സാമൂഹികപരിഷ്‌കര്‍ത്താക്കളെ തട്ടിയെടുക്കുമ്പോള്‍

ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ കലുഷിതമായ അവസ്ഥയില്‍ ജനാധിപത്യ-മതേതര-ലിബറല്‍ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ഒരു പ്രധാന ആയുധമാകാന്‍ കഴിയും. 'ഹിന്ദുസന്യാസി' എന്ന് വിളിക്കുന്നതായിരിക്കും ഒരു പക്ഷെ ഗുരുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതി. കാരണം, അദ്ദേഹം അസന്നിഗ്ദമായി പ്രസ്താവിച്ചത് 'നമുക്ക് ഇന്ന് നിലവിലുള്ള ഒരു മതവുമായോ ജാതിയുമായോ യാതൊരു ബന്ധവുമില്ല എന്നാണ്'.

സാമൂഹികപരിഷ്‌കര്‍ത്താക്കളെ തട്ടിയെടുക്കുമ്പോള്‍

സുരേഷ് കോടൂര്‍

ഇന്ത്യയുടെ നിലനില്പിനു ഭീഷണിയായി വര്‍ഗ്ഗീയശക്തികള്‍ വേദാന്തമുള്‍പ്പെടെയുള്ള ആശയസംഹിതകളേയും നവോത്ഥാനനായകര്‍ ഉള്‍പ്പെടെയുള്ള എല്ലാ ആത്മീയ വ്യക്തിത്വങ്ങളേയും സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളെയും തങ്ങള്‍ക്കനുയോജ്യമായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതുകൊണ്ട് ഈ ദര്‍ശനങ്ങളുടെയും സമരങ്ങളുടെയും നായകന്മാരുടെയും ഒക്കെ ചരിത്ര സാമൂഹിക പശ്ചാത്തലങ്ങളെക്കുറിച്ചും സന്ദര്‍ഭങ്ങളെക്കുറിച്ചുമൊക്കെയുള്ള തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുകള്‍ അനിവാര്യമാണ്.

കേരളീയ നവോത്ഥനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ സാമൂഹികപുരോഗതിക്കായി ശ്രീനാരായണഗുരു മുന്നോട്ടുവച്ച തത്വശാസ്ത്രവും പ്രയോഗരീതിയും ഏറെ സംഗതമാണ്. തന്റെ കാലത്തെ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്ത്, നീതിയുക്തവും സ്വതന്ത്രവും മാനവികവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കു വേണ്ടിയാണ് ഗുരു യത്‌നിച്ചത്. തന്റെ സാമൂഹിക വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ആത്മീയ അടിത്തറയായി അദ്ദേഹം കണ്ടത് അദ്വൈത വേദാന്തത്തെയാണ്. ഗുരു അദ്വൈതത്തെ പുരോഗമനാത്മകമായി വ്യാഖ്യാനിച്ചു. അതിനെ മനുഷ്യര്‍ക്കിടയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായുള്ള തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചു. ഒരേ സമയം ആത്മീയഗുരുവും തത്വജ്ഞാനിയും ആയിരിക്കുമ്പോള്‍തന്നെ മഹാനായ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു നാരായണഗുരു.

ഗുരു മനുഷ്യര്‍ക്കിടയിലെ മേല്‍ജാതി-കീഴ്ജാതി വിഭജനത്തെ നിരാകരിച്ചു. ഒരേപോലെ പിറക്കുകയും, ഒരേ ശരീര ആകൃതിയില്‍ പ്രത്യക്ഷനാകുകയും ചെയ്യുന്ന മനുഷ്യന് 'മനുഷ്യന്‍' എന്ന ഒരു ജാതിയെ ഉള്ളു. അവിടെ മറ്റു യാതൊരു ഭേദവുമില്ല. അദ്വൈതത്തിന്റെ മൂലത്തെ ലളിതമായും ഋജുവായും വ്യാഖ്യാനിച്ച് ജാത്യാചാരങ്ങളെ ഗുരു നിഷേധിച്ചു. ജാതി-മത അടിസ്ഥാനത്തില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ വേര്‍തിരിവുണ്ടാക്കുന്നത്, ദ്വൈതങ്ങള്‍ സൃഷ്ടിക്കുന്നത്, അദ്വൈതസിദ്ധാന്തത്തിന് നിരക്കുന്നതല്ല.

