ഉത്തരങ്ങള്‍ക്കനുസൃത ചോദ്യങ്ങള്‍

അധികാരമേറ്റതിന് ശേഷമുള്ള കഴിഞ്ഞ 55 മാസവും രാജാവിന് പറയാനുള്ളത് മുറതെറ്റാതെ മാസാമാസം മോദി റേഡിയോ വഴി പ്രജകളെ അറിയിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അതു പക്ഷേ 'മന്‍കി ബാത്ത്'ആണ്. അഥവാ പ്രജാപതിയുടെ മനസ്സില്‍ തോന്നിയത് പ്രജകളെ വിളംബരം ചെയ്ത് അറിയിക്കുന്ന ഏര്‍പ്പാടാണെന്ന് മാത്രം

ഉത്തരങ്ങള്‍ക്കനുസൃത ചോദ്യങ്ങള്‍

ഞാന്‍ അര്‍ണബ് ഗോസ്വാമിയുമായി തുറന്നുപറഞ്ഞത് എന്താണെന്ന് രാഷ്ട്രത്തിന് അറിയാന്‍ താല്പര്യമുണ്ടോ? എങ്കില്‍, ആറു മണിമുതല്‍ ടൈംസ് നൗ കാണുക എന്ന് ട്വീറ്റ് ചെയ്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകനെ 'നേരില്‍' കണ്ടത്. ഇത് ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമാണ്. 2016 ജൂണ്‍ 27ന് 5:22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ട്വിറ്റര്‍ സന്ദേശം കുറിച്ചത്. 2014 മെയ് 26ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായി ഒരു മാദ്ധ്യമ പ്രവര്‍ത്തകന് പ്രധാനമന്ത്രിയെ അഭിമുഖം ചെയ്യാന്‍ ലഭിച്ച 'സുവര്‍ണ്ണാവസരം' അര്‍ണബ് ഗോസ്വാമി എന്ന സംഘപരിവാര്‍ മാദ്ധ്യമ പ്രവര്‍ത്തകന് ലഭിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എങ്കിലും അതൊരു 'സൗഭാഗ്യം' തന്നെയാണ്. അധികാരമേറ്റതിന് തൊട്ട് പിന്നാലെ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിന് ശേഷം ആദ്യമായാണ് മോദി ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയത്. അതിനു ശേഷം രാജ്യത്തെ പ്രജകള്‍ നീണ്ട രണ്ടു വര്‍ഷം കാത്തിരുന്നു, ആ പ്രജാപതിയുമായി ഒന്ന് മിണ്ടിപ്പറയാന്‍. അവസാനം, 2019 പിറന്നതോടെ, രാജ്യം വീണ്ടും ഒരു തെരഞ്ഞടുപ്പിന്റെ വാതില്‍പ്പടിക്കല്‍ എത്തിനില്‍ക്കെ, പ്രജകള്‍ക്ക് പ്രജാപതിയുമായി നേരിട്ടൊന്ന് സംസാരിക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചു, മറ്റൊരു 'ഭാഗ്യവതിയായ' മാദ്ധ്യമ പ്രവര്‍ത്തകയിലൂടെ രാജ്യത്തെ പ്രജകള്‍ അദ്ദേഹവുമായി സംസാരിച്ചിരിക്കുന്നു. അധികാരമേറ്റതിന് ശേഷമുള്ള കഴിഞ്ഞ 55 മാസവും രാജാവിന് പറയാനുള്ളത് മുറതെറ്റാതെ മാസാമാസം മോദി റേഡിയോ വഴി പ്രജകളെ അറിയിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അതു പക്ഷേ 'മന്‍കി ബാത്ത്'ആണ്. അഥവാ പ്രജാപതിയുടെ മനസ്സില്‍ തോന്നിയത് പ്രജകളെ വിളംബരം ചെയ്ത് അറിയിക്കുന്ന ഏര്‍പ്പാടാണെന്ന് മാത്രം. പ്രജകളുടെ ക്ഷേമാന്വേഷണത്തിന് പ്രജാപതിയുടെ ഭരണത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അദ്ദേഹം എല്ലാ സാമ്രാജ്യത്തിലും ഒരു റേഡിയോ തന്നെയാണ്. വിവര സാങ്കേതിക വിദ്യ വികസിക്കാത്ത പഴയ കാലത്ത് രാജ വിളംബരം ചെണ്ടകൊട്ടിയാണ് അറിയിച്ചിരുന്നതെന്നത് കൊണ്ട് ഇക്കാലത്തും അങ്ങനെ വേണമെന്ന് വാശിപ്പിടിക്കരുതല്ലോ- ചെണ്ടക്കൊട്ടി വിളംബരം പുറപ്പെടുവിച്ചിരുന്ന കൊട്ടാര ഉദ്യോഗസ്ഥരോട് തിരിച്ച് ചോദിക്കാന്‍ അന്ന് അവസരമുണ്ടായിരുന്നൊ എന്നറിയില്ല.

