ഉന്നാവോ: ഇന്ത്യൻ ജനാധിപത്യം പ്രതിക്കൂട്ടിൽ

അതിബൃഹത്തായൊരു തെരഞ്ഞെടുപ്പും അതിന്റെ വിജയകരമായ നടത്തിപ്പും മാത്രമല്ല, ജനാധിപത്യം ഉറപ്പുവരുത്തുന്നത്. സൂക്ഷ്മതലത്തിലും അത് സാദ്ധ്യമാക്കേണ്ടതുണ്ടെന്നാണ് ഉന്നാവോ ഓർമപ്പെടുത്തുന്നത്

ഉന്നാവോ: ഇന്ത്യൻ ജനാധിപത്യം പ്രതിക്കൂട്ടിൽ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യയ്ക്ക് പ്രശസ്തി. ഏറ്റവും കൂടുതൽ ജനങ്ങൾ അതിവസിക്കുന്ന, ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന, ഏറ്റവും വിസ്തൃതവും വൈവിദ്ധ്യപൂർണ്ണവുമായ ഭൂഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യം. ഇന്ത്യയോടൊപ്പം അല്ലെങ്കിൽ അതിനടുത്ത കാലയളവുകളിൽ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയ പല രാജ്യങ്ങളും ജനാധിപത്യത്തിൽ നിന്ന് തിരിഞ്ഞുനടന്നപ്പോഴും നാം ഒറ്റപ്പെട്ട തുരുത്തായി അവശേഷിച്ചു. അതിബൃഹത്തായ ജനാധിപത്യ പ്രക്രിയയിലൂടെ ഒരു പുതിയ സർക്കാരിനെ തെരഞ്ഞെടുത്തു കൊണ്ട് നാമതു തെളിയിക്കുകയും ചെയ്തു.

ഭരണഘടനയാണ് നമ്മുടെ മറ്റൊരു അഭിമാനസ്തംഭം. ഭരണഘടനയെ കുറിച്ചുള്ള ചർച്ചകളിലും ആ അഭിമാനം നാം ആവർത്തിച്ചുറപ്പിച്ചു. ഭരണഘടനയുടെ വലിപ്പം, അത് വിഭാവന ചെയ്യുന്ന ജനാധിപത്യ സങ്കല്പങ്ങൾ, സമത്വം... എല്ലാം ലോകോത്തരമെന്ന് നമ്മെത്തന്നെ ആവർത്തിച്ച് ഓർമിപ്പിച്ചു. ഏത് മാനദണ്ഡം വച്ചളന്നാലും അത് ശരിയുമായിരുന്നു.

അതേസമയം, ഭരണഘടനയെ ഒരു നിർജീവ പുസ്തകമായി കാണുന്ന പ്രവണത ഇപ്പോൾ ശക്തമാണെന്ന് പറയാതിരിക്കാനാവില്ല. ഭരണഘടനയുടെ ഗുണമോ ദോഷമോ അല്ല, സമൂഹത്തിന്റെ ജനാധിപത്യ പ്രക്രിയയെ മുന്നോട്ടു നയിക്കുന്നതെന്ന സത്യം നമ്മെ ആദ്യം ഓർമിപ്പിച്ചതും ഭരണഘടനാ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച അംബേദ്കർ തന്നെയായിരുന്നു. 1949 നവംബർ 25ന് ഭരണഘടനാ നിർമ്മാണസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അംബേദ്കർ അക്കാര്യം ഊന്നിപ്പറഞ്ഞു. നമുക്കൊരു നല്ല ഭരണഘടനയുണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. അത് നടപ്പിൽ വരുത്തുന്നവർ മോശമാണെങ്കിൽ അത് മോശം ഭരണഘടനയായി മാറും. ഒരു ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിൽ വരുത്തുന്നവർ നല്ലവരാണെങ്കിൽ അത് നല്ലതായി മാറും. ഒരുപക്ഷേ, അംബേദ്കറുടെ ഓർമപ്പെടുത്തലുകൾ ഏറ്റവും പ്രധാനമായ കാലമാണ് ഇത്.

