ഹര്‍ത്താലിന്റെ രാഷ്ട്രീയവും ജനവിരുദ്ധതയും

ഹർത്താലിനു കാരണമാവുന്ന വിഷയങ്ങൾ അതു പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വളർച്ചക്ക് കാരണമാവും എന്ന മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. സത്യത്തിൽ അത് പാർട്ടികളോടുള്ള എതിർപ്പിനും വെറുപ്പിനും കാരണമാവുകയാണ്. പരസ്പരാശ്രയത്വത്തിലൂടെയുള്ള കൊടുക്കൽ വാങ്ങൽ രീതികളാണ് സാധാരണ മനുഷ്യരുടെ ജീവിതത്തെ ഓരോ നിമിഷവും മുന്നോട്ട് നയിക്കുന്നത്. അത്തരം ജീവിതങ്ങളെ ദുരിതത്തിലാഴ്ത്തിയാണ് ഓരോ ഹർത്താലും അതിന്റെ രാഷ്ട്രീയലാഭം കൊയ്യുന്നത്.

ഹര്‍ത്താലിന്റെ രാഷ്ട്രീയവും ജനവിരുദ്ധതയും

ഇ.കെ.ദിനേശന്‍

ബന്ദ് നിയമംമൂലം നിരോധിക്കപ്പെട്ടത് നിരന്തരമായ ജനകീയ പ്രതിഷേധങ്ങളുടെ ഫലമായിട്ടായിരുന്നു. ജനത്തിന്റെ സാധാരണ ജീവിതത്തെ അത് ബാധിച്ചത് ചെറിയ രീതിയിലായിരുന്നില്ല. ദൈനംദിന ജീവിതത്തിന്റെ കണക്കുകൂട്ടലുകളാണ് ബന്ദ് നിരന്തരം തെറ്റിച്ചുക്കൊണ്ടിരുന്നത്. അതുകൊണ്ടാണ് ചില രാഷ്ട്രീയ തീരുമാനങ്ങൾക്ക് എതിരെ പൊതുജനം ശബ്ദിക്കുമ്പോൾ അതിനെ നിസ്സാരമായി കാണാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാതെ വരുന്നത്. എന്നിട്ടും ബന്ദ് നിരോധിച്ച കോടതി വിധിയെ മുൻനിർത്തി ജനങ്ങളെ വിഡ്ഢികളാക്കി ബന്ദിന്റെ പേര് ഹർത്താലാക്കി അതിനെ അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ ബന്ദ് നിരോധനത്തിൽ ആശ്വാസം കണ്ട ജനങ്ങൾക്ക് മുകളിൽ വന്ന് പതിച്ച മഹാപാതകമാണ് ഇപ്പോത്തെ ഹർത്താൽ. ലോകത്തിൽ ഏറ്റവും കൂടുതൽ ഹർത്താൽ അനുബന്ധ തൊഴിൽ നഷ്ടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടാവുന്ന സംസ്ഥാനമായിരിക്കും കേരളം. അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കേരളത്തിന്റെ സവിശേഷതയിലേക്ക് ശ്രദ്ധ പതിയേണ്ടതുണ്ട്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളം ശിരസ്സുയർത്തി നിൽക്കുന്നത് ചില രംഗങ്ങളിൽ ഉണ്ടായ സാമൂഹിക വളർച്ചയുടെ ഭാഗമായിട്ടാണ്. അതിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ ഒരോ കാലഘട്ടത്തിലും ഉണ്ടായ രാഷ്ട്രീയതീരുമാനങ്ങളാണ്. അതിന്റെ പിൻബലത്തിലാണ് കേരളത്തിന്റെ നാനാതരം വളർച്ചക്ക് വേഗത കൈവന്നത്. ഇതിനെ നിയന്ത്രിച്ച ഇടതു, വലതു മുന്നണികൾക്കുള്ളിൽ ജാതി, സാമുദായിക പ്രസ്ഥാനങ്ങൾക്ക് ഉള്ള സ്വാധീനം ചെറുതല്ല. അവരുടെ അപ്രധാനമായ സാമുദായിക താല്പര്യങ്ങൾക്ക് പലപ്പോഴും മുന്നണികൾക്ക് വഴങ്ങി കൊടുക്കേണ്ടി വരാറുണ്ട്. ഇരു മുന്നണികളിലും പെടാത്ത ബി.ജെ.പിക്ക് ഒരേ സമയം ഈ മുന്നണികളോട് ആശയപരമായും ചില വിഷയങ്ങളിൽ മറ്റ് രീതിയിലും പ്രതിരോധം തീർക്കേണ്ടി വരാറുണ്ട്. നിലവിലെ ഈ രാഷ്ട്രീയ സംവിധാനത്തിൽ നിന്നു വേണം ഇപ്പോഴത്തെ ഹാർത്താലിന്റെ രാഷ്ട്രീയത്തെയും അതിന്റെ ജനവിരുദ്ധതയേയും നോക്കിക്കാണേണ്ടത്.

