ആര്‍ട്ടിക്കിള്‍ 26; ഭരണഘടനാ ഭേദഗതി അനിവാര്യം

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 26-ലെ റിലീജിയസ് ഡിനോമിനേഷന്റെ നിർവ്വചനത്തിൽ അയ്യപ്പഭക്തർ പെടാത്തതിനാൽ അനുഛേദം 26-ന്റെ അവകാശങ്ങൾ അഥവാ പരിരക്ഷ അവർക്ക് കിട്ടില്ല എന്നാണ് ഭൂരിപക്ഷ വിധി പറയുന്നത്. വിധിയുടെ ഗുണദോഷം ചർച്ചചെയ്യാനോ ചോദ്യംചെയ്യാനോ അല്ല, മറിച്ച് അനുഛേദം 26 ന്റെ ഉൾക്കാഴ്ചയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 26; ഭരണഘടനാ ഭേദഗതി അനിവാര്യം

അഡ്വ. ജയകൃഷ്ണൻ ആര്‍. ഉണ്ണിത്താൻ

സുപ്രിം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. തുടർന്ന് പല സംഘടനകളും വ്യക്തികളും സുപ്രിം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. അവ ഫയലിൽ സ്വീകരിച്ച കോടതി ജനുവരി 23ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ഭരണഘടനാ ബെഞ്ചിന്റെ 411 പേജ് വരുന്ന ശബരിമല വിധിന്യായം വായിച്ചപ്പോൾ പ്രധാനമായി കണ്ട ഒരു പദപ്രയോഗമാണ് 'റിലീജിയസ് ഡിനോമിനേഷൻ.'

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 26-ലെ റിലീജിയസ് ഡിനോമിനേഷന്റെ നിർവ്വചനത്തിൽ അയ്യപ്പഭക്തർ പെടാത്തതിനാൽ അനുഛേദം 26-ന്റെ അവകാശങ്ങൾ അഥവാ പരിരക്ഷ അവർക്ക് കിട്ടില്ല എന്നാണ് ഭൂരിപക്ഷ വിധി പറയുന്നത്. വിധിയുടെ ഗുണദോഷം ചർച്ചചെയ്യാനോ ചോദ്യംചെയ്യാനോ അല്ല, മറിച്ച് അനുഛേദം 26 ന്റെ ഉൾക്കാഴ്ചയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിൽ ഉദ്ദേശിക്കുന്നത്.

അനുഛേദം 26 പ്രതിപാദിക്കുന്നത് മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുളള സ്വാതന്ത്ര്യമാണ്. പൊതുസമാധാനത്തിനും സാന്മാർഗ്ഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായി ഓരോ മതവിഭാഗത്തിനും അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും വിഭാഗത്തിനും (ഒന്ന്) മതപരവും ധർമ്മപരവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിനും സംരക്ഷിക്കുന്നതിനും, (രണ്ട് ) മതപരമായ വിഷയത്തിൽ അതിന്റെതായ കാര്യങ്ങൾ നടത്തുന്നതിനും, (മൂന്ന്) സ്ഥാവരവും ജംഗമവുമായ വസ്തുക്കൾ ഉടമസ്ഥതയിൽ വയ്ക്കുന്നതിനും ആർജ്ജിക്കുന്നതിനും, (നാല് ) അങ്ങിനെയുളള വസ്തുവിന്റെ ഭരണം നിയമാനുസൃതമായി നടത്തുന്നതിനും അവകാശമുണ്ടായിരിക്കുമെന്ന് എന്ന് ഇതിൽ പറയുന്നു. അനുഛേദത്തിന്റെ തുടക്കത്തിൽ പറഞ്ഞിരിക്കുന്ന 'ഓരോ മതവിഭാഗത്തിനും' എന്നതിന്റെ ആംഗലേയ ഭാഷയാണ് റിലീജിയസ് ഡിനോമിനേഷൻ. എന്താണ് ഓരോ മതവിഭാഗത്തിനും എന്നതിന്റെ നിർവ്വചനം?

