വിശ്വനാഥമേനോന്‍ എന്ന മനുഷ്യസ്നേഹി

ജനപ്രതിനിധികളായെത്തുന്നവർക്ക് പാർലമെന്റും നിയമസഭയും മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനുംവേണ്ടിയുള്ള പോരാട്ടവേദിയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ച വേറിട്ട കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളായിരുന്നു വിശ്വനാഥമേനോൻ. 77ൽ ഡൽഹിയിൽ പാർട്ടി പത്രത്തിന്റെ ലേഖകനെന്ന നിലയിൽ ചെന്നപ്പോഴാണ് അടിയന്തരാവസ്ഥയിൽ രാജ്യസഭയിൽ വി വിശ്വനാഥമേനോൻ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ മനസിലാക്കാൻ കഴിയുന്നത്.

വിശ്വനാഥമേനോന്‍ എന്ന മനുഷ്യസ്നേഹി

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

വിപ്ലവകാരിയായ വിദ്യാർത്ഥി നേതാവ്, കമ്മ്യൂണിസ്റ്റുപാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും അതുല്യനായ സംഘാടകൻ, മികച്ച പാർലമെന്റേറിയൻ, മാതൃകാ ഭരണാധികാരി എന്നിങ്ങനെ ബഹുമുഖപ്രതിഭയാർന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ചരിത്രമാണ് വി വിശ്വനാഥമേനോൻ ഓർമ്മയാകുമ്പോൾ ഉയർന്നുവരുന്നത്. 92-ാം വയസ്സിൽ ഒരു പതിറ്റാണ്ടോളം കാലത്തെ നിശ്ശബ്ദ ജീവിതത്തിൽ നിന്നാണ് അദ്ദേഹം യാത്രയായത്. സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ പോരാട്ടത്തിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രമാണ് ആ ജീവിതം. അടിയന്തരാവസ്ഥയുടെ കൂരിരുട്ടിലും കരാളതയിലും രാജ്യം വീർപ്പുമുട്ടിക്കഴിഞ്ഞ ഘട്ടത്തിൽ രാജ്യസഭാംഗമായിരുന്ന അദ്ദേഹം നടത്തിയ ഇടപെടലാണ് രാജൻ സംഭവം കേരള രാഷ്ട്രീയത്തെ സത്യത്തിന്റെ ചരിത്രവഴിയിലേക്ക് നയിച്ചതെന്നത് പ്രത്യേകം കുറിക്കേണ്ടതുണ്ട്.

കോഴിക്കോട് റീജ്യണൽ എൻജിനിയറിങ് കോളജിലെ അവസാനവർഷ വിദ്യാർത്ഥിയും പ്രൊഫ. ഈച്ചരവാര്യരുടെ മകനുമായ പി രാജനെ ഹൈക്കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയും ജസ്റ്റിസ് വി ഖാലിദും ഉത്തരവിട്ടതിന്റെ അടിസ്ഥാന തെളിവ് അന്ന് രാജ്യസഭാംഗമായിരുന്ന വി വിശ്വനാഥമേനോൻ ഈച്ചരവാര്യർക്ക് അയച്ച കത്തും അതിൽ അടക്കം ചെയ്തിരുന്ന ആഭ്യന്തരമന്ത്രി കരുണാകരന്റെ മറുപടിക്കത്തും ആയിരുന്നു. ഇതേക്കുറിച്ച് തന്റെ വിധിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി ഇങ്ങനെ എഴുതി: രാജനെ വിട്ടയക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് അറിയിച്ചുകൊണ്ട് കേരള ആഭ്യന്തരമന്ത്രിയിൽനിന്ന് ലഭിച്ച കത്തിന്റെ കോപ്പി ശ്രീ വിശ്വനാഥമേനോൻ ഈച്ചരവാര്യർക്ക് അയച്ചുകൊടുത്തു. ആഭ്യന്തരമന്ത്രി ശ്രീ. കെ കരുണാകരൻ 1976 ഡിസംബർ 10 ാം തീയതി എഴുതിയതാണ് ആ കത്തെന്ന് ഈ കേസിന്റെ നടപടിക്രമങ്ങൾക്കിടയിൽ വ്യക്തമായിട്ടുണ്ട്. ഈച്ചരവാര്യരുടെ മകൻ രാജനെ തടങ്കലിൽനിന്ന് വിട്ടയക്കണമെന്ന് അഭ്യർത്ഥിക്കുന്ന അപേക്ഷയോടൊപ്പം വിശ്വനാഥമേനോൻ എഴുതിയ കത്ത് കൈപ്പറ്റിയതായി അതിൽ സമ്മതിക്കുന്നുണ്ട്.

