പൊന്നാപുരം കോട്ടയല്ല പൊന്നാനി

1977 മുതൽ 2009വരേയും യു.ഡി.എഫിന് സുരക്ഷിതമായിരുന്ന പൊന്നാനി ഇപ്പോൾ അങ്ങിനെയല്ല. ഇത്തവണ യു.ഡി.എഫിന് അപകടം മണക്കുന്ന കൂട്ടത്തിലുള്ളതാണ് ഈ മണ്ഡലം

പൊന്നാപുരം കോട്ടയല്ല പൊന്നാനി

ജമാല്‍ ചേന്നര

നാമനിർദേശ പത്രിക സമർപ്പിച്ച് ഏതാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കാനെത്തുന്ന സ്ഥാനാർത്ഥി. പിന്നെ സ്ഥാനാർത്ഥിയെ കാണുക ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് വിജയാഘോഷ പൊതുയോഗങ്ങളിൽ. അതു കഴിഞ്ഞ് മുംബൈയിലേക്ക് പറന്നാൽ പിന്നെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരേക്ക് ഇവിടെ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ 'എം.പി'. 2009വരെ ഇതായിരുന്നു പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ കാഴ്ച. ലീഗിന്റെ പൊന്നാപുരം കോട്ടകളിൽ ഒന്ന്. ദേശീയ നേതാക്കളായിരുന്ന ജി.എം ബനാത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട് എന്നിവർക്ക് അനായാസ വിജയം നൽകിയിരുന്ന മണ്ഡലം. 1977 മുതൽ 2009വരേയും യു.ഡി.എഫിന് സുരക്ഷിതമായിരുന്ന പൊന്നാനി ഇപ്പോൾ അങ്ങനെയല്ല. ഇത്തവണ യു.ഡി.എഫിന് അപകടം മണക്കുന്ന കൂട്ടത്തിലുള്ളതാണ് ഈ മണ്ഡലം.

തീരത്തോട് ചേർന്ന മണ്ണ്

സാംസ്ക്കാരികമായും ചരിത്രപരമായും ഒട്ടേറെ പെരുമയുള്ള മണ്ണാണ് പൊന്നാനിയുടേത്. മതമൈത്രിക്ക് കേളി കേട്ട നാട്. അറബിക്കടലും ഭാരതപ്പുഴയും പൊന്നാനിപ്പുഴയും സംഗമിക്കുന്നിടം. മലപ്പുറം, പാലക്കാട് ജില്ലകളുടെ സംസ്ക്കാരങ്ങളോട് ഇടപഴകി കിടക്കുന്ന മണ്ഡലം. കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ പൊന്നാനിക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. സൈനുദ്ദീൻ മക്തും രണ്ടാമൻ മുതൽ ഇടശ്ശേരിയും എം.ടി വാസുദേവൻ നായരും മറ്റുമുള്ള ചരിത്രകാരന്മാരുടെയും ആഖ്യായികാകാരന്മാരുടെയും കവികളുടെയും ഒരു വലിയ നിര പൊന്നാനിയിലും പരിസരങ്ങളിലും ഉണ്ട്. കോളനി കാലത്തും ശേഷവും വലിയ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സാക്ഷ്യംവഹിച്ച നാടുമാണ് പൊന്നാനി.

പൊതുവിൽ തെരഞ്ഞെടുപ്പ് കാലത്തു മാത്രം രാഷ്ട്രീയമായി ഉണരുന്ന മണ്ഡലമാണിത്. പ്രാദേശികമായി രാഷ്ട്രീയ വിവാദങ്ങളോ ഒച്ചപ്പാടുകളോ ഇല്ല. തീരവാസികളാണ് പൊന്നാനിയുടെ സാരഥിയെ തീരുമാനിക്കുക. ലോക്‌സഭ മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും തീരപ്രദേശ മണ്ഡലങ്ങളാണ്. തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തൃത്താല, താനൂർ, തവനൂർ, പൊന്നാനി നിയമസഭ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുക. ഇവയിൽ തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തൃത്താല എന്നിവിടങ്ങളിൽ യു.ഡി.എഫും താനൂർ, പൊന്നാനി, തവനൂർ, എന്നിവിടങ്ങളിൽ സി.പി.എമ്മുമാണ്. സ്ത്രീ വോട്ടർമാർക്കാണ് മേധാവിത്തം. യുവ വോട്ടർമാരാവും നിർണ്ണായകമാവുക.


