ബാലാക്കോട് മരണ സംഖ്യയെച്ചൊല്ലി എന്തിന് ഈ തര്‍ക്കം

യഥാർത്ഥത്തിൽ ഈ മരണസംഖ്യക്ക് ഒരു പ്രസക്തിയുമില്ല. 350 പേർ മരിക്കുന്നതും മൂന്നു പേർ മരിക്കുന്നതും തമ്മിൽ ഒരു വ്യത്യാസമില്ല. കാരണം, ഇതൊരു യുദ്ധമല്ല. യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെയൊരു പ്രഖ്യാപനം നടത്തുമായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പക്ഷേ, യുദ്ധമുണ്ട് എന്നു പറയാനല്ല, യുദ്ധമില്ല എന്നു പറയാനാണ് അദ്ദേഹം ആ സന്ദർഭം വിനിയോഗിച്ചത്. എന്തു കൊണ്ട് യുദ്ധം ഉണ്ടാവരുത് എന്നും അദ്ദേഹം വിവരിച്ചു. യുദ്ധം ആരംഭിച്ചുകഴിഞ്ഞാൽ അതു തന്റെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ നിയന്ത്രണത്തിലാവുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ബാലാക്കോട് മരണ സംഖ്യയെച്ചൊല്ലി എന്തിന് ഈ തര്‍ക്കം

പാകിസ്താനിലെ ബാലാക്കോട് പ്രദേശത്ത് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിലെ മരണസംഖ്യയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഭരണകക്ഷിയുടെ ദേശീയാദ്ധ്യക്ഷന് മാത്രം കൃത്യമായ കണക്ക് ലഭിച്ചതായി വേണം കരുതാൻ. 250 പേരാണത്രെ മരിച്ചത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഈ വിഷയത്തിൽ ഒന്നും മിണ്ടിയിട്ടില്ല. പ്രധാനമന്ത്രിയോ, ഈയിടെയായി ധനകാര്യത്തേക്കാളേറെ പ്രതിരോധകാര്യങ്ങളിൾ ശ്രദ്ധിക്കുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയോ പറയാത്ത കണക്കാണ് അമിത് ഷായ്ക്ക് കിട്ടിയത്. മൃതദേഹങ്ങളുടെ കണക്ക് എടുക്കൽ തങ്ങളുടെ പണിയല്ല എന്നാണ് വ്യോമസേനയുടെ തലവൻ പറഞ്ഞത്. പിന്നെ, അമിത് ഷായ്ക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയതെന്നു നമ്മൾ ചോദിക്കാൻ പാടില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സർവ്വാധികാരിയായ പ്രസിഡന്റിന് എവിടെ നിന്നാണ് കണക്കുകൾ കിട്ടാതിരിക്കുക!

യഥാർത്ഥത്തിൽ ഈ മരണസംഖ്യക്ക് ഒരു പ്രസക്തിയുമില്ല. 350 പേർ മരിക്കുന്നതും മൂന്നു പേർ മരിക്കുന്നതും തമ്മിൽ ഒരു വ്യത്യാസമില്ല. കാരണം, ഇതൊരു യുദ്ധമല്ല. യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങനെയൊരു പ്രഖ്യാപനം നടത്തുമായിരുന്നു. അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പക്ഷേ, യുദ്ധമുണ്ട് എന്നു പറയാനല്ല, യുദ്ധമില്ല എന്നു പറയാനാണ് അദ്ദേഹം ആ സന്ദർഭം വിനിയോഗിച്ചത്. എന്തു കൊണ്ട് യുദ്ധം ഉണ്ടാവരുത് എന്നും അദ്ദേഹം വിവരിച്ചു. യുദ്ധം ആരംഭിച്ചുകഴിഞ്ഞാൽ അതു തന്റെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ നിയന്ത്രണത്തിലാവുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

