ചരിത്രം മറക്കുന്ന കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആർ.ടി.സി പെൻഷൻകാർക്കു ഇത്തവണ ദുരിതത്തിന്റെ വിഷുവായിരുന്നു. 39700 ഓളമുണ്ട് പെൻഷൻകാർ. ഇവരിൽ ഭൂരിഭാഗത്തിനും ലഭിക്കുന്ന പെൻഷൻ തുക പതിനായിരത്തിൽ താഴെയാണ്. എല്ലാമാസവും അഞ്ചിന് പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സ്ഥാപന അധികൃതരുടെ ഉറപ്പ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നടത്തേണ്ട സാങ്കേതിക നടപടികൾ വൈകിയതാണ് പെൻഷൻ വിതരണത്തിന് തടസ്സമായതെന്ന അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല.

ചരിത്രം മറക്കുന്ന കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആർ.ടി.സി പെൻഷൻകാർക്കു ഇത്തവണ ദുരിതത്തിന്റെ വിഷുവായിരുന്നു. 39700 ഓളമുണ്ട് പെൻഷൻകാർ. ഇവരിൽ ഭൂരിഭാഗത്തിനും ലഭിക്കുന്ന പെൻഷൻ തുക പതിനായിരത്തിൽ താഴെയാണ്. എല്ലാമാസവും അഞ്ചിന് പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സ്ഥാപന അധികൃതരുടെ ഉറപ്പ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നടത്തേണ്ട സാങ്കേതിക നടപടികൾ വൈകിയതാണ് പെൻഷൻ വിതരണത്തിന് തടസ്സമായതെന്ന അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല.

കേരളത്തിൽ സർക്കാർ ഉടമയിൽ പൊതുഗതാഗതം എന്ന ആശയം ശ്രീചിത്തിരതിരുനാൾ മഹാരാജാവിൽ നിന്ന് തുടങ്ങുന്നു. അദ്ദേഹത്തിന്റെ ലണ്ടൻ സന്ദർശനവേളയിൽ സാധാരണക്കാർക്ക് ചുരുങ്ങിയ നിരക്കിൽ യാത്രചെയ്യാൻ സൗകര്യമുള്ള ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡി (എൽ.പി.ടി.ബി)ന്റെ ബസ്സുകൾ കാണാനിടയായി. ഇത്തരം ബസ്സുകൾ തിരുവിതാംകൂറിലെ തന്റെ പ്രജകൾക്കും സമ്മാനിച്ചാലോ എന്ന ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിലുദിച്ചു. ഇതിൽ നിന്നാണ്എൽ.പി.ടി.ബിയുടെ സഹായത്തോടെ തിരുവിതാംകൂർ സ്റ്റേറ്റ് മോട്ടോർ സർവീസ് ആരംഭിച്ചത്. ഇത് 1938 ഫെബ്രുവരി 20 നാണ് ശ്രീചിത്തിര തിരുനാൾ ഉൽഘാടനം ചെയ്തത്. അതാണ് കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ആയി മാറിവന്നത്. 1965 ഏപ്രിൽ ഒന്നിന് കെ.എസ്.ആർ.ടി.സി സ്വയംഭരണ സ്ഥാപനമായി. ഇന്ന് കെ.എസ്.ആർ.ടി.സിക്ക് 8348 ബസ്സുകളുണ്ട്; സ്വന്തം ഉടമസ്ഥതയിലുള്ള നിരവധി വാണിജ്യസമുച്ചയങ്ങളും ഡിപ്പോകളും വേറെയും. എന്നാൽ ഏതാനും വർഷങ്ങളായി കീഴ്‌പോട്ടാണ് സ്ഥാപനത്തിന്റെ പോക്ക്. ആദ്യകാല പ്രഭാവത്തിന്റെ ചരിത്ര സ്ഥാപനം മറക്കുകയാണ്.


കെ.എസ്.ആർ.ടി.സി തകർച്ചയിലേക്ക് നീങ്ങുന്നതിനുള്ള കാരണങ്ങൾ എണ്ണിപ്പറയുന്നതാണ് ഇതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രൊഫ.സുശീൽ ഖന്നയുടെ റിപ്പോർട്ട്. കെ.എസ്.ആർ.ടി.സിയുടെ 20 ശതമാനം ഷെഡ്യൂളുകൾ റദ്ദാക്കുന്നതിലും 1000 ബസ്സുകൾ കട്ടപ്പുറത്ത് കിടക്കുന്നതിലും സാങ്കേതിക വിഭാഗവും കുറ്റക്കാരാണെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. മെക്കാനിക്കൽ വിഭാഗം ആകെ കുത്തഴിഞ്ഞ നിലയിലാണ്. കൂട്ടുത്തരവാദിത്തമില്ല. ബസ്സുകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി ഓടാൻ യോഗ്യമാക്കി നിർത്തുന്നതിന് പകരം ഓഫീസ് ജോലികളിൽ കയറിക്കൂടാനാണ് സാങ്കേതിക വിഭാഗം ജീവനക്കാർക്ക് താല്പര്യം. എട്ട് അസിസ്റ്റന്റ് വർക്ക് മാനേജർമാർ ഓഫീസ് ജോലികൾ മാത്രമാണ് ചെയ്യുന്നത്. സാങ്കേതിക പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുകയെന്നതാണ് ഇവർ ചെയ്യേണ്ട ജോലി. ചുമതല നിർവ്വഹിക്കാതെ വൈറ്റ് കോളർ ജോലിയിലേർപ്പെടുന്ന ഇത്തരം ജീവനക്കാർക്ക് അതിനുള്ള സൗകര്യവും അനുമതിയും നല്കരുത്. തമിഴ്‌നാട്ടിൽ ഒരു ബസ് ദിവസം 608 കിലോമീറ്റർ ഓടുമ്പോൾ കേരളത്തിൽ 332 കിലോമീറ്ററേ ഓടുന്നുള്ളുവെന്ന് റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ബസ് വിനിയോഗം 96 ശതമാനമാണ് ഇവിടെ 84 ശതമാനവും.

മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർക്ക് ഭേദപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി തകർച്ചയിലേക്ക് നീങ്ങാൻ കാരണമെന്തെന്ന് ജീവനക്കാരും അധികൃതരും ചിന്തിക്കണം. ഈ സ്ഥാപനത്തെ ലാഭകരമായ ഒരു സംരംഭമാക്കുന്നതിൽ തൊഴിലാളികൾക്കുമുണ്ട് ഉത്തരവാദിത്തം. തൊഴിലാളികളും മാനേജ്‌മെന്റും തോളോടുതോൾ ചേർന്നു പ്രവർത്തിച്ചതുകൊണ്ട് മികവ് കാണിച്ചതിന് ഉദാഹരണം സ്ഥാപനത്തിൽ തന്നെയുണ്ട്. കഴിഞ്ഞ ജനുവരിയിൽ കാൽനൂറ്റാണ്ടിനുള്ളിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നല്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞു. 31270 സ്ഥിരം ജീവനക്കാരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. താൽക്കാലിക ജീവനക്കാർ വേറെയും. 15000 രൂപ മുതൽ ഒന്നരലക്ഷം രൂപവരെയാണ് പ്രതിമാസ ശമ്പളം. ഇത് പ്രതിമാസം 90 കോടി രൂപയോളം വരും. സർക്കാർ സഹായവും ബാങ്കുവായ്പയുമൊക്കെയെടുത്താണ് സ്ഥാപനം ശമ്പളത്തുക ഒപ്പിച്ചെടുത്തിരുന്നത്. ഈ തുകയാണ് സ്ഥാപനം തന്നെ സ്വരൂപിച്ചത്. ഇക്കാര്യത്തിൽ നേതൃത്വം നല്കിയത് മാനേജിങ് ഡയറക്ടറായിരുന്ന ടോമിൻ തച്ചങ്കരിയായിരുന്നു. പക്ഷേ അദ്ദേഹം എം.ഡി സ്ഥാനത്ത് നിലനിന്നില്ല. യൂനിയൻ നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് തച്ചങ്കരിയെ മാറ്റിയതെന്ന് ആരോപണം ഉയർന്നിരുന്നു.

ഡ്യൂട്ടി നിർണ്ണയത്തിൽ യൂനിയൻ നേതാക്കളുടെ സ്വാധീനം പോയതിനെ തുടർന്ന് തച്ചങ്കരിയെ മാറ്റണമെന്ന കെ.എസ്.ആർ.ടി.സിയിലെ സി.പി.എം നിയന്ത്രണത്തിലുള്ള യൂനിയന്റെ സമ്മർദ്ദം അതിജീവിക്കാൻ മന്ത്രിസഭക്ക് കഴിഞ്ഞില്ലെന്നാണ് ആരോപണം. അത്യാസന്നനിലയിലായ കെ.എസ്.ആർ.ടി.സിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ചില നടപടികൾ കൈക്കൊള്ളാൻ ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ചെയർമാനുമായ കെ. ആർ ജ്യോതിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായാണ് വിവരം. പരമാവധി ബസുകൾ സർവീസിനിറക്കുക, ഒരു ബസിന് ആറ് തൊഴിലാളികൾ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അധികമുള്ള ജീവനക്കാരെ കണ്ടക്ടർ, സുരക്ഷാവിഭാഗം തുടങ്ങി മറ്റു തസ്തികകളിൽ പുനർവിന്യസിക്കുക, നിയമാനുസൃതമല്ലാതെ അദർ ഡ്യൂട്ടി തുടരുന്നവരെ യഥാർത്ഥ തസ്തികകളിലേക്ക് തിരിച്ചയക്കുക, ലാഭകരമല്ലാത്ത 36 ഡിപ്പോകൾ അടച്ചുപൂട്ടുക. മാനേജ്‌മെന്റ് വിദഗ്ദരെ ഓപ്പറേഷൻ, അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങളിൽ നിയമിക്കുക തുടങ്ങിയവയാണ് ഉന്നതതല യോഗ തീരുമാനങ്ങൾ. ഈ തീരുമാനങ്ങൾ നടപ്പിലാക്കുകയും വേണം.