പാപ്പരാകുന്ന അംബാനി

46,000 കോടി രൂപയുടെ കടമാണ് ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ആർകോമിനുള്ളത്. ജിയോക്ക് 25000 കോടി രൂപയുടെ സ്‌പെക്ട്രവും മറ്റു ആസ്തികളും വിറ്റ് കടം തിരിച്ചടയ്ക്കാമെന്നായിരുന്നു അനിൽ കരുതിയിരുന്നത്. എന്നാൽ ഒരു വർഷത്തിനിടെ 50,000 കോടിയുടെ സ്‌പെക്ട്രം മാത്രമാണ് കമ്പനിക്ക് വിറ്റുപണമാക്കാനായത്. ഐ.ഡി.ബി.ഐ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, യൂണിയൻ ബാങ്ക്, കനറ ബാങ്ക്, എച്ച്.എസ്.ബി.സി എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും ആർകോമിന് വായ്പ തിരിച്ചടയ്ക്കാനുള്ളത്. അതിനിടെ, അനിൽ ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനിയായ എറിക്സൺ സുപ്രിം കോടതിയെ സമീപിച്ചതും വ്യവസായ ഭീമന് നാണക്കേടായി. ആർകോം 500 കോടി നൽകാനുണ്ടെന്നാണ് എറിക്സൺ പറയുന്നത്.

പാപ്പരാകുന്ന അംബാനി

രാഷ്ട്രവിചാരം / എം.അബ്ബാസ്

അംബാനി പാപ്പരാകുകയോ? അല്പകാലം മുമ്പുവരെ അസംബന്ധമെന്ന് തോന്നുമായിരുന്ന ഒരു ചോദ്യം. എന്നാൽ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റി, രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ അനിൽ അംബാനി പാപ്പരായി മാറുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷനെ (ആർകോം) പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു കഴിഞ്ഞു. സഹോദരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായുള്ള സ്‌പെക്ട്രം കൈമാറ്റം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ ആവശ്യവുമായി ആർകോം ട്രിബ്യൂണലിനെ സമീപിച്ചത്.

'18മാസം കഴിഞ്ഞിട്ടും നിർദ്ദിഷ്ട ആസ്തി ധനാർജ്ജന പദ്ധതി മുന്നോട്ടു പോയിട്ടില്ല. മൊത്തം കടം വർദ്ധിക്കുകയും ചെയ്യുന്നു. എല്ലാ ഓഹരി ഉടമകളുടെയും നന്മയ്ക്കു വേണ്ടിയുള്ള തീരുമാനമാണിത്' - ആർകോം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

46,000 കോടി രൂപയുടെ കടമാണ് ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ആർകോമിനുള്ളത്. ജിയോക്ക് 25000 കോടി രൂപയുടെ സ്‌പെക്ട്രവും മറ്റു ആസ്തികളും വിറ്റ് കടം തിരിച്ചടയ്ക്കാമെന്നായിരുന്നു അനിൽ കരുതിയിരുന്നത്. എന്നാൽ ഒരു വർഷത്തിനിടെ 50,000 കോടിയുടെ സ്‌പെക്ട്രം മാത്രമാണ് കമ്പനിക്ക് വിറ്റുപണമാക്കാനായത്. ഐ.ഡി.ബി.ഐ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, യൂണിയൻ ബാങ്ക്, കനറ ബാങ്ക്, എച്ച്.എസ്.ബി.സി എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമായും ആർകോമിന് വായ്പ തിരിച്ചടയ്ക്കാനുള്ളത്. അതിനിടെ, അനിൽ ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനിയായ എറിക്സൺ സുപ്രിം കോടതിയെ സമീപിച്ചതും വ്യവസായ ഭീമന് നാണക്കേടായി. ആർകോം 500 കോടി നൽകാനുണ്ടെന്നാണ് എറിക്സൺ പറയുന്നത്.