യുദ്ധങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ചരിത്രഗ്രന്ഥങ്ങളിൽ പോലും രേഖപ്പെടുത്തിക്കാണാറില്ല. പിന്നെയെന്തിനാണ് ബാലാക്കോട്ടിൽ മരിച്ചവരുടെ എണ്ണത്തിനു മാത്രം ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്നത്്? ബാലാക്കോട്ടിലേത് ഒരു ഭീകരസംഘടനാ കേന്ദ്രമായിരുന്നില്ല എന്നും വെറും കാടായിരുന്നു എന്നും ആരും മരിച്ചിട്ടില്ല എന്നും മിന്നലാക്രമണം നടത്തി എന്നത് ഒരു പൊങ്ങച്ചം മാത്രമായിരുന്നു എന്നും തെളിയിക്കാനാണോ പ്രതിപക്ഷ നേതാക്കളും കുറെ മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്? വ്യോമസേനാ നടപടി കഴിഞ്ഞ ഉടനെത്തന്നെ ആരോ അവിടെച്ചെന്ന് മൃതദേഹങ്ങൾ എണ്ണി എന്ന മട്ടിൽ 350 പേർ മരിച്ചു എന്ന് ഔദ്യോഗികമായ അവകാശവാദം ഉയർത്തിയത് സാമാന്യബുദ്ധിക്കു നിരക്കുന്നതായിരുന്നില്ല. അത് ആരുടെയോ അമിതോത്സാഹം എന്ന നിലയിൽ അവഗണിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണം ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മോദിപക്ഷം ഉയർത്തിയേക്കുമെന്ന ആശങ്കയിലാവും പ്രതിപക്ഷം അതിനെ വില കുറച്ച് കാണിക്കാൻ ഒരുമ്പെട്ടിറങ്ങിയത്. ആശങ്ക അസ്ഥാനത്തായിരുന്നില്ല. പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടികളുടെ പൂർണ്ണ ഉത്തരവാദിത്തം സൈന്യത്തിന് നൽകി എന്നു പറഞ്ഞവർതന്നെ അത് ഭരിക്കുന്നവരുടെ നേട്ടമായി, തെരഞ്ഞെടുപ്പു വിഷയമായി അവതരിപ്പിക്കാൻ ശമിച്ചു എന്നത് സത്യമാണ്. ഇതു പോലും, ഒരു സൈനിക നടപടിയെ ഇഴ കീറി പരിശോധിക്കുന്നതിലേക്ക് എത്താൻ പാടില്ലായിരുന്നു. മനുഷ്യാവകാശ ലംഘനമോ കൂട്ടക്കുരുതിയോ ഒന്നും സൈന്യത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടില്ല എന്നും ഓർക്കണം.

ബാലാക്കോട്ട് ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തി എന്ന കാര്യത്തിൽ സംശയമില്ല. അത് പാകിസ്താൻ മാദ്ധ്യമങ്ങൾ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. മരണം ഉണ്ടായതിന്റെ തെളിവുകൾ അവർക്ക് കാണാനായിട്ടില്ല എന്നതു ശരിയാണ്. പക്ഷേ, അതും നമുക്ക് ചർച്ച ചെയ്ത് സത്യം കണ്ടെത്താവുന്ന കാര്യമല്ല.

പാകിസ്താനിൽ പാർപ്പുറപ്പിച്ചിട്ടുള്ള മുഴുവൻ ഭീകരസംഘങ്ങളെയും മിന്നലാക്രമണം നടത്തി തകർത്തുകളയാം എന്ന വ്യാമോഹമൊന്നും ഇന്ത്യൻ സൈന്യത്തിനോ ഭരണാധികാരികൾക്കോ ഉണ്ടാകം എന്നു തോന്നുന്നില്ല. ഭീകരന്മാർ പാകിസ്താൻ പൗരന്മാർക്കും ഭരണസ്ഥാപനങ്ങൾക്കും നേരെയും നിരന്തരം ആക്രമണം നടത്തുന്നുണ്ട്. ഭീകരസംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ പാക് സർക്കാര്‍ ശ്രമിക്കുന്നില്ല. ശ്രമിച്ചാലും കഴിയണം എന്നില്ല. അമേരിക്കൻ സേന ആയിരക്കണക്കിനു പട്ടാളക്കാരെ അണിനിരത്തി താലിബാന് എതിരെ നടപടി തുടങ്ങിയിട്ട് വർഷമെത്രയായി? ഒരു പതിറ്റാണ്ട് തികയാൻ പോകുന്നു. താലിബാൻ ഇല്ലാതായോ? ഇല്ലെന്നു മാത്രമല്ല ലക്ഷ്യം പൂർത്തിയാക്കാനാകാതെ യു.എസ് സൈന്യം പിൻവാങ്ങുകയാണ്.

പാകിസ്താനിലുള്ള ഭീകരരെ തകര്‍ക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം പാകിസ്താന്‍ നടത്തണം. ആഗോള സമ്മര്‍ദ്ദം ഇക്കാര്യത്തില്‍ വേണം. അതിനുള്ള ശ്രമങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു പ്രതീകാത്മക ആക്രമണം ആയേ ബാലാക്കോട് മിന്നലാക്രമണത്തെയും നാം കാണേണ്ടതുള്ളൂ. അതിനെ ആരുടെയെങ്കിലും നേട്ടമോ കോട്ടമോ ആയി ചിത്രീകരിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാലെങ്കിലും ഇത്തരം ശ്രമങ്ങളിൽനിന്നു എല്ലാവരും പിന്തിരിയും എന്നാശിക്കാം.

Read More >>