ഇടതുപക്ഷം ബി.ജെ.പി അപരനോ?

ആരുടെ വാക്കാണ് ജനങ്ങൾ വിശ്വസിക്കുന്നത് എന്നതിന്റെ യഥാർത്ഥ തെളിവാണ് രാഹുലിന് വയനാട്ടിൽ ലഭിച്ച ആവേശകരവും അത്യപൂർവ്വവുമായ വരവേൽപ്പ്. പക്ഷെ, സി.പി.എം സംസ്ഥാന നേതാക്കൾ രാഹുൽ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരായി വസ്തുതാപരമല്ലാത്തതും വ്യക്തിപരവുമായ വിമർശനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും കേന്ദ്രീകരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാഹുൽ ഗാന്ധിക്കെതിരെ ലേഖന പരമ്പരകളുടെ രചനയിലാണ് : മോദിയും അമിത് ഷായും സ്മൃതി ഇറാനിയും രാഹുലിനെതിരെ വർഷിക്കുന്ന വർഗ്ഗീയ വിഷത്തിൽ പൊതിഞ്ഞ വിമർശംതന്നെ പൊടിപോലും തട്ടാതെ കോടിയേരി ഉന്നയിക്കുന്നു.

ഇടതുപക്ഷം ബി.ജെ.പി അപരനോ?

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിനിർണ്ണായകമായ തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്നും അപകടത്തിലായിരിക്കുന്നത് മതനിരപേക്ഷ - ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാവിതന്നെയാണെന്നും മുന്നറിയിപ്പു നൽകിയാണ് സി.പി.എം തെരഞ്ഞെടുപ്പു പത്രിക തുടങ്ങുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിലുള്ള പ്രാഥമിക കർത്തവ്യം മോദി ഗവണ്മെന്റിന്റെ പരാജയം ഉറപ്പുവരുത്തലും ഒരു ബദൽ മതനിരപേക്ഷ സർക്കാർ സ്ഥാപിക്കാൻ ജനവിധി നൽകലുമാണെന്നും പ്രകടന പത്രിക ആഹ്വാനംചെയ്യുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് കേരളത്തിൽനിന്നു മടങ്ങുംമുമ്പ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രണ്ടുകാര്യങ്ങൾ മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി: തെരഞ്ഞെടുപ്പു കഴിഞ്ഞശേഷമേ ബദൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ സി.പി.എമ്മിന് നിലപാടെടുക്കാൻ കഴിയൂ. ഏപ്രിൽ 18ന് രാഹുൽ മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് യെച്ചൂരി എത്തും.

മദമിളകി സർവ്വതും തകർത്തുവരുന്ന മോദി ഗവണ്മെന്റിനെ തളക്കേണ്ടത് ഈ തെരഞ്ഞെടുപ്പിലാണ്; യെച്ചൂരി പറയുംപോലെ അതുകഴിഞ്ഞല്ല. ബദൽ സർക്കാറിനുള്ള സാദ്ധ്യത വോട്ടർമാരെ ബോദ്ധ്യപ്പെടുത്താനുള്ളതാണ് തെരഞ്ഞെടുപ്പ്. ഇതുപോലൊരു തെരഞ്ഞെടുപ്പുനയം സി.പി.എം മുമ്പ് സ്വീകരിച്ചിട്ടില്ല. 2004ൽ മതനിരപേക്ഷ ഗവണ്മെന്റ് രൂപീകരിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് പറയുമ്പോൾ കോൺഗ്രസ് നേതൃത്വവുമായി സി.പി.എം ചർച്ച നടത്തുകയും ചില ധാരണകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി ഇടത് പാർട്ടികൾ വേദി പങ്കിടുകപോലും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു കഴിഞ്ഞ് യു.പി.എ ഗവണ്മെന്റ് രൂപീകരിക്കുന്നതിൽ കാർമ്മികത്വം വഹിച്ചത് ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് ആയിരുന്നു. മിനിമം പരിപാടി തയ്യാറാക്കുന്നതിലും സ്പീക്കറെ സംഭാവന ചെയ്യുന്നതിലും യു.പി.എ ഏകോപന സമിതിയിൽ അംഗമാകുന്നതിലും 'പുറത്തുനിന്നുള്ള' പിന്തുണ വളരുകയുണ്ടായി. 2004ൽ ലോക് സഭയിൽ ഇടതുപക്ഷത്തിന് 61 സീറ്റ് കിട്ടിയത് ആ ധാരണയിലാണ്. കേരളത്തിൽ യു.ഡി.എഫിനെ നേരിട്ട് 18 സീറ്റ് നേടിയത് ആ പശ്ചാത്തലത്തിലായിരുന്നു.

