അതിഭീകരം ഈ ഭീകരമുദ്ര

പൊലീസ് റിപ്പോർട്ട് അപ്പടി പകർത്തുന്നതൊക്കെ സഹിക്കാം. ഒരു മനുഷ്യൻ കുറ്റവാളിയായി ആരോപിക്കപ്പെടുന്ന നിമിഷം മുതൽ അയാളുടെ ചിത്രം കൊടുത്ത് അപമാനിക്കാതിരിക്കാം. ഒരു പരിഷ്‌കൃത രാജ്യവും ചെയ്യാത്ത നീചമായ കാര്യമാണത്. നിരപരാധിയെന്ന് തീർത്തും തെളിയിക്കപ്പെട്ടു കഴിഞ്ഞാലും അവരുടെ നേരെ നീളുന്ന ചില കണ്ണുകളുണ്ടാകും. ആ കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ ഈ ജീവിതത്തിൽ അവർക്കു കഴിയില്ല.

അതിഭീകരം ഈ ഭീകരമുദ്ര

ഷെരീഫ് സാഗർ

മുഹമ്മദ് റിയാസ് എന്ന മാഹി സ്വദേശിയായ ചെറുപ്പക്കാരനെ ഒന്നാം പ്രതിയും ഐ.എസ് ഭീകരനുമാക്കി എൻ.ഐ.എ ഒരു കേസ് നടത്തിയിരുന്നു. രണ്ടു വർഷം നീണ്ട കേസ് തെളിവില്ലെന്നു കണ്ട് അടച്ചു വച്ചത് ഈയിടെയാണ്. ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയെ നിർബന്ധിച്ച് മതം മാറ്റി സൗദിയിലെത്തിച്ച് സിറിയൻ അതിർത്തിയിലേക്കു കൊണ്ടുപോയി ഐ.എസ്സിന് ലൈംഗിക അടിമയായി വിൽക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്. മാദ്ധ്യമങ്ങളിൽ ഏറെ നാൾ ഈ വാർത്ത എരിവും പുളിയും ചേർത്ത് വന്നുകൊണ്ടിരുന്നു. സൗദി, സിറിയയുമായി അതിർത്തി പങ്കിടുന്നുണ്ടോ എന്ന് ഭൂപടമെടുത്ത് പരിശോധിക്കുക പോലും ചെയ്യാതെയായിരുന്നു ചർച്ചകൾ. ജിദ്ദയിലായിരുന്ന റിയാസ് നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

റിയാസ് ബാംഗ്ലൂരിൽ പഠിക്കുമ്പോഴാണ് യുവതിയുമായി അടുപ്പത്തിലാവുന്നത്. അവർ പ്രണയിച്ചു. വിവാഹം കഴിക്കുന്നതിനു മുമ്പു തന്നെ പെൺകുട്ടിയുടെ സമ്മതത്തോടെ മതം മാറി. കോടതിയുടെ അനുമതിയോടെ വിസിറ്റ് വിസയിൽ ജിദ്ദയിൽ പിതാവിനടുത്തേക്ക് വന്നു. ഇതായിരുന്നു സംഭവിച്ചത്. എന്നാൽ തനിക്ക് ഗുരുതര അസുഖമാണെന്നും പെട്ടെന്ന് മകളെ കാണണമെന്നും ആവശ്യപ്പെട്ട് പിതാവ് അവളെ നാട്ടിലെത്തിച്ചു. മകളെ സൗദിയിലേക്ക് കൊണ്ടുപോകും മുമ്പു തന്നെ അവളുടെ പിതാവ് ഇന്ത്യയിൽ കാലു കുത്താൻ കഴിയാത്ത വിധം കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയാൾ അതുതന്നെ ചെയ്തു. ഐ.എസ് കഥ ചേർത്ത് കേസ് കൊടുത്തു. റിയാസിനും പെൺകുട്ടിക്കും താമസസൗകര്യവും മറ്റും ചെയ്തു കൊടുത്ത നിരപരാധികളെയും പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവർക്കും അപ്പോൾ തന്നെ യു.എ.പി.എ ചാർത്തി. ഒരു പെൺകുട്ടി വെള്ളക്കടലാസിൽ എഴുതിക്കൊടുത്ത പരാതിയുടെ പുറത്ത് ഒമ്പതു പേർക്കെതിരെയാണ് കേരള പൊലീസ് യു.എ.പി.എ ചുമത്തിയത്. വെറുമൊരു പരാതി കൊണ്ട് ഒമ്പതു പേർ ഭീകരന്മാരായി.

