ആലപ്പാട്ടുകാര്‍ക്കുമുണ്ട് ജീവിക്കാനുള്ള അവകാശം

കരിമണൽ മാന്തിയുണ്ടാക്കിയ ലാഭത്തിലെ ഒരു ചെറുവിഹിതം പോലും ആലപ്പാട്ടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കിയിട്ടില്ല. കായലിനും കടലിനുമിടയിലെ ജൈവഭിത്തിയായി രൂപപ്പെടുന്ന കരപ്രദേശത്തിന് ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്.

ആലപ്പാട്ടുകാര്‍ക്കുമുണ്ട് ജീവിക്കാനുള്ള അവകാശം

ആലപ്പാട്ടെ സമരത്തിനു പിന്നിൽ ആര് എന്നതാണ് ഇപ്പോൾ കേരള സർക്കാറിനെ അലട്ടുന്ന ചോദ്യം. സമരത്തിനു കാരണമെന്ത് എന്ന ചോദ്യത്തിന് ഒരു വിലയും കല്പിക്കാതെയുള്ള വിലയിരുത്തലാണ് ഇക്കാര്യത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നര കിലോമീറ്ററിലേറെ വീതിയുണ്ടായിരുന്ന ഈ തീരഗ്രാമം ഇന്ന് നേർത്ത് നേർത്ത് ഒരു നൂലായി മാറിയിരിക്കുകയാണ്. കരിമണൽ ഖനനം തുടർന്നാൽ ആലപ്പാട് ഭൂപടത്തിൽനിന്നു തന്നെ മാഞ്ഞു പോകും എന്നതാണ് സ്ഥിതി. യന്ത്രക്കരണ്ടികൾ കരിമണൽ തോണ്ടിയെടുത്ത കുഴികളിലേക്ക് കടൽ ഇരച്ചു കയറി 2000 ഏക്കർ ഭൂമിയാണ് ആലപ്പാട്ടുനിന്ന് മാഞ്ഞുപോയത്.

1965ൽ ഇന്ത്യൻ റെയർ എർത്്സ്(ഐ.ആർ.ഇ) എന്ന പൊതുമേഖലാ സ്ഥാപനമാണ് കൊല്ലം ജില്ലയിലെ ആലപ്പാട്ട് മണൽ മാന്തിത്തുടങ്ങിയത്. അന്ന് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുണ്ടായിരുന്നു ഈ നാടിന്. ഇന്നത്തെ ആകെ വിസ്തൃതി 7.6 ചതുരശ്ര കിലോമീറ്ററാണ്. നിരവധി പേർക്ക് തൊഴിലും രാജ്യത്തിന് ധാതുസമ്പത്തും ലഭിക്കുന്ന കരിമണൽ ഖനനം പകിട്ടുള്ള പരിപാടിയാണെന്ന ധാരണയിലായിരുന്നു പ്രദേശത്തുകാർ. എന്നാൽ വർഷങ്ങൾ കഴിയുംതോറും തീരം തിരകൾ കൈയേറുന്നത് നോക്കി നിൽക്കേണ്ടി വന്നു. സ്വന്തം വീടിന്റെ തറയിളക്കുന്ന രീതിയിൽ തിര വന്നിടിച്ചപ്പോഴാണ് ആലപ്പാട്ടുകാർ ഉറക്കമുണർന്നത്. ജനിച്ച മണ്ണിൽ ജീവിച്ചു മരിക്കാനുള്ള അവകാശത്തിനു വേണ്ടി അവർ സമരം ശക്തമാക്കിയിരിക്കുകയാണ്. ആലപ്പാട് മെലിഞ്ഞു പോകുമ്പോൾ മണൽ വിഴുങ്ങി തടിച്ചുകൊഴുത്തത് കൊച്ചിയിലെയും തമിഴ്‌നാട്ടിലെയും വൻ വ്യവസായ ലോബികളാണ്. മാന്തിക്കൊണ്ടു പോകുന്ന കരിമണലിന്റെ കണക്കോ ലാഭമോ കമ്പനി ആരെയും അറിയിക്കാറില്ല. പരമ്പരാഗതമായ മത്സ്യ സമ്പത്തും അനുബന്ധ തൊഴിലുകളും ഇല്ലാതായി.

ഭൂമിയും കിടപ്പാടവും സംരക്ഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഒരു പെൺകുട്ടി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ആലപ്പാട്ടേക്ക് കേരളത്തിന്റെ ശ്രദ്ധ എത്തിച്ചത്. വീഡിയോ വൈറലായതോടെ സേവ് ആലപ്പാട്ട് എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. തുടക്കത്തിൽ സാധാരണക്കാരും പിന്നീട് പരിസ്ഥിതി പ്രവർത്തകരും സമരം ഏറ്റെടുത്തു. ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും നാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ട്.