2019ൽ സി.പി.എം ഉദ്ദേശിക്കുന്ന മതനിരപേക്ഷ സർക്കാറിൽ കോൺഗ്രസും ശിഷ്ട യു.പി.എയുടെ ഘടകകക്ഷികളുമുണ്ടോ? ഉണ്ടെങ്കിൽ യു.പി.എയെ നയിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് വിജയിച്ചു വരേണ്ടത് ആ മതനിരപേക്ഷ മുന്നണിയുടെ വിജയത്തിനും സർക്കാർ രൂപീകരണത്തിനും കൂടിയേതീരൂ. കേരളമല്ലല്ലോ ഇന്ത്യ. രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സിനെയും ഉൾപ്പെടുത്താതെയുള്ള ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യത ജനങ്ങളുടെ മുമ്പിൽ വ്യക്തമാക്കേണ്ടത് ഇടതുപക്ഷ പാർട്ടികളുടെ സത്യസന്ധതയുടെയും വിശ്വാസ്യതയുടെയും പ്രശ്നമാണ്. കോൺഗ്രസിന്റെ കൂടെ നിൽക്കണമെന്നല്ല. കോൺഗ്രസ് ഇല്ലാതെ സർക്കാർ രൂപീകരിക്കുമെന്ന് ലോട്ടറി എടുക്കുന്നവന്റെ മനോവിചാരംപോലെയല്ല ജനാധിപത്യത്തിലെ രാഷ്ട്രീയ നിലപാടുകൾ.യെച്ചൂരി കേരളത്തിൽനിന്നു മടങ്ങുന്നത് നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വാരാണസി മണ്ഡലത്തിൽ തോല്പിക്കാനുള്ള പ്രചാരണ പ്രവർത്തനത്തിനാണെന്ന് സൂചനകളില്ല. പശ്ചിമ ബംഗാളിൽ ഈ രണ്ട് സീറ്റുകളിൽ കോൺഗ്രസിനും സി.പി.എമ്മിനും ധാരണയുണ്ടാക്കാൻ കഴിയാതെപോയതിന്റെ പ്രശ്നമാണെങ്കിൽ അക്കാര്യം വിശദീകരിക്കണം.

സീതാറാം യെച്ചൂരി ബംഗാളിൽനിന്ന് കോൺഗ്രസ് പിന്തുണയിൽ രാജ്യസഭയിൽ എത്തണമെന്ന് ബംഗാളിലെ കോൺഗ്രസ്സുകാരും സി.പി.എമ്മും ആഗ്രഹിച്ചു. വേണ്ടെന്നു സി.പി.എം കേന്ദ്രനേതൃത്വം തീരുമാനിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നുകൂടി ജനവിധി തേടണമെന്ന് കെ.പി.സി.സിയും കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗവും ആഗ്രഹിച്ചു. ഒടുവിൽ രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും അതംഗീകരിച്ചു. അതിൽ സി.പി.എമ്മും സി.പി.ഐയും പിണങ്ങേണ്ട കാര്യമില്ല. ഇടതു മുന്നണിയെ തോല്പിച്ച് രണ്ടുതവണ കോൺഗ്രസ് ജയിച്ച മണ്ഡലമാണ് വയനാട്. അതിന്റെ പേരിൽ മോദി ഗവണ്മെന്റിനെ താഴെയിറക്കണമെന്ന സി.പി.എം - സി.പി.ഐ കോൺഗ്രസുകളുടെ തീരുമാനം കുടമുടയ്ക്കുംപോലെ ഇടത് പാർട്ടികൾ തകർക്കുന്നതിന്റെ രാഷ്ട്രീയമാണ് അവർ ജനങ്ങളോട് വസ്തുതാപരമായി വിശദീകരിക്കാത്തത്.