ഉന്നാവോയിലെ പെൺകുട്ടിയുടെ അനുഭവത്തെ കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. ബലാത്സംഗക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് വന്നിടിച്ച് ഏതാനും ചിലർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്്. ഉന്നാവോ എം.എൽ.എയുടെ കൂട്ടാളിയായ ശഷി സിങ് പെൺകുട്ടിയെ ജോലി നൽകാമെന്നു വിശ്വസിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ബി.ജെ.പിക്കാരനായ എം.എൽ.എ കുൽദീപ് സിങ് സെൻഗാർ അയാളുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഭയന്നുപോയ പെൺകുട്ടി ഇക്കാര്യം പുറത്തുപറഞ്ഞില്ല. പിന്നീട് എം.എൽ.എയുടെ കൂട്ടാളികളും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

തുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിക്കുന്നത്. ആദ്യം എം.എൽ.എയുടെ പേര് കേസിലുൾപ്പെടുത്താൻ പോലിസ് തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ പോലീസ് വഴങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിൽ പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹം കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ഈ കേസിൽ എം.എൽ.എയുടെ സഹോദരനും ഏതാനും പോലീസുകാരും അറസ്റ്റിലായി. കേസ് സി.ബി.ഐക്ക് വിട്ടു.

കുറ്റം നടന്ന് ഏകദേശം ഒരു വർഷത്തിനു ശേഷം എം.എൽ.എയെ സിബിഐ ചോദ്യം ചെയ്തു. തുടർന്ന് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പിതാവിനെ കൊലപ്പെടുത്തിയതിനുമെതിരേ നിയമനടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ അമ്മാവൻ പ്രചാരണം തുടങ്ങി. ഇത് അമ്മാവനെയും ജയിലിലെത്തിച്ചു. അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ച് തിരിച്ചുവരും വഴിയാണ് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നതും ചിലർ കൊല്ലപ്പെടുന്നതും. അപകടം നടന്ന ഉടനെ അതൊരു ആസൂത്രിത കൊലയാണെന്ന സംശയം പലരും ഉന്നയിച്ചു. ഏറെ താമസിയാതെ അത്തരം സൂചനകൾ പുറത്തുവരികയും ചെയ്തു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി പെൺകുട്ടിയും ബന്ധുക്കളും ഏകദേശം 33 പരാതികൾ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും യാതൊരു സാധുതയുമില്ലെന്ന് ചൂണ്ടിക്കാട്ടി എല്ലാം തള്ളിപ്പോയി. തങ്ങൾ സുരക്ഷിതരല്ലെന്ന് കാണിച്ച് ഒരു പരാതി സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും പെൺകുട്ടി അയച്ചിരുന്നു. അതിലും നടപടിയുണ്ടായില്ല. ആ കത്തിന് എന്തു സംഭവിച്ചുവെന്നാണ് ഇപ്പോൾ കോടതി അന്വേഷിക്കുന്നത്.

നീതിന്യായ വ്യവസ്ഥ ജഡ്ജിമാർ മാത്രം ഉൾപ്പെടുന്ന ഒരു സംവിധാനമല്ല. ജഡ്ജിമാർ, വക്കീലന്മാർ, പോലിസ്, കോടതി ജീവനക്കാർ, ഫോറൻസിക് വിദഗ്ധർ, പോസ്റ്റൽ വകുപ്പ്, ഡോക്ടർമാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനലിസ്റ്റുകൾ... ഇവരൊക്കെ കൂട്ടമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ഇത്. കേസിൽ പ്രതി ചേർക്കപ്പെട്ടവർ ശക്തരാണെങ്കിൽ കോടതിയിൽ മൊഴി കൊടുക്കൽ പോലും ഒരു ജീവൻമരണ പ്രശ്‌നമായി മാറുന്നു. ബിജെപി എം.എൽ.എയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അയാൾ ശക്തനായതിനാൽ പെൺകുട്ടി മാത്രമല്ല, പോലീസടക്കമുള്ള മുഴുവൻ ഭരണസംവിധാനവും അവൾക്കും കുടുംബത്തിനുമെതിരേ ഒന്നിച്ചണിനിരന്നു. അവരിൽ പലർക്കും ജീവനും നഷ്ടപ്പെട്ടു. ഗുജറാത്ത് കലാപകാലത്തും നാമത് കാണുകയുണ്ടായി. സംഭവം നടന്ന സ്ഥലത്ത് ജീവിക്കാനാവാതെ കേസുകൾ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിവന്ന സംരംഭങ്ങൾ തന്നെ എത്രയോ ഉണ്ട്. അതിബൃഹത്തായൊരു തെരഞ്ഞെടുപ്പും അതിന്റെ വിജയകരമായ നടത്തിപ്പും മാത്രമല്ല, ജനാധിപത്യം ഉറപ്പുവരുത്തുന്നത്. സൂക്ഷ്മതലത്തിലും അത് സാദ്ധ്യമാക്കേണ്ടതുണ്ട്.

Next Story
Read More >>