ലോകത്തിനു മുന്നിൽ നാണം കെടുന്ന കേരളം

സർക്കാർ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടത്തിന് പാർട്ടികളിൽനിന്നും സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾക്ക് പ്രതികളിൽനിന്നും പണം വസൂലാക്കിയാൽ മാത്രം അക്രമികളെ നിലയ്ക്കു നിർത്താനാകുമെന്നു തോന്നുന്നില്ല. നിലവിൽ ഇതിനൊക്കെ സംവിധാനങ്ങളുണ്ടായിട്ടും അഴിഞ്ഞാട്ടത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലല്ലോ. അക്രമികൾക്കെതിരെ സിവിൽ കേസ് കൊടുത്തതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ക്രിമിനൽ കേസുകൾ കൂടി ചാർജ്ജ് ചെയ്ത് കർശന നടപടികൾ സ്വീകരിച്ചാലേ ഈ പ്രവണതക്ക് അല്പം അയവു വരികയുള്ളൂ.

ലോകത്തിനു മുന്നിൽ  നാണം കെടുന്ന കേരളം

ബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 5769 ആണ്. ഇവരിൽ 4980 പേർക്കും ജാമ്യം ലഭിച്ചു. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1869. കണക്കുകൾ പരിശോധിക്കുമ്പോൾ സുഖകരമായി തോന്നാത്ത ഒരു കാര്യം അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ ലഭിക്കുന്ന ജാമ്യമാണ്. അക്രമികളുടെ ധൈര്യവും ഈ ജാമ്യമാണ്. രാഷ്ട്രീയ അക്രമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന കേസുകളിൽ ഭരണകൂടം സ്വീകരിക്കുന്ന ഉദാസീനത തുടർന്നും അക്രമം പെരുകാനുള്ള കാരണങ്ങളിൽ പ്രധാനമാണ്.

അക്രമത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരുടെ ധൈര്യം നേതാക്കൾ തന്നെയാണ്. പൊതുമുതൽനഷ്ടം തിരിച്ചു പിടിക്കുന്നതിന് നിയമങ്ങൾ കർശനമാക്കിയിട്ടും അക്രമത്തിന് ശമനമൊന്നും ഉണ്ടായിട്ടില്ല. ആൾക്കൂട്ടത്തിന്റെ ഇടയിൽ കയറി എന്തു ചെയ്താലും കുഴപ്പമുണ്ടാകില്ലെന്ന ബോധവും അക്രമികൾക്കുണ്ട്. പൊലീസിനെ ആക്രമിക്കൂ, നിങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് അണികൾക്ക് നൽകുന്ന നിർദ്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. കേരളത്തിൽ ശബരിമലയിൽ യുവതീ പ്രവേശം നടന്ന ദിവസവും സംഘ്പരിവാർ നേതാക്കളിൽനിന്ന് സമാനമായ ആഹ്വാനങ്ങളുണ്ടായി. ഇതുകേട്ട് ഇറങ്ങിത്തിരിച്ചവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. നേതാക്കന്മാർ ഒളിച്ചുനിന്ന് അണികളെ നിയന്ത്രിക്കുന്നതും പലയിടത്തായി കണ്ടു.

സർക്കാർ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടത്തിന് പാർട്ടികളിൽനിന്നും സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടങ്ങൾക്ക് പ്രതികളിൽനിന്നും പണം വസൂലാക്കിയാൽ മാത്രം അക്രമികളെ നിലയ്ക്കു നിർത്താനാകുമെന്നു തോന്നുന്നില്ല. നിലവിൽ ഇതിനൊക്കെ സംവിധാനങ്ങളുണ്ടായിട്ടും അഴിഞ്ഞാട്ടത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലല്ലോ. അക്രമികൾക്കെതിരെ സിവിൽ കേസ് കൊടുത്തതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ക്രിമിനൽ കേസുകൾ കൂടി ചാർജ്ജ് ചെയ്ത് കർശന നടപടികൾ സ്വീകരിച്ചാലേ ഈ പ്രവണതക്ക് അല്പം അയവു വരികയുള്ളൂ.

