ദാരിദ്ര്യം ഇല്ലാതാക്കാനോ ദരിദ്രരെ ഇല്ലാതാക്കാനോ?

ഒന്നാം മോദി ഭരണത്തിലെ നോട്ടുനിരോധം, ജി.എസ്.ടി അടക്കമുള്ള നടപടികളാൽ കടുത്ത ദുരിതത്തിലായ തൊഴിൽ മേഖലയിൽ കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടികളാണ് രണ്ടാം മോദി സർക്കാറും തുടക്കത്തിലേ പിന്തുടരുന്നത്

ദാരിദ്ര്യം ഇല്ലാതാക്കാനോ ദരിദ്രരെ ഇല്ലാതാക്കാനോ?

നാം തെരഞ്ഞെടുത്ത സർക്കാറുകൾ ദിവസവും നമുക്ക് ആശ്വാസമാവുകയല്ല, തലവേദനയാവുകയാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പ് വരും വരേയ്ക്കും ഇവരെ മറന്നേക്കാം, അവഗണിച്ചേക്കാം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. കേന്ദ്രവും സംസ്ഥാനവും ഇതിൽ എത്ര ദൂരം വ്യത്യാസമുണ്ട്? തമ്മിൽ ഭേദം തൊമ്മനെന്നേയുള്ളൂ.

മോദി സർക്കാറിന്റെ രണ്ടാമൂഴത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ധനവില വർദ്ധനയിലൂടെ ജനങ്ങളുടെ മുതുകിൽ അടിച്ചേൽപ്പിച്ച പ്രഹരത്തിന്റെ തുടർച്ച മാത്രമാണ് പിണറായി സർക്കാറിന്റെ വൈദ്യുതി ചാർജ്ജ് വർദ്ധന. രണ്ടും ജനജീവിതത്തിന്റെ ദുരിതപർവ്വത്തിലേക്കുള്ള രണ്ടു ഇടപെടലുകൾ. ഇത് ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് കർഷകരെയും സാധാരണക്കാരെയുമാണ്. കാരണം, അവരുടെ വരുമാനം ദിനംപ്രതി വർദ്ധിക്കുന്നില്ലെന്നു മാത്രമല്ല, ജീവിതച്ചെലവ് വർദ്ധിച്ച് ആഘാതം കൂനിൻമേൽ കുരുവാകുകയാണ്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള ഇടത്തരം സംരംഭകർക്ക് ഉത്പാദനച്ചെലവ് വർദ്ധിച്ച് വായ്പകൾ തിരിച്ചടയ്ക്കാനാവാത്ത വിധം ഭീതിദമായ സ്ഥിതിയിലാണ് കാര്യങ്ങൾ.

ഇങ്ങനെയൊക്കെയായിട്ടും അങ്ങേയറ്റം ജനവിരുദ്ധമായ നടപടികൾക്കെതിരേ കേന്ദ്രത്തിലോ സംസ്ഥാനത്തോ യോജിച്ച ഒരു സമരം പോലും ഉയരുന്നില്ല. ഇന്ധന വില വർദ്ധനയ്ക്കെതിരെ കേരളത്തിൽ കൊടിപിടിച്ച ഇടതു പാർട്ടികൾക്കാവട്ടെ വൈദ്യുതി ചാർജ്ജ് വർദ്ധനയെക്കുറിച്ച് മിണ്ടാട്ടമില്ല. തിരിച്ച് കേരളത്തിലെ വൈദ്യുതി ഭാരത്തെക്കുറിച്ചോർത്ത് കുണ്ഠിതപ്പെടുന്ന സംഘപരിവാറിനാവട്ടെ രാജ്യത്തെ അടിസ്ഥാന വർഗങ്ങളുടെ അടക്കം കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരേ തെല്ലും ആശങ്കയില്ല. എന്നാൽ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുന്ന ഇരുസർക്കാറുകളുടെയും ജനവിരുദ്ധത തുറന്നു കാട്ടേണ്ട കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയാവട്ടെ തീർത്തും ദുർബലവും. പലയിടത്തും പേരിനെന്നോണം ചില പ്രതിഷേധങ്ങൾ അരങ്ങേറിയെങ്കിലും അതെല്ലാം പെട്ടെന്നു കെട്ടടങ്ങുമെന്നു ഭരണാധികാരികൾക്കുമറിയാം. സമരക്കാർക്കും എന്തെങ്കിലും ചെയതുവെന്നു വരുത്തിത്തീർക്കുന്നതിനപ്പുറം എന്ത് ആത്മാർത്ഥതയാണ് ഇക്കാര്യങ്ങളിലുള്ളത്. മാദ്ധ്യമങ്ങൾക്കും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം ഇത് പ്രശ്നമല്ല. രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും പുതിയ വിഷയങ്ങൾക്കു പിന്നാലെ പോകുന്നതോടെ, ജനങ്ങളും കടുത്ത നിരാശയിൽ അതോട് സന്ധി ചെയ്യുന്ന രീതിയാണ് തുടർന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് തൊഴിൽ രംഗത്ത് കടുത്ത അശാന്തി വിതയ്ക്കുന്ന തീരുമാനമാണ് ഏറ്റവും ഒടുവിൽ കേന്ദ്രത്തിൽ നിന്നുണ്ടായത്. ഏറ്റവും കുറഞ്ഞ നിരക്കിൽ വേതനവും അവർക്കാവശ്യമായ അവശ്യ വസ്തുക്കൾക്ക് ഏറ്റവും ഉയർന്ന വിലയും അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനിടയിലും വൻകിട വ്യവസായികളെയും കോർപ്പറേറ്റുകളെയും സുഖിപ്പിക്കാൻ അവർ മറക്കുന്നുമില്ല. വ്യത്യസ്ത തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാലു വിഭാഗങ്ങളാക്കി മാറ്റാനാണ് കേന്ദ്ര നീക്കം. സ്ഥിരം തൊഴിലാളികൾ, സ്ഥിരമായ വേതനം, വേതന തുല്യത, ആരോഗ്യപരിരക്ഷ, സാമൂഹ്യ സുരക്ഷിതത്വം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനും ഉടമകൾക്ക് ഇഷ്ടം പോലെ തൊഴിലാളികളെ പിരിച്ചുവിടാനും കരാർവൽക്കരണം നിയമവിധേയമാക്കുന്നതിനുമൊക്കെയാണ് ഈ നീക്കം സഹായകമാവുക. തൊഴിലാളികൾക്ക് രോഗചികിത്സ ഉറപ്പുവരുത്തുന്ന ഇ.എസ്‌.ഐ പദ്ധതിയിൽ ഉടമകളുടെ വിഹിതം കുറച്ചത് ഈയിടെയാണ്. ഇതിലൂടെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്ന് സർക്കാർ അവകാശപ്പെടുന്നുവെങ്കിലും ക്രമേണ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇടയാകില്ലെന്ന് ആർക്കു ഉറപ്പിക്കാനാവും?

പുതിയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ആവശ്യങ്ങളും അവകാശങ്ങളും നേടുകയെന്നത് ഇനി കൂടുതൽ ദുഷ്‌കരമാവും. സംഘടനാ സ്വാതന്ത്ര്യം പോലും ഔദാര്യമായി തീരുന്ന വ്യവസായ അന്തരീക്ഷമാണ് നാലു നിയമസംഹിതകളിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാ­ർക്ക് യൂണിയനുണ്ടാക്കാൻ 7 പേർ മതിയായിടത്ത് നൂറു ജീവനക്കാരോ അതല്ലെങ്കിൽ 10% പേരോ വേണം. സ്ഥാപനം അടച്ചുപൂട്ടും മുമ്പ് സർക്കാറിന് നോട്ടീസ് കൊടുക്കേണ്ടിയിരുന്നത് 300ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു മതി, 14 ദിവസം മുമ്പ് പണിമുടക്കു നോട്ടീസ് നൽകിയവർ, ചർച്ചകൾക്കിടെ പണി മുടക്കിയാൽ അരലക്ഷം രൂപ പിഴ ഒടുക്കണം എന്നതടക്കമുള്ള ഭേദഗതി നിർദ്ദേശങ്ങൾ അതീവ ഗൗരവതരമാണ്.

ഇതിനു പുറമെയാണ് തൊഴിലാളികളുടെ കുറഞ്ഞ വേതനം 178 രൂപയാക്കി (പ്രതിമാസ വേതനം 4628 രൂപ) കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ നിജപ്പെടുത്തിയത്. ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്? ആർക്കുവേണ്ടിയാണീ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത്? കുറഞ്ഞ വേതനം 600 രൂപയെങ്കിലുമാക്കണമെന്ന വിവിധ കമ്മിഷൻ ശിപാർശകളും തീരുമാനങ്ങളും നിലനിൽക്കവെയാണ് ഈ കടുംപ്രയോഗം. ഏറ്റവും ചുരുങ്ങിയത് എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെങ്കിലും (474 രൂപ) ഇവർ ഓർക്കണമായിരുന്നു. മാത്രമല്ല കുറഞ്ഞ വേതനത്തിൽ 25 ശതമാനത്തിന്റെ ആനുപാതിക വർദ്ധന വരുത്തണമെന്ന സുപ്രീംകോടതി വിധിയും സ്വാഹ. ഒന്നാം മോദി ഭരണത്തിലെ നോട്ടുനിരോധം, ജി.എസ്.ടി അടക്കമുള്ള നടപടികളാൽ കടുത്ത ദുരിതത്തിലായ തൊഴിൽ മേഖലയിൽ കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നടപടികളാണ് രണ്ടാം മോദി സർക്കാറും തുടക്കത്തിലേ പിന്തുടരുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനു പകരം ദരിദ്രരെ ഒന്നടങ്കം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്ന ഈ തൊഴിൽ സംസ്ക്കാരം തിരുത്തിക്കാവുന്ന സംഘടിശക്തിയാവാൻ പ്രതിപക്ഷ പാർട്ടികൾക്കും ട്രേഡ് യൂണിയനുകൾക്കും സാധിച്ചാൽ അതത്രയും നന്ന്.

Next Story
Read More >>