പത്രങ്ങള്‍ക്കു പരസ്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം

പരസ്യം നിഷേധിക്കപ്പെട്ട രണ്ടു പത്രങ്ങളും ഏതെങ്കിലും ഭീകരവാദിസംഘത്തിന്റെ പത്രങ്ങളല്ല. അവ ഉത്തരവാദിത്തബോധത്തോടെ വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളാണ്. എന്തെങ്കിലും കേസ്സുകളോ നിയമനടപടികളോ അവർക്കെതിരെ നിലവിലില്ല. നല്ല തോതിൽ പ്രചാരമുള്ള പത്രങ്ങളുമാണ്. തീർച്ചയായും, മനുഷ്യാവകാശലംഘനങ്ങൾക്കും മറ്റു നീതിനിഷേധങ്ങൾക്കും എതിരെ പൊരുതുക എന്ന അടിസ്ഥാനപരമായ മാദ്ധ്യമ ഉത്തരവാദിത്തം ഈ പത്രങ്ങൾ നിർവ്വഹിക്കുന്നുണ്ട് എന്നതു സത്യമാണ്. സർക്കാർ പരസ്യം നിഷേധിക്കുന്നതിന് ഇതു കാരണമായിക്കൂടാ.

പത്രങ്ങള്‍ക്കു പരസ്യം  നിഷേധിക്കുന്നത്   ഭരണഘടനാ വിരുദ്ധം

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നല്ലൊരു ഭാഗം ദിനപത്രങ്ങൾ ഒന്നാം പേജ് ഏതാണ്ട് മുഴുവൻ ഒഴിച്ചിട്ടാണ് പുറത്തിറങ്ങിയത്. ഈ ഒഴിച്ചിടൽ കശ്മീർ എഡിറ്റേഴ്‌സ് ഗിൽഡിന്റെ തീരുമാനപ്രകാരമായിരുന്നു. എന്തുകൊണ്ടാണ് ഒഴിച്ചിടുന്നത് എന്ന് ഒരു പ്രസ്താവനയിൽ പത്രങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഈ ഒഴിച്ചിടൽ അടിയന്തരാവസ്ഥയുടെ ആദ്യനാളുകളിൽ എഡിറ്റോറിയൽ ഭാഗം ഒഴിച്ചിട്ട് നിരവധി പത്രങ്ങൾ പുറത്തിറങ്ങിയത് ഓർമ്മിപ്പിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം പാടെ നിഷേധിക്കുന്ന, വാർത്തകളുടെ മേൽ സെൻസറിങ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ഒഴിച്ചിടൽ. ജമ്മു കശ്മീരിലെ ഒഴിച്ചിടലും വ്യത്യസ്തമല്ല.

ഗ്രെയ്റ്റർ കശ്മീർ, കശ്മീർ റീഡർ എന്നീ രണ്ടു പ്രമുഖ പത്രങ്ങൾക്ക് ആഴ്ചകളായി സംസ്ഥാനസർക്കാറിന്റെ പരസ്യങ്ങൾ നൽകുന്നില്ല. എന്തുകൊണ്ടാണ് നൽകാത്തത് എന്നു സർക്കാർ വിശദീകരിക്കുന്നുമില്ല. പരസ്യമില്ല, അത്രതന്നെ. കേന്ദ്രഭരണത്തിൻ കീഴിലാണ് ജമ്മു കശ്മീർ. അതുകൊണ്ടു തന്നെ കേന്ദ്രസർക്കാർ അറിഞ്ഞു കൊണ്ടുതന്നെയാവണം ഇങ്ങനെയൊരു തീരുമാനം ഉണ്ടായത് എന്നുവേണം കരുതാൻ. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഏതു ദിവസവും പ്രഖ്യാപിച്ചേക്കാം. അങ്ങനെ നോക്കുമ്പോൾ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ്, ഒരു സംസ്ഥാനത്തെ രണ്ടു പത്രങ്ങളെ സർക്കാർ നിയമവിരുദ്ധമായ രീതിയിൽ പ്രതികാരനടപടിക്ക് വിധേയമാക്കിയിരിക്കുന്നത്. വളരെ ഗൗരവമുള്ള ഈ പ്രശ്നം രാജ്യത്തെ മുഴുവൻ മാദ്ധ്യമങ്ങളും തങ്ങളുടെ സ്വന്തം പ്രശ്നം എന്ന നിലയിൽ കൈകാര്യം ചെയ്യേണ്ടതാണ്.

പരസ്യം നിഷേധിക്കപ്പെട്ട രണ്ടു പത്രങ്ങളും ഏതെങ്കിലും ഭീകരവാദിസംഘത്തിന്റെ പത്രങ്ങളല്ല. അവ ഉത്തരവാദിത്തബോധത്തോടെ വർഷങ്ങളായി പ്രസിദ്ധീകരിക്കുന്ന പത്രങ്ങളാണ്. എന്തെങ്കിലും കേസ്സുകളോ നിയമനടപടികളോ അവർക്കെതിരെ നിലവിലില്ല. നല്ല തോതിൽ പ്രചാരമുള്ള പത്രങ്ങളുമാണ്. തീർച്ചയായും, മനുഷ്യാവകാശലംഘനങ്ങൾക്കും മറ്റു നീതിനിഷേധങ്ങൾക്കും എതിരെ പൊരുതുക എന്ന അടിസ്ഥാനപരമായ മാദ്ധ്യമ ഉത്തരവാദിത്തം ഈ പത്രങ്ങൾ നിർവ്വഹിക്കുന്നുണ്ട് എന്നതു സത്യമാണ്. സർക്കാർ പരസ്യം നിഷേധിക്കുന്നതിന് ഇതു കാരണമായിക്കൂടാ.

