പേരിനാവരുത് പരിശോധന

ഒരു സംഭവത്തിൽ ബഹുജനരോഷവും മാദ്ധ്യമ ശ്രദ്ധയും വരുമ്പോൾ മാത്രം ഉണരേണ്ട ഒന്നല്ല, പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിയമപാലനം. അതിനു ഇടവേളകളോ പരിധിയോ പാടില്ല

പേരിനാവരുത് പരിശോധന

മുൻകരുതലാണ് എപ്പോഴും മുറിവുണക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഉത്തമം. എന്നാൽ ആ വിധത്തിലെടുക്കുന്ന നടപടികൾ യഥാസമയത്തും കൃത്യവും ആയി പ്രയോഗിക്കുന്നില്ലെങ്കിൽ അതും വൃഥാവിലാകും. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും ദുരന്തങ്ങളിൽ നാടു വിറങ്ങലിക്കുമ്പോഴും മാത്രമാണ് മുൻകരുതൽ നടപടികളെ കുറിച്ച് എല്ലാവരും വാചാലമാവുന്നത്, പ്രത്യേകിച്ച് ഭരണസംവിധാനവും ഉദ്യോഗസ്ഥരും. മദ്യലഹരിയിൽ കാറോടിച്ച ഐ.എ.എസുകാരൻ ഒരു മാദ്ധ്യമപ്രവർത്തകനെ കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പും പൊലീസും ഈ മാസം അഞ്ചു മുതൽ 31വരെ സംയുക്തമായി കർശന വാഹന പരിശോധന നടത്തുകയാണ്. റോഡു സുരക്ഷാ ആക്ഷൻ പ്ലാൻ എന്നു നാമകരണം ചെയ്ത പരിശോധനയുടെ ആദ്യ ദിനം തന്നെ 2735 നിയമലംഘനങ്ങൾ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കണ്ടെത്താനായി. ഈ വകയിൽ 2,73,500 രൂപ പിഴയും ഈടാക്കാൻ സാധിച്ചു. സംയുക്തമായ പരിശോധനാ നടപടികൾ ആരംഭിച്ചതോടെ ബഹുഭൂരിപക്ഷവും മര്യാദാപുരുഷോത്തമൻമാരായാണ് വാഹനവുമായി നിരത്തിലിറങ്ങിയത്.

ഹെൽമെറ്റിന്റെയും സീറ്റ് ബെൽറ്റിന്റെയും ഉപയോഗം നിർബന്ധമാക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടം. ഒപ്പം വാഹനങ്ങളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. അമിതവേഗവും, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉയോഗവുമുൾപ്പെടെയുള്ള മറ്റു നിയമലംഘനങ്ങളും വരും ദിവസങ്ങളിൽ കർശനമായി പിടികൂടി പിഴയീടാക്കാനാണ് തീരുമാനം. ഓരോ ജില്ലയിലും സംഘങ്ങളായി തിരിഞ്ഞ് വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. എന്തുകൊണ്ടും നല്ല കാര്യം. എന്നാൽ ഇപ്പോൾ കാട്ടിയ ഈ നടപടിയിലെ ആത്മാർത്ഥതയില്ലായ്മ ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഓഫീസർ മദ്യപിച്ചു വണ്ടിയോടിച്ചത്, സംസ്ഥാനത്തു തന്നെ അതീവ സുരക്ഷാ മേഖലയായ തലസ്ഥാനത്തെ കവഡിയാർ-വെള്ളയമ്പലം മ്യൂസിയം റോഡിലാണ്. അർദ്ധരാത്രിക്കു ശേഷം മദ്യപിച്ചു അമിത വേഗതയിൽ ഒരാൾ അതീവ സുരക്ഷാ മേഖലയിലൂടെ ഒരു കിലോമീറ്ററെങ്കിലും ഓടിച്ചു വന്നാണ് മാദ്ധ്യമപ്രവർത്തകനെ ഇടിച്ചു കൊന്നത്. ഈ സമയമത്രയും തലസ്ഥാനത്തെ റോഡ് സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട പൊലീസ്, മോട്ടോർ വാഹന വകുപ്പ് സംവിധാനങ്ങൾ ആകവേ കണ്ണടച്ചു എന്നാണ് പിന്നീടു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗവർണർ, മൂന്നോളം മന്ത്രിമാർ, അനേകം ഉന്നത പൊലീസ്, ഐ.എ.എസ് ഓഫീസർമാർ എന്നിവർ താമസിക്കുന്ന കവഡിയാർ, ജവഹർ നഗർ ഭാഗങ്ങളിലൊന്നും ഒരു പൊലീസ് പട്രോളിങു പോലും ഉണ്ടായില്ല; മദ്യലഹരിയിൽ വണ്ടിയോടിച്ചു വരുന്ന ആളെ കണ്ടെത്താൻ. റോഡിലെവിടെയും യാതൊരു വിധത്തിലുള്ള പരിശോധനയോ മറ്റു നിയമപരമായ മുൻകരുതലുകളോ ഉണ്ടായില്ല. ഇവിടെയാണ് നമ്മുടെ പൊലീസും മോട്ടോർ വാഹന വകുപ്പും വിമർശിക്കപ്പെടുന്നത്.