പരാമർശിക്കപ്പെട്ട കാര്യം പരിഗണനയിലാണെന്ന് ആഭ്യന്തരമന്ത്രി വിശ്വനാഥമേനോനെ അറിയിക്കുന്നുണ്ട് - ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി ചൂണ്ടിക്കാട്ടി. ഈച്ചരവാര്യർ ലോക് സഭയിലും രാജ്യസഭയിലും കേരളത്തിൽനിന്നുള്ള എല്ലാ എം.പിമാർക്കും പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ മകനെ കണ്ടെത്തുന്നതിന് സഹായിക്കാൻ അഭ്യർത്ഥിച്ച് കത്തയച്ചിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായ എ.കെ.ജിയും വി വിശ്വനാഥമേനോനും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഇതേക്കുറിച്ച് എഴുതി. രാജ്യസഭയിൽ വിശ്വനാഥമേനോനും ലോക്‌സഭയിൽ എ.കെ.ജിയുടെ അഭാവത്തിൽ സമർ മുഖർജിയും പ്രശ്നം ഉന്നയിച്ചു. അക്കാര്യങ്ങളെല്ലാം വിശ്വനാഥമേനോൻ ഈച്ചരവാര്യരെ അറിയിച്ചിരുന്ന കാര്യവും ഹൈക്കോടതിവിധിയിൽ എടുത്തുപറഞ്ഞു. ഇതിനു പുറമെയാണ് വിശ്വനാഥമേനോൻ ആഭ്യന്തരമന്ത്രി കരുണാകരന് നേരിട്ട് കത്തെഴുതിയതും പ്രശ്നം (വിട്ടയക്കുന്ന) പരിഗണിച്ചുവരികയാണെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകിയതും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ജയിലിൽ അടച്ചിരുന്ന രാഷ്ട്രീയതടവുകാരെ വിട്ടയച്ചു. അക്കൂട്ടത്തിൽ രാജനെ വിട്ടയക്കുമെന്ന പ്രതീക്ഷയും തകർന്നശേഷമാണ് അടിയന്തരാവസ്ഥ പിൻവലിച്ചതിനു തൊട്ടുപിറകെ ഈച്ചരവാര്യർ ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിതന്നെ തെളിവെടുപ്പു നടത്തി ചരിത്രപ്രസിദ്ധമായ രാജൻകേസ് വിധി പുറപ്പെടുവിച്ചു. തുടർന്ന് കേരള രാഷ്ട്രീയംതന്നെ കീഴ്മേൽ മറിയുന്ന സംഭവവികാസങ്ങൾ ഉണ്ടായി. 1987ൽ ഇടതുപക്ഷ - ജനാധിപത്യ മുന്നണി ഗവണ്മെന്റ് ഇ.കെ നായനാരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. വി വിശ്വനാഥമേനോനായിരുന്നു ധനമന്ത്രി. അടിയന്തരാവസ്ഥയിൽ രാജ്യത്താകെ നടന്ന ഭരണകൂടപീഡനങ്ങളുടെ പ്രതീകമായ രാജൻ സംഭവത്തിൽ നീതി ഉറപ്പാക്കാനുള്ള മറ്റൊരവസരം വിശ്വനാഥമേനോനുണ്ടായി. രാജന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിവിൽകോടതിയിൽ ഈച്ചരവാര്യർ സമർപ്പിച്ച നഷ്ടപരിഹാര കേസിലെ അനുകൂലമായ വിധി. രാജനെ കസ്റ്റഡിയിലെടുത്ത് കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊലപ്പെടുത്തിയതിന് ഉത്തരവാദികളായ പൊലീസുകാരായ പ്രതികളിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി രാജന്റെ പിതാവിന് നൽകണമെന്നായിരുന്നു കോടതിവിധി. ഈ വിഷയം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും മുന്നിൽ അവതരിപ്പിച്ച് നഷ്ടപരിഹാരത്തുക ഖജനാവിൽനിന്ന് നൽകാൻ തീരുമാനമെടുപ്പിച്ചത് വിശ്വനാഥമേനോനാണ്.

ആ തുക ഉപയോഗിച്ചാണ് തീവ്ര പരിചരണ വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന 'ക്രിറ്റിക്കൽ കെയർ വാർഡ്' രാജന്റെ സ്മാരകമായി എറണാകുളം ജില്ലാ ആശുപത്രിയിൽ ആരംഭിക്കാൻ ഈച്ചരവാര്യർ തീരുമാനിച്ചത്. അതു സംബന്ധിച്ച കാര്യങ്ങളുടെ ഏകോപനത്തിലും മന്ത്രിയെന്ന നിലയിൽ വിശ്വനാഥമേനോൻ നിർണ്ണായക പങ്കുവഹിച്ചു. അതിന്റെ ശിലാസ്ഥാപനം അദ്ദേഹംതന്നെ നിർവ്വഹിച്ചു. പരിമിതമായ നഷ്ടപരിഹാരത്തുക പോരാതെവന്ന സ്ഥിതിയിൽ സർക്കാറിൽ നിന്നു വിശേഷാൽ സഹായം നൽകിയും പുറത്തുനിന്നുള്ള സംഭാവന ലഭ്യമാക്കുന്നതിൽ സഹായിച്ചും രാജന്റെ പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ വിശ്വനാഥമേനോൻ വലിയ പങ്കുവഹിച്ചു.

