ശബരിമല വിധിയുടെ പാഠങ്ങള്‍ ഒന്നും മറക്കാനുള്ളവയല്ല

കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നു വാദിക്കുന്നതിലെ പ്രായോഗികത ആർക്കും മനസ്സിലാവും. എന്നാൽ അതിനപ്പുറം ഭരണഘടന അനുവദിച്ച മൗലികാവകാശം ഹനിക്കണമെന്ന അട്ടഹാസം ഏത് മതവിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിലായാലും അംഗീകരിക്കാവതല്ല

ശബരിമല വിധിയുടെ പാഠങ്ങള്‍ ഒന്നും മറക്കാനുള്ളവയല്ല

ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച ചരിത്ര വിധി പുനഃപരിശോധിക്കണമെന്ന ഹർജികളിലെ വാദം കേട്ട സുപ്രിം കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. കോടതി മുമ്പാകെ എത്തിയ 65 ഹർജികളിൽ ഇന്നലെ വാദിക്കാൻ അവസരം ലഭിക്കാത്ത കക്ഷികൾ ഒരാഴ്ച്ചക്കകം അവ എഴുതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. ഏതായാലും അധികം വൈകാതെ ഇക്കാര്യത്തിൽ അന്തിമ വിധി ഉണ്ടാകുമെന്നുറപ്പ്.

ഹർജി പരിഗണിക്കവെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉന്നയിച്ചത്. സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും ആ വിധി എന്തുകൊണ്ട് പുനഃപരിശോധിക്കണമെന്നും ഹർജിക്കാർ വ്യക്തമാക്കണമെന്നതാണ് അതിലെ ഊന്നൽ. എന്നാൽ ഇന്നലെ ഇക്കാര്യം സമർത്ഥമായി അവതരിപ്പിക്കാനും കോടതിയെ ബോദ്ധ്യപ്പെടുത്താനും ഹർജിക്കാർക്കു സാധിച്ചുവോ എന്നത് വേറെ കാര്യമാണ്. കോടതി വിധി തിരുത്താവുന്ന പുതിയ വല്ല വാദങ്ങളും അവതരിപ്പിക്കാനായോ എന്ന് വരാനിരിക്കുന്ന വിധിയിൽ സുപ്രിം കോടതിയാണ് പറയേണ്ടത്. എന്നാൽ കോടതി വിധി എന്തായാലും യുവതീ പ്രവേശത്തിന്റെ രാഷ്ട്രീയം ഇനിയും അവസാനിക്കില്ലെന്നു തന്നെ കരുതണം. പ്രത്യേകിച്ചും ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ ശബരിമല പ്രശ്നം രാഷ്ട്രീയ ആയുധമാകുമെന്നതിൽ സംശയമില്ല. ഭരണഘടനാപരമായ മൗലികാവകാശം അനുവദിച്ചതിന്റെ പേരിൽ വിശ്വാസത്തിന്റെയും ഭക്തിയുടെയും മറപിടിച്ച് ഹർത്താലിനും കരിദിനാചരണത്തിനും ആക്രമണ പേക്കൂത്തുകൾക്കും സാക്ഷിയായ സാക്ഷര കേരളം വരാനിരിക്കുന്ന വിധിയോടെങ്കിലും പക്വമായി പ്രതികരിക്കുമോ എന്നതാണ് ഈ സമയം പ്രസക്തമായുള്ളത്.

മതവിശ്വാസികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾ അവർ പ്രമാണങ്ങളുമായി/വിശ്വാസ, ആചാരങ്ങളുമായി തട്ടിച്ചാണ് നീതിയോട് അടുക്കാൻ ശ്രമിക്കുക. അതേപോലെ ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിൽ, പൗരന്മാ­ർ­ക്ക് തങ്ങളുടെ മൗലികാവകാശങ്ങ­ൾ ഹനിക്കപ്പെടുമ്പോൾ/നീതി നിഷേധിക്കപ്പെടുമ്പോൾ അവസാന അത്താണിയാണ് ജുഡീഷ്യറി. ആ ജുഡീഷ്യറിക്കാവട്ടെ ഭരണഘടനയാണ് പ്രാണൻ. ഏത് വിശ്വാസ ആചാരങ്ങളായാലും അവ മാനവികതയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല എന്നതാണ് രാജ്യത്തിന്റെ മതം. തെരുവിൽ കലാപമുണ്ടാക്കി നീതിയെ അട്ടിമറിക്കുന്നത് ആർക്കും ഭൂഷണമല്ല. കോടതി വിധി എന്തായാലും അതംഗീകരിക്കണം. ആചാരങ്ങൾ ഭരണഘടനാ ധാർമികതയ്ക്കു എതിരാവരുത്. ഇതാണ് ശബരിമല വിധിയിലെ മർമ്മം.