ലീഗിന്റെ തേരോട്ടം

1962ൽ നിലവിൽ വന്ന പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി ഇമ്പിച്ചിബാവയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം ജയിച്ചത്. പിന്നീട് 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനു ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർത്ഥികളായ സി.കെ ചക്രപാണിയും എം.കെ കൃഷ്ണനും ജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ.എസ് അച്യുതനെതിരെ 57799 വോട്ടിനായിരുന്നു വിജയം. 1967ൽ ചക്രപാണിയും 1971ൽ എം.കെ കൃഷ്ണനും വിജയിച്ചു. 1977ൽ ജി.എം ബനാത്ത് വാല വിജയിച്ചതു മുതൽ പിന്നീടിങ്ങോട്ട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. അഖിലേന്ത്യാ ലീഗിനെതിരെയായിരുന്നു ലീഗിന്റെ ആദ്യ വിജയമെന്നപ്രത്യേകതയുമുണ്ട്. 1980ൽ കോൺഗ്രസ്സുമായും ഏറ്റുമുട്ടി വിജയം കൈവരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി. രണ്ടിനും പാർട്ടി നിയോഗിച്ചത് ബനാത്ത് വാലയെത്തന്നെ. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജനപ്രതിനിധിയായിരുന്നിട്ടുള്ളത് ജി.എം ബനാത്ത് വാലയാണ്. ആറ് തവണ അദ്ദേഹം പൊന്നാനിക്കാരുടെ എം.പിയായി. 1977, 1980, 1984, 1996, 1998 വർഷങ്ങളിലായിരുന്നു ബാനത്ത് വാലയുടെ ഊഴം. 1991ൽ ബനാത്ത് വാലക്ക് പകരം ഇബ്രാഹിം സുലൈമാൻ സേട്ടുവെത്തി. ഇക്കാലത്തെല്ലാം എം.പിമാർ മണ്ഡലത്തിലെത്തിയിരുന്നത് അപൂർവ്വമായിട്ടായിരുന്നു. പാർട്ടിയുടെ പ്രാദേശിക നേതാക്കളായിരുന്നു എം.പിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 2004ലാണ് 'ഇറക്കുമതി' സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിന് അന്ത്യമായത്. പാർട്ടി അണികൾക്കിടയിൽ നിന്നു തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് ലീഗ് മാറിച്ചിന്തിച്ചത്. അങ്ങനെ 2004ൽ ഇ അഹമ്മദിനായി നിയോഗം. 2009 ഇ.ടി മുഹമ്മദ് ബഷീർ പ്രതിനിധീകരിക്കുന്നു.

തിരിഞ്ഞുനോക്കിയില്ലെങ്കിലും വിജയിക്കുമെന്ന വിചാരം

(പി.പി സുനീര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍)

മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ലെങ്കിലും ജയിക്കുമെന്ന വിചാരത്തോടെയാണ് എം.പിയുടെ പ്രവര്‍ത്തനം. എടുത്തുപറയാവുന്ന ഒരു വികസന പദ്ധതികളും നടന്നിട്ടില്ല. സമീപ മണ്ഡലങ്ങളിലെല്ലാം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പായപ്പോള്‍ പൊന്നാനിയില്‍ ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ല. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന റെയില്‍വേ മേഖല തിരൂരാവും. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിന് പോലും ഇടപെടുന്നില്ല. ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതികളുമായി ബന്ധപ്പെട്ട വികസനത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാതെ പ്രശ്നങ്ങൾ രൂക്ഷമാക്കാനുള്ള രഹസ്യ ശ്രമങ്ങളിലായിരുന്നു എം.പി. മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുണ്ടാവുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ച് വികസനം ഊര്‍ജ്ജിതമാക്കാന്‍ ശ്രമിക്കേണ്ട ഉത്തരവാദിത്തം ജനപ്രതിനിധികളുടേതാണ്. അതില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് പൊന്നാനിയിലുണ്ടായിട്ടുള്ളത്. വിദേശങ്ങളിലും മറ്റുമായി കഴിഞ്ഞു. മണ്ഡലത്തിലേക്ക് എത്തി നോക്കാന്‍ പോലും ശ്രമിക്കാറില്ല. ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ തുറന്നു കാണിക്കും. ഇത്തവണ വിജയം എല്‍.ഡി.എഫിനൊപ്പമാവും

ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കി: എം.പി

മണ്ഡത്തിലുടനീളം ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. റെയില്‍വേ രംഗത്ത് തിരൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളുടെ മുഖഛായ മാറ്റി.

തിരൂരില്‍ കിഴക്കുഭാഗത്ത് പുതിയ പ്രവേശന സൗകര്യം ഒരുക്കി. പരപ്പനങ്ങാടിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോം നവീകരിക്കുകയും ചെയ്തു. അന്ത്യോദയ, മനുസാഗര്‍ എക്സ്പ്രസുകള്‍ക്ക് തിരൂരിലും ഇന്റര്‍സിറ്റി എക്സ്പ്രസിന് താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലും യശ്വന്ത്പുര എക്സ്പ്രസിന് കുറ്റിപ്പുറത്തും സ്റ്റോപ്പുകള്‍ നേടിയെടുത്തു. കോള്‍മേഖലയില്‍ കോടികളുടെ വികസന പദ്ധതികളിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിച്ചു. കുറ്റിപ്പുറം-പുതുപൊന്നാനി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം.ജി.എസ്.വൈയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയെടുത്ത മണ്ഡലമാണ് പൊന്നാനി. ഒട്ടേറെ പ്രാദേശിക റോഡുകളുടെ നവീകരണം ഇതിലൂടെ സാദ്ധ്യമായി.

മറ്റൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സി.ആര്‍.എസിലുള്‍പ്പെടുത്തി നന്നമ്പ്ര, കല്‍പ്പകഞ്ചേരി പഞ്ചായത്തുകളില്‍ ഒരു കോടി വീതം വരുന്ന രണ്ട് പദ്ധതികള്‍ നടപ്പാക്കി. തീരദേശ മേഖലയുടെ വികസനം ലക്ഷ്യമിട്ട് വെളിയംകോട് പഞ്ചായത്തിനേയും സി.ആര്‍.എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊന്നാനി മറൈന്‍ മ്യൂസിയം പദ്ധതിക്ക് തുടക്കമിടാനായതും നേട്ടമാണ്. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ എവിടെയായിരുന്നാലും എല്ലാ സമയത്തും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

കനത്ത ഭീഷണി

ഒരു കാലത്ത് ലീഗിന് വിജയം കണ്ണുമടച്ച് ഉറപ്പിക്കാമായിരുന്ന പൊന്നാനിയുടെ ചിത്രം മാറിയിട്ടുണ്ട്. 2004 വരേയും ലീഗിന് എതിരാളി സി.പി.ഐ സ്ഥാനാർത്ഥികളായിരുന്നു. 2009ൽ സീറ്റ് സി.പി.എം സ്വന്തമാക്കി. അബ്ദുന്നാസർ മഅദനി, കാന്തപുരം സുന്നി തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്രനെ രംഗത്തിറക്കിയായിരുന്നു സി.പി.എമ്മിന്റെ ആദ്യ പരീക്ഷണം. ഈ ശ്രമം അമ്പേ പരാജയപ്പെട്ടെങ്കിലും ആഞ്ഞുപിടിച്ചാൽ ലീഗ് കേന്ദ്രങ്ങളിൽ ചോർച്ച സൃഷ്ടിക്കാനാവുമെന്ന തിരിച്ചറിവ് ഇടതു കേന്ദ്രങ്ങളിൽ വളരാൻ ഇതു കാരണമായി.

