പ്രിയങ്ക കത്തെഴുതുകയാണ്

രാഷ്ട്രവിചാ‍രം / എം.അബ്ബാസ്

പ്രിയങ്ക കത്തെഴുതുകയാണ്

രാഷ്ട്രവിചാ‍രം / എം.അബ്ബാസ്

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തുറുപ്പു ചീട്ടാണ് പ്രിയങ്ക ഗാന്ധി വദ്ര. അമ്മ സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും സഹോദരൻ രാഹുലിന്റെ അമേഠിയിലും ഒതുങ്ങി നിന്നിരുന്ന അവർ രാജ്യത്തുടനീളം പാർട്ടി പ്രചാരണങ്ങളിൽ പങ്കെടുത്തു. റാലികൾ, ചെറുയോഗങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളാണ് ഗാന്ധി തലമുറയിലെ ഇളമുറക്കാരി സ്വീകരിച്ചു വന്നത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യു.പിയിലെ വോട്ടർമാർക്കായി ഒപ്പുവച്ച കത്തയക്കുകയാണിപ്പോൾ അവർ. തിങ്കളാഴ്ച വോട്ടിങ് നടക്കുന്ന 14 മണ്ഡലത്തിലെ ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയവർക്കാണ് കത്ത്. ലഖ്‌നൗ, റായ്ബറേലി, അമേഠി, ധൗരാഹ, സിതാപൂർ, മോഹൻലാൽ ഗഞ്ച്, ബാന്ദ, ഫത്തേപൂർ, കൗശുംബി, ബാരബങ്കി, ഫൈസാബാദ്, ഭറൂച്ച്, കൈസർഗഞ്ച്, ഗോണ്ട മണ്ഡലങ്ങളിലെ വോട്ടർമാരെ തേടിയാണ് കത്തെത്തിയത്. ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി ഇപ്പോഴത്തേതിനേക്കാൾ ഇരട്ടി തുക, ആശാവർക്കർമാർക്കുള്ള കുടിശ്ശിക തീർക്കൽ, ശിശുക്ഷേമ പദ്ധതിക്ക് കൂടുതൽ തുക, താൽക്കാലിക അദ്ധ്യാപകരുടെ കുടിശ്ശിക തീർക്കൽ, മദ്രസാ സംവിധാനം ആധുനികവൽക്കരിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ കത്തിലുണ്ട്. കത്ത് വോട്ടർമാരെ സ്വാധീനിക്കുമോ എന്ന കാര്യത്തിലൊന്നും കോൺഗ്രസ്സിന് ഉറപ്പില്ല. എങ്കിലും തകർന്നു കിടക്കുന്ന സംഘടനാ സംവിധാനങ്ങൾ നേരെയാക്കാൻ എങ്കിലും അത് ഉപരിക്കുമെന്ന് നേതൃത്വം കരുതുന്നു.

കളി പഠിക്കട്ടെ, നല്ല കോച്ചിനു കീഴിൽ

രാജിവെച്ച ഇന്ത്യൻ ഫുട്‌ബോൾ കോച്ച് സ്റ്റീഫൻ കോൺസ്‌റ്റൈന്റനു പകരക്കാരനെ തേടിയുള്ള ഓട്ടത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ. ബാഴ്‌സലോണ മുൻ അസിസ്റ്റന്റ് കോച്ചും ബംഗളൂരു എഫ്.സി മുൻ പരിശീലകനുമായ ആൽബർട്ടോ റോക്ക, ക്രൊയേഷ്യ മുൻ മാനേജർ ഇഗോർ സ്റ്റിമക്, ദക്ഷിണ കൊറിയുടെ ലീ മിൻ സങ്, സ്വീഡൻ യൂത്ത് ടീം മുൻ കോച്ച് ഹകൻ എറിക്‌സൺ എന്നിവരാണ് ഫെഡറേഷന്റെ അന്തിമ പട്ടികയിലുള്ളത്.


കോച്ചിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എല്ലാവരും താരതമ്യേന നല്ല ഫുട്‌ബോൾ അനുഭവമുള്ളവരാണ്. ക്രൊയേഷ്യയുടെ ഡിഫൻഡറായിരുന്നു സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെടുന്ന സ്റ്റിമക്. 2012-13ൽ ക്രൊയേഷ്യ ദേശീയ ടീമിനെ പരിശീലിപ്പിച്ചു. ഇന്ത്യയിൽ രണ്ടു വർഷത്തിലേറെ കോച്ചിങ് പരിചയസമ്പത്തുള്ളയാളാണ് റോക്ക. എ.എഫ്.സി കപ്പിൽ ബംഗളൂരു എഫ്.സിയെ ഫൈനലിലെത്തിച്ചത് അദ്ദേഹമാണ്. സുനിൽ ഛേത്രി അടക്കമുള്ള താരങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നു. ഏഷ്യൻ ഫുട്‌ബോളിൽ തന്നെ മേൽവിലാസമുള്ള കോച്ചാണ് ലീ മിൻ സങ്. നിലവിൽ ദക്ഷിണ കൊറിയയുടെ അണ്ടർ 23 ടീമിന്റെ അസിസ്റ്റന്റ് മാനേജറാണ്. 1998, 2002 ലോകകപ്പിൽ ദക്ഷിണകൊറിയക്കു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ചൈനീസ് സൂപ്പർലീഗിൽ 2002ൽ ഗ്വാങ്ഷു ടീം കോച്ചായിരുന്നു. ഏഴു വർഷം സ്വീഡന്റെ അണ്ടർ 21 പരിശീലകനായിരുന്നു എറിക്‌സൺ. 2016ലെ റിയോ ഒളിംപിക്‌സിൽ സ്വീഡന്റെ മുഖ്യകോച്ചുമായിരുന്നു.