1954 ലെ ശിരൂർ മഠം കേസിന്റെ വിധിയിലാണ് സുപ്രിം കോടതി റിലീജിയസ് ഡിനോമിനേഷൻ എന്ന പദത്തിന്റെ അർത്ഥം പരിഗണിക്കുന്നത്. ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ 'ഡിനോമിനേഷൻ' എന്ന പദത്തെ നിർവ്വചിച്ചിരിക്കുന്നത് 'ഒരു കൂട്ടം ആളുകൾ ഒരേ പേരിന്റെ കീഴിൽ തരം തിരിഞ്ഞ് ഒന്നിച്ചു കൂടുക; ഒരു സവിശേഷ പേരാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട പൊതുവിശ്വാസവും സംഘടനയുമുളള ഒരു മതത്തിന്റെ അവാന്തര വിഭാഗമോ ഗോത്രമോ' എന്നാണെന്ന് കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ശിരൂർ മഠം കേസിലും തുടർന്നുവന്ന കേസുകളിലും ഒരു മതവിഭാഗം (റിലീജിയസ് ഡിനോമിനേഷൻ) എന്നതിനെ നിർവ്വചിക്കാൻ മൂന്ന് അടിസ്ഥാന ഘടകങ്ങൾ പിന്തുടർന്നു.

(ഒന്ന്) അദ്ധ്യാത്മിക ക്ഷേമത്തിന് വഴികാട്ടി എന്നു പൊതുവിൽ വിശ്വസിക്കുന്ന ഒരു വിശ്വാസസമ്പ്രദായമോ പ്രമാണമോ ഉളള ഒരു കൂട്ടം ആളുകൾ ആയിരിക്കണം, (രണ്ട്) പൊതുവായ സംഘടനയുണ്ടാവണം, (മൂന്ന്) സവിശേഷപേരാൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കണം.

എന്നാൽ, 1954 ലെ ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് നിഘണ്ടുവിലെ അർത്ഥം ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു. ഇന്ന് അതിൽ കാണുന്ന അർത്ഥം 'അംഗീകരിക്കപ്പെട്ടിട്ടുളള ഒരു ക്രിസ്ത്യൻ പളളിയുടെ സ്വയംഭരണാധികാരമുളള ഒരു ശാഖ; ഏതൊരു മതത്തിന്റെയും ശാഖ' എന്നാണ്. അതായത് നിഘണ്ടുവിന്റെ അടിസ്ഥാനത്തിൽ കോടതി അന്ന് നിശ്ചയിച്ച അടിസ്ഥാനഘടകങ്ങൾ ഇന്ന് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല എന്നർത്ഥം.

ഇനി ഈ പദപ്രയോഗം ഇന്ത്യൻ ഭരണഘടനയുടെ 26-ാം അനുഛേദത്തിൽ എങ്ങിനെ കടന്നുകൂടി എന്നു ചിന്തിക്കുമ്പോഴാണ് ഏതെല്ലാം വിദേശ ഭരണഘടനകൾ ഇന്ത്യൻ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട് എന്ന ചരിത്രം പരിശോധിക്കപ്പെടേണ്ടി വരുന്നത്. ഭരണഘടനയുടെ ഖണ്ഡം 3 മൗലികാവകാശങ്ങളിലും ഖണ്ഡം 4 നിർദ്ദേശകതത്ത്വങ്ങളിലും അയർലൻഡ് ഭരണഘടനയുടെ സ്വാധീനം വളരെ വ്യക്തമാണ്. അതിൽത്തന്നെ മൗലികാവകാശങ്ങളിൽ മതസ്വാതന്ത്ര്യത്തിനുളള അവകാശം

പ്രതിപാദിക്കുന്ന അനുഛേദം 19 മുതൽ 28 വരെയുളളതിൽ അനുഛേദം 26 ൽ അയർലൻഡ് ഭരണഘടനയുടെ അനുഛേദം 44 ന്റെ സ്വാധീനം വെളിവാകുന്നത്.

അയർലൻഡ് ഭരണഘടനയുടെ അനുഛേദം 44(1)(2)ൽ രാജ്യത്തിന്റെ ഭൂരിഭാഗം പൗരന്മാരും അംഗീകരിക്കുന്ന കത്തോലിക് റോമൻ പളളികളെ വിശ്വാസത്തിന്റെ സംരക്ഷകരായി അംഗീകരിച്ച് പ്രത്യേകപദവി നൽകുന്നു.

44(1)(3)ൽ അയർലൻഡ് പളളിയെയും അയർലൻഡ് പ്രസ്ബറ്റേറിയൻ പളളിയേയും മെത്തോഡിസ്റ്റ് പളളിയെയും റിലീജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്സിനെയും അതുകൂടാതെ ജ്യൂവിഷ് കോൺഗ്രേഷേൻസിനെയും അയർലൻഡിലുളള മറ്റു റിലീജിയസ് ഡിനോമിനേഷൻസ് (മറ്റു മതവിഭാഗങ്ങളേയും) നെയും അതേപോലെ രാജ്യം അംഗീകരിക്കുന്നു.