എന്നാല്‍, ആദ്യമായി അഭിമുഖം നടത്തിയ അര്‍ണബ് ഗോസ്വാമിയും പുതിയ കാലത്ത് പതിവ് തെറ്റിച്ചിട്ടില്ല. തനിക്ക് മുന്‍പില്‍ കിട്ടുന്ന 'ഇര'കളെ അട്ടഹാസം കൊണ്ടു ആക്രമിക്കുന്ന സ്വാമി പക്ഷെ പ്രധാനമന്ത്രിയെ നേരിട്ടത് മന്ദഹാസവുമായാണ്. മോദിയുമായി നടത്തിയ അഭിമുഖത്തില്‍ രാജ്യം നേരിടുന്ന ഒരു പ്രധാന വിഷയവും അര്‍ണബ് ചോദിച്ചില്ലെന്നാണ് അന്ന് വിമര്‍ശകര്‍ ഉയര്‍ത്തിയ ആക്ഷേപം.

ആള്‍ക്കൂട്ടാക്രമണങ്ങളും തല്ലിക്കൊലകളും രാജ്യത്ത് നടമാടിയ കാലത്ത് അതു സംബന്ധിച്ച ഒരു ചോദ്യവും ഉന്നയിക്കാതെ മോദിക്ക് മുന്നില്‍ വിനീത വിധേയനായി ഇരുന്നുകൊടുക്കുകയായിരുന്നു കൊട്ടാരം വിദൂഷകനായ അര്‍ണബ് എന്നായിരുന്നു വിമര്‍ശനം. ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ സംഘപരിവാര്‍ ക്രിമിനലുകള്‍ തല്ലിക്കൊന്ന സംഭവം മുതല്‍ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന മോദിയോട് ഇതുസംബന്ധിച്ച് ഒരു ചോദ്യവും അര്‍ണബ് ഉന്നയിച്ചില്ല. ദിനംപ്രതി ടൈംസ് നൗവിലെ രാത്രി ചര്‍ച്ചകളില്‍ 'നേഷന്‍ വാണ്‍ട്സ് ടു നോ' എന്ന് അതിഥികള്‍ക്ക് നേരെ ആക്രോശിക്കുന്ന അര്‍ണബ്, പക്ഷേ, മോദിക്ക് മുന്നില്‍ നിശബ്ദനായി.

2019ലെ 'ഭാഗ്യവതി'യും പ്രധാനമന്ത്രിക്ക് മുന്നില്‍ ഓച്ചാനിച്ചു നിന്നുവെന്നാണ് വിമര്‍ശനം. സംഭവത്തെ ഒരു കാര്‍ട്ടൂണിസ്റ്റ് വരയിലാക്കിയത് ഇങ്ങിനെയായിരുന്നു- ഇതാ എന്റെ ഉത്തരങ്ങള്‍ ഇതിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിച്ചോളൂ എന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി മോദി, അഭിമുഖം നടത്തിയ മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് ഒരു പേപ്പര്‍ തുണ്ട് നല്‍കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

