വിമര്‍ശനം ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്ത്

വിമർശനം ശത്രുതയുടെ ഭാഗമല്ല, അത് ആരോഗ്യകരമായ പാരസ്പര്യത്തിന്റെ ലക്ഷണമാണ്. ജനാധിപത്യത്തിന്റെ ഉൾക്കരുത്തിന്റെ ലക്ഷണമാണ്. പൊതുപ്രശ്നങ്ങൾ സ്വകാര്യമായ ചർച്ചകളിലൂടെ തീർക്കേണ്ടതല്ല. അത് പൊതുസംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്

വിമര്‍ശനം ജനാധിപത്യത്തിന്റെ ഉള്‍ക്കരുത്ത്

സി.പി.ഐയിൽ കടുത്ത ആഭ്യന്തരപ്രശ്നങ്ങൾക്ക് ഇടയാക്കിയ സംഭവമാണ് എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് പാർട്ടി ജില്ലാകമ്മിറ്റി നടത്തിയ മാർച്ചും തുടർന്നുണ്ടായ ലാത്തിച്ചാർജും. അതെപ്പറ്റി അന്വേഷിച്ച് ജില്ലാ കളക്ടര്‍ സർക്കാരിനു നൽകിയ റിപ്പോർട്ട് പ്രസ്തുത സംഭവത്തെ കുറിച്ച് നടക്കുന്ന വാദ-പ്രതിവാദങ്ങളിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുകയാണ്. മാർച്ചിനെതിരെ നടന്ന ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈക്ക് പൊട്ടലുണ്ടായിരുന്നോ ഇല്ലയോ എന്നതായിരുന്നു ഒരു ദിവസത്തെ ചർച്ച. ഒടുവിൽ എം.എൽ.എയുടെ കൈക്ക് പൊട്ടലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല, ലാത്തിച്ചാര്‍ജിനു മുമ്പ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും പൊലീസ് അമിതബലപ്രയോഗം നടത്തിയെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.

എറണാകുളത്തെ മാർച്ചിലും അനന്തര സംഭവങ്ങളിലും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രതികരണങ്ങൾ പൊലീസ് മർദ്ദനത്തിനിരയായ പ്രവർത്തകരുടെ വികാരത്തെ മാനിക്കുന്നതല്ലെന്ന വിമർശനമാണ് പൊതുവെ ഉയർന്നു വന്നത്. കാനം മുഖ്യമന്ത്രി, പിണറായി വിജയനും സി.പി.എമ്മിനും അനാവശ്യമായി കീഴടങ്ങുന്നുവെന്നതാണ് അദ്ദേഹത്തിനെതിരെ ഉയർന്നു വന്ന വിമർശനങ്ങളുടെ ചുരുക്കം. ഇത് കേവലം മാദ്ധ്യമസൃഷ്ടിയാണെന്നു പറഞ്ഞു തള്ളാം. എന്നാൽ, വാസ്തവം അതല്ല.

കാനത്തിനെതിരെ ഇത്തരമൊരു വിമർശനം ഉയരാൻ കാരണം അദ്ദേഹത്തിന്റെ മുൻകാല നിലപാടുകൾ തന്നെയാണ്. നേരത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) ഭരണവുമായും മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലും ഉണ്ടായ പല പ്രശ്നങ്ങളിലും അദ്ദേഹം ആരോഗ്യകരമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. എം.എൽ.എമാരുടെ എണ്ണത്തിൽ മുന്നണിയിലെ രണ്ടാം പാർട്ടിയെന്ന ഉത്തരവാദിത്ത ബോധത്തോടെയാണ് അദ്ദേഹം തന്റെ വിമർശനങ്ങൾ മുന്നോട്ടു വച്ചിരുന്നത്. ഈ ധാരണയിൽ തന്നെയാണ് കേരളീയ പൊതുസമൂഹം ആ വിമർശനങ്ങളെ മനസ്സിലാക്കിയിരുന്നതും; മാദ്ധ്യമങ്ങൾ ഒരുപക്ഷേ, അതിനെ വിവാദമാക്കിയിരിക്കാമെങ്കിലും.

