കോട്ടയം ഇത്തവണ ആരുടെ കോട്ട

2014-ൽ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജോസ് കെ മാണിയാണ് വിജയിച്ചത്. പാർട്ടി ഉന്നത നേതാവ് കെ.എം മാണിയുടെ പുത്രൻ. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും ഉടനീളം എൽ.ഡി.എഫിനെയും കോട്ടയം മണ്ഡലം തുണച്ചിട്ടുണ്ട്. 1952-ലെ ആദ്യതെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ്സിന്റെ സി.പി.മാത്യൂവിൽ നിന്നു തുടങ്ങുന്നു മണ്ഡലത്തിന്റെ ചരിത്രം. പിന്നെ, '67ലാണ് ആദ്യമായി സി.പി.എം സ്ഥാനാർത്ഥി ജയിക്കുന്നത്- കെ.എം അബ്രഹാം. പ്രതിപക്ഷം കെട്ടിപ്പടുത്ത സപ്തകക്ഷി മുന്നണി കോൺഗ്രസ്സിനെ തകർത്ത 1967ല്‍ പിന്നെ ഇരുപക്ഷവും മാറി മാറി ജയിച്ചു

കോട്ടയം ഇത്തവണ ആരുടെ കോട്ട

ജി.കെ.വിവേക്

പുസ്തക പ്രസിദ്ധീകരണ രംഗത്തെ വലിയ പാരമ്പര്യം കാരണം 'അക്ഷരനഗരി' ആയി മാറിയ നഗരമാണ് കോട്ടയം. 1989-ഭാരതത്തിൽ നൂറു ശതമാനം സാക്ഷരത നേടിയ ആദ്യനഗരമാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിന്റെ ആസ്ഥാനമായ കോട്ടയം. മദ്ധ്യകേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം. പിറവം, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാല എന്നീ നിയമസഭാ സീറ്റും ഉൾക്കൊള്ളുന്ന ഈ മണ്ഡലത്തിൽ മതസാമുദായിക സംഘടനകൾക്കു വലിയ സ്വാധീനമാണുള്ളത്.

ചരിത്രം

2014-ൽ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ ജോസ് കെ മാണിയാണ് വിജയിച്ചത്. പാർട്ടി ഉന്നത നേതാവ് കെ.എം മാണിയുടെ പുത്രൻ. യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണെങ്കിലും ഉടനീളം എൽ.ഡി.എഫിനെയും കോട്ടയം മണ്ഡലം തുണച്ചിട്ടുണ്ട്. 1952-ലെ ആദ്യതെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ്സിന്റെ സി.പി.മാത്യൂവിൽ നിന്നു തുടങ്ങുന്നു മണ്ഡലത്തിന്റെ ചരിത്രം. പിന്നെ, '67ലാണ് ആദ്യമായി സി.പി.എം സ്ഥാനാർത്ഥി ജയിക്കുന്നത്- കെ.എം അബ്രഹാം. പ്രതിപക്ഷം കെട്ടിപ്പടുത്ത സപ്തകക്ഷി മുന്നണി കോൺഗ്രസ്സിനെ തകർത്ത 1967ല്‍ പിന്നെ ഇരുപക്ഷവും മാറി മാറി ജയിച്ചു.

1984-ൽ യുവനേതാവായ സുരേഷ് കുറുപ്പിലൂടെ എൽ.ഡി.എഫ് കൈവശമാക്കിയ മണ്ഡലം '89 മുതൽ മൂന്നു തവണ തുടർച്ചയായി ജയിച്ച് യു.ഡി.എഫ് കൈക്കുള്ളിലാക്കി. അതു രമേശ് ചെന്നിത്തലയിലൂടെ. എന്നാൽ, പിന്നീട് വീണ്ടും 1998 മുതൽ സുരേഷ് കുറുപ്പിനെ തന്നെ കളത്തിലിറിക്കി മൂന്നു തവണ കോട്ടയം എൽ.ഡി.എഫ് നില നിർത്തി. 2009-ൽ ഇത് തുടരാൻ സാധിച്ചില്ല. കേരള കോൺഗ്രസിന് സീറ്റ് നൽകി. കെ.എം മാണിയുടെ മകൻ ജോസ് കെ. മാണിയെ കളത്തിലിറക്കി യു.ഡി.എഫ് സീറ്റ് പിടിച്ചു. 2014-ൽ വീണ്ടും ജയിച്ച ജോസ് കെ മാണി രാജ്യസഭാംഗമാകാൻ വേണ്ടി രാജിവച്ചതിനാൽ കോട്ടയത്തിന് ഇപ്പോൾ സിറ്റിങ്് എം.പി ഇല്ല.

