പ്രളയത്തിൽ പൊന്തിയ ഗാഡ്ഗിൽ

മണലും കല്ലും പാറപ്പൊടിയും മെറ്റലുമൊക്കെ വേണ്ടെന്നു പറയാൻ ചെലവൊന്നുമില്ല. പകരമെന്ത് എന്നു കൂടി പറയാൻ വേണ്ടെന്നു പറയുന്നവർക്ക് ബാദ്ധ്യതയുണ്ട്. ക്വാറി മാഫിയയെും കുടിയേറ്റ കർഷകനെയും ഒരേ നുകത്തിൽ കെട്ടരുത്. ക്വാറി മാഫിയയെ വളർത്തിയത് നാട്ടിൽ പാർക്കുന്ന നമ്മൾ ഓരോരുത്തരുമാണ്. പുതിയ കേരളീയ സാഹചര്യത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗികവും കാല്പനികവുമാണ്. പുതിയതൊന്നും സ്വീകരിക്കാൻ പാടില്ലെന്ന സവർണയുക്തി ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പൊതുസ്വഭാവമാണ്.

പ്രളയത്തിൽ പൊന്തിയ ഗാഡ്ഗിൽ

ഷെരീഫ് സാഗർ

മാധവ് ഗാഡ്ഗിൽ 1983 ൽ എഴുതിയ ഒരു പ്രബന്ധമുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി സന്തുലനത്തിന് കാരണം ജാതിവ്യവസ്ഥയായിരുന്നു എന്നും ചാതുർവർണ്യം അവസാനിച്ചതോടെ പരിസ്ഥിതി ആഘാതങ്ങൾ തുടങ്ങി എന്നുമാണ് പ്രബന്ധം സമർത്ഥിക്കുന്നത്. പ്രളയാനന്തരം കേരളം വീണ്ടും ചർച്ച ചെയ്യുന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനും ഈയൊരു സവർണസ്വഭാവമുണ്ട്. ഗാഡ്ഗിൽ ഒരു ശാശ്വത പരിഹാരമായിരുന്നു എന്ന രീതിയിലാണ് ചർച്ചകൾ ഉയർന്നുവന്നിരിക്കുന്നത്. 2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ആയിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിക്ക് രൂപം കൊടുക്കുന്നത്. കേരളത്തിന്റെ മിത-ശീതോഷ്ണ പ്രകൃതിയുടെ കാതലായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് ഗാഡ്ഗിൽ പ്രധാനമായും ചർച്ച ചെയ്തത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ ഈ സമിതിയുടെ റിപ്പോർട്ടാണ് ഗാഡ്ഗിൽ റിപ്പോർട്ട്. 14 പേരടങ്ങിയ സമിതിയിൽ പശ്ചിമഘട്ടത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക പ്രതിനിധികളോ ജനപ്രതിനിധികളോ കർഷകരോ ആദിവാസി വിഭാഗത്തിൽപെട്ടവരോ ഇല്ല.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങളും വികസനവും നിരുത്സാഹപ്പെടുത്തണമെന്നാണ് റിപ്പോർട്ടിന്റെ ആകെത്തുക. ജനിതക മാറ്റം വരുത്തിയ വിളകൾ പാടില്ല, പൊതുഭൂമി സ്വകാര്യ ഭൂമിയാക്കാതിരിക്കുക, വനഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക, വികസനം പാരിസ്ഥിതിക ആഘാത പഠനത്തിനു ശേഷം മാത്രമായിരിക്കുക, കെട്ടിട നിർമ്മാണ മാർഗനിർദേശങ്ങൾ ഉണ്ടാക്കുക, നിയമവിരുദ്ധ ഖനനങ്ങൾ നിർത്തിവെക്കുക, രാസകൃഷിയിൽനിന്ന് ജൈവകൃഷിയിലേക്കു മാറാൻ കർഷകരെ സഹായിക്കുക, തീവ്ര വ്യവസായങ്ങൾ അനുവദിക്കാതിരിക്കുക, സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പ്രകൃതി സംരക്ഷിക്കുന്നവർക്കും പരിസ്ഥിതി സൗഹൃദ കൃഷി നടത്തുന്നവർക്കും സർക്കാർ സഹായങ്ങൾ നൽകുക തുടങ്ങിയ നിർദേശങ്ങളാണ് ഗാഡ്ഗിൽ റിപ്പോർട്ട് മുന്നോട്ടു വെച്ചത്.

