പെരിങ്ങമ്മല കാണാതെ പോകരുത്

ലോകത്തിലെ എല്ലാ ജന്തുജാലങ്ങളുടെയും ഒരു സ്പീഷിസെങ്കിലും പെരിങ്ങമ്മല മലനിരകളിലുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും സംഘടനകളും പറയുന്നത്. ഇത്തരത്തിൽ അത്യന്തം പ്രധാന്യമേറിയ സ്ഥലത്തുതന്നെ മാലിന്യപ്ലാന്റ് വേണമോ എന്നതാണ് ഗൗരവമേറിയ ചോദ്യം

പെരിങ്ങമ്മല കാണാതെ പോകരുത്

തലസ്ഥാന ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് പെരിങ്ങമ്മല. അതീവ ജൈവപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിങ്ങമ്മലയിലെ മലനിരകളിൽ ഖരമാലിന്യ പ്ലാന്റ്(വേസ്റ്റ് ടു എനർജി പദ്ധതി) സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ആദിവാസികളുൾപ്പെടെയുള്ള നാട്ടുകാരുടെ സമരം ഒരു വർഷം പിന്നിട്ടു. സംരക്ഷിക്കപ്പെടേണ്ട പാരിസ്ഥിതിക ദുർബല പ്രദേശങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടെ, അതിജീവനത്തിനും അടുത്ത തലമുറകൾക്കും ഭീഷണിയായി മാറിയേക്കാവുന്ന മാലിന്യപ്ലാന്റ് വേണ്ടെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന്, ഒരു വർഷത്തെ സമരപോരാട്ടങ്ങൾ കൊണ്ട് പെരിങ്ങമ്മലയിലെ നാട്ടുകാർ തെളിയിച്ചു. ഇവിടെ കൃത്യമായ വിശദീകരണം നൽകാതെ, ജനകീയ സമരങ്ങളോടുള്ള പൊതുനിലപാട് പെരിങ്ങമ്മലയിലും സർക്കാർ സ്വീകരിക്കുന്നത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കുന്നു എന്നത് വസ്തുതയാണ്.

നേരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിങ്ങമ്മലയിൽ ആശുപത്രിമാലിന്യം സംസ്‌കരിക്കാനുള്ള പ്ലാന്റെന്ന ആശയം മുന്നോട്ടുവച്ചപ്പോഴും ജനങ്ങൾ കടുത്ത എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നു ഐ.എം.എ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് സംസ്ഥാനത്തു ഏഴ് കേന്ദ്രീകൃത മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഇതിന്റെ ഭാ​ഗമായാണ് പെരിങ്ങമ്മലയും പരിഗണിച്ചത്.

ഒരു വർഷത്തിനിടെ വിവിധ സമരപരിപാടികളിലൂടെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ പെരിങ്ങമ്മലയിലെത്തിക്കാൻ സമരസമിതിക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി 42 കിലോമീറ്റർ കാൽനടയായി ആദിവാസികളുൾപ്പെടെ പെരിങ്ങമ്മലക്കാർ നിയമസഭയിലേക്കു സങ്കടജാഥ നടത്തി. വിഷയം നിയമസഭയിലും എത്തിയതോടെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് സ്ഥലം സന്ദർശിച്ചു തീരുമാനമെടുക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. എന്നാൽ നാളിതുവരെയായി ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തനോ മന്തിമാരോ പെരിങ്ങമ്മല സന്ദർശിക്കുകയോ ജനങ്ങളുടെ ആവലാതി കേൾക്കുകയോ ചെയ്തില്ല. സർക്കാർ ഒപ്പമില്ലെന്നു പ്രദേശവാസികൾക്കു ബോദ്ധ്യമായതോടെയാണ് സമരം ശക്തിപ്പെടുത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

