'ഇന്ദിര'യല്ല ഇന്ത്യ

ന്യൂനപക്ഷത്തെ ഇങ്ങനെ പേടിക്കുന്ന ഒരു ''പരിവാർ ഭൂരിപക്ഷം'' ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ പറഞ്ഞത് കേരളത്തിലായിപ്പോയതുകൊണ്ട് ഇന്ദിരയ്ക്ക് വലിയ കൈയടി കിട്ടിയില്ല. പോസ്റ്റ് വലിച്ചെടുത്ത് ഓടിയ അവരുടെ ആ ഓട്ടം തന്നെയാണ് ജനാധിപത്യവാദികളുടെ പ്രതീക്ഷ.

ഷെരീഫ് സാഗർ

ആകാശവാണിയിലെ ജീവനക്കാരിയും എഴുത്തുകാരിയുമായ കെ.ആർ ഇന്ദിര പുറത്തുവിട്ട വിഷവാതകത്തിൽനിന്ന് കേരളം രക്ഷപ്പെട്ടു വരുന്നതേയുള്ളൂ. ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് വെട്ടിമാറ്റപ്പെട്ട 19 ലക്ഷം മനുഷ്യർ ഇനിയും പെറ്റുകൂട്ടാതിരിക്കാൻ വന്ധ്യംകരിക്കണമെന്നായിരുന്നു അവരുടെ പോസ്റ്റ്. അതോടനുബന്ധിച്ച് അവർ തന്നെ എഴുതിയ മറ്റൊരു കമന്റ് വംശീയ വിദ്വേഷത്തിന്റെ വിഷപ്പുക വഹിക്കുന്നതായിരുന്നു. പ്രസവിക്കാതിരിക്കാൻ താത്താമാർക്ക് (മുസ്ലിം സ്ത്രീകൾ) പൈപ്പ് വെള്ളത്തിലൂടെ ഗർഭനിരോധന മരുന്ന് കൊടുക്കണമെന്ന ആ കമന്റ് വലിയ ഒച്ചപ്പാടുണ്ടാക്കി. കമ്യൂണിസ്റ്റുകാരെ ഹോളോകാസ്റ്റ് ചെയ്യണമെന്നത് ഉൾപ്പെടെ വെറുപ്പിന്റെ രാഷ്ട്രീയം പേറുന്ന ഇവരുടെ വാക്കുകൾ നേരത്തെയും ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിരൂക്ഷമായ എതിർപ്പു നേരിടേണ്ടി വന്നു. പൊലീസ് കേസെടുത്തു. പോസ്റ്റും സ്റ്റമ്പുമൊക്കെ എടുത്ത് അവർ കളി മതിയാക്കി ഓടിയൊളിച്ചു.

മുസ്ലിം ജനസംഖ്യ പെരുകി ഭൂരിപക്ഷത്തിന് ഭീഷണിയാകുന്നു എന്ന പതിറ്റാണ്ടുകൾ നീണ്ട സംഘ്പരിവാർ ഫാഷിസത്തിന്റെ വർത്തമാനം പച്ചയ്ക്ക് പറഞ്ഞു എന്നതാണ് ഇന്ദിര ചെയ്ത അപരാധം. ഇതൊക്കെ ശരിയാണെന്നു കരുതി മിണ്ടാതിരിക്കുന്ന അപരാധികൾ വേറെയുമുണ്ട്. ഹിറ്റ്ലറിനുമുണ്ടായിരുന്നു ഇങ്ങനെയൊരു കണക്കു പുസ്തകം. ജൂതന്മാർ പെറ്റുപെരുകി രാജ്യത്തെ വിഭവങ്ങൾക്ക് ഭീഷണിയാകുന്നു എന്ന് അയാൾ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 1915ൽ നാസികിലെ ഹിന്ദു സമ്മേളനത്തിൽ പുരി ശങ്കരാചാര്യർ ഇത്തരത്തിൽ ഒരു പ്രവചനം നടത്തിയിരുന്നു. ഒരു നൂറ്റാണ്ടു കഴിഞ്ഞാൽ ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകും എന്നായിരുന്നു ആ പ്രവചനം. മുസ്്‌ലിം ജനസംഖ്യ പെരുകുന്നു എന്നതായിരുന്നു ന്യായം. ആ ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്ത്യയിലെ മുസ്്‌ലിംകൾ 14.2 ശതമാനമായി തുടരുകയാണ്. ഈ ആചാര്യന്റെ പിന്മുറക്കാരാണ് ഇപ്പോഴും ന്യൂനപക്ഷം ഭൂരിപക്ഷമാകുമെന്ന് പേടിപ്പിച്ച് ഭൂരിപക്ഷത്തെ സംഘടിപ്പിക്കുന്നത്. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 13.8 കോടിയാണ്. ഒരു മുസ്‌ലിം സ്ത്രീ നൂറു മക്കളെ പെറ്റാലും ഹിന്ദു ജനസംഖ്യയെ മറികടക്കാൻ അടുത്തെങ്ങും സാധിക്കില്ല എന്ന് അറിയാഞ്ഞിട്ടല്ല ഈ പ്രചാരണം.

