കൈപിടിക്കാതെ എന്തു ചെയ്യാനാണ്

കണക്കുകൾ നോക്കുമ്പോൾ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുകയല്ലാതെ ഇടതുപക്ഷം എന്തു ചെയ്യാനാണ് എന്നു തോന്നുക സ്വാഭാവികം. ബംഗാളിൽ 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന സി.പി.എം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തോൽക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ 294ൽ 40 സീറ്റിൽ മാത്രമാണ് സി.പി.എം ജയിച്ചത്. മുൻ വർഷത്തേതിൽ നിന്ന് 136 സീറ്റിന്റെ കുറവ്. ഇതിനു ശേഷം വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം തുടർച്ചയായി തോറ്റു. വോട്ടുവിഹിതവും കാര്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ജില്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒരു ജില്ലാ പരിഷത്ത് സീറ്റിലേക്കും പാർട്ടിക്ക് ജയിക്കാനായില്ല.

കൈപിടിക്കാതെ   എന്തു ചെയ്യാനാണ്

രാഷ്ട്രവിചാരം / എം.അബ്ബാസ്

മൂന്നരപ്പതിറ്റാണ്ട് അധികാരം കൈയാളിയ പശ്ചിമബംഗാളിൽ കോൺഗ്രസ്സുമായി കൂട്ടുകൂടണോ എന്ന പതിവു തർക്കത്തിലാണിപ്പോൾ സി.പി.എം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെയും ബി.ജെ.പിയെയും നേരിടാൻ ഒറ്റയ്ക്കു നിന്നാൽ മതിയാകില്ല എന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ എതിർപ്പിനിടെയും ധാരണയുമായി മുന്നോട്ടുപോകാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

കണക്കുകൾ നോക്കുമ്പോൾ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കുകയല്ലാതെ ഇടതുപക്ഷം എന്തു ചെയ്യാനാണ് എന്നു തോന്നുക സ്വാഭാവികം. ബംഗാളിൽ 34 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന സി.പി.എം 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തോൽക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ 294ൽ 40 സീറ്റിൽ മാത്രമാണ് സി.പി.എം ജയിച്ചത്. മുൻ വർഷത്തേതിൽ നിന്ന് 136 സീറ്റിന്റെ കുറവ്. ഇതിനു ശേഷം വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം തുടർച്ചയായി തോറ്റു. വോട്ടുവിഹിതവും കാര്യമായി കുറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ജില്ലാ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒരു ജില്ലാ പരിഷത്ത് സീറ്റിലേക്കും പാർട്ടിക്ക് ജയിക്കാനായില്ല. ആറായിരം പഞ്ചായത്ത് സമിതി സീറ്റുകളിൽ 111 എണ്ണം മാത്രമേ സി.പി.എമ്മിന് കിട്ടിയുള്ളൂ. 32000 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ കിട്ടിയത് 1486 ഉം. താഴെത്തട്ടിൽ പാർട്ടി എത്രമാത്രം ദുർബലമാണെന്ന് തെളിയിക്കുന്നു ഈ കണക്ക്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദേശീയതലത്തിൽ കിട്ടിയത് 3.2 ശതമാനം വോട്ടാണ്. 1964ൽ പാർട്ടി രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും കുറവ് വോട്ട്. പശ്ചിമബംഗാളിലെ 42 സീറ്റിൽ ജയിക്കാനായത് രണ്ടിടത്തും. 2009ലെ 33.1 ശതമാനം വോട്ട് 2014ലെത്തുമ്പോൾ 22.7 ശതമാനമായി കുറഞ്ഞു. അപ്പോഴിനി, കൈ പിടിക്കുകയല്ലാതെ എന്തു ചെയ്യാനാണ്.

തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം

തെരഞ്ഞെടുപ്പ് (ചോയ്‌സ്) എന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു വാക്കാണ്. ആരുടെ തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എന്റേത് എന്നാണ് ഉത്തരമെങ്കിൽ അതിനെ മാനിക്കണം. വിഖ്യാത സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ നിഖാബ് (മുഖംമൂടുന്ന മേൽത്തട്ടം) ധരിച്ച് ഈയിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതാണ് വസ്ത്രങ്ങളുടെ തെരഞ്ഞെടുപ്പ് ഒരിക്കൽക്കൂടി ചർച്ചകൾ സജീവമാക്കിയത്. ഓസ്ക്കാർലഭിച്ച 'സ്ലംഡോഗ് മില്യണയർ"ന്റെ പത്താം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുംബൈയിലെ ധാരാവിയിൽ സംഘടിപ്പിച്ച യോഗത്തിലാണ് മകൾ നിഖാബ് ധരിച്ചെത്തിയതിന്റെ പേരിൽ റഹ്മാനെ ഒരുകൂട്ടം കപടനെന്നു വിളിച്ചത്. ഇസ്‌ലാമിക വസ്ത്രധാരണരീതി റഹ്മാൻ മകളിൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഫ്രീഡം ടു ചൂസ് എന്ന ഹാഷ്ടാഗിൽ സ്വന്തം കുടുംബത്തിന്റെ ചിത്രം ട്വിറ്ററിൽ അപ്ലോഡ് ചെയ്താണ് റഹ്മാൻ ഇതിന് മറുപടി പറഞ്ഞത്. തല മറച്ച ഭാര്യ സൈറ, തട്ടം തോളിലിട്ട മകൾ റഹീമ, മുഖംമറച്ച മകൾ ഖദീജ എന്നിവരായിരുന്നു ചിത്രത്തിൽ.