നേരത്തെ ഹർത്താൽ കേരളത്തിൽ മുഴുവൻ പ്രഖ്യാപിച്ചുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രതിഷേധത്തെ പ്രകടിപ്പിക്കാറ്. പ്രാദേശികപ്രശ്‌നങ്ങളെ അതിന്റെ ഭൂമിശാസ്ത്ര പരിധിയിൽ നിർത്തണമെന്ന ജനത്തിന്റെ ആവശ്യത്തെ പാർട്ടികൾക്ക് അംഗീകരിക്കേണ്ടി വന്നതുകൊണ്ടാണ് ചില ഹർത്താൽ വാർഡ് തലത്തിലോ, പഞ്ചായത്തിലോ, ജില്ലയിലോ ഒക്കെയായി മാറിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ 2018ൽ 97 ഹർത്താൽ നടന്നതായിട്ടാണ് കണക്ക്. ഇതിൽ ഡിസംബറിൽ മാത്രം നാലു ഹർത്താൽ നടന്നു. കാരണം ശബരിമലയിലെ കോടതിവിധിയും.ഏതൊരു കുട്ടിക്കും അറിയാം ഈ ഹർത്താലുകൾ ഏതെങ്കിലും തരത്തിൽ പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയത്തിൽ ഉണ്ടായതല്ലെന്ന്. എന്നാൽ ഹർത്താൽ കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ട് സർവ്വജനങ്ങളുമാണ് അനുഭവിക്കുന്നത്. ഹർത്താലിന് കാരണമാവുന്ന വിഷയങ്ങളോട് ഒരിക്കലും പൊതു അഭിപ്രായ രൂപീകരണം ഉണ്ടാവുക സാദ്ധ്യമല്ല. കാരണം, അത് രാഷ്ട്രീയമോ, സാമുദായികമോ ആയ സ്ഥാപിത താല്പര്യങ്ങളാൽ ഉണ്ടാവുന്നതാണ്. അങ്ങനെ ഉണ്ടാവുന്ന ഹർത്താലിനോടു പോലും ജങ്ങൾ പരമാവധി സഹകരിക്കാറാണ് പതിവ്. എന്നാൽ ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ ഹർത്താൽ തികച്ചും ആഭാസമായി തീർന്നിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നടന്ന ഹർത്താലാവട്ടെ അങ്ങേയറ്റം രാഷ്ടീയ ജീർണ്ണതയുടെ ഭാഗമാണ്. ഈ ചുറ്റുപാടിലാണ് ഹർത്താലിന്റെ രാഷ്ട്രീയത്തെ പരിശോധിക്കേണ്ടി വരുന്നത്.