തുടർന്നുവരുന്ന അനുഛേദം 44(2)1, 44(2) (5) എന്നിവയിൽ പൊതു സമാധാനത്തിനും സാന്മാർഗ്ഗികതക്കും വിധേയമായി എല്ലാ പൗരന്മാർക്കും മനസാക്ഷിക്കനുസരിച്ച് മതവിശ്വാസം പ്രകടിപ്പിക്കുവാനും പ്രയോഗിക്കുവാനും സ്വാതന്ത്ര്യം നൽകുകയും ഓരോ മതവിഭാഗത്തിനും (റിലീജിയസ് ഡിനോമിനേഷൻസിനും) അതിന്റെതായ കാര്യങ്ങൾ നടത്തുന്നതിനും സ്ഥാവരജംഗമവസ്തുക്കൾ ആർജിക്കുന്നതിനും ഉടമസ്ഥതയിൽ വയ്ക്കുന്നതിനും മതപരവും ധർമ്മപരവുമായ ആവശ്യങ്ങൾക്ക് വേണ്ടി സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനുളള അവകാശവുമുണ്ട്.

അയർലന്റ് ഭരണഘടനയുടെ മുകളിൽ വിവരിച്ച അനുഛേദങ്ങളിൽ നിന്ന് അക്കാലത്ത് അയർലന്റിൽ ക്രിസ്തുമതത്തിൽ തന്നെ പ്രബല വിഭാഗങ്ങളും മറ്റ് വിഭാഗങ്ങളും ഉണ്ടായിരുന്നെന്നും അവയെ ഭരണഘടന പ്രകാരം അംഗീകരിച്ചിരുന്നു എന്നും ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന മറ്റ് വിഭാഗങ്ങളെ കൃത്യമായി നിർവ്വചിക്കുവാൻ വേണ്ടിയാണ് റിലിജീയസ് ഡിനോമിനേഷൻ എന്ന പദപ്രയോഗം നടത്തിയതെന്നും വ്യക്തമാകുന്നു. എന്നാൽ 1972 ലെ അവരുടെ 5-ാം ഭരണഘടനാഭേദഗതിയിലൂടെ കത്തോലിക് സിറിയൻ പളളിക്ക് പ്രത്യേക സ്ഥാനം കൊടുക്കുകയും മറ്റു പേരുകളിലുളള മതവിഭാഗങ്ങളെ അംഗീകരിക്കുകയും ചെയ്തിട്ടുളള 44-ാം അനുഛേദത്തിലെ രണ്ട് ഉപവിഭാഗങ്ങൾ നീക്കം ചെയ്തിട്ടുളളതായി കാണാം. അതായത് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ സ്വീകരിച്ച 1937 ലെ അയർലന്റ് ഭരണഘടനാ അനുഛേദങ്ങൾ 1972 ൽ അവർക്കുതന്നെ കാലഹരണപ്പെട്ടതായി തീർന്നു.

എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക പ്രകാരം ക്രിസ്തുവർഷത്തിന് മുമ്പ് ഉദയം ചെയ്തതും നിരവധിതത്വചിന്തകളും വിശ്വാസവും ആചാരവും ഉൾക്കൊളളുന്ന ലോകത്തിലെ ഏറ്റവും പ്രബലമായ മതമാണ് ഹിന്ദുമതം.

ജസ്റ്റീസ് ഗജേന്ദ്രഗാഡ്കർ തന്റെ ഒരു വിധിന്യായത്തിൽ 'എൻസൈ ക്ലോപീഡിയ ഓഫ് റിലീജിയൻ ആന്റ് എത്തിക്‌സ്' എന്ന പുസ്തകത്തിൽ നിന്നും ഉദ്ധരിക്കുന്നത് "ഇന്ത്യൻ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വിശ്വാസരീതിയ്ക്ക് ഉപയുക്തമായ പേരാണ് ഹിന്ദുമതം" എന്നാണ്. അതേപോലെ ഡോ. രാധാകൃഷ്ണൻ തന്റെ 'ഹിന്ദു വ്യൂ ഓഫ് ലൈഫ്' എന്ന പുസ്തകത്തിൽ "ലോകത്തിലെ മറ്റ് മതങ്ങളിൽ നിന്നു വ്യത്യസ്തമായി ഹിന്ദുമതം ഒരു പ്രവാചകനെ അവകാശപ്പെടുകയോ, ഒരു നിയമത്തിന്റെയോ സിദ്ധാന്തത്തിന്റെയോ വരിക്കാരനാകുകയോ നിശ്ചിതമായ ഒരാചാരം പിന്തുടരുകയോ ചെയ്യുന്നില്ല മറിച്ച് അതിനെ ഒരു ജീവിതരീതിയെന്നോ ജീവിതചര്യയെന്നോ മാത്രം പറയാം" എന്നാണ് പറയുന്നത്.

