ആരോപണക്കൊടുങ്കാറ്റില്‍

ആരിഫ് തലശ്ശേരിക്കാർക്ക് കൊല്ലും കൊലയും അത്രവലിയ പ്രശ്നമൊന്നുമല്ല. കേക്കും തരിപ്പോളയും ബിരിയാണിയുമുണ്ടാക്കുന്ന അതേ മനസ്സുഖത്തോടെ വെട്ടും കുത്തും...

ആരോപണക്കൊടുങ്കാറ്റില്‍

ആരിഫ്

തലശ്ശേരിക്കാർക്ക് കൊല്ലും കൊലയും അത്രവലിയ പ്രശ്നമൊന്നുമല്ല. കേക്കും തരിപ്പോളയും ബിരിയാണിയുമുണ്ടാക്കുന്ന അതേ മനസ്സുഖത്തോടെ വെട്ടും കുത്തും നോക്കിനിൽക്കാനും അവർക്കു സാധിക്കും. പഴയ തറവാട്ടുമഹിമയുടെ തണൽപറ്റി ജീവിക്കുന്ന തലശ്ശേരിയിലെ മാപ്പിളമാർക്കും ഇതേ മനോനിലയുണ്ടോ എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാനാവില്ല. പക്ഷേ എതിരാളിയുടെ നേരെ, തോക്കുകൊണ്ടില്ലെങ്കിലും വാക്കുകൊണ്ട് അതിശക്തമായി ആക്രമിക്കാൻ മിടുക്കുള്ള മാപ്പിളമാർ തലശ്ശേരിയുടെ തട്ടകത്തിലുണ്ടെന്ന് നൂറുശതമാനം സത്യം. സംശയമുള്ളവർ ടി.വി ചാനലുകളിൽ എ.എൻ ഷംസീറിന്റെ പ്രകടനമൊന്നു ശ്രദ്ധിച്ചാൽ മതി. 1857ൽ തന്നെ തലശ്ശേരിക്കോട്ടയുടെ പരിസരത്ത് നിന്ന്, ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കണമെന്ന് വിളിച്ചുപറയുകയും അതേതുടർന്ന് തൃശ്ശിനാപ്പള്ളി ജയിലിലടക്കപ്പെടുകയും ചെയ്ത സാക്ഷാൽ കുഞ്ഞിമ്മായന്റെ യഥാർത്ഥ പിന്മുറക്കാരൻ തന്നെയാണ് എ.എൻ ഷംസീർ എം.എൽ.എ; ഷംസീറിന്റെ വാക്കുകളുടെ ഊക്ക് അപാരം.

എന്നാൽ ഷംസീറിന്റേത് തൊള്ളക്കൂറുമാത്രമാണെന്നും ആൾ പഞ്ചപാവമാണെന്നുമാണ് സഖാക്കളുടെ പക്ഷം. കരിമൂർഖന്മാരെത്ര കിടക്കുന്നു നമ്മുടെ പാർട്ടിയിൽ വേറെ, ഇത് വെറും ചേരപ്പാമ്പ്! എന്നാൽ പാർട്ടിയിൽ നിന്ന് പിണങ്ങി വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വെട്ടും കുത്തുമേറ്റ് നരകിക്കേണ്ടിവന്ന ചൊവ്വക്കാരൻ ഓർക്കാട്ടേരി തായത്ത് നസീർ എന്ന മുൻ സഖാവ് അത് സമ്മതിച്ചു തരികയില്ല. തന്നെ ആക്രമിക്കാൻ മുൻകൈയെടുത്തത് ഷംസീർ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല നസീറിന്. പാർട്ടി സി.പി.എം ആകയാൽ ഇത്തരമൊരാരോപണം ഷംസീറിന് വലിയ വിഷയമാകാനിടയില്ല. ഒരു പക്ഷേ ഇപ്പോഴുള്ള ജനസമ്മതിയുടെ ഗ്രാഫ് ഉയരാൻ ഈ ആരോപണം കാരണമായെന്നും വരാം. കണ്ണൂരിലും തലശ്ശേരിയിലുമെല്ലാം കാര്യങ്ങളുടെ കിടപ്പുവശവും നടപ്പുവശവും അങ്ങനെയൊക്കെയാണ്.

