പ്രതീക്ഷ പകരുന്ന ജനീവാ സമ്മേളനം

പ്രളയശേഷം പുനരധിവാസത്തിനു മുൻതൂക്കം നൽകിയ സർക്കാർ ഒരു പരിധിവരെ അതിൽ വിജയിച്ചിട്ടുണ്ട്. 14 ലക്ഷത്തോളം പേർ അഭയാർത്ഥികളായി മാറിയ പ്രളയസാഹചര്യത്തിൽ നിന്നു വേഗത്തിൽ തന്നെ മാറ്റമുണ്ടാക്കാനും തിരികെ അവരെ വീട്ടിലെത്തിക്കാനും സർക്കാരിനും പൊതുസമൂഹത്തിനും കഴിഞ്ഞു. എന്നാൽ പ്രളയം കഴിഞ്ഞ് ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും ഒറ്റപ്പെട്ടതെങ്കിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂട. സ്വന്തം വീടും പുരയിടവും പ്രളയത്തിൽ തകർന്നൊലിച്ചു പോയവർ. അവർക്കു പോകാനിടമില്ല. പുറമ്പോക്കുകളിൽ കഴിഞ്ഞ, വാടക കെട്ടിടങ്ങളിൽ കഴിഞ്ഞ നൂറുകണക്കിനാളുകൾ ഇപ്പോഴും പെരുവഴിയിലാണ്. പ്രളയാഘാതം നേരിട്ടവരിൽ സിംഹഭാഗവും മോചിതരായി, സുരക്ഷിതമായി മാറിയെങ്കിലും തെരുവിലിറക്കപ്പെട്ട കുറേ പേർ ഇപ്പോഴും കണ്ണീർവാർക്കുകയാണ്. അതു പരിഹരിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.

പ്രതീക്ഷ പകരുന്ന ജനീവാ സമ്മേളനം

പ്രളയത്തിനൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത ജനതയാണ് മലയാളികൾ. ഇക്കാര്യം ജനീവയിലെ ആഗോള പുനർനിർമ്മാണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുമ്പോൾ ഒരളവോളം നമുക്കു അഭിമാനിക്കാം. ഒറ്റമനസായി പ്രളയത്തെ നേരിട്ടവരെന്ന നിലയിൽ. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിൽ 453 പേരുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നുലക്ഷത്തോളം വീടു പൂർണമായോ ഭാഗികമായോ തകർന്നു. 1.4 ലക്ഷം ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. അടിസ്ഥാന സൗകര്യമേഖലയിലുൾപ്പെടെ കനത്ത നാശവും നഷ്ടവുമുണ്ടായി. കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ പ്രാണനു വേണ്ടി കൈനീട്ടിയവർക്കു മുന്നിൽ കേരളം പകച്ചു നിന്നില്ല. ജാതിയും മതവും മറന്നു രക്ഷാ ദൗത്യവുമായി നാടൊന്നാകെ ഇറങ്ങി. സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മറികടന്നുകൊണ്ടുള്ള സേവനമാണ് പ്രളയമേഖലയിലുണ്ടായത്. അവിടെ വിഭാഗീയതയോ വിദ്വേഷമോ ആരിലും കണ്ടില്ല. കാതങ്ങൾ അകലെയുള്ള, കടൽത്തീരത്തെ മത്സ്യത്തൊഴിലാളികൾവരെ കേരളത്തെ കരകയറ്റാൻ ഓടിയെത്തി. ഈ നന്മയുടെ അടയാളം ലോകത്തിനു മുന്നിൽ അറിയിക്കുക തന്നെ വേണം. അതും പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ എങ്ങനെ ശാസ്ത്രീയവും സമഗ്രവുമായി നേരിടാമെന്നു ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ. അതു ഭംഗിയായി നിർവഹിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനം അർഹിക്കുന്നു. ജനീവ സമ്മേളനത്തിൽ കേരളം നടത്തിയ പ്രളയാനുഭവങ്ങളുടെ പങ്കുവെയ്പ് നമ്മുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു ദിശാബോധവും വേഗവും നൽകുമെന്നു പ്രതീക്ഷിക്കാം.

അതേസമയം ചില യാഥാർത്ഥ്യങ്ങൾ ​ഗൗരവമായ പരി​ഗണനയ്ക്കു വരേണ്ടതുമുണ്ട്. എത്രതന്നെ ന്യായീകരിച്ചാലും നിഷേധിച്ചാലും, ആരംഭഘട്ടത്തിൽ നിൽക്കുകയാണ് പുനർനിർമ്മാണം. പശ്ചാത്തല സൗകര്യ മേഖലയിൽ റോഡുഗതാഗതം ഏറെകുറെ പുന:സ്ഥാപിക്കാനും നവീകരിക്കാനും സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായി നഷ്ടം സംഭവിച്ചവർക്കുള്ള പരിഹാര നടപടികളും പൂർത്തിയാക്കാനായി. എന്നാൽ കാർഷിക, വ്യാപാര, വ്യവസായ മേഖലയിലെ ഭീമമായ നഷ്ടം പരിഹരിക്കാനോ പൂർവ്വ സ്ഥിതിയിലെത്തിക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റം, പരിസ്ഥിതി ആഘാതം, തകർന്ന വാസസ്ഥലങ്ങളും കെട്ടിടങ്ങളും പുനർനിർമ്മിക്കൽ തുടങ്ങി പ്രഥമപരിഗണന നൽകേണ്ട പല മേഖലകളിലും അലംഭാവം പ്രകടമാണ്. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കുന്നതിനിടയിൽ കേരളത്തിന്റെ മൊത്തം സാമ്പത്തിക, സാമൂഹ്യ മേഖലയെ ബാധിക്കുന്ന വിഷങ്ങളിൽ മെല്ലെപ്പോക്കുണ്ടായി. രാഷ്ട്രീയ വിവാദങ്ങളും പിന്നാലെയെത്തിയ ലോകസ്ഭാ തെരഞ്ഞെടുപ്പും പ്രളയത്തെ മറക്കുന്ന സാഹചര്യം വരെ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടത്തിൽ പ്രളയം ഭരണ-പ്രതിപക്ഷ മുന്നണികൾക്കു വിഷയം പോലുമായില്ല.

