ആൾക്കൂട്ടത്തിന്റെ നിസ്സംഗതയും നൃശംസതയും

സാമൂഹിക പുരോഗതിയുടെ അളവുകോലുകളിൽ പലതിലും അന്തർദ്ദേശീയ-ദേശീയ നിലവാരത്തിൽ നാം മുന്നിട്ടു നിൽക്കുമ്പോഴും പിന്നിട്ടുകൊണ്ടിരിക്കുന്ന പതിറ്റാണ്ടിലെ അനുഭവങ്ങൾ മാത്രം വച്ചു നോക്കിയാൽ ഇതെല്ലം ഉപരിപ്ലവം മാത്രമാണെന്ന് തോന്നിപ്പോവും

ആൾക്കൂട്ടത്തിന്റെ നിസ്സംഗതയും നൃശംസതയും

വയനാട്ടിലെ അമ്പലവയലിൽ വച്ച് തമിഴ്‌നാട്ടുകാരായ ദമ്പതികൾ ആക്രമിക്കപ്പെട്ട വാർത്ത ഇന്നലെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നാട്ടുകാരനായ ഒരു ഓട്ടോറിക്ഷ ഡ്രൈവർ നിരവധിപേർ നോക്കിനിൽക്കെ, നടുറോഡിലിട്ടാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും വാർത്തകളിൽ കാണുന്നു. ഭർത്താവിനെ മർദ്ദിക്കുന്നത് തടഞ്ഞ യുവതിയുടെ ചെകിട്ടത്ത് അടിച്ചെന്നും ഒപ്പം കേട്ടാലറക്കുന്ന തെറിവിളിച്ചുവെന്നും നാട്ടുകാർ പറഞ്ഞതായി റിപ്പോർട്ടുകളിലുണ്ട്. നാട്ടുകാർ ഈ സംഭവത്തിൽ ഇടപെടാതെ കണ്ടുനിൽക്കുകയായിരുന്നുവത്രെ. ദൃക്സാക്ഷികളിൽ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഈ സംഭവം ലോകം അറിഞ്ഞത്. ഈ കുറ്റകൃത്യത്തിന് ഇരയായവരോ കണ്ടുനിന്നവരോ പരാതി കൊടുക്കാതിരുന്നതിനാൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതിനു ശേഷം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കരളുലയ്ക്കുന്ന എന്തിനും- അത് മനുഷ്യരക്തം ചാലിട്ടൊഴുകുന്ന കൊലപാതകമാവാം വാഹനാപകടമാവാം- മൂകസാക്ഷികളായി ഒന്നിലും ഇടപെടാതെ എല്ലാം മൊബൈൽ കാമറകളിൽ പകർത്താൻ പോന്ന കഠിനഹൃദയരായി മാറിയിരിക്കുന്നു നാം, കേരളീയർ. കാഴ്ചയിൽ രമിച്ചു സ്വയം നഷ്ടപ്പെടുന്ന ഒരു ജനതയ്ക്ക് വിവരസാങ്കേതിക വിദ്യയിലെ പുരോഗതിക്ക് നല്ല നമസ്ക്കാരം പറയുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല.

വർഷങ്ങൾക്കു മുമ്പൊരിക്കൽ തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ ഒരാൾ മുങ്ങി മരിച്ച ദൃശ്യം പകർത്തിയ ഒരു മാദ്ധ്യമ പ്രവർത്തകനെതിരെ എന്തെല്ലാം ധാർമ്മിക വിക്ഷോഭങ്ങളായിരുന്നു അന്ന് കേരളത്തിൽ ഉയർന്നത്. ഇപ്പോൾ അത്തരം ധാർമ്മിക രോഷപ്രകടനത്തിനൊന്നും സാദ്ധ്യതയില്ലാത്ത വിധം എല്ലാറ്റിനേയും നിസ്സംഗമായി സ്വാഭാവികതയോടെ സ്വീകരിക്കാൻ നാം ശീലിച്ചു കഴിഞ്ഞു.

അമ്പലവയലിലെ സംഭവത്തെക്കാൾ നിഷ്ടൂരമായ ഒരു സംഭവം മാഹിയിൽ നടക്കുകയുണ്ടായി. അപകടകാരമാംവിധം അമിതവേഗത്തിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത വടകര സ്വദേശിയായ ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്നത് രണ്ടാഴ്ച മുമ്പാണ്. കഴിഞ്ഞ കുറച്ചു നാളായി തുടരുന്ന കൊലപാതക-മർദ്ദന പരമ്പരകളിൽ ഒടുവിലത്തേതാണ് മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങൾ. നാട്ടിൽ ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തി ജനങ്ങൾക്ക് മനസ്സമാധാനം നൽകാൻ ബാദ്ധ്യതപ്പെട്ട പൊലീസും ലോക്കപ്പ് മർദ്ദനങ്ങളിലും കൊലപാതകങ്ങളിലും ഒട്ടും പിന്നിലല്ലെന്ന ഭീതിതമായ യാഥാർത്ഥ്യവും നമുക്ക് മുമ്പിലുണ്ട്.