കുറഞ്ഞ നിരക്കുകൾ കൊണ്ട് വ്യാപക സേവനം വാഗ്ദാനം ചെയ്ത, രാജ്യത്തെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കമ്പനിയാണ് പാപ്പരാകുന്നത്. ധിരുഭായ് അംബാനിയുടെ കാലത്ത് 2002 ഡിസംബർ 27നാണ് ആർകോം തുടങ്ങിയത്. 2005ൽ അച്ഛൻ ധിരുഭായ് അംബാനിയുടെ മരണത്തോടെ അംബാനി സഹോദരന്മാർ സ്വന്തം വ്യവസായ സാമ്രാജ്യങ്ങളുമായി വഴി പിരിഞ്ഞു. സ്വത്ത് ഭാഗം വയ്ക്കലിൽ ടെലകോം, വിനോദം, ധനസേവനം, ഊർജ്ജം, അടിസ്ഥാന സൗകര്യം എന്നിവയാണ് അനിലിനു കിട്ടിയത്. അവ കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ അനിലിനായില്ല എന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. അതേസമയം, ബിസിനസ് മേഖലയിൽ കുറേക്കൂടി ദീർഘവീക്ഷണമുള്ള മുകേഷ് അംബാനി തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിച്ചു.

പാപ്പരാകൽ നിയമപ്രകാരം വ്യക്തിഗതമായും കമ്പനിപരമായും പാപ്പർഹർജി സമർപ്പിക്കാം. നിലവിൽ റിലയൻസ് നൽകിയിട്ടുള്ള കമ്പനി പാപ്പർ ഹർജിയാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കും. അനിൽ അംബാനി എന്ന വൻകിട മുതലാളിക്കാണ് ഇതോടെ ഇടിവു സംഭവിക്കുന്നത്. ഒരുവേള റിലയൻസ് എന്ന ബ്രാൻഡിനും.

ബജറ്റിൽ നിന്ന് പുറത്തായവർ

ഭാവിഭാരതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ പ്രഖ്യാപിച്ച കേന്ദ്രസർക്കാറിന്റെ അവസാന ബജറ്റ് അവതരണവും നടന്നു. ഒരു ഇടക്കാല ബജറ്റായിരുന്നിട്ടു കൂടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടന പത്രികയാണ് ബജറ്റ് എന്ന് പലരും കുറ്റപ്പെടുത്തിക്കഴിഞ്ഞു. കർഷകർക്കും മദ്ധ്യവർഗ്ഗക്കാർക്കും ബജറ്റ് ആഹ്ലാദം പകർന്നെങ്കിൽ തീരെ സന്തോഷമില്ലാത്ത മൂന്നു കൂട്ടർ പിന്നാമ്പുറത്തുണ്ട്; മുതിർന്ന പൗരന്മാർ, കുടിയാന്മാർ, ന്യൂനപക്ഷങ്ങൾ എന്നിവർ. ആദായ നികുതി വരുമാന പരിധി അഞ്ചു ലക്ഷമാക്കിയതാണ് മദ്ധ്യവർഗ്ഗത്തിന് സന്തോഷം നൽകുന്നത്. എന്നാൽ സൂപ്പർ സീനിയർ പൗരന്മാർക്ക് (80ന് മുകളിലുള്ളവർ) ഈ ഇളവുകൾ നേരത്തെയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ സെസ്സുകളിൽ പ്രായമായവരെ ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് സർക്കാർ ചെവിക്കൊണ്ടില്ല. ഭൂമിയുള്ള കർഷകർക്ക് വർഷം ആറായിരം രൂപ പണമായി നൽകുമെന്നതാണ് കാർഷിക മേഖലയിലെ വലിയ പ്രഖ്യാപനം. എന്നാൽ ഇത് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള ഇടത്തരം കർഷകർക്കു വേണ്ടിയുള്ളതാണ്. ഭൂമിയില്ലാത്ത കർഷകർക്ക് ഒന്നുമില്ല. മൂന്നാമത്തെ വിഭാഗം ന്യൂനപക്ഷമാണ്. ബജറ്റിൽ ഒരിടത്തും ന്യൂനപക്ഷം എന്ന വാക്കു പോലും ധനസഹമന്ത്രി പിയൂഷ് ഗോയൽ ഉച്ചരിച്ചില്ല. കഴിഞ്ഞ ബജറ്റിലെ പോലെ 1431 കോടി രൂപയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചത്. പശുക്ഷേമത്തിനായി 750 കോടി രൂപ വകയിരുത്തിയ ബജറ്റിലാണ് ഇതെന്നോർക്കണം. അതു മാത്രമല്ല 2015 മുതൽ മദ്രസ അദ്ധ്യാപകർക്ക് സർക്കാർ നൽകേണ്ട പണം ഇതുവരെ വിതരണം ചെയ്തിട്ടുമില്ല.ക്രിക്കറ്റിനപ്പുറത്തേക്ക് വളരുന്ന ബ്രാൻഡിംഗ്