ജനപ്രതിനിധികളായെത്തുന്നവർക്ക് പാർലമെന്റും നിയമസഭയും മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനുംവേണ്ടിയുള്ള പോരാട്ടവേദിയാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ച വേറിട്ട കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളായിരുന്നു വിശ്വനാഥമേനോൻ. 77ൽ ഡൽഹിയിൽ പാർട്ടി പത്രത്തിന്റെ ലേഖകനെന്ന നിലയിൽ ചെന്നപ്പോഴാണ് അടിയന്തരാവസ്ഥയിൽ രാജ്യസഭയിൽ വി വിശ്വനാഥമേനോൻ നടത്തിയ ജനാധിപത്യ പോരാട്ടങ്ങൾ മനസിലാക്കാൻ കഴിയുന്നത്. ശൂന്യമായിരുന്ന പത്ര ഗ്യാലറികളെ ഗൗനിക്കാതെ മിക്കവാറും ശൂന്യമായ ബഞ്ചുകളിൽ ഒരൊറ്റയാനായി ട്രഷറി ബഞ്ചുകളുടെ ആക്രോശത്തെയും അദ്ധ്യക്ഷവേദിയിൽ നിന്നുള്ള പക്ഷപാതിത്വത്തെയും കൂസാതെ ഏകാധിപത്യത്തിനും സർവ്വാധിപത്യത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ഏകാംഗ പോരാട്ടം നടത്തിയ, സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അമ്പാടി വിശ്വത്തിന്റെ വിപ്ലവകരമായ പാർലമെന്ററി പ്രവർത്തനം തിരിച്ചറിയുന്നത്. ചോദ്യങ്ങളുടേയോ പ്രസംഗങ്ങളുടെയോ എണ്ണമല്ല പ്രധാനമന്ത്രിയുടെ വിമാനത്തിൽ നടത്തുന്ന അകമ്പടി യാത്രകളുടെ കേമത്തരവുമല്ല, തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധിയായി നിയമസഭകളിലെത്തുന്നവർക്ക് നിർവ്വഹിക്കാനുള്ളത് എന്ന് എ.കെ.ജിയെപോലെയുള്ളവർ ഉയർത്തിപ്പിടിച്ച ബോദ്ധ്യം പിന്തുടരുകയായിരുന്നു വിശ്വനാഥമേനോൻ. 1967ൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് സി.പി.എം ചിഹ്നത്തിൽ മത്സരിച്ച് കോൺഗ്രസ് നേതാവ് എ.എം തോമസിനെ 16,000ൽപരം വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിശ്വനാഥമേനോൻ ആദ്യമായി പാർലമെന്റിൽ എത്തിയത്. അന്ന് ലോക്‌സഭയിൽ എ.കെ.ജിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന്റെ ഒമ്പത് അംഗങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ ഒരു സീറ്റൊഴിച്ച് മറ്റെല്ലാം സി.പി.എം ഉൾപ്പെട്ട സപ്തകക്ഷി മുന്നണിക്കായിരുന്നു.

എന്നാൽ 2003ൽ അതേ എറണാകുളം ലോകസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടത് വ്യക്തിപരമായി അദ്ദേഹത്തിനും ഇടതുപക്ഷത്തിനും വലിയ രാഷ്ട്രീയ തിരിച്ചടിയായിരുന്നു. സി.പി.എമ്മിലെ വിഭാഗീയത കത്തിയാളിയിരുന്ന സമയം പാർട്ടിയിൽനിന്നു പുറത്താക്കിയ വി.ബി ചെറിയാന്റെ നേതൃത്വത്തിലുള്ള പാർട്ടി സ്ഥാനാർത്ഥിയായാണ് വിശ്വനാഥമേനോൻ പ്രത്യക്ഷപ്പെട്ടത്. ആദർശാധിഷ്ഠിതമായ ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിന്റെ ആഹ്ലാദാരവങ്ങൾ ഉയരുംമുമ്പുതന്നെ കെട്ടടങ്ങി. വിശ്വനാഥമേനോന് ബി.ജെ.പി പിന്തുണ പ്രഖ്യാപിക്കുകയും ബി.ജെ.പിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ നിലകൊള്ളുകയും ചെയ്തു. പതിറ്റാണ്ടുകളുടെ വിപ്ലവരാഷ്ട്രീയ ചിത്രത്തിൽനിന്ന് ആ സംഭവം വി വിശ്വനാഥമേനോനെ വകഞ്ഞുമാറ്റി. എങ്കിലും ആ രാഷ്ട്രീയ തീരുമാനത്തിൽ തെറ്റുപറ്റിയെന്ന അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അത് അംഗീകരിച്ചിരുന്നു. തെറ്റുപറ്റുന്നത് തിരിച്ചറിയുന്ന ആളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന അപൂർവ്വ മാതൃകയായാണ് അദ്ദേഹം നമുക്കിടയിൽ ജീവിച്ചത്.

Read More >>