എന്നാല്‍, ഇക്കുറി മുസ്ലിംകള്‍ക്കിടയിലെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗം അവിവേകികള്‍ നടത്തിവരുന്ന മുത്തലാഖ് എന്ന അനാചാരവും കേരളത്തിലെ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആചാരവും എല്ലാം പ്രധാനമന്ത്രി തന്റെ അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിലും അഭിമുഖം ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകയുടെ വായ 'അടപ്പിക്കുന്ന' മറുപടിയാണ് മോദി നല്‍കിയത്. മുത്തലാഖ് സമ്പ്രദായത്തിന് ഇരയാവുന്ന സ്ത്രീയുടേത് ലിംഗ സമത്വത്തിന്റെ വിഷയമാണെന്നും ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്ന സ്ത്രീ നേരിടുന്നത് ലിംഗസമത്വമായി കാണാനാവില്ലെന്നുമാണ് മോദി കണ്ടെത്തിയിരിക്കുന്നത്. ഇത്തരമൊരു വിശദീകരണം ലഭിച്ചാല്‍ പിന്നെ നമ്മുടെ മാദ്ധ്യമ പ്രവര്‍ത്തക തിരിച്ച് എന്ത് ചോദിക്കാന്‍? അഭിമുഖത്തില്‍ മറുചോദ്യം ചോദിക്കാന്‍ പാടില്ല എന്നത് മാദ്ധ്യമ ധര്‍മ്മമാണല്ലേ, പ്രത്യേകിച്ച് ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ മറുചോദ്യത്തിന് പ്രസക്തിയില്ലെന്ന് അറിയാത്തവരല്ല മാദ്ധ്യമ പ്രവര്‍ത്തകര്‍. മാദ്ധ്യമപ്രവര്‍ത്തനവും അന്നം തേടാനുള്ള ഒരു വഴി മാത്രമാവുമ്പോള്‍ പ്രത്യേകിച്ചും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മണിപ്പൂരിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്കോം ദേശീയ സുരക്ഷ നിയമ പ്രകാരം തടവിലുള്ള രാജ്യത്ത് വിശേഷിച്ചും.

2007ലെ ഒരു അഭിമുഖമാണ് നരേന്ദ്ര മോദിയ്ക്ക് മാദ്ധ്യമങ്ങളെ പേടിയാവാന്‍ കാരണം. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന് ശേഷം അഭിമുഖം എന്നു കേള്‍ക്കുന്നത് പോലും മോദിക്ക് ഭയമാണെന്നാണ് സംസാരം. 2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ടാംതവണ പ്രചാരണത്തിന് ഇറങ്ങിയ വേളയില്‍ മോദിയുമായി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖമാണ് മോദിയെ മാദ്ധ്യമങ്ങളുടെ ശത്രുവാക്കിയത്. കരണ്‍ ഥാപ്പര്‍ അഭിമുഖം ആരംഭിച്ച് മൂന്നു മിനിറ്റിനുള്ളില്‍ അദ്ദേഹം ഇറങ്ങിപ്പോയി. ആദ്യ മിനിറ്റില്‍ തന്നെ ഥാപ്പര്‍ മോദിയെ ശരിക്കും വെള്ളം കുടിപ്പിച്ചു. കാരണം, ഉത്തരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയുള്ള അഭിമുഖമായിരുന്നില്ല. 'എനിക്കു വിശ്രമിക്കണം. എനിക്കല്പം വെള്ളം വേണം' എന്നു പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി അന്ന് കരണ്‍ ഥാപ്പറുടെ മുന്നില്‍ നിന്ന് പ്രേക്ഷകര്‍ കാണെ ഇറങ്ങിപ്പോയത്. 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെയായിരുന്നു മോദിയുടെ ഇറങ്ങിപ്പോക്ക്.