'ഇതിഹാസങ്ങൾ വിരമിക്കുന്നില്ല' എന്നായിരുന്നു കഴിഞ്ഞ നവംബറിൽ സച്ചിൻ ടെണ്ടുൽക്കറുമായി ഉണ്ടാക്കിയ വ്യാപാരബന്ധത്തെക്കുറിച്ച് അപ്പോളോ ടയേഴ്‌സിന്റെ പ്രഖ്യാപനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങളായിട്ടും സച്ചിന്റെ ബ്രാൻഡ് മൂല്യത്തിൽ ഇടിവൊട്ടുമില്ല. കായികതാരങ്ങൾക്കിടയിൽ ബ്രാൻഡ് മൂല്യമുള്ളവർ എല്ലായ്‌പ്പോഴും ക്രിക്കറ്റ് കളിക്കാരായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് പാമോലീവിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട കപിൽ ദേവും ബ്രിൽക്രീമിന് വേണ്ടിയെത്തിയ ഫാറൂഖ് എഞ്ചിനീയറും ഓർമ്മയിലുണ്ട്. റബർ കമ്പനിയായ എം.ആർ.എഫ് ക്രിക്കറ്റിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. സച്ചിനു പുറമേ, വിരാട് കോലിയും എം.ആർ.എഫ് സ്‌പോൺസർ ചെയ്ത ബാറ്റാണ് കളത്തിൽ ഉപയോഗിക്കുന്നത്. ചെന്നൈയിൽ പേസ് ബൗളർമാരെ പരിശീലിപ്പിക്കുന്നതിനായി എം.ആർ.എഫിന് ഒരു പേസ് ഫൗണ്ടേഷൻ തന്നെയുണ്ട്.

ക്രിക്കറ്റ് വിട്ട് മറ്റു കായികതാരങ്ങൾക്കും ഇന്ത്യയിൽ ഇപ്പോൾ ബ്രാൻഡിങ് ലഭിക്കുന്നു എന്നതാണ് ആഹ്ലാദകരമായ വിശേഷം. സച്ചിൻ ബ്രാൻഡ് അംബാസഡറായ അപ്പോളോ ടയേഴ്‌സ് ഈയിടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി വ്യാപാര കരാർ ഉണ്ടാക്കി. ഒളിമ്പിക് താരങ്ങളായ മേരി കോം, സാക്ഷി മാലിക്, ലളിത ബാബർ, കെ. ശ്രീകാന്ത് എന്നിവരെ സ്‌പോൺസർ ചെയ്യാൻ മുന്നോട്ടു വന്നിട്ടുള്ളത് ബ്രിജ്‌സ്‌റ്റോൺ ഇന്ത്യയാണ്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ, അത്‌ലറ്റ് ഹിമദാസ്, ഹോക്കി താരം റാണി രാംപാൽ, ഷൂട്ടർ ഹീന സിദ്ധു, ജിംനാസ്റ്റ് ദീപ കർമകാർ, വൈറ്റ്‌ലിഫ്റ്റർ മിരബായ് ചാനു, ടേബിൾ ടെന്നീസർ ബത്ര എന്നിവരെ സ്‌പോൺസർ ചെയ്യുന്നത് എഡൽവീസാണ്. ഒരു കോടിയുടെ ലൈഫ് കവറും പത്തു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമാണ് താരങ്ങൾക്കായി എഡൽവീസ് ചെയ്യുന്നത്. ക്രിക്കറ്റിനു പുറമേ, മറ്റു കായിക ഇനങ്ങൾക്കും കൂടി രാജ്യത്ത് വേരോട്ടം കിട്ടുന്നു എന്നതിന്റെ ദിശാസൂചിക കൂടിയാണിത്; താരങ്ങൾ ക്രിക്കറ്റിൽ മാത്രമല്ല ഉണ്ടാകുന്നത് എന്നതിന്റെയും.
Read More >>