'പുണര്‍ന്നുപെറുമെല്ലാമൊരിനമാം' എന്ന് മനുഷ്യജാതിയെ പുനര്‍നിര്‍വചിച്ചുകൊണ്ടാണ് ഗുരു അന്നത്തെ ജാതിവ്യവസ്ഥയെ എതിരിട്ടത്. ആലിംഗനംചെയ്തു സന്തതി ഉല്‍പ്പാദിപ്പിക്കുന്ന ഇനം എന്ന ഒരു പുതിയ സ്വത്വസങ്കല്‍പ്പത്തെ അവതരിപ്പിക്കുകയും എല്ലാ മനുഷ്യരെയും ഈ ഒരൊറ്റ 'ജാതി'യിലേക്ക് ഉള്‍ക്കൊള്ളുകയുമാണ് ഗുരുദേവന്‍. ഇത്തരത്തില്‍ വളരെ അടിസ്ഥാനപരമായ, ഒരേ സമയം ഏറ്റവും ലളിതവും ജൈവികവുമായ ഒരു പ്രിമിറ്റീവ് സ്വത്വത്തെ ഗുരു ഉപയോഗിച്ചത് കടുത്ത ജാത്യാചാരങ്ങളുടെ ഇരുട്ടില്‍ അന്ധരായ ജനതയുടെ ബുദ്ധിയിലേക്ക് വെളിച്ചം കടത്താന്‍ പറ്റിയ ഏറ്റവും ഫലപ്രദമായ ആയുധമായാണ്.

'നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും,

പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍'

എന്ന് ജാതിശ്രേണിയിലെ രണ്ടറ്റങ്ങളുടെയും പിറവിയിലെ സമാനതയെ ചൂണ്ടി മനുഷ്യരെല്ലാവരും ഒരു ജാതിയാണ് (മനുഷ്യ ജാതി) എന്നും, മനുഷ്യര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു മതവും (സ്നേഹം/കരുണ/അനുകമ്പ), ഒരു ദൈവവും (അറിവ്/ജ്ഞാനം) മതി എന്നുമുള്ള അദ്വൈതത്തിന്റെ വിപ്ലവകരമായ പുനര്‍വ്യാഖ്യാനത്തിലൂടെ അദ്വൈതത്തെ അതിന്റെ ആത്മ-ബ്രഹ്മബന്ധത്തിന്റെ മിസ്റ്റിക് സംവാദങ്ങളില്‍നിന്നു പ്രയോഗതലത്തിലേക്ക് ഗുരു ഇറക്കിക്കൊണ്ടുവന്നു.

മനുഷ്യാണാം മനുഷ്യത്വം

ജാതിര്‍ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസൈ്യവം

ഹാ! തത്ത്വം വേത്തി കോപിന

ഏതു പ്രകാരമാണോ പശുക്കള്‍ക്ക് ഗോത്വം ജാതിയായി പരിഗണിക്കപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക് മനുഷ്യത്വമാണ് ജാതി. യഥാര്‍ത്ഥത്തില്‍ 'മനുഷ്യത്വം' എന്ന ഒരു ജാതി മാത്രം എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജാതി എന്നൊന്നില്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞുവച്ചത്. ബ്രാഹ്മണര്‍ മുതലായ ജാതികള്‍ ഒന്നും തന്നെ ഇല്ല എന്ന് ആരും തിരിച്ചറിയുന്നില്ലല്ലോ എന്നാണ് മുകളിലെ ശ്ലോകത്തില്‍ ഗുരുദേവന്‍ ആശങ്കപ്പെട്ടത്. ഈ ശ്ലോകത്തിനു ശേഷമാണ് ഏറെ പ്രസിദ്ധമായ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് / ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍' (ജാതി നിര്‍ണയം) എന്ന രണ്ടു വരികളിലൂടെ ജാതി-മത വിഭജനങ്ങള്‍ക്കെതിരേയുള്ള തന്റെ ദര്‍ശനത്തിന്റെ സത്ത ഏറ്റവും ശക്തമായ വിധത്തില്‍ ആവിഷ്‌കരിച്ചത്.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ കലുഷിതമായ അവസ്ഥയില്‍ ജനാധിപത്യ-മതേതര-ലിബറല്‍ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ ഒരു പ്രധാന ആയുധമാകാന്‍ കഴിയും. 'ഹിന്ദുസന്യാസി' എന്ന് വിളിക്കുന്നതായിരിക്കും ഒരു പക്ഷെ ഗുരുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ അനീതി. കാരണം, അദ്ദേഹം അസന്നിഗ്ദമായി പ്രസ്താവിച്ചത് 'നമുക്ക് ഇന്ന് നിലവിലുള്ള ഒരു മതവുമായോ ജാതിയുമായോ യാതൊരു ബന്ധവുമില്ല എന്നാണ്'.