ഇപ്പോൾ വയനാട്ടിൽ കാണുന്നത് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ഇടതുപക്ഷം നടത്തുന്ന നീക്കങ്ങളാണ്. യെച്ചൂരിയെവരെ അവിടെ കൊണ്ടുവരാൻ നിർബന്ധിക്കുന്നത് രാഹുലിന്റെ പരാജയം ഉറപ്പുവരുത്താനാണ്.

യെച്ചൂരിയുടെയും മറ്റ് സി.പി.എം നേതാക്കളുടെയും നിലപാടുകളിൽ ഇപ്പോഴും വൈരുദ്ധ്യം നിലനിൽക്കുന്നു. ഡൽഹിക്കു മടങ്ങുംമുമ്പ് മാദ്ധ്യമ പ്രവർത്തകരോട് യെച്ചൂരി പറഞ്ഞതിങ്ങനെ: ഇടതുപക്ഷത്തിനെതിരായ രാഹുൽ ഗാന്ധിയുടെ മത്സരം കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാറിനുള്ള ഇടതുപക്ഷ പ്രതിബദ്ധതയ്ക്കു തടസ്സമാകില്ല. അക്കാര്യത്തിൽ കിറുകൃത്യമായ മറുപടിയും വ്യക്തതയും വയനാട്ടിൽ നിന്നുതന്നെ രാഹുൽ ഗാന്ധി നൽകി: മുഖ്യശത്രു രാജ്യത്തെ വടക്കും തെക്കുമെന്നും കിഴക്കും പടിഞ്ഞാറുമെന്നും വിഭജിക്കുന്ന മോദിയും ബി.ജെ.പിയുമാണ്. ഇന്ത്യയുടെ ഐക്യം ഉറപ്പിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനുമാണ് വയനാട്ടിൽ സ്ഥാനാർത്ഥിയായിട്ടുള്ളത്. സി.പി.എം എത്ര കുറ്റപ്പെടുത്തിയാലും തിരിച്ചുപറയാനില്ല.

ആരുടെ വാക്കാണ് ജനങ്ങൾ വിശ്വസിക്കുന്നത് എന്നതിന്റെ യഥാർത്ഥ തെളിവാണ് രാഹുലിന് വയനാട്ടിൽ ലഭിച്ച ആവേശകരവും അത്യപൂർവ്വവുമായ വരവേൽപ്പ്. പക്ഷെ, സി.പി.എം സംസ്ഥാന നേതാക്കൾ രാഹുൽ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം കണ്ടില്ലെന്നു നടിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരായി വസ്തുതാപരമല്ലാത്തതും വ്യക്തിപരവുമായ വിമർശനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും കേന്ദ്രീകരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാഹുൽ ഗാന്ധിക്കെതിരെ ലേഖന പരമ്പരകളുടെ രചനയിലാണ് : മോദിയും അമിത് ഷായും സ്മൃതി ഇറാനിയും രാഹുലിനെതിരെ വർഷിക്കുന്ന വർഗ്ഗീയ വിഷത്തിൽ പൊതിഞ്ഞ വിമർശംതന്നെ പൊടിപോലും തട്ടാതെ കോടിയേരി ഉന്നയിക്കുന്നു. പേടികാരണം അമേഠിയിൽനിന്ന് പലായനം ചെയ്താണ് രാഹുൽ വയനാട്ടിലെത്തിയത്. ധീര പഴശിരാജയുടെ ഈ മണ്ണ് ഒളിച്ചോടിവരുന്ന ഭീരുവിനെ സ്വീകരിക്കില്ല. ഇന്ത്യയുടെ മതനിരപേക്ഷ ഐക്യത്തിന് വിള്ളൽ വീഴ്ത്തിയ നേതാവിന് കമ്മ്യൂണിസ്റ്റ് കരുത്ത് എന്തെന്നു ബോദ്ധ്യമാകും. സമ്മതിക്കാം. പക്ഷെ, തെക്കേ ഇന്ത്യയിൽ മത്സരിച്ചിട്ടാണോ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ദക്ഷിണേന്ത്യയോട് ഐക്യദാർഢ്യം കാട്ടിയതെന്ന കോടിയേരിയുടെ ചോദ്യം സഹതാപമുയർത്തുന്നു. തന്റെ നിയമസഭാമണ്ഡലം ഉൾപ്പെട്ട കൊല്ലം ലോക് സഭാ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എം.എ ബേബിപോലും ചോദിക്കുന്നു: അമേഠിക്കും റായ്ബറേലിക്കുമപ്പുറം ഒരു തരംഗവും സൃഷ്ടിക്കാനാവാത്ത രാഹുൽ ഗാന്ധി ഇവിടെ ദക്ഷിണേന്ത്യയിൽ എന്തു തരംഗമാണ് സൃഷ്ടിക്കുക.

