പോസ്റ്റൽ ബാലറ്റ് വിവാദം ​ഗൗരവത്തിലെടുക്കണം

തിരിമറി നടന്നിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. നിയമങ്ങളുടെ സു​ഗമമായ നടത്തിപ്പിന് നിയോ​ഗിക്കപ്പെട്ടവർ തന്നെ നിയമം ലംഘിക്കാൻ കൂട്ടുനിന്നു എന്നത് നിസ്സാര കാര്യമല്ല. കുറ്റക്കാരായ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം. ക്രമക്കേടിന്റെ ഉത്തരവാദിത്തമെല്ലാം താഴെക്കിടയിലുള്ള ഉദ്യോ​ഗസ്ഥരിൽ കെട്ടിവെച്ച് നേതാക്കളെ രക്ഷപ്പെടുത്താനുള്ള സാദ്ധ്യതയും കാണുന്നുണ്ട്.

പോസ്റ്റൽ ബാലറ്റ് വിവാദം ​ഗൗരവത്തിലെടുക്കണം

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ നിയമപാലകർ തന്നെ കൂട്ടുനിന്നു എന്ന ആക്ഷേപം ചെറിയ കാര്യമല്ല. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ തിരിമറി ഗൗരവത്തിൽ അന്വേഷിക്കേണ്ട കാര്യമാണ്. പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ സമാഹരിച്ച് വോട്ട് അട്ടിമറിച്ചെന്ന പരാതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ ഗൗരവത്തിൽ സ്വീകരിക്കുകയും സമഗ്ര അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണുന്നതിനു മുമ്പ് ഇക്കാര്യത്തിൽ നടപടിയുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കാസർകോട് ജില്ലയിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലെ 46 പൊലീസ് ഉദ്യോഗസ്ഥർക്കു പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്നാണു സ്‌പെഷൽ ബ്രാഞ്ചിന്റെ കണക്ക്. 54 അപേക്ഷകളാണ് അതത് ഉപ വരണാധികാരികൾക്കായി കോട്ടിക്കുളം തപാൽ ഓഫിസ് മുഖേന അയച്ചത്. ബാലറ്റ് ലഭിച്ചവരിൽ ഏഴ് പേർ പൊലീസുകാരും ഒരാൾ ഹോംഗാർഡുമാണ്. മൂന്നു പേർ അപേക്ഷിച്ചില്ല. അപേക്ഷ നൽകിയ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ ഇതേക്കുറിച്ചു ജില്ലാ വരണാധികാരിയുടെ ഇ മെയിൽ വിലാസത്തിൽ പരാതി അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തൃശൂരിൽനിന്നും പരാതിയുണ്ട്. സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ മാത്രം 200ലേറെ പേരുടെ പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. തൃശൂരിൽ കുന്നംകുളത്തെ ഒരു പൊലീസ് സ്റ്റേഷനിൽ 22 പൊലീസുകാരുടെ ബാലറ്റ് അപേക്ഷകൾ വരണാധികാരിക്ക് എത്തിച്ചു നൽകാൻ ഏൽപിച്ചത് അസോസിയേഷൻ ബന്ധമുള്ള പൊലീസുകാരനെയാണ്. എല്ലാവരുടെ അപേക്ഷയുംകൊണ്ട് പൊലീസുകാരൻ കലക്ടറേറ്റിലേക്കു പോയി. എന്നാൽ, ബാലറ്റ് ലഭിച്ചത് 13 പേർക്കു മാത്രമാണത്രെ. ബാക്കി 9 പേരുടെ അപേക്ഷ എത്തേണ്ടിടത്ത് എത്തിയിട്ടില്ല.

പോസ്റ്റൽ വോട്ടുകൾ മുഴുവൻ റദ്ദാക്കുക, സംസ്ഥാന ഇലക്ടറൽ ഓഫീസറുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും ഫെസിലിറ്റേഷൻ സെന്റർ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ആവശ്യങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഒന്നുകിൽ എല്ലാ വോട്ടുകളും റദ്ദാക്കുകയോ അല്ലെങ്കിൽ പുതുതായി വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയോ വേണ്ടിവരും. അതുമല്ലെങ്കിൽ കുറ്റമറ്റതെന്നു തോന്നുന്ന വോട്ടുകൾ മാത്രം സ്വീകരിച്ച് ബാക്കിയെല്ലാം അസാധുവാക്കേണ്ടിവരും. പൊലീസ് സേനാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഈ അട്ടിമറി നടന്നതെങ്കിൽ അത് സംസ്ഥാന പൊലീസിന് എക്കാലത്തേക്കും നാണക്കേടുണ്ടാക്കുന്ന നടപടിയാണ്. സുരക്ഷിതവും സ്വതന്ത്രവുമായി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് സൗകര്യമൊരുക്കിയ പൊലീസ് സേനാംഗങ്ങൾക്ക് സ്വന്തം വോട്ട് സ്വതന്ത്രമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് നാണക്കേടു തന്നെയാണ്. ജനാധിപത്യ പ്രക്രിയയെ പകൽവെളിച്ചത്തിൽ കൊഞ്ഞനം കുത്തുന്ന നടപടിയാണ് അസോസിയേഷൻ നേതാക്കൾ ചെയ്തത്.