കഴിഞ്ഞ തവണ സ്വതന്ത്രൻ എന്നതു മാറ്റി കോൺഗ്രസുമായി ഇടഞ്ഞ് നിന്നിരുന്ന തിരൂരിലെ വി അബ്ദുറഹ്മാനെ രംഗത്തിറക്കി. ഇതു മണ്ഡലത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. ലീഗിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ് 25410ലേക്ക് ചുരുങ്ങി. ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ലോക്‌സഭ മണ്ഡലത്തിന്റെ ചിത്രം അടിമുടി മാറിയിട്ടുണ്ട്. നിയമസഭ മണ്ഡലങ്ങളിലെ കണക്ക് പ്രകാരം 9000വോട്ടിന് സി.പി.എമ്മാണ് മുന്നിലുള്ളത്. അതിനാൽ ഇത്തവണ വിജയിക്കണമെങ്കിൽ ലീഗിന് നന്നായി വിയർക്കേണ്ടി വരും. പ്രാദേശിക ഭരണസമിതികളിലും സി.പി.എമ്മിനാണ് മുൻതൂക്കം.

സ്ഥാനാർഥികൾ ആരെല്ലാം

ഇ.ടി മുഹമ്മദ് ബഷീർ മൂന്നാം അങ്കത്തിന് ഉണ്ടാവില്ലെന്നാണ് സൂചന. അദ്ദേഹം മറ്റൊരു മണ്ഡലത്തിലേക്ക് മാറുമെന്ന സംസാരമാണ് പാർട്ടി വൃത്തങ്ങൾക്കിടയിലുള്ളത്. ഇ.ടിക്ക് പകരക്കാരനായി ഏറ്റവും ഒടുവിൽ ഉയർന്നു കേൾക്കുന്ന പേര് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റേതാണ്.

അബ്ദുസ്സമദ് സമദാനിക്കാണ് ആദ്യം സാദ്ധ്യത കൽപ്പിച്ചിരുന്നത്. ഇതു മുന്നിൽ കണ്ട് മണ്ഡലത്തിൽ പല പരിപാടികളിലും സമദാനി ഇടക്ക് സജീവമായിരുന്നു. സി.പി.എം മന്ത്രി കെ.ടി ജലീലിനെ മത്സരിപ്പിക്കുമെന്ന സൂചനകളെ തുടർന്നാണ് ബന്ധുനിയമന വിവാദത്തിന് തിരികൊളുത്തിയ പി.കെ ഫിറോസിനെ ഇവിടേക്ക് പരിഗണിക്കുന്നത്. രണ്ടു തവണ ആഞ്ഞുപിടിച്ചു മത്സരിച്ചിട്ടും ലീഗിന്റെ പൊന്നാപുരം കോട്ട തകർക്കാൻ കഴിയാതിരുന്ന സി.പി.എം ഇത്തവണ മന്ത്രി കെ.ടി ജലീലിനെ മത്സരിപ്പിക്കാനാണ് സാദ്ധ്യത. ജലീലിന്റെ വ്യക്തിപ്രഭാവവും മണ്ഡല

ത്തിലുള്ള സ്വാധീനവുമാണ് ഇതിനു പ്രധാന കാരണം. മൂന്നു തവണ എം.എൽ.എ ആയിക്കഴിഞ്ഞതിനാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജലീലിനെ മത്സരിപ്പിക്കുന്നതിന് നയപരമായ തടസങ്ങളുള്ളതും ഇതിനു കാരണമാണ്.