ഇതു കവഡിയാറിലോ തിരുവനന്തപുരത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. സംസ്ഥാനത്തെ റോഡിലൂടെയുള്ള യാത്ര അത്രമേൽ ഭീതിതമാണ്. മരണഭയത്താല്‍ ദേശീയ പാതയിലൂടെ വണ്ടിയോടിക്കുന്നവരും യാത്രചെയ്യുന്നവരുമുണ്ട്. അമിത വേഗത, അശ്രദ്ധ, രാത്രിയിലെ ബ്രൈറ്റ് ലൈറ്റ് തുടങ്ങിയവ കാരണം പേടിയോടെ മാത്രമേ ആർക്കും റോഡിലിറങ്ങാൻ കഴിയുകയുള്ളു. അതോടൊപ്പം ഏറ്റവും ഭയപ്പെടുത്തുന്നത് മദ്യപിച്ചുള്ള വണ്ടിയോട്ടമാണ്. മോട്ടോർ വാഹന വകുപ്പിന്റെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 60 ശതമാനം അപകടങ്ങളുടെ കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗാണ്. യന്ത്രത്തകരാറു മൂലമോ മറ്റു യാദൃച്ഛിക കാരണങ്ങളാലോ സംഭവിക്കുന്നതു പോലെയല്ല, മദ്യപിച്ചു വണ്ടിയോടിച്ചുള്ള അപകടം. നിയമലംഘനമാണെന്നും കുറ്റകൃത്യത്തിനുള്ള ശിക്ഷയും മറ്റു നടപടികളും നേരിടേണ്ടി വരും എന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് മദ്യപിച്ച് വണ്ടിയോടിക്കുന്നത്. നിയമലംഘനത്തിലൂടെ എത്ര വലിയ അപകടമുണ്ടായാലും എത്ര പേരുടെ ജീവൻ പൊലിഞ്ഞാലും അതു വാഹനാപകടം എന്ന ദുർബലമായ കുറ്റത്തിന്റെ ഗണത്തിലേ വരൂ എന്ന ബോദ്ധ്യം എല്ലാവർക്കുമുണ്ട്. ആ ബോദ്ധ്യം കൂടി നിരത്തിലെ കുറ്റകൃത്യം കൂടാനിടയാക്കി എന്നതു വസ്തുതയാണ്. പകരം കർശനമായ നടപടി ഉണ്ടാകും എന്ന സാഹചര‍്യമാണെങ്കിൽ, നിയമം ലംഘിക്കുന്നതിനു മുമ്പ് ചിന്തിക്കാനുള്ള മനസ്സെങ്കിലും കാണിക്കും. എത്രതന്നെ പരസ്യങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയിട്ടും റോഡിലെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും നിർബാധം തുടരുകയാണ്.

ഈ വിധത്തിൽ നിയമലംഘനങ്ങൾ പരിധിയില്ലാതെ വർദ്ധിക്കാനുള്ള ഒരു കാരണം കർശന നടപടിയിലെ അപര്യാപ്തയാണ് എന്ന കാര്യത്തിൽ ഭരണനേതൃത്വത്തിനു പോലും രണ്ടഭിപ്രായമുണ്ടാവില്ല. ഒരു സംഭവത്തിൽ ബഹുജനരോഷവും മാദ്ധ്യമ ശ്രദ്ധയും വരുമ്പോൾ മാത്രം ഉണരേണ്ട ഒന്നല്ല, പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിയമപാലനം. അതിനു ഇടവേളകളോ പരിധിയോ പാടില്ല. രാത്രി പരിശോധനകളും ക്യമാറാ നീരീക്ഷണങ്ങളും കൂടുതൽ കർശനമാക്കാനുള്ള നടപടികളുണ്ടാകണം. മദ്യപിച്ചു വാഹനമോടിക്കുന്നവരെ വെറുതെ ഊതിച്ചതു കൊണ്ടു കാര്യമില്ല. മേലിൽ മദ്യപിച്ചു വണ്ടി ഓടിക്കാതിരിക്കാനുള്ള ശിക്ഷ ഉറപ്പാക്കണം. ശിക്ഷ കൊണ്ടു എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാനാകില്ലെന്നറിയാം. എങ്കിലും അതു സൃഷ്ടിക്കുന്ന അന്തരീക്ഷം കുറ്റകൃത്യങ്ങൾ കുറക്കാൻ സഹായകമാകും. നിരന്തരം നിയമത്തിന്റെ കണ്ണുകൾ നിയമലംഘകർക്കു നേരെ തുറന്നുവച്ചിട്ടുണ്ട് എന്ന ബോദ്ധ്യം ഒരു പരിധിവരെ കുറ്റകൃത്യം കുറച്ചു കൊണ്ടുവരാനുതകും. അപകടങ്ങൾ യാദൃച്ഛികമാണെങ്കിലും അതു നിയമലംഘനത്തിലൂടെ ആകുമ്പോൾ, തടയാനും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനുള്ള ബാദ്ധ്യത നിയമപാലകർക്കും ഒപ്പം മോട്ടോർ വാഹന വകുപ്പിനും ഉണ്ട്. എല്ലാ നിയമലംഘനങ്ങൾക്കും നേരെ കണ്ണടച്ച്, അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും അവസരം നൽകിയ ശേഷം നടത്തുന്ന ഇത്തരം പരിശോധനാ പ്രകടനങ്ങൾ കുറച്ചു കൂടി കർശനമായി, യഥാസമയം നടപ്പിലാക്കിയിരുന്നുവെങ്കിൽ റോഡിലെ കുരുതിയുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാം.

Next Story
Read More >>