ഹർത്താലിന്റെ രാഷ്ട്രീയം

ഇറാഖിന്റെ പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈനെ അമേരിക്കൻ സാമ്രാജ്യത്വം തൂക്കിക്കൊന്നപ്പോൾ കേരളത്തിൽ ഹർത്താൽ നടന്നു എന്ന പറച്ചലിനെ ഒരു തമാശയായി കാണരുത്. കാരണം, അതൊരു ജനതയുടെ രാഷ്ട്രീയബോധത്തെയാണ് കാണിക്കുന്നത്.ആഗോള അധിനിവേശ ശക്തികളോടുള്ള പ്രതികരണത്തിന്റെ ഭാഗമായിട്ടാണ് അതിനെ വിലയിരുത്തേണ്ടത്.അതേ പ്രാധാന്യമാണോ രാഷ്ട്രീയ കൊലപാതകം നടന്നാൽ ഉണ്ടാവുന്ന ഹർത്താലിനോട് എന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം അല്ല എന്നതായിരിയ്ക്കും. കാരണം, രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രിതമായ കൊലപാതകമാണ്. അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാർട്ടിക്കും അതിന്റെ ഇരയുടെ പാർട്ടിക്കും ഇതിന്റെ വരുംവരായ്കകളെ കുറിച്ച് നല്ല ബോദ്ധ്യമുള്ളതാണ്. പിന്നെ എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താൽ? പലപ്പോഴും അതിനുള്ള ഉത്തരം ജനകീയ പ്രതിഷേധം ഉയർന്നു വരാൻ വേണ്ടി എന്നതാണ്. വല്ലപ്പോഴും കിട്ടുന്ന ഹർത്താൽ ജനങ്ങൾ ആഘോഷിക്കാറുണ്ടെങ്കിലും അതിന്റെ അതിപ്രസരം സമൂഹത്തെ നന്നായി ബാധിച്ചപ്പോഴാണ് പല ഹർത്താൽ പ്രഖ്യാപനത്തിന് പിന്നിലും വ്യക്തമായ രാഷ്ട്രീയമില്ല എന്ന് ജങ്ങൾക്ക് ബോദ്ധ്യപ്പെടുന്നത്. എന്നാൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുള്ള ഹർത്താലിനോട് ജനങ്ങൾ സഹകരിക്കുന്നത് അതു നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്നത് കൊണ്ടാണ്. പെട്രോൾ ഉല്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ഏതു തരം പ്രതിഷേധത്തിനും ജനങ്ങൾ തയ്യാറാണ്. എന്നാൽ നിയമലംഘനം നടത്തിയ ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ ആർക്കാണ് ബുദ്ധിമുട്ട് ഉണ്ടായത്? ഏതു രീതിയിലാണ് അത് സമൂഹത്തെ ബാധിക്കുന്നത്? ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ആർക്ക് എത്രകാലം അയാളെ തടഞ്ഞു നിർത്താൻ കഴിയും? അത്തരം ആത്മഹത്യാ മരണത്തെ പോലും ശബരിമല സമരത്തിന്റെ ഭാഗമാക്കി മാറ്റിയ ബി.ജെ.പി.യുടെ ഹർത്താൽ പ്രഖ്യാപനത്തിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധം രാഷ്ട്രീയ പാർട്ടികൾക്ക് പാഠമാകേണ്ടതുണ്ട്.

ശബരിമല വിഷയം തികച്ചും വിശ്വാസികളുടെ വ്യക്തിപരമായ കാര്യമാണ്. ഏതെങ്കിലും പ്രത്യേക വിശ്വാസികൾ മാത്രമല്ല കേരളത്തിലുള്ളത്. അവിടെ ഇതര മതസ്ഥർക്കും സ്വതന്ത്ര്യമായി ജീവിക്കാനുള്ള അവകാശങ്ങളുണ്ട്. അത്തരമൊരിടത്ത് തങ്ങളുടെ താല്പര്യങ്ങളെ ഏകപക്ഷീമായി അടിച്ചേൽപ്പിക്കുമ്പോൾ മറ്റു മതസ്ഥരുടെ ദൈനദിന ജീവിതത്തെ എങ്ങനെ അത് ബാധിക്കുന്നു എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ പ്രാഥമികമായി പാലിക്കേണ്ട രാഷ്ട്രീയ മര്യാദയാണത്. അതിനെ ബോധപൂർവ്വം നിഷേധിച്ച്, തങ്ങളുടേതു മാത്രമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കുമ്പോഴാണ് ഹർത്താൽ രാഷ്ട്രീയ വിരുദ്ധവും ജനതാല്പര്യത്തിന് എതിരായും തീരുന്നത്.

രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിന്റെ സാദ്ധ്യതകളെ ഉപയോഗിക്കേണ്ടത് സമൂഹനന്മക്കായിരിക്കണം. ഇപ്പോഴത് ജനവിരുദ്ധമായിട്ടാണ് ഉപയോഗിക്കുന്നത്. സങ്കുചിതമായ താല്പര്യങ്ങൾ ഒരു ബഹുസ്വര സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ഇനിയെങ്കിലും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കണം.

ജനവിരുദ്ധമാവുന്ന ഹർത്താൽ

രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനം ജനക്ഷേമമാണ്. അതിനെ ബലപ്പെടുത്തി നിർത്തുന്നിടത്താണ് രാഷ്ട്രീയ തീരുമാനങ്ങൾ പ്രസക്തമാവുന്നത്.പലപ്പോഴും സമൂഹം ശ്രദ്ധിക്കേണ്ട ചില പ്രധാന വിഷയങ്ങൾ അപ്രസക്തമായി പോവാറുണ്ട്. അതാകട്ടെ പൊതുമണ്ഡലത്തിൽ ചർച്ചക്ക് വരേണ്ട വിഷയങ്ങളായിരിക്കും. അടിയന്തര ശ്രദ്ധയും പ്രതികരണവും ചിലപ്പോൾ പ്രതിരോധവും ആവശ്യമായ അത്തരം വിഷയ കേന്ദ്രീകൃതമായിരിക്കും ഹർത്താലിന് കാരണമാവുന്ന രാഷ്ട്രീയ വിഷയങ്ങൾ. അതിന് ആവശ്യമായ ശ്രദ്ധയും പ്രതികരണവും കേരളീയ സമൂഹം നൽകാറുമുണ്ട്. എന്നാൽ അടുത്ത കാലത്തായി ഹർത്താൽ ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ നിരവധി തെളിവുകൾ നമുക്ക് മുമ്പിലുണ്ട്. നേരത്തെ ഹർത്താലിനെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി കണ്ട് അതിനെ പിന്തുണച്ച ജനങ്ങൾ ഇപ്പോൾ ഹർത്താലിന്റെ പൊതുസ്വഭാവം ജനവിരുദ്ധമാണ് എന്ന് തുറന്നു പറയുകയാണ്. ഇതിന് കാരണമായി തീരുന്ന ഘടകങ്ങൾ നിലവിലെ അധികാര രാഷ്ട്രീയത്തിലെ ജീർണ്ണതയുടെ ഭാഗമാണ്.

