ലക്ഷ്യപ്രാപ്തിയുടെ ധന്യത

പക്ഷേ, ശ്രീധന്യ നടന്നത് വേറിട്ട വഴിയിലൂടെയാണ്. വയനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അവൾ പഠിച്ചത് ദേവഗിരികോളജിലും കാലിക്കറ്റ് സർവ്വകലാശാലയിലുമാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് 2014 ൽ സുവോളജിയിൽ എം.എസ്.സി. പീന്നീട് രണ്ടുവർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടർ. ഒരർത്ഥത്തിൽ ഈ ജോലിയാണ് ശ്രീധന്യയെ സിവില്‍ സര്‍വീസുകാരിയാക്കിയത്. ജോലിയ്ക്കിടയിൽ വയനാട് സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ നേരിൽ കണ്ടതോടെ തനിക്ക് ഐ.എ.എസ് നേടണമെന്നതായി ശ്രീധന്യയുടെ മോഹം.

ലക്ഷ്യപ്രാപ്തിയുടെ ധന്യത

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

'വയലാറിന്നൊരു കൊച്ചുഗ്രാമമല്ലാർക്കുമേ/വില കാണാനാവാത്ത കാവ്യമത്രേ ' എന്ന പി.ഭാസ്‌കരന്റെ അത്യുജ്ജ്വലമായ കവിത ചുമ്മാരസത്തിനു വേണ്ടിയെങ്കിലും ഇത്തിരിയൊന്ന് മാറ്റിച്ചൊല്ലുന്നവരുണ്ട് ഇപ്പോൾ. വയനാടിന്നൊരു കൊച്ചുജില്ലയല്ല എന്നാണ് ഈ പാഠാന്തരം. അതിന്നുകാരണം രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി ജയിച്ചാലുമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം വർദ്ധിച്ചാലുമില്ലെങ്കിലും ഒടുവിൽ ജയിച്ചു ഡൽഹിയിലെത്തി പ്രധാനമന്ത്രിയാവുക എന്ന ലക്ഷ്യം നേടിയാലുമില്ലെങ്കിലും പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ പഴകി ദ്രവിച്ച കുരയിൽ താമസക്കാരിയായ ഒരു കുറിച്യ യുവതി വയനാടിന്റെ ചരിത്രത്തിൽ ആർക്കും മായ്ച്ചു കളയാനാവാത്ത വിധത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ശ്രീധന്യ നേടിയ 410 ആം റാങ്ക് ആർക്കും വിലകുറച്ചു കാണാനാവാത്ത അപൂർവ്വ നേട്ടമാണ്. വയനാടിനെ മാദ്ധ്യമ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇങ്ങനെയൊരു കാഴ്ചകൂടി.

സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ പല ഗോത്രവർഗ്ഗക്കാരും ജയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ചരിത്രത്തിൽ ശ്രീധന്യയുടെ വിജയം ആദ്യത്തേതാണ്. കുറിച്യ സമുദായക്കാരിയാണ് ശ്രീധന്യ. കൂലിപ്പണിക്കാരായ സുരേഷിന്റേയും കമലയുടേയും മകൾ. താരതമ്യേന ഇതര ആദിവാസി വർഗ്ഗക്കാരേക്കാളും ഭേദപ്പെട്ട അവസ്ഥയിൽ കഴിയുന്ന കുറിച്യ സമുദായത്തിൽ ജീവിതവിജയം നേടാൻ സാധിച്ച പലരുമുണ്ട്. ഗോത്രവർഗ്ഗ പാരമ്പര്യത്തിന്റെ വീറും ഊർജ്ജവും ഉൾക്കൊണ്ട്, സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച തലക്കൽ ചന്തുവിന്റെ പിന്മുറക്കാരിൽ മന്ത്രിയും എം.എൽ.എയും ഉന്നതോദ്യോഗസ്ഥരുമൊക്കെയായ ആളുകളെ കാണാം. ഒരർത്ഥത്തിൽ ശ്രീധന്യ അവരെയെല്ലാം പിന്തള്ളിയാണ് സിവിൽ സർവീസ് പരീക്ഷ പാസ്സായത്. ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലാണ് ശ്രീധന്യയുടെ പിറവി. ദ്രവിച്ചു തുടങ്ങിയ മൺവീട്, കൂലിപ്പണിക്കാരനായ അച്ഛൻ അമ്പും വില്ലുമുണ്ടാക്കി വിറ്റു അധിക വരുമാനമുണ്ടാക്കിയാണ് മകളെ പഠിപ്പിച്ചത്. സർക്കാർ പതിച്ചു നല്കിയ ഇത്തിരി ഭൂമിയ്ക്ക് പട്ടയമില്ല. കീറത്തുണിയും സാരിക്കഷണവും കൊണ്ട് മറച്ച മുറിയിലിരുന്ന് പഠനം, പുസ്തകങ്ങൾ ചാക്കിൽ കെട്ടി വെച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ഏതൊരു ആദിവാസി പെൺകുട്ടിയ്ക്കും മുമ്പിലുള്ളത് ഏറി വന്നാൽ ഏതെങ്കിലുമൊരു സർക്കാർ ജോലി. ശ്രീധന്യയുടെ ചേച്ചി സുഷിത ഒറ്റപ്പാലം സിവിൽ കോടതിയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായത് അങ്ങനെ. അതിലപ്പുറം ശ്രീധന്യക്ക് ആശിക്കാനെന്ത്?

പക്ഷേ, ശ്രീധന്യ നടന്നത് വേറിട്ട വഴിയിലൂടെയാണ്. വയനാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അവൾ പഠിച്ചത് ദേവഗിരികോളജിലും കാലിക്കറ്റ് സർവ്വകലാശാലയിലുമാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് 2014 ൽ സുവോളജിയിൽ എം.എസ്.സി. പീന്നീട് രണ്ടുവർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടർ. ഒരർത്ഥത്തിൽ ഈ ജോലിയാണ് ശ്രീധന്യയെ സിവില്‍ സര്‍വീസുകാരിയാക്കിയത്. ജോലിയ്ക്കിടയിൽ വയനാട് സബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ നേരിൽ കണ്ടതോടെ തനിക്ക് ഐ.എ.എസ് നേടണമെന്നതായി ശ്രീധന്യയുടെ മോഹം. അവൾ തന്റെ കുരയുടെ മണ്ണുമെഴുകിയ തറമറന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ജനലുകൾ മറന്നു, ചോരുന്ന മേൽക്കൂരയും പ്രളയത്തിലൊഴുകിപ്പോയ ചാക്കുകെട്ടിൽ നിറച്ച പുസ്തകവും ദാരിദ്ര്യവും മറന്നു. തികഞ്ഞ ലക്ഷ്യബോധത്തോടെയായിരുന്നു സിവിൽ സർവീസ് പരിശീലനത്തിന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ആദ്യതവണ പരാജയം, രണ്ടാം തവണ ലക്ഷ്യപ്രാപ്തി.

അമ്പെയ്ത്തിൽ അഗ്രഗണ്യരാണ് പഴശ്ശിയുടെ പടനായകരുടെ പിന്തുടർച്ചക്കാരായ കുറിച്യർ. ലക്ഷ്യം മനസ്സിലുറപ്പിച്ചാൽ അവർ നിതാന്ത ജാഗ്രതയോടെ ലക്ഷ്യലേക്ക് അമ്പെയ്തുകൊള്ളിയ്ക്കും. ശ്രീധന്യ സിവിൽസർവീസ് പരീക്ഷയിൽ ജയിച്ചതിന്നു പിന്നിലുള്ളത് മറ്റെല്ലാറ്റിനേക്കാളുമേറെയുള്ള ഈ ഉന്നം പിടുത്തമാണ്. അവൾ അതിഗംഭീരമായി അമ്പ് ലക്ഷ്യത്തിൽ എയ്ത് കൊള്ളിച്ചിരിക്കുന്നു. ഇനി വരാനുള്ളത് ചരിത്രം.

Read More >>