ഏതു പ്രശ്നങ്ങളിലും ഇരു കക്ഷികളുടെയും വാദമുഖങ്ങൾ ഇഴപിരിച്ച് പരിശോധിച്ച് വസ്തുതകളുടെയും തെളിവുകളുടെയും ബലത്തിൽ വിധി പുറപ്പെടുവിക്കുകയാണ് കോടതി ചെയ്യുന്നത്. ആ വിധിയിൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങൾ സ്വാഭാവികമാണ്. കോടതി വിധി പ്രഖ്യാപിച്ചാൽ നിയമവാഴ്ച്ച ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും പൗരസഞ്ചയത്തിന്റെയും ബാദ്ധ്യതയാണ്. അതാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷ ബോധത്തിന്റെയും കാതൽ. ശബരിമലയിലെ യുവതീ പ്രവേശത്തെയും ആ നിലയ്ക്കു വേണം കാണാൻ. അത് ലംഘി­ക്കാതിരിക്കാനുള്ള മിനിമം മര്യാദയാണ് ഉണ്ടാകേണ്ടത്.

കോടതി വിധി എന്തായാലും അത് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാവില്ലെന്നു തീർച്ചയാണ്. അതിനാൽ നിലവിലുള്ള വിധി അരക്കിട്ടുറപ്പിച്ചാലും അത് പുനപ്പരിശോധിക്കാൻ തീരുമാനിച്ചാലും ഭരണഘടനാ സംവിധാനങ്ങളോട് നീതി പുലർത്താൻ ഓരോ പൗരനും/സംഘടനയ്ക്കും ബാദ്ധ്യതയുണ്ട്. തങ്ങൾക്ക് ഇഷ്ടപ്പെടുന്ന വിധികൾ പുറപ്പെടുവിക്കുമ്പോൾ മാത്രമല്ല, ഇഷ്ടമില്ലാത്ത വിധികൾ വരുമ്പോഴും നീതിന്യായ സംവിധാനങ്ങളെ മാനിക്കാനുള്ള ഹൃദയ വിശാലതയാണിവിടെ പ്രധാനം. ഹർജികളില്‍ കോടതി വാദം കേട്ട ഉടനെ, സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളെ വഞ്ചിച്ചുവെന്ന പഴയ പല്ലവിയാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉണ്ടായത്. യഥാർത്ഥത്തിൽ എന്തു തരം വഞ്ചനയാണിത്? യുവതികളായ വിശ്വാസികളോട് വിവേചനം പാടില്ലെന്നും വിധി നടപ്പാക്കാൻ സാവകാശം അനുവദിക്കണമെന്നുമാണ് ദേവസ്വം ബോർഡ് ഹർജിയിലുള്ളത്. ഇതിൽ എന്താണ്, എവിടെയാണ് വിശ്വാസികൾക്കു എതിരേയുള്ളത്? വിധി നടപ്പാക്കണമെന്നും പുനഃപരിശോധനാ ഹർജി തള്ളണമെന്നുമുള്ള സർക്കാർ വാദമാണ് കൊലച്ചതിയായി വ്യാഖ്യാനിക്കുന്നത്! ഒരു പൗരയ്ക്ക് ഭരണഘടന അനുവദിച്ച മൗലികാവകാശം ഹനിക്കാതിരിക്കുന്നത് എങ്ങനെയാണ് വഞ്ചനയാവുന്നത്?

കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നു വാദിക്കുന്നതിലെ പ്രായോഗികത ആർക്കും മനസ്സിലാവും. എന്നാൽ അതിനപ്പുറം ഭരണഘടന അനുവദിച്ച മൗലികാവകാശം ഹനിക്കണമെന്ന അട്ടഹാസം ഏത് മതവിശ്വാസത്തിന്റെയും ഭക്തിയുടെയും പേരിലായാലും അംഗീകരിക്കാവതല്ല.

ബഹളമുണ്ടാക്കിയല്ല കോടതി വിധി തിരുത്തേണ്ടത്. ന്യായങ്ങളുടെയും വസ്തുതകളുടെയും ബലത്തിലാവണം. ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ല നീതിയുടെ മാനദണ്ഡം. കോടതിയിൽ ലിംഗനീതിയും സത്യവുമാണ് പുലരേണ്ടത്. അതിനായി വീണ്ടും കാത്തിരിക്കാം.

Read More >>