പുതിയ കേരളീയ സാഹചര്യത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗികവും കാല്പനികവുമാണ്. അവയിൽ ചിലതു മാത്രം പരിശോധിക്കാം. വിളകളുടെയും ജൈവകൃഷിയുടെയും കാര്യമാണ് ഒന്ന്. ജനിതകമാറ്റം വരുത്താത്ത ജൈവകൃഷിയിലൂടെ കേരളത്തിന്റെ കാർഷിക ആവശ്യങ്ങൾ പരിഹരിക്കപ്പെടില്ല. ജൈവകൃഷി കൊണ്ട് ഒരു കർഷകനും രക്ഷപ്പെട്ട ചരിത്രമില്ല. അതുകൊണ്ടുതന്നെ ആരും അതിനു മുതിരില്ല. ഇനി അങ്ങനെ ചെയ്താൽത്തന്നെ അധികവിള ലഭിക്കാത്തതുകൊണ്ട് കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തേണ്ടിവരും. ഇത് കൂടുതൽ പാരിസ്ഥിതിക നാശത്തിനേ ഉപകരിക്കൂ. മറ്റൊന്ന് ക്വാറികളെക്കുറിച്ചാണ്. ആകെ 750 ക്വാറികൾക്ക് മാത്രമാണ് സംസ്ഥാനത്ത് അനുമതിയോടെ പ്രവർത്തിക്കുന്നത്. 5924 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നു. ആരുടെ അനുമതിയോടെ? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പുറമെ പറയുകയും അകമേ അതിനു തുരങ്കം വെക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയോടെ. സിമന്റും മണലും കമ്പിയും ഉപയോഗിക്കുന്നത് കുറയ്ക്കുകയോ ബദൽ മാർഗങ്ങൾ അവലംബിക്കുകയോ വേണമെന്ന് സമിതി പറയുന്നു. ഒരാൾ കെട്ടിപ്പൊക്കുന്ന വീടിന്റെ വിസ്തീർണ്ണം സംബന്ധിച്ച് സർക്കാർ പ്രത്യേകിച്ച് മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് ക്വാറികൾ നിയന്ത്രിക്കപ്പെടുമെന്ന പ്രതീക്ഷ വേണ്ട. മറ്റൊന്ന് വനഭൂമിയുടെ കാര്യം. വനഭൂമി ഇപ്പോൾ ഇതര ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല, കേരളത്തിൽ വനഭൂമി വർദ്ധിച്ചിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേരുപിടിക്കുന്ന ദീർഘകാല വിളകൾ പ്രോത്സാഹിപ്പിക്കണമെന്ന നിർദേശം മണ്ണൊലിപ്പ് തടയുന്നതിന് ഉപകരിച്ചേക്കാം.

പുതിയതൊന്നും സ്വീകരിക്കാൻ പാടില്ലെന്ന സവർണയുക്തി ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പൊതുസ്വഭാവമാണ്. നമ്മുടെ നാട്ടിലെ പകുതിയിലേറെ കാർഷികവിളകളും തദ്ദേശീയമല്ലെന്ന സാമാന്യബോധം പോലും ഈ ജൈവമൗലികവാദം പ്രകടിപ്പിക്കുന്നില്ല. കാപ്പിയും തേയിലയും റബ്ബറുമൊക്കെ വിദേശികളാണ്. മലയോരത്തുനിന്ന് കിട്ടുന്ന നാണ്യവിളകൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകൾ കാർഷികവിളകളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. കാലാനുസൃതമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് കാർഷികവിളകൾ വർദ്ധിച്ചത്. ജനങ്ങൾ പെരുകുന്നതിനനുസരിച്ച് അവരുടെ മൗലികാവകാശമായ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് അധികവിള ഉല്പാദിപ്പിക്കുന്ന വിത്തിനങ്ങൾ തന്നെയായിരിക്കും ഇനിയും കൃഷി ചെയ്യപ്പെടുക. എന്നിട്ടും ഇതര സംസ്ഥാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. സ്വന്തം ഭൂമി തരിശിട്ട് ഇതര സംസ്ഥാനക്കാരന്റെ വിയർപ്പിലെ വിഷാംശം അളക്കലാണ് നമ്മുടെ പണി.

