ഊഹങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടും ശ്രീധരൻപിള്ള പറയുന്ന വടക്ക് കണ്ണൂരിനും എത്രയോ അപ്പുറത്ത് സാക്ഷാൽ ഇന്ദ്രപ്രസ്ഥാനത്തിൽ തന്നെയാണെന്നും ബി.ജെ.പിയിൽ ചേക്കേറുന്നത് മലയാളിയായ വടക്കനാണെന്നും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കോൺഗ്രസ്സുകാർമാത്രമല്ല നാട്ടുകാർ മുഴുവനുമാണ്. ഈ വരവാണ് കൃത്യമായും ബോൾട്ട് ഫ്രം ദി ബ്ലൂ

വടക്കന്‍ രാജിഗാഥ

Published On: 15 March 2019 3:47 PM GMT
വടക്കന്‍ രാജിഗാഥ

കുറേ നേതാക്കന്മാർ കോൺഗ്രസ്സിൽ നിന്നു ബി.ജെ.പിയിലേക്കു വരാനുണ്ട് എന്ന് പി.എസ് ശ്രീധരൻപിള്ള പണ്ടേ പറയാറുണ്ട്. പറഞ്ഞുകഴിഞ്ഞ് നേരെ വടക്കുഭാഗത്തേക്കായിരിക്കും കക്ഷിയുടെ നോട്ടം. പിന്നീടൊരു കടിച്ചമർത്തിയ ചിരി, കണ്ണിറുക്കൽ-അതോടെ ആരായിരിക്കും ഉടനടി കാവിയുടുക്കാൻ തത്രപ്പെട്ടു നിൽക്കുന്നത് എന്നൊരു ഊഹം കിട്ടും കേട്ടുനിൽക്കുന്നവർക്ക്. എന്നാൽ ഈ ഊഹങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടും ശ്രീധരൻപിള്ള പറയുന്ന വടക്ക് കണ്ണൂരിനും എത്രയോ അപ്പുറത്ത് സാക്ഷാൽ ഇന്ദ്രപ്രസ്ഥാനത്തിൽ തന്നെയാണെന്നും ബി.ജെ.പിയിൽ ചേക്കേറുന്നത് മലയാളിയായ വടക്കനാണെന്നും തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത് കോൺഗ്രസ്സുകാർമാത്രമല്ല നാട്ടുകാർ മുഴുവനുമാണ്. ഈ വരവാണ് കൃത്യമായും ബോൾട്ട് ഫ്രം ദി ബ്ലൂ.

ടോം വടക്കൻ പേരിൽ മാത്രമല്ല വടക്കൻ. തൃശൂർ സ്വദേശിയാണെങ്കിലും ആളുടെ പ്രവർത്തനമണ്ഡലം പതിറ്റാണ്ടുകളായി ഡൽഹിയിലാണ്. പറഞ്ഞുവന്നാൽ, പണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയും കർഷക തൊഴിലാളി പാർട്ടിയുമുണ്ടാക്കി വിമോചനസമരത്തിന്റെ നേതൃപദവിയിലെത്തുകയും പിന്നീട് കമ്മ്യൂണിസ്റ്റ് പാളയത്തിലെത്തിച്ചേരുകയും ചെയ്ത കുരിയച്ചിറയിലെ ഫാദർ ജോസഫ് വടക്കനെന്ന വടക്കനച്ചന്റെ അടുത്തബന്ധു. പക്ഷേ ടോം വടക്കന്റെ പൊറുതി ഡൽഹിയിലായിരുന്നു. എൺപതുകൾ മുതൽ മൂപ്പർ കോൺഗ്രസ്സിനോടൊപ്പമുണ്ട്. സോണിയാഗാന്ധി വഴിയാണ് പാർട്ടിയിൽ കടന്നുകൂടിയതെന്നാണ് ജനസംസാരം. സോണിയയുടെ പ്രൈവറ്റ് സെക്രട്ടറി വിൻസന്റ് ജോർജിന്റെ അടുപ്പക്കാരനാണത്രേ ടോം. ഏതായാലും പത്തുമുപ്പതു കൊല്ലമായി കോൺഗ്രസ്സിനുവേണ്ടി ടി.വി ചാനലുകളിലും പി.ആർ വർക്കുകളിലും ടോം വടക്കനുണ്ട്. മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ഇടിച്ചുകയറാനുമൊന്നും പോയിട്ടില്ലെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഡൽഹിയിൽ ടോം വടക്കൻ കോൺഗ്രസ്സിലെ കരുത്തരിലൊരാളായി; വക്താവും എ.ഐ.സി.സി സിക്രട്ടറിയുമായി. വടക്കനോടൊപ്പം ഒരാൾപോലും തങ്ങൾക്കൊപ്പം വരികയില്ലെന്നുറപ്പുണ്ടെങ്കിലും ബി.ജെ.പിക്കാർ ഈ വരവ് കൊണ്ടാടും. ന്യൂനപക്ഷത്തുനിന്നൊരാൾ വരുന്നു, അതും മൂന്നുപതിറ്റാണ്ടുകാലം കോൺഗ്രസ് നയങ്ങളെ ന്യായീകരിച്ചു വാദിച്ചുകൊണ്ടിരുന്ന ആൾ-അത്രേയുള്ളു ഇപ്പോഴത്തെ വടക്കൻ വീരഗാഥയുടെ പൊരുളും പ്രസക്തിയും.