എറണാകുളം സംഭവം സംബന്ധിച്ച തന്റെ പ്രതികരണങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസം കാനം മാദ്ധ്യങ്ങളോട് നടത്തിയ ഒരു പരാമർശം ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് പറയാതെ വയ്യ. "എല്ലാ ദിവസവും എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കണം എന്നുപറഞ്ഞാൽ നടക്കില്ല. മാദ്ധ്യമങ്ങളുടെ താളത്തിനനുസരിച്ചു നൃത്തം ചെയ്യാൻ സാധിക്കില്ല. ഭരണപക്ഷത്തുള്ള സി.പി.ഐ ഇപ്പോഴും പ്രതിപക്ഷത്തിന്റെ നിലപാട് സ്വീകരിക്കണമെന്ന് മാദ്ധ്യമങ്ങൾ പറഞ്ഞാൽ അത് നടക്കില്ല." ഇത്രയുമാണ് അദ്ദേഹത്തെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംവാദങ്ങളെ വിവാദങ്ങളാക്കിയും വിമർശനങ്ങളെ സെൻസേഷണൽ വാർത്തകളാക്കിയും മാറ്റുന്ന ഒരു രീതി നമ്മുടെ പൊതുമണ്ഡലത്തിൽ സമീപകാലത്തായി ശക്തമാണ്. അതിൽ മാറ്റു പലതിനൊപ്പം മാദ്ധ്യമങ്ങൾക്കും പങ്കുണ്ട് എന്ന കാര്യത്തിൽ വാസ്തവമുണ്ടുതാനും. ഇക്കാര്യത്തിൽ കാനത്തിന് ഒരു പിഴവ് പറ്റിയെന്ന് പറയാതിരിക്കാനാവില്ല. വിമർശനവും ചീത്തവിളിയും തമ്മിലുള്ള വ്യത്യസ്തത അദ്ദേഹത്തിന് മനസ്സിലാവേണ്ടതാണ്.

'തർക്കിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' നമ്മുടെ ആശയവിനിമയങ്ങളും സംവാദവും എന്ന മുദ്രാവാക്യം കേരളീയ നവോത്ഥാനത്തിന്റെ അന്തഃസത്തയാണ്. ആലുവയിലെ അദ്വൈതാശ്രമത്തിൽ വച്ച് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ കേന്ദ്രപ്രമേയമായിരുന്നു ഇത്. കേരളീയ നവോത്ഥാനത്തിന്റെ ഉത്തമ അവകാശികൾ എന്ന് ഊറ്റംകൊള്ളുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് വിമർശനവും ചീത്തപറച്ചിലും തമ്മിൽ മാറിപ്പോകരുത്.

വിമർശനം ശത്രുതയുടെ ഭാഗമല്ല, അത് ആരോഗ്യകരമായ പാരസ്പര്യത്തിന്റെ ലക്ഷണമാണ്. ജനാധിപത്യത്തിന്റെ ഉൾക്കരുത്തിന്റെ ലക്ഷണമാണ്. പൊതുപ്രശ്നങ്ങൾ സ്വകാര്യമായ ചർച്ചകളിലൂടെ തീർക്കേണ്ടതല്ല. അത് പൊതുസംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്. ഈ തിരിച്ചറിവ് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് കൈമോശം വരുന്നത് ഒട്ടും ശുഭകരമല്ല. കാരണം, വിമർശനങ്ങളെ പാടെ കുഴിച്ചുമൂടാനും വിമതശബ്ദങ്ങളെ തടങ്കലിൽ അടക്കാനുമുള്ള നീക്കങ്ങൾ രാജ്യവ്യാപകമായി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദശാസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഈ അവസ്ഥയെ പ്രതിരോധിക്കണമെങ്കിൽ വിമർശനാധിഷ്ഠിതമായ സാഹോദര്യത്തിലൂടെയേ പറ്റൂ. അതാണ് നമ്മുടെ ദേശീയ-സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും പാരമ്പര്യം. അതിനെ തിരിച്ചുപിടിച്ചുകൊണ്ടു മാത്രമേ ഇക്കാലത്തെ ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്ന ജനാധിപത്യ-മതനിരപേക്ഷ ഐക്യം സാദ്ധ്യമാവൂ. ഈ രാഷ്ട്രീയത്തിന്റെ ഭാഗമാവേണ്ടവർ തന്നെ തങ്ങൾക്ക് എതിരായി ഉയരുന്ന ശബ്ദങ്ങളെ കോടതി കയറ്റുന്നത് അംഗീകരിക്കാനാവില്ല.

Next Story
Read More >>