പ്രളയശേഷം പുനരധിവാസത്തിനു മുൻതൂക്കം നൽകിയ സർക്കാർ ഒരു പരിധിവരെ അതിൽ വിജയിച്ചിട്ടുണ്ട്. 14 ലക്ഷത്തോളം പേർ അഭയാർത്ഥികളായി മാറിയ പ്രളയസാഹചര്യത്തിൽ നിന്നു വേഗത്തിൽ തന്നെ മാറ്റമുണ്ടാക്കാനും തിരികെ അവരെ വീട്ടിലെത്തിക്കാനും സർക്കാരിനും പൊതുസമൂഹത്തിനും കഴിഞ്ഞു. എന്നാൽ പ്രളയം കഴിഞ്ഞ് ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും ഒറ്റപ്പെട്ടതെങ്കിലും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂട. സ്വന്തം വീടും പുരയിടവും പ്രളയത്തിൽ തകർന്നൊലിച്ചു പോയവർ. അവർക്കു പോകാനിടമില്ല. പുറമ്പോക്കുകളിൽ കഴിഞ്ഞ, വാടക കെട്ടിടങ്ങളിൽ കഴിഞ്ഞ നൂറുകണക്കിനാളുകൾ ഇപ്പോഴും പെരുവഴിയിലാണ്. പ്രളയാഘാതം നേരിട്ടവരിൽ സിംഹഭാഗവും മോചിതരായി, സുരക്ഷിതമായി മാറിയെങ്കിലും തെരുവിലിറക്കപ്പെട്ട കുറേ പേർ ഇപ്പോഴും കണ്ണീർവാർക്കുകയാണ്. അതു പരിഹരിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.

ഊർജ്ജിതമായ ആലോചനകൾ നടന്നെങ്കിലും പുനർനിർമ്മാണ ഘട്ടത്തിലേക്കു കടക്കാനാകാത്തത്, കൃത്യമായ പദ്ധതി തയ്യാറാക്കാൻ വൈകിയതു കാരണമായിരുന്നു. ലോകബാങ്ക്, ഐക്യരാഷ്ട്രസഭാ വിഭാഗം തുടങ്ങിയ അന്തർദേശീയ ഏജൻസികളും സ്ഥാപനങ്ങളും ആത്മാർത്ഥമായ ഇടപെടൽ നടത്തി, പ്രളയനഷ്ടമുൾപ്പെടെ കണ്ടത്തുകയും പുനർനിർമ്മാണത്തിനാവശ്യമായ ധനശേഖരണത്തിനുള്ള വഴി കാട്ടിത്തരുകയും ചെയ്തു. അതേസമയം, അത്രയൊന്നും കാര്യക്ഷമതയുള്ള ഇടപെടൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം യാഥാർത്ഥ്യങ്ങൾ കൂടി മുന്നിൽ കണ്ടുള്ള ഇടപെടലാണ് ഇനി വേണ്ടത്. അതിനുള്ള ഊർജ്ജവും ദിശാബോധവും ജനീവയിൽ നിന്നും ലഭിച്ചിട്ടുണ്ടാവണം. കൂടുതൽ പഠിക്കാനും ഉൾക്കൊള്ളാനും മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ പുനർനിർമ്മാണ, ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും അതുപകരിക്കും. പ്രകൃതി ദുരന്തങ്ങളെ ഏറ്റവും മികച്ച സാങ്കേതിക സാദ്ധ്യതകളെ ഉപയോഗിച്ച് നേരിട്ടവരുടെ അനുഭവം പകർത്തുന്നത്, നമ്മുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു സഹായകരമാകും. ഫലത്തിൽ ജനീവയിലെ സമ്മേളന സാന്നിദ്ധ്യവും അവിടെ സംസ്ഥാനത്തിനു വേണ്ടി നടത്തിയ ഇടപെടലും പ്രതീക്ഷ പകരുന്നതായി. സംസ്ഥാനത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലും മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാർഗ്ഗങ്ങളും മനസ്സിലാക്കുന്നതിലും ലഭിച്ച അവസരം ഭാവി കേരളത്തിനു വേണ്ടി സമർത്ഥമായി ഉപയോഗിക്കുന്നിടത്താണ് ഭരണനേതൃത്വത്തിന്റെ കാര്യക്ഷമതയും ദീർഘവീക്ഷണവും വിജയിക്കുക. ഇനി അതാണ് മുഖ്യമന്ത്രിയിൽ നിന്നു പ്രതീക്ഷിക്കുന്നത്.

Read More >>