ഖനനത്തിനെതിരെ ഇതാദ്യമല്ല ആലപ്പാട്ടുകാർ സമരത്തിനിറങ്ങുന്നത്. പലപ്പോഴായി പ്രശ്‌നമുണ്ടാക്കിയപ്പോഴെല്ലാം കമ്പനിയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നും അവരുടെ കുടുംബം വഴിയാധാരമാകുമെന്നും പറഞ്ഞ് ഉപദേശവുമായി ഒരു വിഭാഗമെത്തി. സ്‌കൂൾ നിന്നിരുന്ന സ്ഥലം പോലും കടലെടുത്തപ്പോഴാണ് ചതിക്കപ്പെടുകയായിരുന്നു എന്നു മനസ്സിലായത്. പന്മന പഞ്ചായത്തിലെ പൊന്മന മുതൽ വെള്ളനാത്തുരുത്തു വരെ നീണ്ട തീരം ഇന്നു തിരകൾ കയറി നാമാവശേഷമായി. ഐ.ആർ.ഇ വരുന്നതിനു മുമ്പ് ബ്രിട്ടീഷുകാരും ആലപ്പാട്ടുനിന്ന് മണൽ കടത്തിയിട്ടുണ്ട്. അന്ന് കപ്പലുകളിലാണ് കരിമണൽ കടത്തിയത്.

അന്നു തുടങ്ങിയ മണലൂറ്റാണ് ഇപ്പോഴും തുടരുന്നത്. 1911ൽ തുടങ്ങിയതാണ് ഈ പണി. കെ.എം.എം.എൽ (കേരള മിനറൽസ് ആന്റ് മെറ്റൽസ്) എന്ന പൊതുമേഖലാ സ്ഥാപനവും ഖനനത്തിന് രംഗത്തുണ്ട്. 1500 കുടുംബങ്ങൾ പാർത്തിരുന്ന തീരം ഇപ്പോൾ 150 ആയി ചുരുങ്ങി. കടൽ കയറുന്നത് ഭയന്ന് ആളുകൾ കിട്ടിയ പൈസക്ക് കമ്പനിക്ക് തന്നെ സ്ഥലം വിൽക്കും. അവിടെ കമ്പനി ഖനനം ആരംഭിക്കും. അതുകഴിഞ്ഞാൽ അടുത്ത കുടുംബം വിൽപനക്ക് സന്നദ്ധമാകും. അങ്ങനെയങ്ങനെയാണ് ആലപ്പാടിനെ ഈ വ്യവസായം വിഴുങ്ങിയത്.

കരിമണൽ മാന്തിയുണ്ടാക്കിയ ലാഭത്തിലെ ഒരു ചെറുവിഹിതം പോലും ആലപ്പാട്ടെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവാക്കിയിട്ടില്ല. കായലിനും കടലിനുമിടയിലെ ജൈവഭിത്തിയായി രൂപപ്പെടുന്ന കരപ്രദേശത്തിന് ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ഒരു ദേശത്തിന്റെ ഭൂപടത്തിൽ കര മാറി കടൽ വരച്ചു ചേർക്കപ്പെടുമ്പോൾ അവിടുത്തെ ജനങ്ങളുടെ ഓർമ്മകളിൽ കടലെടുത്തുപോയ പൊന്മനപ്പാടവും, മുരുക്കുമ്പുഴപ്പാടവും, പനക്കടപ്പാടവും, മാധവപുരം ചന്തയും ആലപ്പാട് അങ്ങാടിയും പെസഹചന്തയും ഒക്കെ തെളിഞ്ഞുവരുന്നു. ഒരു ആവാസ വ്യവസ്ഥ ഒന്നാകെയാണ് തകർന്നു പോയത്.

ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി ഭരണഘടന എഴുതിച്ചേർത്തതാണ്. അതിനു വേണ്ടി വാദിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് വസ്തുതകൾ മറച്ചുപിടിക്കുന്നത് ഭരണകൂടത്തിന്റെ സ്ഥിരം ഏർപ്പാടാണ്. സമരത്തെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ സ്വീകരിച്ചത്. സമരം ചെയ്യുന്നവർ മലപ്പുറത്തുകാരാണെന്ന വിഡ്ഢിത്തവും അദ്ദേഹം എഴുന്നള്ളിച്ചു. ആലപ്പാട്ടെ യഥാർത്ഥ പ്രശ്‌നത്തെ മറച്ചുപിടിച്ച് സമരക്കാരുടെ രൂപവും ഭാവവും അന്വേഷിക്കാനാണ് സർക്കാർ താത്പര്യം കാട്ടുന്നത്. ഒരു പ്രദേശത്തെ ആയിരങ്ങളുടെ ജീവിതത്തെയും പരിസ്ഥിതിയെയും പാടെ ഇല്ലാതാക്കുന്ന ഗൗരവമേറിയ വിഷയത്തെയാണ് ഒരു അന്വേഷണം പോലും നടത്താതെ സർക്കാർ തള്ളിക്കളയുന്നത്. ഒരു ജനാധിപത്യ ഭരണകൂടം ഒരക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാണിത്.

സർക്കാർ നിലപാട് തിരുത്തുകയും സംഭവം വിശദമായി അന്വേഷിക്കുകയും വേണം. പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് ഖനനം നിർത്തണം. തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയോ വേറെ ജോലി നൽകുകയോ വേണം.