അഭ്യൂഹങ്ങൾ ഏറെ

ആരാവും ഇനി യു.ഡി.എഫിനു വേണ്ടി മത്സരിക്കുക? സിറ്റിങ് എം.പി ഇല്ലാത്തതുകൊണ്ട് അഭ്യൂഹങ്ങൾ ഏറെയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് എത്തുമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത് . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജോസ് കെ മാണി ഏറ്റെടുത്തതോടെ അണികളും നേതാക്കളും അടക്കം പറഞ്ഞു തുടങ്ങി. നിഷ ദുരിതാശ്വാസകേന്ദ്രങ്ങൾ സന്ദർശിച്ച് സഹായധനവും ആവശ്യവസ്തുക്കളും വിതരണം ചെയ്തു സജീവമായതും ശ്രദ്ധിക്കപ്പെട്ടു. ജോസ് കെ മാണി കോട്ടയത്ത് തുടക്കമിട്ട വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയായി നിഷ മത്സരിക്കുന്നത് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്നാണ് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാനായി സ്വന്തം മുടി ദാനം ചെയ്താണ് നിഷ പൊതുവേദിയിൽ ആദ്യമായി രംഗത്തെത്തിയത്. ഇതിനിടയിൽ ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. അദ്ദേഹം അതു ശക്തിയായി നിഷേധിച്ചു കഴിഞ്ഞു.

യു.ഡി.എഫിൽ കെ.എം.മാണി-കോൺഗ്രസ് ബന്ധം ഇപ്പോഴും സുഗമമായിട്ടില്ല. ജില്ലാ പഞ്ചായത്തിൽ മാണി ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനം രാജി വച്ചെങ്കിലും അണികളുടെ അതൃപ്തി കെട്ടടങ്ങിയിട്ടില്ല. ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായാൽ എ ഗ്രൂപ്പ് അണികൾക്ക് മാറി നിൽക്കാൻ കഴിയില്ലാത്തതുകൊണ്ട് ഈ പ്രശ്‌നങ്ങളെയും അതിജീവിക്കാൻ കഴിയുമെന്നാണ് മാണി ഗ്രൂപ്പ് കരുതുന്നത്. ജോസ് കെ മാണിയോട് അടുത്ത് നിൽക്കുന്ന രണ്ടാംനിര നേതാക്കളും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നണ്ട്.

കൈവിട്ടു പോയ സീറ്റ് തിരിച്ചുപിടിക്കണമെന്നാഗ്രഹവുമായി നിൽക്കുന്ന സി.പി.എമ്മിലും പക്ഷേ, സീറ്റ് പ്രശ്‌നം കീറാമുട്ടിയാണ്. സീറ്റ് ജനതാദൾ (എസ്) ആവശ്യപ്പെടുന്നുണ്ട്. മുന്നണിയിലെ കക്ഷികളുടെ എണ്ണം പത്ത് ആയി വർദ്ധിച്ചതുകൊണ്ടുള്ള പ്രശ്‌നങ്ങൾ വേറെയുമുണ്ട്. എല്ലാവർക്കും വേണം ലോക്‌സഭസീറ്റ്.