രാഷ്ട്രീയ അതിക്രമ കേസുകളിൽ പലപ്പോഴായി സംഭവിക്കുന്ന ഒരു കാര്യം അറസ്റ്റ് ചെയ്ത ഉടനെ ലഭിക്കുന്ന ജാമ്യവും പിന്നീട് കേസ് തേഞ്ഞു മാഞ്ഞു പോകുന്നതുമാണ്. പ്രതിപക്ഷ പാർട്ടിയാണ് അക്രമം നടത്തിയതെങ്കിൽ ഭരണം കിട്ടുമ്പോൾ കേസുകൾ എഴുതിത്തള്ളും. അത് എത്ര വലിയ കേസാണെങ്കിലും. കേരളത്തിൽ ഭരണമില്ലാത്ത സംഘ്പരിവാറിന് പൊലീസിലും മറ്റും അത്യാവശ്യം സ്വാധീനമുള്ളതുകൊണ്ട് ആ ധൈര്യവുമുണ്ട്. കാര്യം എന്തായാലും അനുഭവിക്കുന്നത് സാധാരണക്കാരാണ്. അവരുടെ കഞ്ഞികുടിയാണ് മുട്ടുന്നത്. അവർക്കാണ് െസ്വെരജീവിതം ഇല്ലാതാകുന്നത്.

ബോംബിനെ ബോംബ് കൊണ്ടല്ല നേരിടാറുള്ളത്. അത് പൊട്ടാതിരിക്കാനുള്ള പണിയെടുത്തുകൊണ്ടാണ്. അക്രമമെന്ന ബോംബ് പൊട്ടാതിരിക്കണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കുന്ന നേതാക്കളെ ആദ്യം പിടികൂടണം. അതിക്രമങ്ങളുടെ തെരുവിലേക്ക് തള്ളിയിടപ്പെട്ട അണികളെ ബലിയാടുകളാക്കി രക്ഷപ്പെടാമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ധൈര്യം നിർവീര്യമാക്കണം. രാഷ്ട്രീയ ആക്രമണങ്ങളും പ്രതിരോധങ്ങളും കായികശേഷി പ്രകടിപ്പിക്കാനുള്ളതല്ലെന്ന സാമാന്യ ബോധം അണികൾക്ക് നൽകാനുള്ള പഠന ക്ലാസ്സുകൾ ഉണ്ടാകണമെങ്കിൽ നേതാക്കളെ പിടികൂടിയേ പറ്റൂ. ഒരു പരിഷ്‌കൃത സമൂഹത്തിന്റെ നിലനിൽപ് അക്രമത്തിലല്ല, സമാധാനത്തിലാണെന്ന് ആദ്യം തിരിച്ചറിയേണ്ടവർ തന്നെ അക്രമികളാകുന്ന കാഴ്ച അസഹനീയമാണ്.

ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ കേരളത്തെ ഒരു പ്രശ്‌ന ബാധിത സംസ്ഥാനമായി മാറ്റിക്കഴിഞ്ഞു. കശ്മീരിനോടു പോലും ഉപമിച്ചു കൊണ്ട് കേരളം വിലയിരുത്തപ്പെട്ടു. കേരളം സന്ദർശിക്കുന്ന വിദേശ പൗരന്മാർക്ക് അവരുടെ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി വരികയാണ്. കേരളത്തിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്താൻ സാദ്ധ്യതയുള്ള ഈ സീസൺ ആകെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖല പ്രളയാനന്തരം ഒന്നു മൂരിനിവർന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഇപ്പോൾ നിരന്തര ഹർത്താലുകളും ഇന്ന് തുടങ്ങാനിരിക്കുന്ന രണ്ടു നാളത്തെ പണിമുടക്കുമെല്ലാമായി കുഴപ്പമായിരിക്കുന്നത്. ഈ മേഖലയിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന പതിനായിരങ്ങൾ വിദേശികളുടെ വരവ് നിലച്ചതോടെ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പ്രളയത്തിൽ തകർന്ന റിസോർട്ടുകളും ഹൗസ് ബോട്ടുകളുമെല്ലാം ഈ സീസൺ പ്രതീക്ഷിച്ച് ലോണെടുത്തും മറ്റും പുനർ നിർമ്മിച്ചവരാണ് കടത്തിന്റെ കയത്തിലേക്ക് വീഴുന്നത്.

കേരളത്തിലെ അക്രമ സംഭവങ്ങൾ വിദേശ പത്രങ്ങളു ചാനലുകളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ മാദ്ധ്യമങ്ങളും ശ്രദ്ധിക്കപ്പെടുന്ന പ്രാധാന്യം നൽകി. ഇതോടെയാണ് കേരളം സംഘർഷ സാദ്ധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തപ്പെട്ടത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദേശ എംബസികൾ അവരുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകരുത്, സംഘർഷം അനുഭവപ്പെട്ടാൽ വേഗം തിരിച്ചു വരണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. പ്രളയകാലത്ത് കൈകോർത്തുനിന്ന് ലോകത്തിന്റെ അഭിനന്ദം ഏറ്റുവാങ്ങിയ അതേ കേരളമാണ് ഇപ്പോൾ ലോകത്തിനു മുന്നിൽ നാണം കെട്ട് തലകുനിച്ച് നിൽക്കുന്നത്.

Read More >>