കെ.എം മാണി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം

ജനാധിപത്യത്തിൽ ഒരു ജനപ്രതിനിധി എന്നാൽ എന്ത് എന്നതിന്റെ ഒരു നിർവചനമാണ് കെ.എം മാണി, ഒരു പാഠപുസ്തകവുമാണ്

കെ.എം മാണി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകം

ഒരേ നിയോജകമണ്ഡലത്തെ അര നൂറ്റാണ്ടു കാലം, ഒരിക്കൽ പോലും തോൽക്കാതെ പ്രതിനിധീകരിച്ച എത്ര നിയമസഭാംഗങ്ങൾ കേരളത്തിലുണ്ട്? ഇല്ല, കെ.എം മാണി അല്ലാതെ ആരും ആ റെക്കോഡ് ഭേദിച്ചിട്ടില്ല. കേരളം ഭരിച്ച പാർട്ടികളുടെ അജയ്യരായ നേതാക്കൾക്കൊന്നും കഴിഞ്ഞിട്ടില്ലാത്ത ആ ബഹുമതി കെ.എം മാണി എന്ന ആ വ്യക്തിത്വത്തിന്റെ പല അപൂർവതകളിൽ ഒന്നു മാത്രമാണ്. എന്തു കൊണ്ടാണ് മാണിക്ക് ഇങ്ങനെ തുടരാൻ കഴിഞ്ഞത്? ഒരു പൊതു പ്രവർത്തകൻ എങ്ങനെ ജനങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യണം എന്നതിനുള്ള അപൂർവമായ മാതൃകയാണ് മാണി. എല്ലാ വീട്ടിലും കല്യാണത്തിനും ചാവടിയന്തരത്തിനും എത്തുക എന്നതാണ് ജനപ്രതിനിധിയുടെ ഒരേയൊരു യോഗ്യത എന്നു കരുതുന്ന പലരുമുണ്ട്. മാണി കല്യാണവും ചാവടിയന്തരവും മുടക്കാറില്ല. അങ്ങനെ ചെയ്യുന്നവർ വേറെ പലരും ഉണ്ടാവാം. പക്ഷേ, അത് അദ്ദേഹത്തിന്റെ പല വൈഭവങ്ങളിൽ ഒന്നു മാത്രമാണ്. ജനാധിപത്യത്തിൽ ഒരു ജനപ്രതിനിധി എന്നാൽ എന്ത് എന്നതിന്റെ ഒരു നിർവചനമാണ് കെ.എം മാണി, ഒരു പാഠപുസ്തകവുമാണ്.

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും നിയമനിര്‍മ്മാണത്തില്‍ വികാരപരവും പലപ്പോഴും രോഷാകുലനുമായി ഇടപെടുകയും ചെയ്തു അദ്ദേഹം. മാണി അധിക കാലമൊന്നും കോടതിയിൽ പ്രാക്റ്റീസ് ചെയ്തുകാണില്ല. പക്ഷേ, നിയമത്തിന്റെ നൂലാമാലകളിൽ തല കടത്തുന്നതിൽ അദ്ദേഹത്തിന് നിയമജ്ഞന്റെ അറിവും അനുഭവവും എപ്പോഴും കൈവശമുണ്ടായിരുന്നു. നാടകീയതകൾ വേണ്ടിടത്ത് നാടകീയത, അഭിനയം വേണ്ടിടത്ത് അഭിനയം, ശത്രുത വേണ്ടിടത്ത് ശത്രുത, സൗഹൃദം വേണ്ടിടത്ത് സൗഹൃദം... മാണിയെ അതൊന്നും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കക്ഷിഭേദമില്ലാതെ ഇക്കാര്യത്തിൽ മാണി എല്ലാവരുടെയും ഗുരു ആയിരുന്നു.