ഫിഫ റാങ്കിങിൽ ഇന്ത്യയെ ഏറ്റവും മികച്ച സ്ഥാനത്തു വരെ എത്തിയ ശേഷമാണ് കോൺസ്റ്റന്റൈൻ രാജിവച്ചത്. അദ്ദേഹത്തിന്റെ കാലയളവിൽ ഏഷ്യൻ കപ്പ് യോഗ്യത കൈവരിക്കാനും ടീമിനായി. ഈ മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണ് ടീം ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ഫുട്‌ബോൾ ഫെഡറേഷൻ കുറച്ചു കൂടി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാമത്തേത് ശമ്പളമാണ്. മാസം ഇരുപത്തി അയ്യായിരം ഡോളറാണ് ദേശീയ കോച്ചിന്റെ ശമ്പളം. ഏകദേശം 17ലക്ഷം രൂപ. അന്താരാഷ്ട്ര നിലവാരത്തിൽ ചെറിയ തുകയാണിത്. ഇത് വർദ്ധിപ്പിക്കേണ്ടതുണ്ട്. ഏകദേശം 65 ലക്ഷം രൂപയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിയുടെ ഒരു മാസത്തെ ശമ്പളം. രണ്ടാമതായി ദേശീയ കോച്ചിന് കളിക്കാരെ ഒന്നിച്ചു കിട്ടുന്ന ദിവസങ്ങൾ ദീർഘിപ്പിക്കണം. നിലവിൽ വർഷത്തിൽ 50-60 ദിവസങ്ങൾ മാത്രമാണ് കോച്ചിന് കളിക്കാരെ കിട്ടുന്നത്. കളിക്കാരുടെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കാനും തന്ത്രങ്ങൾ രൂപപ്പെടുത്താനും ഇതിലേറെ സമയം കോച്ചിന് ലഭിക്കണം. മൂന്ന്, കൂടുതൽ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കണം. ചെറുകിട ക്ലബ്ബുകളുമായി ഏറ്റുമുട്ടി സമയം കളയാതെ ഏഷ്യയിലെയും മറ്റിടങ്ങളിലെയും മികച്ച ടീമുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ അസോസിയേഷൻ ശ്രദ്ധ ചെലുത്തണം. ഇക്കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്താൽ ഇന്ത്യൻ ഫുട്‌ബോൾ ഇനിയും മുന്നോട്ടു പോകും.

ജയിലിലുള്ളവർക്കും വേണ്ടേ വോട്ട്

തടവുകാർക്കുള്ള വോട്ടവകാശത്തിനു വേണ്ടി ഈയിടെ ഒരു സംവാദത്തിനു തിരികൊളുത്തി യു.എസ് ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ബെർണി സാൻഡേഴ്‌സ്. എന്തുകൊണ്ട് തടവുപുള്ളികൾക്കും വോട്ടു ചെയ്യാൻ അവസരമൊരുക്കിക്കൂടാ എന്നതാണ് സാൻഡേഴ്‌സിന്റെ ലളിതമായ ചോദ്യം. ഇന്ത്യയിലും വോട്ടർമാർക്കായി നിരവധി ബോധവൽക്കരണ പരിപാടികൾ വയ്ക്കാറുണ്ടെങ്കിലും അതിലൊന്നു പോലും ജയിൽപ്പുള്ളികൾക്കു വേണ്ടി നടത്താറില്ല. ദേശീയ ജയിൽ വിവര പോർട്ടൽ പ്രകാരം ഇന്ത്യയിൽ 4.77 ലക്ഷം ജയിൽപ്പുള്ളികളാണുള്ളത്. ഇതിൽ 62 ശതമാനവും വിചാരണത്തടവുകാർ. ജനപ്രാതിനിധ്യ നിയമപ്രകാരം ഗുണ്ടാ നിയമം, ദേശസുരക്ഷാനിയമം, കൊഫെപോസ നിയമം എന്നിവയ്ക്കു കീഴിൽ കരുതൽ തടങ്കലിലുള്ളവർക്ക് വോട്ടു ചെയ്യാം. എന്നാൽ നിയമത്തിലെ വകുപ്പ് 62(5) പ്രകാരം വിചാരണത്തടവുകാർ അടക്കം മറ്റു ജയിൽപ്പുള്ളികൾക്ക് വോട്ടു ചെയ്യാനാവില്ല. 1919ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടു വന്ന നിയമമാണിത്. ജയിലിൽ കിടന്നു തെരഞ്ഞൈടുപ്പിൽ മത്സരിക്കാനും ക്രിമിനൽ കേസുണ്ടെങ്കിലും ജനവിധി തേടാനും അവസരമുള്ള രാജ്യത്താണ് ഈ വിവേചനം.
Read More >>