ആകെയുള്ള 1,64,280 ചതുരശ്ര കിലോമീറ്റർ വരുന്ന പശ്ചിമഘട്ടത്തിന്റെ 60,000 ചതുരശ്ര കിലോമീറ്റർ മാത്രം സംരക്ഷിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീർന്നു എന്നത് ശരിയായ നിരീക്ഷണമല്ല. സംരക്ഷിത മേഖലകൾ പോലും ചൂഷണത്തിനു തുറന്നു കൊടുക്കുന്ന അവസ്ഥ എങ്ങനെ സംഭവിക്കുന്നു എന്നാണ് ചിന്തിക്കേണ്ടത്. ക്വാറികൾ ഭീഷണിയാണ് എന്നു പറയുന്നു. ശരി. എത്ര ക്വാറികൾ പ്രളയാനന്തരം അടച്ചുപൂട്ടി? ചെയ്യുന്നില്ല. കാരണം, റോഡിനും വീടിനും ക്വാറി വേണം. അതു തന്നെ. ക്വാറികൾ അടച്ചുപൂട്ടിയാൽ നിർമ്മാണമേഖല സ്തംഭിക്കും. മണൽ വാരലിനു നിയന്ത്രണം വന്നതോടെ പാറപ്പൊടിക്കും മെറ്റലിനും ഡിമാന്റ് കൂടിയതാണ് ക്വാറികളുടെ എണ്ണം കൂടാനുള്ള കാരണം. ഈ പാറകൾ പോകുന്നത് കേരളത്തിന് പുറത്തേക്കോ ആരുടെയെങ്കിലും ബാങ്ക് ലോക്കറിലേക്കോ അല്ല. പഞ്ചായത്ത് റോഡ് മുതൽ നമ്മുടെ വീടു വരെ എല്ലായിടത്തേക്കുമാണ്. പരിസ്ഥിതി നശിച്ചുവെന്ന് നിലവിളിക്കും മുമ്പ് നിൽക്കുന്ന തറയിൽ ഒന്നു ചവിട്ടി നോക്കണം. എത്ര മലകളുടെ ശവമാണ് നമ്മുടെ തറ? കാറോടിക്കുന്നതിനിടെ റോഡിലിറങ്ങി ഒന്ന് ചവിട്ടി നോക്കണം. എത്ര മലകളുടെ ശവത്തിനു മുകളിലൂടെയാണ് നിരന്തരം യാത്ര ചെയ്യുന്നത്?

കേരളത്തിൽ ഇപ്പോൾ സംഭവിച്ച പ്രളയത്തിനു കാരണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതല്ല. മേഘവിസ്‌ഫോടനങ്ങളാണ്. ആറു മാസംകൊണ്ട് പെയ്യേണ്ട മഴ ഒറ്റപ്പെയ്ത്തായിരുന്നു. ഒന്നിനും പിടിച്ചുനിൽക്കാനാവില്ല. ജനപ്പെരുപ്പം കൂടിയത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് തീവ്രമഴയ്ക്ക് കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ മുപ്പതു വർഷത്തിനിടെ അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടിയിട്ടുണ്ട്. മുതലാളിത്ത രാജ്യങ്ങളാണ് ഇതിൽ പ്രതിസ്ഥാനത്തുള്ളത്. ലോക കാലാവസ്ഥാ സമ്മേളനങ്ങളിലെല്ലാം ഈ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പരിഹാരത്തിനു ശ്രമം നടക്കുകയാണ്.

നമുക്ക് ചില മുൻകരുതലുകൾ സ്വീകരിക്കാം. നദികളുടെ തീരത്തുനിന്ന് വീടുകൾ മാറ്റാം. അധികമഴ ഒഴുകിപ്പോകാനുള്ള അവസരം നൽകുന്ന നിർമ്മാണരീതി സ്വീകരിക്കാം. അടുത്ത നൂറു വർഷത്തെ പ്രളയം മുന്നിൽ കണ്ടുള്ള റീ ഡിസൈനിങ് പ്രളയ പുനരധിവാസത്തോടൊപ്പം നടത്താം. ഫ്‌ളഡ് മാനേജ്‌മെന്റ് പോലെ പ്രധാനമാണ് റിവർ മാനേജ്‌മെന്റ് എന്നതും മനസ്സിലാക്കാം. ഭൂവിനിയോഗ രീതിയിൽ മാറ്റം വേണം. ജീവിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. കുറ്റം പറയാൻ എളുപ്പമാണ്. പരിഹാരമാണ് പ്രയാസം. മണലും കല്ലും പാറപ്പൊടിയും മെറ്റലുമൊക്കെ വേണ്ടെന്നു പറയാൻ ചെലവൊന്നുമില്ല. പകരമെന്ത് എന്നു കൂടി പറയാൻ വേണ്ടെന്നു പറയുന്നവർക്ക് ബാദ്ധ്യതയുണ്ട്. ക്വാറി മാഫിയയെും കുടിയേറ്റ കർഷകനെയും ഒരേ നുകത്തിൽ കെട്ടരുത്. ക്വാറി മാഫിയയെ വളർത്തിയത് നാട്ടിൽ പാർക്കുന്ന നമ്മൾ ഓരോരുത്തരുമാണ്. അതിൽ രാഷ്ട്രീയക്കാരും സാധാരണക്കാരുമുണ്ട്. അവരുടെ അടങ്ങാത്ത ആർത്തിയുടെ അംശങ്ങളുണ്ട്. സേഫ്‌സോണിൽ ഇരുന്ന് തിയറിയുണ്ടാക്കുന്നതുപോലെ എളുപ്പമല്ല ഗ്രൗണ്ട് റിയാലിറ്റി. അത് തിരിച്ചറിയാതെയുള്ള വാക്പയറ്റുകളൊക്കെ വെള്ളത്തിൽ വരയ്ക്കുന്ന വരകളാണ്. വിരലങ്ങു മാറ്റുമ്പോൾ വരയങ്ങ് പോകും.

Next Story
Read More >>