ജോർജ്ജ് ബർണാഡ് ഷാ (ഐറിഷ് നാടകകൃത്തും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കോണമിക്‌സിന്റെ സഹസ്ഥാപകനും) ഹിന്ദുമതത്തിൽ കണ്ടെത്തിയത് നാനാത്വത്തിൽ ഏകത്വമാണ്. "ഒറ്റ നോട്ടത്തിൽ ഹിന്ദുമതത്തിലെ ദൈവങ്ങളുടെ ബഹുലത നമ്മെ അന്ധാളിപ്പിക്കുമെങ്കിലും, അല്പനേരത്തിനുളളിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും അത് ഒരേ ദൈവമാണെന്ന്". ശ്രേഷ്ഠമായ ദൈവം സ്വീകാര്യമായ എല്ലാ ദൈവങ്ങളേയും ഉൾക്കൊളളുന്നു എന്നതാണ് ഹിന്ദുമതം ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുളള മതമായിത്തീരാനുളള കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇക്കാരണങ്ങൾ ഒക്കെകൊണ്ടുതന്നെ ഹിന്ദുമത അനുയായികളെ ഒരു ഉപവിഭാഗമായോ മതശാഖയായോ വർഗ്ഗമായോ തരംതിരിക്കണം എന്ന നിർബന്ധിത ആശയവും ഹിന്ദുമതത്തിലെ മതവിഭാഗം എന്നതിനെ നിർവ്വചിക്കുമ്പോൾ അത് ക്രിസ്ത്യൻ മതത്തിന്റെ അച്ചിൽ ചേരുന്ന ഒരു ഗ്രൂപ്പായി നിർവ്വചിക്കുന്നതും വിചിത്രവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്.

റിലീജിയസ് ഡിനോമിനേഷൻ എന്ന ആശയം അയർലൻഡ് ഭരണഘടനയിൽ നിന്ന് എടുക്കുമ്പോൾത്തന്നെ ഇന്ത്യൻ ഭരണഘടനയുടെ പട്ടിക ഏഴിലോ അനുഛേദം 25 ലോ ആ പദപ്രയോഗം ഉപയോഗിച്ചിട്ടേയില്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത. അനുഛേദം 25 (2) (ബി) യിൽ ഹിന്ദുമതവിഭാഗം എന്നതിനുപകരം 'പൊതുസ്വാഭാവുമുളള ഹിന്ദുമത സ്ഥാപനങ്ങൾ' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ അനുഛേദം 246 (2) പ്രകാരം ഏഴാം പട്ടികയിൽ മൂന്നാം ലിസ്റ്റായ സമവർത്തി ലിസ്റ്റിൽ പാർലിമെന്റിനും സംസ്ഥാനനിയമസഭക്കും ഒരുപോലെ നിയമം നിർമ്മിക്കാവുന്ന വിഷയങ്ങളുടെ പട്ടിയിൽ 28-ാമതായി ചേർത്തിരിക്കുന്നത് 'ധർമ്മസ്ഥാപനങ്ങൾ' എന്നും 'മതസ്ഥാപനങ്ങൾ' എന്നുമാണ്; മതവിഭാഗങ്ങളുടെ സ്ഥാപനങ്ങൾ എന്നല്ല.

മുകളിൽ പറഞ്ഞ വസ്തുതകളിൽ നിന്നും ചെന്നെത്താവുന്ന നിഗമനം ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 26, മതവിഭാഗങ്ങൾ എന്ന പദപ്രയോഗത്തിന്റെ വ്യാപ്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നും ഒരു ഭരണഘടനാ ഭേദഗതിയിലൂടെ അയർലൻഡ് ഭരണഘടനയിൽ അവർ നടത്തിയ കാലോചിതമായ നവീകരണമെന്നപോലെ ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 26 ൽ നിർദ്ദേശിക്കുന്ന അവകാശങ്ങളിൽ മത സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ്.

(ഹൈക്കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ )

Read More >>