പെണ്‍ പോരാട്ടങ്ങളിലെ നായിക

ഇക്കൊല്ലത്തെ വനിതാ ദിനാചരണത്തിന് പകിട്ടു നല്കിയ സംഭവങ്ങളിലൊന്ന് ഇന്ദിരാജയ്‌സിങ്ങിന്റെ ഈ അവകാശ പ്രഖ്യാപനമാണ്. സ്ത്രീ അവകാശങ്ങൾക്കുവേണ്ടി എക്കാലത്തും നിരന്തരം പോരാടിയിട്ടുള്ള അഭിഭാഷകയാണ് ഈ 79 കാരി. മുംബൈയിലെ ഒരു സിന്ധി കുടുംബത്തിലാണ് ജനനം. ബാംഗ്ലൂർ സർവ്വകലാശാലയിൽ ബിരുദപഠനം, ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം, തുടർന്ന് ബോംബെയിൽ പ്രാക്ടീസ്-ഇതാണ് ട്രാക്ക് റിക്കാർഡ്. പക്ഷേ പൊതുജീവിതത്തിൽ കൈക്കൊള്ളുന്ന നിലപാടുകളാണ് അവരെ ഒരു വക്കീലിന്റെ ലോകത്തിന്നപ്പുറത്തേക്ക് വളർത്തിയത്.

പെണ്‍ പോരാട്ടങ്ങളിലെ നായിക

ലിംഗനീതി, സ്ത്രീശാക്തീകരണം എന്നെല്ലാം എത്രയെത്ര ഉച്ചത്തിൽ പറഞ്ഞാലും കാര്യത്തോടടുക്കുമ്പോൾ പെണ്ണിനെ ആണിന്റെ നിഴലോ വാലോ ആയി കാണുന്നതാണ് പുരുഷ കേന്ദ്രീകൃത ലോകത്തിന്റെ പൊതുരീതി. ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ മകൾ എന്നൊക്കെ ഏച്ചുകെട്ടുകളുണ്ടാക്കി സ്ത്രീയ്ക്കു ചുറ്റും ചാർത്തും. സുപ്രിം കോടതിയിലെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വനിതാദിനത്തലേന്ന് അങ്ങനെയൊരു മനോഭാവം പ്രകടിപ്പിച്ചപ്പോൾ അതിശക്തമായി അതു തിരുത്താൻ രംഗത്തിറങ്ങിയ അഭിഭാഷകയാണ് ഇന്ദിരാ ജയ്‌സിങ് . പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യക്കേസിന്റെ വിചാരണാ വേളയിലാണ് സംഭവം. കേസിൽ കക്ഷി ചേർന്ന ഇന്ദിരാ ജയ്‌സിങ്ങിനുവേണ്ടി വാദിക്കുന്നത് ഭർത്താവും സീനിയർ അഡ്വക്കറ്റുമായ ആനന്ദ് ഗ്രോവർ. വാദത്തിന്നിടയിൽ ഇന്ദിരയെ ഗ്രോവറിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചു കെ.കെ വേണുഗോപാൽ. സ്വന്തം നിലക്ക് തന്നെ തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ഒരാളുടെ ഭാര്യയായി തന്നെ ചിത്രീകരിക്കരുതെന്നും പറഞ്ഞ് ഇന്ദിരാ ജയ്‌സിങ് പൊട്ടിത്തെറിച്ചപ്പോൾ ആൺകോയ്മയുടെ ലോകത്തിന് അതൊരു അത്യുഗ്രൻ ആഘാതം.

ഇക്കൊല്ലത്തെ വനിതാ ദിനാചരണത്തിന് പകിട്ടു നല്കിയ സംഭവങ്ങളിലൊന്ന് ഇന്ദിരാജയ്‌സിങ്ങിന്റെ ഈ അവകാശ പ്രഖ്യാപനമാണ്. സ്ത്രീ അവകാശങ്ങൾക്കുവേണ്ടി എക്കാലത്തും നിരന്തരം പോരാടിയിട്ടുള്ള അഭിഭാഷകയാണ് ഈ 79 കാരി. മുംബൈയിലെ ഒരു സിന്ധി കുടുംബത്തിലാണ് ജനനം. ബാംഗ്ലൂർ സർവ്വകലാശാലയിൽ ബിരുദപഠനം, ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം, തുടർന്ന് ബോംബെയിൽ പ്രാക്ടീസ്-ഇതാണ് ട്രാക്ക് റിക്കാർഡ്. പക്ഷേ പൊതുജീവിതത്തിൽ കൈക്കൊള്ളുന്ന നിലപാടുകളാണ് അവരെ ഒരു വക്കീലിന്റെ ലോകത്തിന്നപ്പുറത്തേക്ക് വളർത്തിയത്. ഭർത്താവ് ആനന്ദ് ഗ്രോവറിനോടൊപ്പം 1981 ൽ ആരംഭിച്ച ലോയേഴ്‌സ് കലക്ടീവ് എന്ന സന്നദ്ധ സംഘടനയിലൂടെ ഇന്ദിര നടത്തിയ പൗരാവകാശപ്പോരാട്ടങ്ങൾ സാമൂഹ്യനീതി നിഷേധിക്കപ്പെട്ട സാധാരണക്കാർക്ക് ഏറെ സഹായകമായി. അത് അധികാരികളുടെ ഉറക്കം കെടുത്തിയത് സ്വാഭാവികം. ഇന്ദിരയുടെ എൻജി.ഒയെ വിദേശഫണ്ടുകൾ സ്വീകരിക്കുന്നതിൽ നിന്ന് ആഭ്യന്തരവകുപ്പ് വിലക്കി; സംഘടനയുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുകയും ചെയ്തു. 2005ൽ പൊതു ജീവിതത്തിന് നല്കിയ സംഭാവനകളുടെ പേരിൽ രാഷ്ട്രം അവരെ പത്മശ്രീ നല്കി ആദരിച്ചു എന്നത് ചിത്രത്തിന്റെ മറുവശം.