എല്‍.ഡി.എഫ് ഇത്തവണയും കോട്ടയം സീറ്റ് ജനതാദൾ (എസ്)നു വിട്ടു കൊടുക്കുമോ എന്നു വ്യക്തമല്ല. കൂടുതൽ ജയസാദ്ധ്യതയുള്ള സീറ്റാണ് ജനതാദൾ ആഗ്രഹിക്കുന്നത്. സി.പിഎമ്മിനു വേണ്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ പി.കെ. ഹരികുമാർ പ്രചാരണം തുടങ്ങിയ ശേഷമാണ് ദളിനു സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നത്. അന്ന് സ്ഥാനാര്‍ത്ഥി മാത്യൂ ടി തോമസ് ആയിരുന്നു. ജനാധിപത്യ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജ് ഇടതു സീറ്റിൽ മത്സരിക്കുമെന്നും കേൾക്കുന്നുണ്ട്.

ശബരിമല യുവതീ പ്രവേശനത്തിനെതിരായി നടത്തിയ സമരങ്ങൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കഴിഞ്ഞ തവണ കേരള കോൺഗ്രസ് നാഷനലിസ്റ്റ സ്ഥാനാർഥി നോബിൾ മാത്യൂ വാണ് എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിച്ചത്. ഇതിനിടയിൽ പി.സി തോമസിന്റെ കേരള കോൺഗ്രസ് എൻ.ഡി.എയുടെ ഭാഗമായി. പി.സി തോമസ് വിഭാഗത്തിന് ഇടുക്കി, കോട്ടയം, പത്തനംതിട്ട സീറ്റുകളിൽ എതെങ്കിലും ഒന്നു കൊടുക്കുമെന്നാണ് സൂചന. . ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം അര ലക്ഷത്തിലേറെ വോട്ടു നേടിയ ബി.ഡി.ജെ.എസിനും സീറ്റിൽ നോട്ടമുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവസാന വാക്ക് ദേശീയ നേതൃത്വത്തിന്റെയാണ്. ജനങ്ങളുടെ അഭിപ്രായം അറിയാൻ പാർട്ടി രഹസ്യ സർവേ നടക്കുന്നുണ്ട്. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥി നിർണ്ണയം.

വിശ്വാസം വോട്ട് പിടിക്കുമോ?

വിശ്വാസം ഇത്തവണ കോട്ടയത്ത് പ്രധാന ചർച്ചാവിഷയമാകും. പിറവം പള്ളി പ്രശ്നവും ശബരിമല സ്ത്രീ പ്രവേശനവും പത്താമുട്ടത്ത് ക്രിസ്മസിന് ആക്രമികളെ ഭയന്ന് കുടുംബങ്ങൾ പള്ളിയിൽ അഭയം പ്രാപിച്ച വിഷയവും പ്രചാരണായുധമാകും. ശബരിമല സ്ത്രീ പ്രവേശനത്തിൽ എൽ.ഡി.എഫിലെ അണികളിൽ തന്നെ സ്വരചേർച്ച ഇല്ല. പാർട്ടിക്കാരല്ലെങ്കിലും ഇടതുപക്ഷത്തു നിൽക്കുന്ന ഹിന്ദു വോട്ടർമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ഇത്തവണ കിട്ടിയേക്കില്ല എന്ന പ്രചാരണവും ശക്തമാണ്. ഇത്തരം വോട്ടുകൾ നേടിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമവും. കേരള കോൺഗ്രസിന്റെ സ്വാധീനത്തിനു കുറവൊന്നും സംഭവിച്ചിട്ടില്ല. വിശ്വാസികളുടെ കൂടെ നിന്നതിനാൽ കോൺഗ്രസ്സിന്റെ പിന്തുണ കുറയില്ല എന്നാണ് അവരും വിശ്വസിക്കുന്നത്.