ഓരോ ഹിന്ദു സ്ത്രീയും നാലു മക്കളെ പ്രസവിക്കണമെന്ന് സാക്ഷി മഹാരാജും കുറഞ്ഞത് പത്തെണ്ണത്തെ പ്രസവിക്കണമെന്ന് സാധ്വി പ്രാചിയും പ്രസംഗിക്കുന്നത് മുസ്്‌ലിം ജനസംഖ്യ പെരുകുന്നു എന്ന ന്യായം പറഞ്ഞാണ്. രണ്ടിലധികം കുട്ടികളുള്ള മുസ്്‌ലിംകളെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് പ്രസംഗിച്ചത് പ്രവീൺ തൊഗാഡിയ ആണ്. ആ ആഗ്രഹം ഉള്ളിലൊതുക്കിയ ലക്ഷങ്ങളിൽ ഒരുവളാണ് ഇന്ദിര. അവരത് തുറന്നുപറഞ്ഞു എന്ന വ്യത്യാസമേ ഉള്ളൂ. ആൾക്കൂട്ടക്കൊലയും വംശീയ ഉന്മൂലനവും നടത്തി മുസ്്‌ലിം ജനസംഖ്യ കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഭരണകൂടത്തെക്കൊണ്ട് ഔദ്യോഗിക വന്ധ്യംകരണം സാധിക്കുമോ എന്ന ഗവേഷണത്തിലാണ് സംഘ്പരിവാർ. ന്യൂനപക്ഷത്തെ ഇങ്ങനെ പേടിക്കുന്ന ഒരു ''പരിവാർ ഭൂരിപക്ഷം'' ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ പറഞ്ഞത് കേരളത്തിലായിപ്പോയതുകൊണ്ട് ഇന്ദിരയ്ക്ക് വലിയ കൈയടി കിട്ടിയില്ല. പോസ്റ്റ് വലിച്ചെടുത്ത് ഓടിയ അവരുടെ ആ ഓട്ടം തന്നെയാണ് ജനാധിപത്യവാദികളുടെ പ്രതീക്ഷ.

നാനാജാതി മനുഷ്യരെയും സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇത് കെ.ആർ ഇന്ദിരയുടെ ഇന്ത്യയല്ല, അഥവാ 'ഇന്ദിര'യല്ല ഇന്ത്യ. ഇന്ത്യ കണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് അസമിൽ സംഭവിക്കുന്നത്. മ്യാൻമറിലെ റോഹിങ്ക്യകളുടെ അവസ്ഥയിലാണ് ഇപ്പോൾ അസമിലെ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്ത 19,06,657 മനുഷ്യർ. അവരെ സ്വീകരിക്കാൻ ആരുമില്ല. രാജ്യം പുറന്തള്ളിയാൽ പാർക്കാനുള്ളത് തടങ്കൽപാളയങ്ങൾ മാത്രം. മ്യാൻമറിലെ അതിദേശീയതാ വാദികൾ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് ആദ്യം ചെയ്ത പണി റൊഹിങ്ക്യകളെ വിദേശികളായി മുദ്ര കുത്തുകയായിരുന്നു. കിഴക്കൻ ചൈനയിൽ ഉയിഗുർ മുസ്്ലിംകളെ പാർപ്പിക്കാനുമുണ്ട് തടങ്കൽപാളയങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയവും ഇതേ രീതിയിലാണ്. അതു തന്നെയാണ് അസമിലും ആവർത്തിക്കുന്നത്. പലപ്പോഴും കുടിയേറ്റക്കാരെയല്ല, അവരുടെ സ്വത്വത്തെയാണ് വേട്ടയാടുന്നത്. പുറത്താക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്്ലിംകളാണ്. അതാണ് സംഘ്പരിവാറിന്റെ ആഘോഷത്തിന്റെ അടിസ്ഥാനം. എന്നാൽ, ലിസ്റ്റിൽ ഹിന്ദുക്കളുമുണ്ട് എന്നറിഞ്ഞതോടെ സംസ്ഥാനത്തെ ബി.ജെ.പി സടകുടഞ്ഞ് എഴുന്നേറ്റിട്ടുണ്ട്.