സ്ഥാനാർത്ഥിയാവാൻ ജലീൽ ഏറെക്കുറെ ഒരുങ്ങിയിട്ടുണ്ട്. ബന്ധുനിയമന വിവാദ വേളയിൽ താൻ പൊന്നാനിയിൽ മത്സരിക്കുമെന്ന ഭയമാണ് ലീഗിനെന്ന് ജലീൽ പലവുരു പ്രസ്താവിച്ചിരുന്നു. 2017 ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച അഡ്വ.എം.ബി ഫൈസലിന്റെ പേരും സി.പി.എം കേന്ദ്രങ്ങളിൽ സജീവമാണ്.

ഫൈസലും മണ്ഡലത്തിലുൾപ്പെടുന്നയാളാണ്. ബന്ധുനിയമന വിവാദങ്ങൾ മറ്റേതെങ്കിലും തലത്തിലേക്ക് നീങ്ങിയാൽ രണ്ടാമനായി കണ്ടുവെച്ചിട്ടുള്ളത് ഫൈസലിനെയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച യുവമോർച്ച നേതാവ് രവി തേലത്തിനാണ് ബി.ജെ.പിയിൽ സാദ്ധ്യത. അടിയൊഴുക്കുകൾക്ക് മണ്ഡലത്തിൽ സാദ്ധ്യതയില്ല. ജാതീയ ശക്തികളുടെ സ്വാധീനവും ഏശാറില്ല. രാഷ്ട്രീയ ഗതികളാണ് എന്നും മണ്ഡത്തിലെ വിധിയെഴുത്തിനെ സ്വാധീനിച്ചിട്ടുള്ളത് എന്നതിനാൽ രാഷ്ട്രീയമായി പ്രാഗത്ഭ്യമുള്ളവരാവും മത്സര രംഗത്തുണ്ടാവുക.

യുവ വോട്ടർമാരെ കൂടെ നിർത്താൻ

യുവ വോട്ടർമാരിൽ കണ്ണ് വെച്ചാണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഇരു മുന്നണികളും ഇതിനകം ആദ്യവട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഇരു വിഭാഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. അതിനാൽ ഏറ്റവും കൂടുതൽ യുവ വോട്ടർമാർ തങ്ങൾക്കൊപ്പമാണെന്ന് ഇരുകൂട്ടരും അവകാശപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയമായി ചേർത്തതും ഉറപ്പിക്കാവുന്നതുമായ വോട്ടർമാരുടെ കണക്കുകൾ ശേഖരിച്ച് വരികയാണ് മുന്നണികൾ. സാമൂഹ്യ മാദ്ധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രവർത്തന രീതി ആവിഷ്‌ക്കരിക്കുന്നത്. വെല്ലുവിളി നേരിടുന്ന മണ്ഡലമായതിനാൽ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിൽ നിൽക്കാനാണ് യു.ഡി.എഫ് ശ്രമം. പൊലിമ നിലനിർത്താനായി പ്രാഥമിക പരിപാടികളിൽ തന്നെ പ്രമുഖ നേതാക്കളെ രംഗത്തിറക്കിയിരുന്നു. നിയോജക മണ്ഡലം തല കൺവെൻഷനുകൾ പൂർത്തിയായി. സി.പി.എം ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണമുൾപ്പെടെ പൂർത്തിയാക്കി. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളേക്കാൾ വികസനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ പ്രധാന വിഷയം. ഇത്തവണയും അതിലൂന്നിയാവും കൊമ്പ് കോർക്കൽ. വികസനം അക്കമിട്ട് നിരത്താൻ യു.ഡി.എഫും പോരായ്മകൾ എണ്ണിപ്പറയാൻ എൽ.ഡി.എഫും തയാറെടുത്തു വരികയാണ്.


Read More >>