സാര്‍, ഇനിയെങ്കിലും ഒരു പത്രസമ്മേളനം നടത്തൂ, അതിനുള്ള സമയമായിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന ബി.ജെ.പി നേതാവും കടുത്ത മോദി വിമര്‍ശകനുമായ ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ വിലാസം അഭിമുഖത്തിന് ശേഷം ആവശ്യപ്പെട്ടത്. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണെന്നും എന്നും നന്നായി റിഹേഴ്സല്‍ നടത്തിയാണ് ഇത് എടുത്തതെന്നുമാണ് ഇപ്പോഴും ലോക്സഭയിലെ ബി.ജെ.പി അംഗമായ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞത്. നേരിട്ടുള്ള ചോദ്യങ്ങളെ നേരിടാന്‍ കഴിവുള്ള ഒരു നേതാവ് എന്ന നിലയില്‍ താങ്കളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്നാണ് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, അതിന് കുറേ ഗ്ലാസ് വെള്ളവും ഏറെ വിശ്രമവും ആവശ്യമാണെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ദോഷൈക ദൃക്കുകള്‍ പരിഹസിച്ചത്.

ഞങ്ങള്‍ക്കറിയാം നിങ്ങള്‍ക്ക് മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ താല്പര്യമില്ലെന്ന്. പക്ഷെ നിങ്ങള്‍ ആ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയുടേയും അനുഭവസമ്പത്തുള്ള മാദ്ധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരിയുടേയും ചോദ്യങ്ങള്‍ക്കെങ്കിലും (റഫാല്‍ വിഷയം ഉദ്ദേശിച്ച്) മറുപടി പറയണം. അഭിമുഖത്തില്‍ താങ്കളുടെ ശരീരഭാഷ ഒതുക്കമുള്ളതായിരുന്നു. പക്ഷെ പ്രകടനം മുന്‍ പ്രകടനങ്ങളുടെ അത്ര പോരാ. ഇതിനു മുമ്പുള്ള എല്ലാ പ്രധാനമന്ത്രിമാരും ഒരു വാര്‍ത്താസമ്മേളനമെങ്കിലും നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ നാലര വര്‍ഷത്തിലധികമുള്ള ഭരണത്തില്‍ താങ്കള്‍ ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ല. ഇത് എന്തുകൊണ്ടാണ് സാര്‍. സര്‍ക്കാരിന്റെ ഏജന്റുമാരെ പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്കു പകരം വസ്തുനിഷ്ഠമായി പ്രവര്‍ത്തിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുമായി സംവദിക്കൂ. താങ്കളുടെ രാജാ ദര്‍ബാര്‍ മനോഭാവം മാറ്റൂ. തുടങ്ങിയ വിമര്‍ശനമാണ് സിന്‍ഹ ട്വിറ്ററിലൂടെ നടത്തിയത്. സബ് കാ സാഥ്, സബ് കാ വികാസ് എന്നൊക്കെ പറഞ്ഞിട്ടും എന്തുകൊണ്ടാണ് സഖ്യകക്ഷികള്‍ നമ്മെ വിട്ടുപോകുന്നതെന്ന ചോദ്യവും, ഈ പുതിയ വര്‍ഷം കരുത്തോടെയും സത്യസന്ധതയോടെയും അധികം നാടകീയതയില്ലാതെയും പ്രവര്‍ത്തിക്കണം എന്ന ഉപദേശവും അദ്ദേഹം മോദിക്ക് നല്‍കുന്നുണ്ട്. ഒരു സുഹൃത്ത്, സഹപ്രവര്‍ത്തകന്‍, സഹോദരന്‍ എന്ന നിലകളിലെല്ലാം താന്‍ ഉപദേശിക്കുകയാണ്. ഇത് താങ്കള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യും. അതേസമയം ഇത് താങ്കള്‍ തള്ളിക്കളയുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തു, ജനാധിപത്യം നീണാല്‍ വഴട്ടെ എന്ന മുദ്രാവാക്യവും മുഴക്കിയാണ് ശത്രുഘ്നന്‍ സിന്‍ഹ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read More >>