ഇന്ത്യ സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു രാജ്യമായി നിലനിൽക്കണമോ എന്നുതന്നെയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അവതരിപ്പിച്ച് പാര്‍ട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിക്കുന്നത്. ജനങ്ങൾ ഭയമില്ലാതെ സ്വതന്ത്രരായി ജീവിക്കുകയും തൊഴിലെടുക്കുകയും പ്രാർത്ഥിക്കുകയും ആഹാരം കഴിക്കുകയും സ്നേഹിക്കുകയും ആഗ്രഹാനുസൃതം വിവാഹിതരാകുകയും ചെയ്യുന്ന ഒരു രാജ്യമായി നിലനിൽക്കണോ? ദാരിദ്ര്യത്തിൽനിന്നു മോചിതരായും അവരുടെ അഭിലാഷങ്ങൾ സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാനും അവർക്കു കഴിയേണ്ടേ. അതോ, ഒരു ബഹു- സംസ്‌ക്കാരത്തിന്റെ സത്തയായ ആരോഗ്യകരമായ അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളുടെ അവകാശങ്ങളും സ്ഥാപനങ്ങളും കീഴ്വഴക്കങ്ങളും വിനാശകരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഭരണത്തിൻകീഴിൽ ചവിട്ടിയരക്കപ്പെടണമോ?

രാഹുൽ തുടർന്നു പറയുന്നു: ഇന്ത്യ അതിന്റെ വളർച്ചയുടെ തിരകൾക്കൊപ്പം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമോ, വരുമാനത്തിന്റെയും ധനത്തിന്റെയും അധികാരത്തിന്റെയും കടുത്ത അസമത്വത്തിന്റെയും അടയാളങ്ങളില്ലാത്ത ഒരു രാജ്യമായി ഇന്ത്യ മാറുമോ? രൂക്ഷമായ തൊഴിലില്ലായ്മ, കൃഷിക്കാരുടെ കരച്ചിലും ഗുരുതരമായ പ്രതിസന്ധിയുടെ വേദനയും അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് നേരിട്ടറിഞ്ഞും സമാഹരിച്ചും പ്രകടനപത്രികയിൽ അവതരിപ്പിച്ചത് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. അവയ്ക്ക് സമയബന്ധിതമായ പരിഹാര മാർഗ്ഗങ്ങൾ എങ്ങനെ പ്രാവർത്തികമാക്കുമെന്നാണ് വിശദമാക്കുന്നത്.