ജനാധിപത്യ സമൂഹത്തിലെ ഓരോ രാഷ്ട്രീയതീരുമാനങ്ങളുടെയും ഗുണദോഷങ്ങൾക്ക് മാർക്ക് ഇടുന്നത് ജനങ്ങളാണ്. ജനങ്ങളുടെ നിത്യജീവിതത്തിന് വിഘാതമാവുന്ന പല കാര്യങ്ങളോടും പെട്ടെന്ന് പ്രതികരണം ഉണ്ടാവുന്നതിന്റെ കാരണമതാണ്. വലിയ അളവിൽ ജനജീവിതം മുന്നോട്ടു പോവുന്നത് അതാത് ദിവസങ്ങളിലെ കാര്യങ്ങളെ പരിഗണിച്ചാണ്. ആശുപത്രി യാത്ര, പഠന സംബന്ധമായതും, ജോലി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതുമായ യാത്രകൾ, മരണം, കല്യാണം തുടങ്ങിയ ചടങ്ങുകളുടെ ഒരുക്കപ്പാടുകൾ ഒരു നിമിഷ നേരത്തെ പ്രഖ്യാപനകൊണ്ടാണ് തകിടം മറയുന്നത്. ചെറുകിട കച്ചവടകാർക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ടങ്ങൾ. ദീർഘയാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ, കേരളത്തിലെത്തിച്ചേരുന്ന വിദേശികൾക്ക് ഉണ്ടാവുന്ന പ്രയാസങ്ങൾ ആ യാത്രക്കാരെ മാത്രമല്ല ഇനി വരാൻ സാദ്ധ്യതയുള്ളവരുടെ യാത്രയെപ്പോലും ബാധിക്കുന്നതാണ്. ഇതൊക്കെ അറിയാത്തവരാണോ ഹർത്താൽ പ്രഖ്യാപിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അതിന്റെ ഉത്തരം തേടുമ്പോഴാണ് ജനഹിതത്തെ എത്രത്തോളം പരിഗണിച്ചും പഠിച്ചുമാണ് രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവുന്നത് എന്നു ബോദ്ധ്യപ്പെടുന്നത്.

ഹർത്താലിനു കാരണമാവുന്ന വിഷയങ്ങൾ അതു പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വളർച്ചക്ക് കാരണമാവും എന്ന മിഥ്യാധാരണ നിലനിൽക്കുന്നുണ്ട്. സത്യത്തിൽ അത് പാർട്ടികളോടുള്ള എതിർപ്പിനും വെറുപ്പിനും കാരണമാവുകയാണ്. പരസ്പരാശ്രയത്വത്തിലൂടെയുള്ള കൊടുക്കൽ വാങ്ങൽ രീതികളാണ് സാധാരണ മനുഷ്യരുടെ ജീവിതത്തെ ഓരോ നിമിഷവും മുന്നോട്ട് നയിക്കുന്നത്. അത്തരം ജീവിതങ്ങളെ ദുരിതത്തിലാഴ്ത്തിയാണ് ഓരോ ഹർത്താലും അതിന്റെ രാഷ്ട്രീയലാഭം കൊയ്യുന്നത്. ഈ ലാഭം ഇന്ന് അത്തരം രാഷ്ട്രീയക്കാരെ നഷ്ടത്തിലാണ് എത്തിക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്. കാരണം, തൊണ്ണൂറ് ശതമാനം ഹാർത്താലും ജനവിരുദ്ധമാണ്. അതിന്റെ കാരണം ഉണ്ടാക്കുന്നത് ഹർത്താൽ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്. ഇത് പൊതുജനം തിരിച്ചറിഞ്ഞു എന്നതാണ് ഏറ്റവും ഒടുവിൽ ബി.ജെ.പി.നടത്തിയ ഹർത്താലിനോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്. വൈകാതെ രാഷ്ട്രീയ പാർട്ടികളുടെ നിർബന്ധിത ഹർത്താൽ പ്രതിരോധങ്ങളെ പൊതുജനം പൊളിച്ചടുക്കുക തന്നെ ചെയ്യും. പൗരന്മാരുടെ സ്വതന്ത്ര ജീവിതത്തിന് സംരക്ഷണം നൽക്കേണ്ട ഭരണകൂട സംവിധാനങ്ങൾ അതിന് തയ്യാറാവണം. ജനങ്ങൾ ധൈര്യമായി നഗരത്തിലും പട്ടണത്തിലും ഇറങ്ങണം. കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണം, വാഹനങ്ങൾ ഓടണം. ഇതൊക്കെ സ്വഭാവികമായി നടന്നാൽ ഹർത്താൽ താനേ അവസാനിക്കും. ഈ സ്വഭാവികതയിലേക്കാണ് വൈകാതെ ജനം ഇറങ്ങേണ്ടത്. അത് സാദ്ധ്യമാവുക തന്നെ ചെയ്യും.

Read More >>