'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന നാടൻചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് കേരളമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ, വിശേഷിച്ചു ഉത്തരേന്ത്യയിലെ പൊതുരീതി എന്ന് കേരളീയർ പരിതപിക്കുന്നത് കേൾക്കാറുണ്ട്. അവിടങ്ങളിൽ ഹുങ്കും ധാർഷ്ട്യവും ആയുധബലവും ഉള്ളവർക്കാണ് പൊതുഇടങ്ങളിലെ ആധിപത്യം. അതിന് ജാതീയമായ ഔന്നത്യവും, ഒരുപക്ഷേ, കാരണമാവാറുണ്ട്. നിസ്സാരമായ തർക്കങ്ങൾ തോക്കിൻ മുനയിൽ വച്ച് വെടിയുതിർത്തും കൊന്നും തീർക്കുന്ന നൃശംസതകൾക്ക് രാജ്യ തലസ്ഥാനമായ ന്യൂഡൽഹി പോലും സാക്ഷ്യംവഹിക്കുന്നു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽപ്പെട്ട ഉഭ ഗ്രാമത്തിൽ, മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഗോണ്ട് ആദിവാസി വിഭാഗക്കാരായ 10 പേരെ വെടിവച്ചു കൊന്നത് ഇക്കഴിഞ്ഞ 17നാണ്. തലമുറകളായി തങ്ങൾ കൈവശം വച്ച് കൃഷിചെയ്യുന്ന ഭൂമി അനധികൃതമായി കയ്യേറാൻ വന്നവരെ ആദിവാസി കർഷകർചെറുത്തതാണ് ഈ കൂട്ടക്കൊലയ്ക്ക് കാരണം. ആൾക്കൂട്ട കൊലയെന്നോ വിദ്വേഷ കൊലയെന്നോ വിശേഷിപ്പിക്കുന്ന പശുവിറച്ചിയെ ചൊല്ലിയുള്ള കൊലപാതകങ്ങളും മദ്ധ്യ-ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ തുടരെത്തുടരെ നടക്കുന്നു.

ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ഇരുളടഞ്ഞ ഗ്രാമങ്ങളെയും അവിടങ്ങളിലെ സാമൂഹിക പരിതോവസ്ഥകളെയും ഓർത്ത് നാം പരിതപിക്കാറുണ്ട്. ഒപ്പം കേരളത്തെ ഓര്‍ത്ത് നാം വല്ലാതെ അഭിമാനം കൊള്ളും. വിവിധ കാലങ്ങളില്‍ നാം പുറത്തുവിടുന്ന സര്‍ക്കാര്‍ റിപോര്‍ട്ടുകളില്‍, പത്രമാസികകളില്‍ വരുന്ന ലേഖനങ്ങളില്‍, വാര്‍ത്തകളില്‍, പ്രസംഗങ്ങളില്‍, സുഹൃത്തുക്കളുമായുള്ള സൗഹൃദസംഭാഷണങ്ങളില്‍ ഒക്കെ അഭിമാനപൂര്‍വ്വം നാമത് പ്രദര്‍ശിപ്പിക്കും. കേരളം യൂറോപ്പിനോട് ഉപമിക്കപ്പെടുമ്പോള്‍ കേരള മോഡലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴൊക്കെ നമ്മുടെ മനസ്സുനിറയും.

എന്നാൽ, തോക്കെടുക്കുന്നില്ല എന്നതൊഴികെയുള്ള സമാനമായ എല്ലാ ക്രൂരതകളും കേരളത്തിലും നടക്കുന്നുണ്ട് എന്ന നടുക്കുന്ന തിരിച്ചറിവിലേക്ക് നാം ഉണർന്നേ മതിയാവൂ. കാരണം ആൾക്കൂട്ട മനസ്സിന്റെ ആഴങ്ങളിൽ അടിഞ്ഞുകൂടിയ ചില നീചവാസനകൾ തഞ്ചം കിട്ടുമ്പോൾ പുറത്തേക്ക് വരുന്നു എന്നേയുള്ളൂ. സാമൂഹിക പുരോഗതിയുടെ അളവുകോലുകളിൽ പലതിലും അന്തർദ്ദേശീയ-ദേശീയ നിലവാരത്തിൽ നാം മുന്നിട്ടു നിൽക്കുമ്പോഴും പിന്നിട്ടുകൊണ്ടിരിക്കുന്ന പതിറ്റാണ്ടിലെ അനുഭവങ്ങൾ മാത്രം വച്ചു നോക്കിയാൽ ഇതെല്ലം ഉപരിപ്ലവം മാത്രമാണെന്ന് തോന്നിപ്പോവും. എന്തായാലും നമ്മുടെ പോക്ക് അത്ര ശുഭകരവും പ്രതീക്ഷാനിര്‍ഭരവുമായ ദിശയിലേക്കല്ലെന്നത് ഉറപ്പ്.

Next Story
Read More >>