ഇടതുപക്ഷ പുരോഗമനാശയങ്ങൾക്കൊപ്പം എക്കാലത്തും ഉറച്ചുനിന്ന അഭിഭാഷകയാണ് ഇന്ദിരാ ജയ്‌സിങ്. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് അവരെ സോണിയാഗാന്ധിക്ക് പ്രിയങ്കരിയാക്കിയത്. അവരെ രാജ്യത്തിലെ ആദ്യത്തെ വനിതാ അഡീഷനൽ സോളിസിറ്റർ ജനറലാക്കാൻ മുൻകൈ എടുത്തത് സോണിയയാണ്. ബോംബെ ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ സീനിയർ അഡ്വക്കറ്റുമായിരുന്നു ഇന്ദിര. വനിതകളുടെ അവകാശപ്പോരാട്ടങ്ങളിലായിരുന്നു എന്നും അവരുടെ ഊന്നൽ.

സ്ത്രീ വിവേചനത്തിനെതിരായുള്ള നിരവധി നിയമയുദ്ധങ്ങൾ ജയിച്ച ചരിത്രമുണ്ട് ഇന്ദിരയ്ക്ക്. സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം സ്ഥാപിച്ചുകൊടുത്ത മേരി റോയ് കേസ് അവയിലൊന്നാണ്. തന്റെ സ്ത്രീത്വത്തെ അപമാനിച്ച കെ.പി.എസ് ഗില്ലിന്നെതിരെ രൂപൻ ദിയോൾ ബജാജ് നല്കിയ കേസിൽ അവർക്കുവേണ്ടി വാദിച്ചതും ഇന്ദിരതന്നെ. അമ്മയും മൈനർകുട്ടികളുടെ 'സ്വാഭാവിക രക്ഷിതാവാണെ'ന്ന വിധിയ്ക്ക് കാരണമായ ഗീതാഹരിഹരൻ കേസും ക്രിസ്തീയ വനിതകളുടെ വിവാഹമോചനക്കാര്യത്തിൽ ഇന്ത്യൻ ഡൈവോഴ്‌സ് ആക്ടിലെ സ്ത്രീവിവേചനത്തിനെതിരായുള്ള കേസും വാദിച്ചത് അവരാണ്. ഗ്രീൻപീസ് കേസിൽ പ്രിയാപിള്ളയും ധനദുർവിനിയോഗാരോപണക്കേസിൽ ടീസ്താ സെതൽവാദും ഇന്ദിരയുടെ കക്ഷികൾ.

നിരവധി മനുഷ്യാവകാശക്കേസുകളിലും ഇന്ദിര സാർത്ഥകമായി നിയമപ്പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഭോപാൽ വാതക ദുരന്ത കേസിൽ ഇരകൾക്ക് വേണ്ടി യൂണിയൻ കാർബൈഡിനെതിരായി നടത്തിയ പോരാട്ടം അവയിലൊന്ന്. മുംബൈയിലെ തെരുവുതാമസക്കാർക്കും പഞ്ചാബിൽ ദുരൂഹമരണങ്ങൾക്കും തട്ടിക്കൊണ്ട് പോകലുകൾക്കും ഇരയായവരുടെ ബന്ധുക്കൾക്കു വേണ്ടിയുള്ള കേസുകൾ വേറെ. റോഹിൻഗ്യൻ മുസ്‌ലിംകൾക്കെതിരായുള്ള ക്രൂരതകളെക്കുറിച്ചന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ നിയോഗിച്ച സമിതിയിലെ അംഗത്വം അവരുടെ തൊപ്പിയിലെ മറ്റൊരുതൂവൽ.

തൂവലുകളല്ല പക്ഷേ ഇന്ദിരയ്ക്ക് കാര്യം; നിലപാടുകളാണ്. ഇന്നലെ അവർ അത് തെളിയിച്ചു; ശക്തിയുക്തം.

Read More >>