കോടിയേരി ബാലകൃഷ്ണന്റെ നാട്ടുകാരനാണ് ഷംസീർ എം.എൽ.എ. സാമാന്യമായി മുസ്‌ലീംകൾ കമ്മ്യൂണിസത്തിൽ നിന്ന് അകലം പാലിച്ചാണ് നിൽപ്പെങ്കിലും തലശ്ശേരിയിൽ അതല്ല സ്ഥിതി. ചുവപ്പ് കൊടി പിടിക്കാൻ പഴയ തറവാട്ടുകാർപോലും റെഡി. ഷംസീറിന്റെ ഗ്രാമം കുറച്ചുകൂടി ചുവന്നിട്ടാണ്. അത്തരമൊരു കുടുംബത്തിലാണ് സഖാവിന്റെ പിറവി, 1977ൽ. ബി.ഇ.എം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതൽക്കേ ഷംസീർ എസ്.എഫ്.ഐയാണ്. ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ സംഘടനയുടെ നേതാവ്, കണ്ണൂർ സർവ്വകലാശാലയിലെ പ്രഥമ വിദ്യാർത്ഥിയൂണിയൻ ചെയർമാനായ ഷംസീർ 2009 ൽ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡണ്ടുമായി. 2010 ൽ ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറി. 2011 കണ്ണൂർ സംഘടനയുടെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന ജോയന്റ് സിക്രട്ടറിയും 2016 ൽ സംസ്ഥാന പ്രസിഡണ്ടുമായി. 2014 ൽ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയരക്ടർ ബോർഡ് പ്രസിഡണ്ടായി. ഇപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമാണ്. അതായത് കുഞ്ഞുനാൾ മുതൽക്കു തന്നെ പാർട്ടിയിൽ സജീവം. എന്ന് വെച്ച് പഠിപ്പിൽ ശ്രദ്ധിക്കാതിരുന്നിട്ടൊന്നുമില്ല കക്ഷി. ആന്ത്രോപ്പോളജിയിലും നിയമത്തിലും മാസ്റ്റർ ബിരുദമുണ്ട് സഖാവിന്.

പാർട്ടിയിലെ കണ്ണൂർ ലോബിയുടെ വിശ്വസ്തനും വിനീത വിധേയനുമാണ് ഷംസീർ. അതുകൊണ്ട് പിണറായിയുടേയും ജയരാജത്രയങ്ങളുടെയുമെല്ലാം സംസാര ശൈലിയാണ് സഖാവിനും. ആരെയും കൂസാതെ എന്തും പറയും. ഡി.വൈ.എഫ്.ഐയുടെ ജില്ലാ പ്രസിഡണ്ടായിരുന്ന കാലത്ത് പൊലീസിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ച കേസിൽ മൂന്നുമാസം തടവും രണ്ടായിരം രൂപ പിഴശിക്ഷയും വിധിക്കപ്പെട്ടിട്ടുണ്ട്, സഖാവിന്റെ പേരിൽ. സി.ഒ.ടി നസീർ പറയുന്നത് നേരാണെങ്കിൽ, ഇപ്പോൾ വർത്താനം മാത്രമല്ല കൈക്രിയയിലും ആൾ ഏർപ്പെടുന്നു എന്നുവേണം കരുതാൻ. എന്നാൽ അതെല്ലാം രാഷ്ട്രീയ വൈരാഗ്യം മൂലം പറയുന്നതാവാമെന്ന് കരുതുന്നവരും ഏറെ.

ഷംസീർ കണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ ഉദയതാരകമാണ്. പാർട്ടിയിൽ മാത്രമല്ല പാർലമെന്ററി രംഗങ്ങളിലും സഖാവിന് ഭാവിയുണ്ട്. 2014 ൽ വടകരയിൽ നിന്നു പാർലമെന്റിലേക്ക് മത്സരിച്ചു തോറ്റുവെങ്കിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു എം.എൽ.എയായി. ഇപ്പോഴത്തെ നിലയ്ക്ക് കൂടുതൽ ഉയരങ്ങളിലെത്താൻ എല്ലാ സാദ്ധ്യതയും സഖാവിനുണ്ട്; ഈ യാത്രയിൽ, ഇപ്പോഴത്തെ ആരോപണങ്ങൾ പാർട്ടിയും ഷംസീറിനും നിസ്സാരം.

Read More >>