ഗാർഹികപീഡനത്തിനുള്ള വകുപ്പേ ഉള്ളൂ എന്നു പറഞ്ഞ് എൻ.ഐ.എ കേസ് അവസാനിപ്പിച്ചപ്പോൾ ആ ചെറുപ്പക്കാരന്റെ രണ്ടു വർഷം നഷ്ടമായിരുന്നു. അപ്പോഴേക്കും ഒന്നുമറിയാത്ത ഈ ഒമ്പതു കുടുംബങ്ങളിൽ, അവരുടെ ചുറ്റുവട്ടങ്ങളിൽ സംഭവിച്ച നഷ്ടങ്ങൾക്ക്/ ഒറ്റപ്പെടുത്തലിന്റെയും കുറ്റപ്പെടുത്തലിന്റെയും ഭീകരാവസ്ഥയ്ക്ക് ആരാണ് പരിഹാരം കാണുക? ഹൃദയം പൊട്ടുന്ന വേദനയോടെ ഇവരുടെ കുടുംബങ്ങൾ തള്ളിനീക്കിയ ദിവസങ്ങൾ ആർക്കാണ് തിരിച്ചുകൊടുക്കാൻ കഴിയുക? ഇവർക്കെതിരെ വന്ന വാർത്തകൾ ഏതു പത്രങ്ങളിൽനിന്നാണ് മായ്ച്ചു കളയാനാവുക? റിയാസിനെ ആഘോഷിച്ച എത്ര പത്രങ്ങളും ചാനലുകളും അവനെ വെറുതെ വിട്ട വാർത്ത കൊടുത്തു? ഭൂരിപക്ഷ ജനാധിപത്യത്തിന്റെ ബ്രാഹ്മണിക്കൽ വിചാരണകളും ശിക്ഷാമുറകളും ഒരു വംശത്തെ ഒന്നാകെ നോട്ടമിടുന്നതിന്റെ ലക്ഷണമാണ് ഇത്തരം കേസുകൾ. ഇത് നാൾക്കുനാൾ പെരുകുക തന്നെയാണ്.

ഒന്നോ രണ്ടോ ദിവസമാണ് ചാലക്കുടി സ്വദേശി അബ്ദുൽഖാദർ റഹീം തീവ്രവാദിയായി മുദ്ര കുത്തപ്പെട്ടത്. പക്ഷേ, അതോടനുബന്ധിച്ച് പുറത്തിറങ്ങിയ കഥകൾ അറിയണമെങ്കിൽ ആ ദിവസങ്ങളിൽ ഇറങ്ങിയ പത്രങ്ങൾ ഒന്നുകൂടി മറിച്ചുനോക്കണം. നമ്മുടെ പത്രപ്രവർത്തകർ മികച്ച കഥകളെഴുതുന്ന സാഹിത്യകാരന്മാർ കൂടിയാണെന്ന് അതു വായിക്കുമ്പോൾ ബോദ്ധ്യപ്പെടും. ഇന്റലിജൻസ് വൃത്തങ്ങളുടെ പിരടിയിൽ ചാരിയാണ് ഓരോ കഥക്കും ആധികാരികത നൽകുക. ശ്രീലങ്ക വഴി തമിഴ്നാട്ടിലെത്തിയ ലഷ്‌ക്കർ തീവ്രവാദികളെ സഹായിച്ചു എന്നതായിരുന്നു റഹീമിനെതിരായ കുറ്റം. 19 ാം വയസ്സിൽ പ്രവാസം ആരംഭിച്ച ഈ ചെറുപ്പക്കാരൻ നാട്ടിൽ ജീവിതം നട്ടുപിടിപ്പിക്കാനുള്ള ആഗ്രഹവുമായി കഴിഞ്ഞ വർഷമാണ് വിദേശത്തുനിന്ന് മടങ്ങിയത്. അതു നടക്കാതെ വന്നപ്പോൾ വീണ്ടും ബഹ്്റൈനിലേക്കു തന്നെ പോയി. ഈയിടെ നാട്ടിലെത്തിയപ്പോഴാണ് ഭീകരനായ വിവരം അറിയുന്നത്. ആദ്യ ദിവസം അമ്പരപ്പിൽ മിണ്ടിയില്ല. ഒളിവിൽ പോയിരുന്നെങ്കിൽ ഇപ്പോഴും ഭീകരൻ തന്നെ. ഭാഗ്യത്തിന് കീഴടങ്ങാൻ തീരുമാനിച്ചു. പെൺവാണിഭക്കാരുടെ കൈയിൽനിന്ന് മോചിപ്പിച്ച യുവതിയെയും ഭീകരമുദ്ര ചാർത്തി പിടികൂടിയിരുന്നു. ബഹ്്റൈനിലെ ഹോട്ടൽ ശൃംഖലയുടെ അനാശാസ്യം പരാതിപ്പെട്ടതോടെ ഇവരുടെ 18 ബ്രാഞ്ചുകൾക്ക് പൂട്ടുവീണു. ഉടമകൾ റഹീമിന് എതിരായി. അവരുടെ ഈ പകയാണ് ഭീകരവാദ കഥയിലെ വില്ലനാക്കി റഹീമിനെ മാറ്റിയത്. പൊലീസോ എൻ.ഐ.എയോ അല്ല റഹീമിനെ കുടുക്കിയത് എന്നതുകൊണ്ടാകാം മോചനം എളുപ്പമായി. അങ്ങനെയായിരുന്നുവെങ്കിൽ ഫോഴ്സിനെ നാണക്കേടിൽനിന്ന് രക്ഷപ്പെടുത്താൻ കുറച്ചുകാലം ജയിലിൽ കിടത്തിയേനെ. റിയാസിനെപ്പോലെ രണ്ടു കൊല്ലമെങ്കിലും പുറംലോകം കാണാതെ കിടക്കും. പിന്നീട് പുറത്തിറങ്ങുമ്പോൾ ആരും അറിയുകയുമില്ല. ഒരു പത്രത്തിലും തിരുത്തുകൾ വരില്ല. ഒരു പത്രവും മാപ്പു പറയില്ല.