പുതിയ വോട്ടർമാർ

കോട്ടയം ജില്ലയിലെ പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോട്ടയം ലോക്‌സഭ മണ്ഡലം. കഴിഞ്ഞ തവണത്തെക്കാൾ വോട്ടർമാരുടെ എണ്ണം ഇപ്രാവശ്യം കൂടുതലാണ്. 10,23,053 എന്നത് ഇപ്രാവശ്യം 11,40,603 എന്നായി. അതിൽ 577158 വനിതകളും 563445 പുരുഷന്മാരുമാണ്. 45361 വോട്ടർമാരാണ് ഇപ്രാവശ്യം കൂടുതൽ.

പുരോഗതിയുടെ വഴി: ജോസ് കെ മാണി

3000 കോടിയുടെ മുകളിൽ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ കാലയളവിൽ കൊണ്ടു വരാൻ സാധിച്ചത്. റോഡ്, റെയിൽ, പാലങ്ങൾ, ജലഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും സുസ്ഥിര വികസനത്തിൽ ഊന്നിക്കൊണ്ടുള്ള വിവിധ പദ്ധതികൾ നടപ്പാക്കി. കൂടാതെ കുറേക്കാലമായി റയിൽവേ വികസനത്തിൽ ഏറെ പുറകിലായിരുന്ന റെയിൽവേ വികസനത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചു. സാങ്കേതികഗവേഷണ മേഖലയ്ക്ക് ഊന്നൽ നൽകുന്ന നിരവധി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോട്ടയത്ത് എത്തിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, സയൻസ് സിറ്റി സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, റീജിയണൽ വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ. ആതുര ശുശ്രൂഷ രംഗത്ത് കോടികളുടെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നു.

നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ച് ആശുപത്രികളെ നവീകരിക്കുകയും, സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. രാജ്യസഭയിൽ ആണെങ്കിലും ലഭിച്ച ഫണ്ട് മുഴുവൻ കോട്ടയത്ത് ഉപയോഗിച്ചു.

എല്ലാ പ്രവർത്തനങ്ങൾക്കും മണ്ഡലത്തിൽ തന്നെ ഉണ്ടായിരുന്നു. തുടങ്ങി വച്ച എല്ലാ പ്രവർത്തനങ്ങളും പൂർത്തികരിക്കും. അതു കൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി മത്സരിക്കുകയും വിജയിക്കുകയും ചെയ്യും.

എം.പിയുടെ ചതിക്കു ജനങ്ങൾ മറുപടി നൽകും: വി.എൻ വാസവൻ (സി.പി.എം ജില്ലാ സെക്രട്ടറി)

മണ്ഡലത്തിലെ ജനങ്ങളോട് മുൻ എം.പി ചെയ്ത ചതിവിനുള്ള പ്രതികാര ബോധത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലമാണ് നിലവിൽ ഉള്ളത്. നാലു വർഷം തികയുന്നതിനു മുമ്പേ സുരക്ഷിത താവളം തേടി എം.പി പോയി. ഇതിലൂടെ ജനതയെ ആകെ വഞ്ചിച്ചിരിക്കയാണ്. ജനങ്ങൾക്ക് ഇതു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വികസനപ്രശ്‌നങ്ങളെല്ലാം പറയേണ്ടതു ലോക്‌സഭയിലാണ്. അവിടെ മണ്ഡലത്തിന്റെ കാര്യം പറയാൻ ആളില്ലാതായി. ഉണ്ടായിരുന്ന ഒരു എം.പി സ്ഥാനം സ്വാർഥതാൽപര്യങ്ങൾക്ക് വേണ്ടി കളഞ്ഞിട്ട് പോയ എം.പിയോടും ഇതിന് കൂട്ടു നിന്ന യു.ഡി.എഫിനോടും ജനങ്ങൾക്ക് അതൃപ്തിയുണ്ട്. റെയിൽവേ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രാവിഷ്‌കരണ പദ്ധതികളും സ്തംഭനത്തിലായി. ജനങ്ങളെ വെല്ലുവിളിച്ച എം.പി യോട് വോട്ടർമാർ പ്രതികാരം ചെയ്യുമെന്നുറപ്പാണ്.

Read More >>