ചുരുക്കിച്ചുരുക്കിയാണ് ഇപ്പോൾ 19 ലക്ഷത്തിലേക്ക് എത്തിച്ചത്. ഒടുവിലത്തെ കണക്ക് 41 ലക്ഷമായിരുന്നു. 1997ൽ മുൻ ആഭ്യന്തര മന്ത്രി ഇന്ദ്രജിത്ത് ഗുപ്ത അസമിലെ ഒരു കോടി മനുഷ്യർ അഭയാർത്ഥികളാണെന്ന് പാർലമെന്റിൽ പ്രസ്താവിച്ചു. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി. 2004ൽ ആഭ്യന്തര മന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ രാജ്യസഭയിൽ ഒരു കോടി 20 ലക്ഷം എന്ന് കണക്കുനിരത്തി. മുൻ ആഭ്യന്തര മന്ത്രി കിരൺ റിജ്ജുവിന്റെ 2016ലെ കണക്ക് രണ്ടു കോടി അഭയാർത്ഥികൾ എന്നായിരുന്നു. അഞ്ചു വർഷം കൊണ്ട് 1220 കോടി രൂപയാണ് 19 ലക്ഷം മനുഷ്യരെ പൗരന്മാരല്ലാതാക്കാൻ വേണ്ടി രാജ്യം ചെലവഴിച്ചത്. നൂറും ഇരുന്നൂറും രൂപയ്ക്ക് പണിയെടുക്കുന്ന ഈ മനുഷ്യർ രേഖകളുണ്ടാക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടെ 7800 കോടി രൂപയെങ്കിലും ചെലവാക്കിയിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്താക്കിയവർക്കു വേണ്ടിയുള്ള തടങ്കൽപാളയങ്ങൾക്കായി 46 കോടി രൂപയാണ് ചെലവാക്കാൻ പോകുന്നത്.

ഇവരുടെ ഭാവി സംബന്ധിച്ച ശരിയായ ധാരണ ഇപ്പോഴുമായിട്ടില്ല. ഇനിയും അവസരങ്ങളുണ്ടെന്നാണ് അധികൃതർ പറയുന്നത്. രേഖകളോടെ വീണ്ടും കീഴ്ക്കോടതി മുതൽ അപ്പീലുകൾ നൽകലാണ് ഒരു വഴി. അങ്ങേയറ്റം ദരിദ്രരായ ഇവർക്ക് അതിനു കഴിയില്ല. അവരെ അറസ്റ്റ് ചെയ്ത് കൂറ്റൻ തടങ്കൽപാളയങ്ങളിലേക്ക് മാറ്റും. 16 തടവുകേന്ദ്രങ്ങളാണ് ഇവിടെയുണ്ടാവുക. കെ.ആർ ഇന്ദിര പറഞ്ഞതുപോലെ പെറ്റു പെരുകാതിരിക്കാൻ ദമ്പതികളെയും മക്കളെയും വേറിട്ട് താമസിപ്പിക്കും. രാജ്യം അവരോടൊപ്പമുണ്ടെന്ന് രാഷ്ട്രീയ നേതാക്കൾ പറയുന്നുണ്ടെങ്കിലും എന്താണ് തങ്ങൾക്ക് സംഭവിക്കുന്നതെന്ന് അറിയാനുള്ള സാക്ഷരത പോലുമില്ലാത്ത ജനതയാണിത്. അവരോട് അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാം. ആ മനുഷ്യരും മനുഷ്യരാണ്.

Next Story
Read More >>