായി മദ്യപിക്കുന്നവർ എന്നിവർ വനിതാ പങ്കാളിയെ ശാരീരികവും മാനസികവുമായ ദ്രോഹിക്കുന്നതിൽ അറപ്പില്ലാത്തവരാണ്. ആൺ മേൽക്കോയ്മ വേണമെന്ന വികലധാരണ പുലർത്തുന്നവരും വനിതാപങ്കാളിയെ പീഡിപ്പിക്കുന്നതിൽ മനഃപ്രയാസമില്ലാത്തവരത്രെ. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് നേരെ ജീവിത പങ്കാളിയുടെ ക്രൂരകൃത്യങ്ങൾ ഏറെയാണ്. സ്ത്രീകളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുകയെന്നതാണ് ഇവയ്ക്കൊക്കെ പ്രതിവിധിയായി വിദഗ്ദ്ധർ ചുണ്ടിക്കാണിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസം അവരെ കാര്യബോധമുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കും. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയെന്നത് ഗാർഹിക പീഡനത്തിനുള്ള മറ്റൊരു പ്രതിരോധ നടപടിയത്രെ. സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് അവരിൽ അവബോധം വളർത്തിയാൽ പീഡന സംഭവങ്ങൾക്ക് ഒരു പരിധിവരെ തടയിടാനാവും.

പീഡനം തടയാനുള്ള നിയമങ്ങൾ ഇന്ത്യയിൽ നിലവിലുണ്ടെങ്കിലും അവ ഉപയോഗപ്പെടുത്താതെ പോകുന്നുണ്ട്. ഗാർഹിക പീഡനക്കേസ് എവിടെയും ഫയൽ ചെയ്യാമെന്നും അക്കാര്യത്തിൽ സ്ഥലനിബന്ധനയോ പരിധിയോ ഇല്ലെന്നും സുപ്രിം കോടതി ഈയിടെ വിധിക്കുകയുണ്ടായി. ഇരകൾക്ക് കോടതി നടപടികളുടെ പിൻബലം മാത്രംപോര; സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണകൂടി വേണം. എങ്കിൽ മാത്രമേ സ്ത്രീകൾക്കെതിരായ പീഡനങ്ങൾക്ക് വിരാമമാകൂ.

Read More >>