മതം അതിന്റെ മൂല്യവിചാരങ്ങളോ തത്വശാസ്ത്രങ്ങളോ. അതിന്റെ മെറ്റാഫിസിക്സ് ദര്‍ശനങ്ങളോ മാത്രമല്ല. അത് മൂര്‍ത്തമായ ആചാരാനുഷ്ടാനങ്ങളും, സ്ഥാപനങ്ങളും, പലതായ ഉപവിഭാഗങ്ങളും, വിശ്വാസമാര്‍ഗങ്ങളും സാംസ്‌ക്കാരിക ചിഹ്നങ്ങളും സാമൂഹികനിയമങ്ങളും ഒക്കെ ചേര്‍ന്നതാണ്. 'ഞാനും, നീയും, നമ്മളെല്ലാവരും ബ്രഹ്മമാകുന്നു' എന്ന ദര്‍ശനത്തെ പ്രതി ആണയിടുന്നവരുടെ പിന്തുണക്കാര്‍ തന്നെയാണ് മൂര്‍ച്ചയേറിയ ശൂലങ്ങളുമായി തെരുവുകളില്‍ ആക്രോശിച്ചു നടന്ന് കണ്ണില്‍ കാണുന്ന ബ്രഹ്മങ്ങളുടെയൊക്കെ നെഞ്ചത്ത് കയറ്റുന്നത്. അവരാണ് ദളിതരെയും മറ്റു മതസ്ഥരെയും തല്ലിയും ചുട്ടുകൊന്നും മോക്ഷമാര്‍ഗ്ഗം നടപ്പാക്കുന്നത്. 'നമ്മളൊക്കെ ഒരേ ബ്രഹ്മത്തിന്റെ ഭാഗം' എന്നത് പുസ്തകത്തിലെ ശ്ലോക0 മാത്രമാവുകയും, 'ബ്രാഹ്മണബ്രഹ്മമായ ഞങ്ങള്‍ ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ സദ്യ വയറുനിറയെ കഴിച്ച് ഏമ്പക്കം വിട്ട് എഴുന്നേല്‍ക്കുകയും, ചണ്ഡാലബ്രഹ്മമായ നിങ്ങള്‍ ആ എച്ചിലില്‍ കിടന്നുരുണ്ട് മോക്ഷം പ്രാപിക്കുകയും ചെയ്യുക' എന്നത് അതിന്റെ പ്രയോഗത്തിലെ അനുഭവമാവുകയും ചെയ്യുന്നു. 'നമ്മളൊക്കെ ഒരേ ബ്രഹ്മമൊക്കെ തന്നെ, പക്ഷെ ഞങ്ങളുടെ കിണറ്റില്‍നിന്ന് വെള്ളം കോരിയാല്‍ വെള്ളമെടുത്ത ദളിത് ബ്രഹ്മമായ നിങ്ങളുടെ കൈയൊ, തലതന്നെയോ വെട്ടിമാറ്റും' എന്നാണ് അവര്‍ണന്റെ അദ്വൈതാനുഭവം.

ഇത് ഏതെങ്കിലും പ്രതേക മതത്തിന്റെ മാത്രം അവസ്ഥാവിശേഷമല്ല. വിശ്വസ്നേഹത്തിന്റെ ദര്‍ശനം ഘോഷിക്കുന്ന, ഇടയന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭരിക്കുന്ന സഭകളുളള ക്രിസ്തുമതം തന്നെയാണ് കുരിശുയുദ്ധം നടത്തിയതും എത്രയോ ആത്മാക്കളെ ജീവനോടെ ചുട്ടെരിച്ചു സ്വര്‍ഗത്തിലേക്കയച്ചതും.