ഇന്ത്യയെ ലോകത്തോളം ഉയർത്തിയ റഹ്മാൻ ആദ്യമായല്ല അസഹിഷ്ണുതയുടെ ഇരയായി മാറുന്നത്. നേരത്തെ, വന്ദേമാതരത്തിനും മാ തുചേ സലാമിനും സംഗീത ഭാഷ്യം നൽകിയതിന് മുസ്‌ലിം ഗ്രൂപ്പുകളുടെ അനിഷ്ടത്തിന് ഇരയായിരുന്നു റഹ്മാൻ. ഇതിനു പിന്നാലെയാണ് ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പ്രവാചകനെ കുറിച്ചുള്ള സിനിമ, 'മുഹമ്മദ്: മെസഞ്ചർ ഓഫ് ഗോഡ്' എന്ന സിനിമയ്ക്ക് സംഗീതം നൽകിയതിന് ഇന്ത്യയിലെ ഒരു മുസ്‌ലിം സംഘടന അദ്ദേഹത്തിനെതിരെ ഫത്‌വ (മതവിധി) പുറപ്പെടുവിച്ചത്. മകൾ ഖദീജയെ മുന്നിൽ നിർത്തി ആക്രമിക്കുന്നതും സംഗീതത്തെ വെച്ച് ആക്രമിക്കുന്നതിന്റെയും സ്വാഭാവം ഒന്നാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവർക്കും വേണ്ട എന്ന ഫാസിസം. മതവാദികൾക്കും നവലിബറലുകൾക്കും ഇക്കാര്യത്തിൽ ഒരേ സ്വരം. ഒരേ നിറം.

ശാരദ കേന്ദ്രവും മമതയും തമ്മിലുള്ള പോരല്ല

ശരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ തീരുമാനത്തിൽ കേന്ദ്രവും ബംഗാൾ സർക്കാറും തമ്മിലുള്ള പോരാണ് കഴിഞ്ഞയാഴ്ച രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന്. ഫെഡറൽ ഘടനയ്ക്കു നേരെയുള്ള കേന്ദ്രസർക്കാറിന്റെ കയ്യേറ്റം, സി.ബി.ഐയുടെ സംസ്ഥാനങ്ങളിലെ അന്വേഷണ പരിധി, ബംഗാളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ മോഹങ്ങൾ എന്നിവയെ കുറിച്ചെല്ലാം ചർച്ചകൾ നടന്നു. എന്നാൽ കേന്ദ്ര-സംസ്ഥാന അധികാരത്തർക്കങ്ങൾക്കിടയിൽ വിട്ടുപോയ ഒന്നുണ്ട്, ചിട്ടിത്തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേരുടെ സമ്പാദ്യവും വേദനയുമാണത്.

ഒരുപക്ഷേ, രാജ്യത്തെ തന്നെ ഏറ്റവും വലിയ 'ചെറുകിട' പണം തട്ടിപ്പാണ് പശ്ചിമ ബംഗാൾ, അസം, ത്രിപുര, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ പടർന്നു കിടക്കുന്ന ശാരദാ, റോസ്‌വാലി തട്ടിപ്പുകൾ. 2008ലാണ് ചിട്ടി കമ്പനികൾ സാധാരണക്കാരിൽ നിന്ന് ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. അഞ്ചു വർഷത്തിനുള്ളിൽ ലാഭം തരാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ 2013ൽ കമ്പനി പൊട്ടി. കേസും കൂട്ടവുമായി. 30,000 കോടിയിലേറെ രൂപ ശാരദയും റോസ്‌വാലിയും മാത്രം ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. 140 കോടി രൂപ മാത്രമാണ് കമ്പനികൾ നിക്ഷേപകർക്ക് തിരിച്ചു നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് സുപ്രിം കോടതിയിലുള്ളത്. കൊൽക്കത്ത ഹൈക്കോടതിയിൽ 148 കേസും. കേസിൽ അറസ്റ്റിലായത് തൃണമൂൽ രാജ്യസഭാ എം.പിമാരായ കുനാൽ ഘോഷ്, സഞ്ജയ് ബസു, ഗതാഗത മന്ത്രി മദൻ മിത്ര തുടങ്ങിയവർ. എല്ലാവരും ജാമ്യം നേടി പുറത്താണിപ്പോൾ. കേസ് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് ശ്യാമൾ സെന്നിന്റെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിച്ചു. ബംഗാളിൽ മാത്രം 234 വലുതും ചെറുതുമായ ചിട്ടിക്കമ്പനിൾ പ്രവർത്തിക്കുന്നതായി തട്ടിപ്പ് ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അമാനത്കാർ ഒ ഏജന്റ് സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ കൺവീനർ സുബിർ ദേ പറയുന്നു. കൂലിപ്പണിക്കാരും ചെറുകിട കച്ചവടക്കാരും ബീഡിതെറുപ്പുകാരും അരിഷ്ടിച്ചു മിച്ചം വച്ച ഈ പണമെല്ലാം ഇനിയാര് തിരിച്ചുനൽകും എന്നതാണ് വലിയ ചോദ്യം.

Read More >>