ആർക്കെല്ലാം പരസ്യം നൽകണം എന്നു തീരുമാനിക്കാൻ പരസ്യം നൽകുന്ന ആൾക്ക് അവകാശമില്ലേ എന്ന ചോദ്യമുയരാം. സർക്കാർ പരസ്യം നൽകുന്നത് നികുതിപ്പണം ഉപയോഗിച്ചാണ്. നികുതിപ്പണം എങ്ങനെയെല്ലാം ചെലവഴിക്കണം എന്നത് ഒരു പൊതുനയത്തിലൂടെ മാത്രം തീരുമാനിക്കപ്പെടേണ്ടതാണ്. ഏതെങ്കിലും ഭരണാധികാരിക്ക് സ്വന്തം പോക്കറ്റിലെ പണം ചെലവാക്കുന്നതു പോലെ പൊതുപ്പണം ചെലവാക്കാൻ അധികാരമില്ല. അതിന് ആധാരമായി തത്ത്വങ്ങൾ വേണം, ചട്ടങ്ങൾ വേണം. കശ്മീരിൽ ഇങ്ങനെ എന്തെങ്കിലും ചട്ടമോ നിയമമോ എടുത്തു പറയാതെ, ഒന്നും പറയാതെയാണ് പരസ്യം നിഷേധിച്ചത്. പരസ്യം വാർത്തയാണോ, അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ എന്ന ചോദ്യവും ഉയരാം. പരസ്യം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നു എന്ന് ജുഡീഷ്യറി വിധിച്ചിട്ടുണ്ട്. ഇക്കാര്യം പ്രമുഖ നിയമകാര്യ പംക്തീകാരനായ എ.ജി നൂറാണി അടുത്ത ദിവസം എഴുതിയ ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ടാറ്റ പ്രസ് കേസ് എന്നറിയപ്പെടുന്ന ഒരു കേസ്സിൽ സുപ്രിം കോടതി വിധിച്ചത് ഇങ്ങനെയാണ്. 'ഇന്ത്യൻ പത്രങ്ങൾ അവയുടെ വരുമാനത്തിന്റെ 60-80 ശതമാനം പരസ്യങ്ങളിലൂടെയാണ് നേടുന്നത്. ഈ വരുമാനമാണ് പത്രത്തെ നിലനിർത്തുന്നത്. അതാണ് അഭിപ്രായസ്വാതന്ത്ര്യം എന്ന ഭരണഘടനാദത്തമായ അവകാശം ഉപയോഗിക്കാൻ അവയ്ക്ക് പ്രാപ്തിയേകുന്നത്. ഇതു നിഷേധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിനു തുല്യമാണ്.' ഇതിലേറെ വ്യക്തമായി ഈ കാര്യം വിശദീകരിക്കേണ്ടതില്ല. രണ്ടു പത്രങ്ങൾക്ക് പരസ്യം നിഷേധിച്ച നടപടി ഭരണഘടനാ വിരുദ്ധമാണ്.

ഒരു ജനാധിപത്യവ്യവസ്ഥയിൽ സർക്കാർ പൊതുപ്പണം നൽകി പരസ്യം പ്രസിദ്ധപ്പെടുത്തുന്നതിൽ സാധാരണമായ പരസ്യം നൽകലിന് അപ്പുറമുള്ള ഒരു ഭരണഘടനാ ചുമതലയുടെ നിർവ്വഹണവും ഉണ്ട് എന്നാണ് ഇതിനർത്ഥം. ജനാധിപത്യത്തിലെ മറ്റു മൂന്നു നെടുംതൂണുകളായ എക്‌സിക്ക്യൂട്ടീവും ലജിസ്ലേച്ചറും ജുഡീഷ്യറിയും പൂർണ്ണമായി നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത്. നാലാമത്തെ നെടുംതൂൺ പൂർണ്ണമായി സ്വകാര്യമൂലധനം കൊണ്ടാണ് നിലനിൽക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യമുൾപ്പെടെയുള്ള ജനാധിപത്യഭരണക്രമത്തിന്റെ അടിസ്ഥാന കടമകൾ നിർവ്വഹിക്കുന്ന മാദ്ധ്യമം എന്ന സ്ഥാപനത്തിന് പരസ്യം എന്ന സബ്‌സിഡിയോടെ മാത്രമേ നിലനിൽക്കാനാവൂ. പരസ്യത്തിലൂടെ സർക്കാറുകൾ നൽകുന്ന പിൻബലം നീതിപൂർവ്വകമായ രീതിയിൽ ജനാധിപത്യാവകാശങ്ങൾ പുലർത്തുന്നതിന് മാദ്ധ്യമങ്ങളെ സഹായിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ്. പൊതുപ്പണം ചെലവാക്കുന്നതിനുള്ള മറ്റെല്ലാ വ്യവസ്ഥകളും മര്യാദകളും ഇതിനും ബാധകമാണ്. കശ്മീരിൽ സംഭവിച്ചത് മുമ്പ് കേരളത്തിൽ സംഭവിച്ചതാണ്. മറ്റു സ്ഥാപനങ്ങൾ ഒന്നും അതിനെ ചെറുക്കാൻ മുന്നോട്ട് വരാതിരുന്നതു കൊണ്ട് ആ സ്ഥാപനം അടച്ചൂപൂട്ടേണ്ടി വന്നു. കശ്മീരിൽ സംഭവിച്ചതിനെ ജനാധിപത്യവിശ്വാസികൾ എന്നടങ്കം ചെറുത്തില്ലെങ്കിൽ അത് ഇന്ത്യയൊട്ടാകെ ആവർത്തിക്കപ്പെടും


ഒഴിഞ്ഞ താളുകളുമായി കശ്മീരിലെ പത്രങ്ങള്‍

Read More >>