പോസ്റ്റൽ വോട്ടുകൾ പൂർണ്ണമായും തിരികെ വാങ്ങി ഫെസിലിറ്റേഷൻ സെന്റർ വഴി പകരം വോട്ടിന് സംവിധാനം ഒരുക്കണമെന്ന പ്രതിപക്ഷ ആവശ്യം എത്രത്തോളം പ്രായോഗികമാണ് എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. കുറഞ്ഞ ദിവസത്തെ സാവകാശത്തിനുള്ളിൽ ഈ ആവശ്യങ്ങൾ നടപ്പാകുമെന്ന് കരുതുക വയ്യ. അമ്പതിനായിരത്തോളം പോസ്റ്റൽ വോട്ടുകളാണ് പൊലീസിലുള്ളത്. ഇത്രയും പേർക്ക് ബദൽ സംവിധാനം ഒരുക്കൽ പ്രായോഗികമാണെന്നു തോന്നുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാൻ ശേഷിയുള്ള വോട്ടുകളാണിത് എന്നതിനാൽ തിരിമറി നടന്നിട്ടുണ്ടെങ്കിൽ പരിഹാരവും അനിവാര്യമാണ്.

പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത നിരവധി പൊലീസുകാർ സംസ്ഥാനത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവരുടെ വോട്ടുകൾ പോൾ ചെയ്തിട്ടുമുണ്ട്. അപേക്ഷ നൽകിയിട്ടും തങ്ങൾക്ക് പോസ്റ്റൽ വോട്ട് ലഭിച്ചില്ലെന്ന് കാസർക്കോട്ട് ബേക്കൽ പൊലീസ് സേനാംഗങ്ങൾ പരാതിപ്പെടുന്നു. ഈ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അസോസിയേഷൻ ഭാരവാഹികൾ ആസൂത്രിതവും സംഘടിതവുമായി പോസ്റ്റൽ ബാലറ്റുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകളിൽനിന്ന് മനസ്സിലാകുന്നത്. കുട്ടികൾ കടലാസ് കൊണ്ട് കപ്പലുണ്ടാക്കി കളിക്കുന്നതു പോലെ പോസ്റ്റൽ ബാലറ്റിനെ ചിലർ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ ഇത് കുട്ടിക്കളിയല്ല എന്ന് ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.

തിരിമറി നടന്നിട്ടുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. നിയമങ്ങളുടെ സു​ഗമമായ നടത്തിപ്പിന് നിയോ​ഗിക്കപ്പെട്ടവർ തന്നെ നിയമം ലംഘിക്കാൻ കൂട്ടുനിന്നു എന്നത് നിസ്സാര കാര്യമല്ല. കുറ്റക്കാരായ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം. ക്രമക്കേടിന്റെ ഉത്തരവാദിത്തമെല്ലാം താഴെക്കിടയിലുള്ള ഉദ്യോ​ഗസ്ഥരിൽ കെട്ടിവെച്ച് നേതാക്കളെ രക്ഷപ്പെടുത്താനുള്ള സാദ്ധ്യതയും കാണുന്നുണ്ട്. ഇത് അനുവദിച്ചുകൂടാ. കുറ്റം ചെയ്തവരും ​ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണം. കള്ളവോട്ട് പരാതികളിൽ സ്വീകരിച്ച കർശ്ശന നടപടി ഈ വിഷയത്തിലും ഉണ്ടാകണം. സൗകര്യപ്പെടുന്നവന് സൗകര്യപ്പെടുന്ന പോലെ തിരിമറി നടത്താനാവുന്നതല്ല തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അതിന്റെ നടത്തിപ്പുകാരുടെ ബാദ്ധ്യതയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും ഉണ്ടാകണം.

Read More >>