റഹീമിനെ പിടിച്ചതിനു പിന്നാലെയും നിറംപിടിപ്പിച്ച നുണക്കഥകളുമായി ചില പത്രങ്ങൾ രംഗത്തുവന്നിരുന്നു. സംഘ്പരിവാർ പത്രങ്ങളുടെ കഞ്ഞികുടി മുട്ടിച്ചേ അടങ്ങൂ എന്ന വാശിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ദേശീയപത്രവും തുടർക്കഥകളുടെ വാരികയെ പത്രമാക്കി മാറ്റിയ കോട്ടയം ഉല്പന്നവുമാണ് ഈ കഥകളുടെ മുൻപന്തിയിൽ നിന്നത്. വിശ്വസിക്കാവുന്ന ഭാവനയുമായി ബൈലൈൻ സ്റ്റോറികൾ. ഈ പത്രങ്ങളിൽ സംഘ്പരിവാർ റിപ്പോർട്ടർമാർക്ക് റിസർവേഷനുണ്ടോ എന്നു പോലും സംശയിച്ചുപോകുന്ന തരത്തിലാണ് റഹീമിന്റെ അനുബന്ധ വാർത്തകളെ ഇവർ പൊലിപ്പിച്ചത്.

പൊലീസ് റിപ്പോർട്ട് അപ്പടി പകർത്തുന്നതൊക്കെ സഹിക്കാം. പക്ഷേ, പത്രപ്രവർത്തകർക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ഒരു മനുഷ്യൻ കുറ്റവാളിയായി ആരോപിക്കപ്പെടുന്ന നിമിഷം മുതൽ അയാളുടെ ചിത്രം കൊടുത്ത് അപമാനിക്കാതിരിക്കാം. ഒരു പരിഷ്‌കൃത രാജ്യവും ചെയ്യാത്ത നീചമായ കാര്യമാണത്. കുറ്റം തെളിഞ്ഞാൽപ്പോലും കുറ്റവാളികളുടെ മുഖം മറച്ച ചിത്രങ്ങളാണ് വിദേശ രാജ്യങ്ങളിലെ പത്രങ്ങൾ ഉപയോഗിക്കാറുള്ളത്. എന്നാൽ തേങ്ങ കട്ടവനെയും നമ്മൾ ബഹുവർണ്ണ ചിത്രം നൽകി മുന്തിയ കള്ളനാക്കി മാറ്റും. വേറെ പണി ചെയ്യാൻ കഴിയാത്ത വിധം അവനെ ബ്രാൻഡ് ചെയ്യും. റിയാസും റഹീമുമെല്ലാം ഈ അവസ്ഥയിലൂടെയാണ് കടന്നുപോയത്. നിരപരാധിയെന്ന് തീർത്തും തെളിയിക്കപ്പെട്ടു കഴിഞ്ഞാലും അവരുടെ നേരെ നീളുന്ന ചില കണ്ണുകളുണ്ടാകും. ആ കണ്ണുകളിൽനിന്ന് രക്ഷപ്പെടാൻ ഈ ജീവിതത്തിൽ അവർക്കു കഴിയില്ല. ഒരു ദിവസത്തെ വേദന ഒരായുസ്സിന്റെ വേദനയായി റഹീമിനെ പിന്തുടരും. ഈ ഹതഭാഗ്യരുടെ നഷ്ടങ്ങൾക്ക് പകരം നൽകാൻ നമുക്കൊന്നുമില്ല. നമ്മുടെ നിയമവ്യവസ്ഥയിൽ അതിന് വ്യവസ്ഥയില്ല.

Next Story
Read More >>