ഉദാത്തമായ സാഹോദര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഇസ്ലാമിന്റെ പേരില്‍തന്നെയാണ് ഇന്ന് ഐ.എസ് എന്ന ഭീകരത ആയിരക്കണക്കിന് 'സഹോദരങ്ങളുടെ' തല വെട്ടുന്നത്. മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷണം നടത്തുന്ന വിശുദ്ധവചനങ്ങളെ വായിച്ചവര്‍ തന്നെയാണ് സ്ത്രീകളെ പര്‍ദ്ദക്കുള്ളിലാക്കാനും, ഇരുട്ടിനുമുന്‍പ് വീട്ടിലടക്കാനും ബദ്ധപ്പെടുന്നത്. അതായത്, മത തത്വശാസ്ത്രങ്ങളില്‍ എന്ത് എഴുതിവെച്ചിരിക്കുന്നു എന്നതല്ല അത് പ്രായോഗിക തലത്തില്‍ എങ്ങിനെയാണ് മനുഷ്യന് അനുഭവവേദ്യമാകുന്നത് എന്നതിലാണ് പ്രാധാന്യം. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് 'മനുഷ്യ രാശിയെ മുഴുവന്‍ സ്വന്തം ആത്മാവിനെപ്പോലെ കാണുകയും, അതിനനുസ്തൃതമായി പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരിക്കലും ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല' എന്ന്. 'അഥവാ സമത്വത്തെ അര്‍ത്ഥപൂര്‍ണമായി ഏതെങ്കിലും മതം സമീപിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്ലാം ആണ്. ഇസ്ലാം മാത്രമാണ്' എന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല വിവേകാനന്ദന്‍ ഒരു പടികൂടി കടന്ന് ഇത്രയുംകൂടി പറഞ്ഞു: 'നമ്മുടെ മാതൃഭൂമിക്ക് വേണ്ടത് മഹത്തായ രണ്ടു പ്രസ്ഥാനങ്ങളായ ഹിന്ദുയിസവും ഇസ്ലാമും സംയോജിച്ച ഒരു ദര്‍ശനമാണ്. വേദാന്തത്തിന്റെ ശിരസ്സും ഇസ്ലാമിന്റെ ശരീരവും ചേര്‍ന്ന ഒരു മഹത്തായ ദര്‍ശനപദ്ധതിയില്‍ മാത്രമാണ് ഇനി ഭാരതത്തിന്റെ ഏക പ്രതീക്ഷ' യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു സംയോജനമാണ് ശ്രീനാരായണഗുരു സാധിച്ചെടുത്തത്.

ഗുരു അദ്വൈത വെദാന്തത്തെത്തന്നെയാണ് തന്റെ ദര്‍ശനമായി സ്വീകരിച്ചത്. ഇന്ത്യയിലെ ദര്‍ശനങ്ങളില്‍ ആശയവാദ ദര്‍ശനസരണിയിലെ ഉന്നതമായ തത്ത്വശാസ്ത്ര ശാഖയാണല്ലോ അദ്വൈതം. ഇന്ത്യന്‍ ആശയവാദത്തിന്റെ, പ്രത്യേകിച്ച് അദ്വൈതദര്‍ശനത്തിന്റെ ശക്തനായ പ്രയോക്താവായി അറിയപ്പെടുന്നത് ശങ്കരാചാര്യരാണ്. ഈ അദ്വൈതദര്‍ശനം തന്നെയാണ് നാരായണഗുരുവിന്റെ ദാര്‍ശനിക ഭൂമികയും. പക്ഷെ ശങ്കരാദ്വൈതവും, നാരായണാദ്വൈതവും പ്രധാനമായും വ്യത്യസ്തമാവുന്നത് അതിന്റെ സാമൂഹ്യപ്രയോഗരീതിയിലും അതുണ്ടാക്കിയ സാമൂഹ്യമാറ്റത്തിന്റെ സ്വഭാവത്തിലുമാണ്. നാരായണാദ്വൈതം മാനവികതയുടെ തത്വശാസ്ത്രമാവുന്നത് അദ്ദേഹം അദ്വൈതത്തെ പ്രയോഗവല്‍ക്കരിച്ചതിലേയും വ്യാഖ്യാനിച്ചതിലേയും വ്യത്യസ്തത കൊണ്ടാണ്. അതുണ്ടാക്കിയ വമ്പിച്ച പുരോഗമാനകരമായ സാമൂഹ്യ മാറ്റത്താലാണ്. ഒന്ന് ജീവിതത്തെ നിഷേധിക്കുന്ന ലോകവീക്ഷണവുമായി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന നിശ്ചലാവസ്ഥയിലേക്ക് സമൂഹത്തെ നയിച്ചപ്പോള്‍, മറ്റൊന്ന് ജാതീയമായ അടിച്ചമര്‍ത്തലുകളില്‍നിന്നും ഒരു ജനതക്ക് മോചനം നേടാനുള്ള ഊര്‍ജ്ജം പകരാനും സമൂഹത്തെ ഒന്നടങ്കം പുരോഗതിയിലേക്ക് നയിക്കാനും ഹേതുവായി. ഒന്ന്, അന്ന് നിലനിന്നിരുന്ന വൈദിക മതത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ സഹായിച്ചുകൊണ്ട് ബുദ്ധമതത്തെ നാമാവശേഷമാക്കി ജാതിയുടെ ഉച്ചനീചത്വങ്ങളെ അരക്കിട്ടുറപ്പിച്ചപ്പോള്‍, മറ്റേത് ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ജാതിയുടെ ഉരുക്കുമുഷ്ടിയില്‍നിന്നു മോചനം നേടാനുള്ള വെളിച്ചവും ഊര്‍ജവും പകര്‍ന്നു. ഒന്ന്, അന്ന് നിലനിന്നിരുന്ന സാമൂഹ്യ ശ്രേണിയില്‍ ഭൌതിക അദ്ധ്വാനത്തില്‍നിന്നു സ്വയം വിടുതല്‍നേടിയ, അദ്ധ്വാനിച്ചിരുന്ന ഒരു സമൂഹം ഉത്പാദിപ്പിക്കുന്ന സമ്പത്തിന്റെ അവകാശികളായി സ്വയം അവരോധിച്ച, ഒരു സമുദായത്തിന്റെ 'കേവലമായ അറിവിനെ' തൃപ്തിപ്പെടുത്താനുള്ള മെറ്റാഫിസിക്സ് അന്വേഷണമായപ്പോള്‍, രണ്ടാമത്തേത് പണിയെടുത്തു ജീവിക്കുന്നവരുടെ ജീവിത സാഹചര്യങ്ങളില്‍ പുരോഗമനപരമായ മാറ്റം ആഗ്രഹിച്ച വിപ്ലവാത്മകമായ ദര്‍ശന ആഖ്യാനവും, പ്രയോഗവുമായി.