കൂടെനിൽക്കാൻ ഒരു കുഞ്ഞുപോലുമില്ലെങ്കിലും എംപിയോ മന്ത്രിയോ ഒന്നുമാകാൻ മോഹമില്ലാത്ത ത്യാഗിയൊന്നുമല്ല ടോം അച്ചായൻ. 2004 ലും 2009 ലുമെല്ലാം ശരിയ്ക്കും കളിച്ചുനോക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരിൽ സ്ഥാനാർത്ഥിയാവാൻ വേണ്ടി 2009 ൽ കച്ചകെട്ടിയിറങ്ങിയ ടോം വടക്കനെ ഒരു വഴിക്കാക്കിയത് സാക്ഷാൽ സുകുമാർ അഴിക്കോടാണ്. മലയാളം പറയാനറിയാത്ത ടോം വടക്കനെ മലയാള സംസ്ക്കാരത്തിന്റെ ഈറ്റില്ലമായ തൃശൂരിനു വേണ്ടെന്ന് മാഷ് അറുത്തുമുറിച്ചു പറഞ്ഞപ്പോൾ പണ്ടേതന്നെ വടക്കനെ പഥ്യമില്ലാത്ത കോൺഗ്രസ്സുകാർ അതേറ്റെടുത്തു. തൃശൂർ ഡി.സി.സി പ്രസിഡണ്ടായിരുന്ന സി.എൻ ബാലകൃഷ്ണനാണ് വടക്കനെ ഭംഗിയായി വെട്ടിനിരത്തിയത്. വയസ്സനും വരത്തനും വേണ്ടെന്നായി പിന്നീട് കോൺഗ്രസ് ശിങ്കങ്ങളുടെ മുദ്രാവാക്യം. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ അനന്ത മജ്ഞാതമവർണ്ണനീയ മാർഗ്ഗങ്ങൾ പിടികിട്ടിയിട്ടില്ലാത്ത ഡൽഹിനേതാവിന്റെ രാഷ്ട്രീയക്കളിയുടെ വടക്കൻ ചിട്ട ഫലശൂന്യമായിപ്പോയത് ചരിത്രം.

പറയുമ്പോഴെല്ലാം പറയണമല്ലോ. ടി വി ചാനലുകളിൽ പാർട്ടിയെ ന്യായീകരിച്ചു വർത്തമാനം പറയുകയായിരുന്നു വടക്കന്റെ പണി. അത് രാജിവെയ്ക്കുന്നതിനു തൊട്ടുമുമ്പുവരെ ഭംഗിയായി കക്ഷി നിറവേറ്റിയിട്ടുണ്ട്. പക്ഷേ താൻ പറയുന്നതൊന്നും സത്യമല്ലെന്ന് വടക്കന് നേരത്തെ തന്നെ ബോദ്ധ്യപ്പെട്ടിരുന്നുവത്രേ. എന്നിട്ടുമെന്തിന് ഈ മഹാപാപം ചെയ്തു എന്നുചോദിച്ചാൽ അതിനുമുണ്ട് അങ്ങേരുടെ പക്കൽ ഉത്തരം-വാദിക്കാനേല്പിച്ചാൽ അതനുസരിച്ച് വാദിക്കുകയല്ലേ വക്കീലിന്റെ പണി? അത്രയൊക്കെയേയുള്ളു വടക്കന് രാഷ്ട്രീയം. അതിനാൽ ഇപ്പോൾ പറയുന്ന പുൽവാമയിലെ ഭീകരാക്രമണവും ദേശീയബോധവുമൊന്നും കാര്യമാക്കേണ്ടതില്ല. വല്ലഭന് പുല്ലും വടക്കന് രാജ്യസ്നേഹവും ആയുധം.

പണ്ട് കോൺഗ്രസ്സുകാർ തൃശൂരിൽ നിന്നു കെട്ടുകെട്ടിച്ചുവെങ്കിലും മാറിയ സാഹചര്യത്തിൽ വടക്കന് വടക്കുംനാഥന്റെ മണ്ണിലേക്കൊരു കണ്ണുണ്ട്. സഹായിക്കാൻ കൈമെയ് മറന്ന് ബി.ജെ.പിക്കാർ. തനിയ്ക്കുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന വിശ്വാസം അദ്ദേഹത്തെ രക്ഷിച്ചു കൊള്ളട്ടെ.

Top Stories
Share it
Top