പ്രായോഗിക രാഷ്ട്രീയമെന്നാൽ, വോട്ടും ജയവും മാത്രം ലക്ഷ്യമിട്ട്, ഒട്ടും തത്ത്വദീക്ഷയില്ലാതെ എന്തും ചെയ്യാനുള്ള മനക്കട്ടിയും തൊലിക്കട്ടിയുമാണ് എന്നു കരുതുന്നവർ രാഷ്ട്രീയത്തിൽ ധാരാളമുണ്ട്. കെ.എം മാണിയേയും ആ ഗണത്തിൽ പെടുത്തുന്നവരും ഉണ്ട്. മാണിയെ ആദർശരാഷ് ട്രീയത്തിന്റെ പ്രതീകമായി ആരും രേഖപ്പെടുത്തുകയില്ല. അദ്ദേഹത്തിന്‍റെ ശുഭ്രവസ്ത്രത്തില്‍ കറുത്ത പാടുകളുണ്ട്. അവസാനഘട്ടത്തില്‍ അതിനു കറുപ്പ് ഏറിയിരുന്നു എന്നതും ശരി. പക്ഷേ, ആ ഘട്ടം മാറ്റിനിര്‍ത്തിയാല്‍ മിക്കപ്പോഴും പ്രായോഗികരാഷ്ട്രീയത്തിന്റെയും അഭികാമ്യമായ അതിരുകളില്‍ നിന്നിട്ടുണ്ട് മാണി. മന്ത്രിസ്ഥാനം കിട്ടാൻ ഏതു പാർട്ടിയിലും മുന്നണിയിലും പോകും എന്നു മാണിയെക്കുറിച്ച് പറയാനാവില്ല. കേരള കോൺഗ്രസ്സിലല്ലാതെ വേറെ പാർട്ടികളിലൊന്നും മാണി പോയിട്ടില്ല. കേരളാ കോൺഗ്രസ്സിന്റെ പല വിഭാഗങ്ങളിൽ മാണി മാറിമാറിപ്പോയിട്ടുണ്ടാകാം. പക്ഷേ, മിക്കപ്പോഴും മാണി ഉള്ള കേരള കോൺഗ്രസ്സാണ് കേരള കോൺഗ്രസ് എന്ന നിലയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹം മുന്നണികളുടെ ജയസാദ്ധ്യത നോക്കി സ്വന്തം പാർട്ടിയെ മുന്നണി മാറ്റിക്കളിച്ചിട്ടുണ്ടോ? അതു മറ്റൊരു തെറ്റിദ്ധാരണയാണ്. 1980-ൽ എ.കെ ആന്റണിയുടെ കോൺഗ്രസ് പോലും സി.പി.എം മുന്നണിയുടെ ഭാഗമായ ഒരേയൊരു ഘട്ടത്തിലാണ് കെ.എം മാണിയും ഇടതുപാർട്ടികൾക്കൊപ്പം നിൽക്കുകയും ഇ.കെ നായനാരുടെ മന്ത്രിസഭയിൽ ചേരുകയും ചെയ്തത്.

കോൺഗ്രസ്സിൽ നിന്നു പിളർന്നു മാറിയ ഒരു ഗ്രൂപ്പ് മാത്രമാണ് കെ.എം മാണിയുടെ പാർട്ടി. അതിന്റെ ജനനകാലത്ത് കെ.എം മാണി മുൻനിരയിൽ ഉണ്ടായിരുന്നില്ല. ആർ.ബാലകൃഷ്ണപിള്ള മുൻനിരയിൽ ഉണ്ടായിരുന്നു. പിന്നെ മാണി ക്രമാനുഗതമായി നേതൃനിരയിലെ ഒരു മുഖ്യസാന്നിദ്ധ്യമായി. 1947നു ശേഷം ഇതു പോലെ കോൺഗ്രസ്സിൽ നിന്നു പിളർന്നു മാറി ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശികപാർട്ടികൾ ജനിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിൽ മുഖ്യപങ്ക് വഹിച്ചിരുന്ന പലരും-എൻ.ഡി തിവാരി, ജി.കെ മൂപ്പനാർ, ബിജു പട്‌നായക് തുടങ്ങി രാഷ്ട്രപതിയായ പ്രണബ് മുഖർജി വരെ-ഇങ്ങനെ പ്രാദേശിക പാർട്ടികൾ ഉണ്ടാക്കിയവരാണ്. ഇതിൽ എത്ര പാർട്ടികൾ അവശേഷിച്ചു? ബിജു ജനതാദൾ ഒഴിച്ചാൽ മറ്റൊന്നും നിലനിന്നുതന്നെയില്ല. കേരള കോൺഗ്രസ് നിലനിന്നു. പണത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പിൻബലം കൊണ്ടല്ല, കൃത്യമായി കർഷകരുടെയും കുടിയേറ്റ ജനതയുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചാണ് അതു സാധിച്ചത്. ആ അത്യപൂർവ്വമായ നേട്ടത്തിനു കെ.എം മാണി സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. ഫെഡറൽ രാഷ്ട്രീയഘടനയിൽ പ്രാദേശികപാർട്ടികൾക്ക് എന്തു പങ്കു വഹിക്കാനുണ്ട് എന്ന് കാട്ടിക്കൊടുത്തിട്ടുണ്ട് മാണി. അതിനുള്ള അംഗീകാരം ആയിരുന്നു ജി.എസ്.ടി സംബന്ധമായ ധനകാര്യമന്ത്രിമാരുടെ സമിതിയുടെ അദ്ധ്യക്ഷനായുള്ള കെ.എം മാണിയുടെ നിയമനം എന്നു കാണാതിരുന്നുകൂടാ.

എഴുതിയാലും പറഞ്ഞാലും തീരാത്ത അനേകമനേകം അറിവുകളും അനുഭവങ്ങളും ഓർമ്മകളും നേട്ടങ്ങളും അവശേഷിപ്പിച്ച് കടന്നു പോയ ആ മഹാരഥന് തത്സമയം ദിനപത്രം ആദരാജ്ഞലികൾ അർപ്പിക്കുന്നു.

Read More >>