'അറിയും മുന്‍പേതെന്നാല്‍

അറിവല്ലാതൊന്നുമിങ്ങിരിപ്പീല'

'അറിയപ്പെടുമിതു വേറ

ല്ലറിവായിടും തിരഞ്ഞിടും നേരം

അറിവിതിലൊന്നായതുകൊ

ണ്ടറിവില്ലാതെങ്ങുമില്ല വേറെങ്ങും'

ഗുരു അറിവിനെ ബ്രഹ്മമായി പ്രതിഷ്ഠിക്കുന്നു. അദ്വൈതത്തിന്റെതായ ഇത്തരമൊരു ദാര്‍ശനിക അടിത്തറയില്‍ നിന്നുകൊണ്ടാണ് ഗുരു തന്റെ സങ്കല്പനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. എന്നാല്‍ ഗുരുവിന്റെ കാലത്ത് നിലനിന്നിരുന്ന മൂര്‍ത്തമായ സാമൂഹികസാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. തികഞ്ഞ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കേരളീയ സമൂഹത്തെയാണ് ഗുരു മുഖാമുഖം കണ്ടത്.

ഈ കടുത്ത അനീതികളോട് കലഹിച്ചു കൊണ്ടാണ് ഗുരു തന്റെ ദര്‍ശനം രൂപപ്പെടുത്തുന്നതും പ്രയോഗവല്‍ക്കരിക്കുന്നതും. മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചുമൊക്കെയുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ അദ്വൈതദര്‍ശനത്തില്‍നിന്നും സ്ഫുടംചെയ്തെടുത്ത ഗുരു പക്ഷെ ദര്‍ശനത്തിന്റെ മിസ്റ്റിക് ചിന്തയില്‍ വ്യാപരിക്കുകയല്ല, മറിച്ച് സ്വന്തം സമൂഹത്തിലെ കടുത്ത യാത്ഥാര്‍ത്യങ്ങളെ മാറ്റിമറിക്കുന്നതിനായി പ്രയോഗിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അദ്വൈത ചിന്തയുടെ നിലപാടുതറയില്‍ നിന്നുകൊണ്ടുതന്നെ ഗുരു സ്നേഹത്തിന്റെയും കരുണയുടെയും അനുകംബയുടെയും ഭാഷയില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പ്രബോധനം ചെയ്തത്. മതദര്‍ശനങ്ങളുടെ വിമര്‍ശനമല്ല ഗുരുവിന്റെ രീതി. മതതത്വങ്ങളിലെ നന്മയെ സ്വാംശീകരിച്ച് ജീവിക്കാനുപദേശിക്കുകയും, സ്വയം ജീവിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ആത്മീയ സന്യാസിയുടെ മാര്‍ഗമായിരുന്നു ഗുരുവിന്റെത്.

Read More >>