പ്രതിദിനം 1000 ടൺ നഗരമാലിന്യവും ഒപ്പം ഇ-വേസ്റ്റും പെരിങ്ങമ്മലയിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നൂതനപദ്ധതിക്കാണ് സംസ്ഥാന സർക്കാർ രൂപം നൽകിയത്. കൃഷിവകുപ്പിനു കീഴിലുള്ള ജില്ലാ അഗ്രിഫാമിന്റെ കൈവശമുള്ള പതിനഞ്ചേക്കർ സ്ഥലമാണ് ഇതിനു വേണ്ടി കണ്ടുവച്ചിരുന്നത്. കൃഷിവകുപ്പിന്റെ സ്ഥലം ലഭ്യമായതും ജനവാസം ശരാശരിയിൽ കുറവായതിനാലുമാണ് പെരിങ്ങമ്മല പ്ലാന്റിനായി കണ്ടെത്തിയതെന്ന വാദമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ നൂറുകണക്കിന് ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങൾ കാലങ്ങളായി പെരിങ്ങമ്മലയിൽ താമസിച്ചുവരികയാണെന്ന യാഥാർത്ഥ്യം പ്ലാന്റിനു പ്ലാൻ വരച്ചവർ വിസ്മരിച്ചു. പ്ലാന്റ് യാഥാർത്ഥ്യമായാൽ ആദ്യം കുടിയിറക്കപ്പെടുക ഒരുപറയിലും പന്നിയോട്ടുകടവ് കോളനികളിലും ജീവിക്കുന്ന ആദിവാസികളും പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുമാണ്. നിർദ്ദിഷ്ട പ്ലാന്റിന് കണ്ടുവച്ച സ്ഥലത്തിനു ചുറ്റും നൂറുകണക്കിനു കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ വാമനപുരം നദിയുടെ ആകെ ജലത്തിന്റെ പകുതിയും ഒഴുകിയെത്തുന്ന മുഖ്യ കൈവഴിയായ ചിറ്റാർ പിറവിയെടുക്കുന്നത് പെരിങ്ങമ്മല മലനിരകളിൽ നിന്നാണ്. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതോടെ കുടിവെള്ളത്തിന്റെ ലഭ്യതയെയും ശുദ്ധതയെയും അതു ബാധിക്കുമെന്നു പരിസ്ഥിതി പ്രവർത്തകർ നേരത്തെ ആശങ്കപ്പെട്ടിരുന്നു. പ്ലാന്റിൽനിന്ന് പുറന്തള്ളുന്ന ചാരവും സംസ്‌കരിക്കാനാകാത്ത മാലിന്യവും പുഴയിലേക്കു തള്ളപ്പെടുമെന്ന ഭീതിയും നിലനിൽക്കുന്നു. ഫലത്തിൽ ചിറ്റാർ വിഷനദിയായി മാറുമെന്ന നാട്ടുകാരുടെ ആധിക്ക് മറുപടി പറയാനോ ബദൽ നിർദ്ദേശിക്കാനോ അധികൃതർക്കു നാളിതുവരെ സാധിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിദ്ധ്യ കലവറകളിലൊന്നാണ് യു.എൻ അംഗീകരിച്ച പെരിങ്ങമ്മല. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും കാലപ്പഴക്കമുണ്ടെന്നു കരുതപ്പെടുന്ന അഗസ്ത്യാർകൂട ബയോസ്ഫിയർ റിസർവിന്റെ കോർ മേഖലകൂടിയാണ് ഇവിടം. ലോകത്തിലെ എല്ലാ ജന്തുജാലങ്ങളുടെയും ഒരു സ്പീഷിസെങ്കിലും പെരിങ്ങമ്മല മലനിരകളിലുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും സംഘടനകളും പറയുന്നത്. ഇത്തരത്തിൽ അത്യന്തം പ്രധാന്യമേറിയ സ്ഥലത്തുതന്നെ മാലിന്യപ്ലാന്റ് വേണമോ എന്നതാണ് ഗൗരവമേറിയ ചോദ്യം.

സംസ്ഥാനത്ത് വിശിഷ്യ, നഗരങ്ങളിൽ മാലിന്യപ്രശ്‌നം അതിരൂക്ഷമാണ് എന്നത് ആർക്കും നിഷേധിക്കാനാകാത്ത വസ്തുതയുമാണ്. ഇതു ശാസ്ത്രീയമായും കേന്ദ്രീകൃതമായും സംസ്‌കരിക്കണമെന്നതിലും തർക്കമില്ല. ഏതു സ്ഥലം ഇതിനായി തെരഞ്ഞെടുത്താലും ജനരോഷവും പരിസ്ഥിതി സംഘടനകളുടെ എതിർപ്പും സ്വാഭാവികമായും ഉയരുകയും ചെയ്യും. എന്നാൽ ഇത്രയേറെ പാരിസ്ഥിതി പ്രധാന്യമുള്ള സ്ഥലംതന്നെ വേണമെന്ന വാശിയിലാണ് ആർക്കും സംശയം തോന്നിപ്പോകുന്നത്. അതു പരിഹരിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. വർഷങ്ങൾ നീളുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കലല്ല, പകരം അതിനു കൂടിയാലോചനകളിലൂടെയും ബദൽ മാർഗങ്ങളിലൂടെയും പരിഹാരം കാണലാണ് ജനാധിപത്യസർക്കാരുകളുടെ കർത്തവ്യം. ഇനി അതാണ്, ഒട്ടും വൈകാതെ സംസ്ഥാന സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നതും.

Read More >>