കടങ്ങളുടെ പേരിൽ ക്രിമിനൽ കുറ്റവാളികളാക്കി കൃഷിക്കാരെ ജയിലിലടക്കുന്നത് തടയുക, ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്നതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ മിനിമം വരുമാന നിർണ്ണയവും സർക്കാർ ബാദ്ധ്യതയും ഉറപ്പുവരുത്തുക- തുടങ്ങി ബൃഹത്തായ നിരവധി മേഖലകളിൽ തിരുത്തും മാറ്റവും പ്രകടനപത്രിക ഉറപ്പുനൽകുന്നു. ഇതു സംബന്ധിച്ച സംവാദത്തിന് പ്രധാനമന്ത്രിയും ഇടതുപക്ഷവും ഒരുപോലെ തയ്യാറല്ല. പകരം രാജ്യരക്ഷ അപകടപ്പെടുത്തുന്ന ഭീകരവാദത്തെയും ശത്രുരാജ്യത്തെയും സഹായിക്കുകയാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി. പ്രകടനപത്രിക അപ്രായോഗികമെന്ന് ഇടതുപക്ഷം.

ആശയങ്ങളുടെ അവതരണവും സംവാദവുമാണ് തെരഞ്ഞെടുപ്പു രംഗത്തെ യഥാർത്ഥ ജനാധിപത്യ പ്രക്രിയ. അതിനുപകരം ഹിന്ദുക്കളെ അപമാനിക്കുകയും ന്യൂനപക്ഷങ്ങളെയും ഭീകരരെയും സഹായിക്കുകയും ചെയ്യുന്ന അപകടകാരികളെന്ന് കോൺഗ്രസ്സിനെയും അതിന്റെ നേതൃത്വത്തെയും മോദിയും ബി.ജെ.പിയും കടന്നാക്രമിക്കുന്നു. കർഷക- ന്യൂനപക്ഷ വിരുദ്ധ- മൃദു ഹിന്ദുത്വ രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മുന്നോട്ടുവെക്കുന്നതെന്ന് ഇടതുപക്ഷവും പറയുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശ് ഉൾപ്പെടെ മൂന്ന് ബി.ജെ.പി സംസ്ഥാനങ്ങൾ പിടിച്ചെടുത്ത കോൺഗ്രസ് ദുർബ്ബലമാണെന്ന് കേരളത്തിൽ ഒതുങ്ങിപ്പോയ ഇടതുപക്ഷം വാദിക്കുന്നു. കോൺഗ്രസ്സിന്റെ പ്രകടനപത്രികയും സ്ഥാനാർത്ഥികളുടെ അവതരണവും ഒടുവിൽ രാഹുൽതന്നെ ഇന്ത്യയുടെ ഐക്യം സംരക്ഷിക്കാൻ സ്വയം കേരളത്തിൽ മത്സരത്തിന് ഇറങ്ങിയതും പരമ്പരാഗത രാഷ്ട്രീയ ചേരികളുടെ മതിൽകെട്ടുകൾ കേരളത്തിൽ മായ്ക്കുകയാണ്. യു.ഡി.എഫിന്റെയടക്കം കണക്കുകൂട്ടലുകൾ തെറ്റിച്ച അതിന്റെ പ്രകടനമാണ് കൽപ്പറ്റയിൽ രാഹുലിനും പ്രിയങ്കയ്ക്കും ലഭിച്ച വരവേൽപ്പ്. അതിന്റെ പ്രതിഫലനം സാംസ്‌ക്കാരിക തലത്തിലും വ്യാപകമാകുകയാണ്. രാഹുൽ ഗാന്ധിയെ ജയിപ്പിക്കണമെന്ന് സച്ചിദാനന്ദനെപ്പോലുള്ളവരുടെ നിലപാടുകൾക്കു പിറകെ മലയാളത്തിന്റെ സർവ്വാദരണീയയായ എഴുത്തുകാരി എം. ലീലാവതിടീച്ചർ രാഹുലിനെ വിജയിപ്പിക്കണമെന്നു കവിതഎഴുതി.

കേരളത്തിന്റെ പുതിയ രാഷ്ട്രീയ വികാരമാണ് ഇത് വെളിപ്പെടുത്തുന്നത്.

Read More >>