വനിതാ മതിലിന്റെ രാഷ്ട്രീയം അവ്യക്തമാണ്

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകളുടെ ചങ്ങല കെട്ടുന്ന ആശയം മികച്ചതാണ്. പക്ഷേ, പേരു വനിതാ മതില്‍ എന്നാണെങ്കിലും സംഘാടക സമിതിയില്‍ ഒരു വനിത പോലുമില്ല. പിന്നെ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഈ പൊറാട്ടുനാടകം എന്ന ചോദ്യം പ്രസക്തമാണ്.

വനിതാ മതിലിന്റെ രാഷ്ട്രീയം അവ്യക്തമാണ്

സ്വാമി വിവേകാനന്ദനാണ് കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത്. മലബാര്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങളുടെ അമര്‍ഷം സ്വാമി വിവേകാനന്ദന്‍ രേഖപ്പെടുത്തിയത് ഇങ്ങനെ.''മലബാറില്‍ എനിക്കു ബോദ്ധ്യപ്പെട്ടതു പോലുള്ള ഒരു വിഡ്ഢിത്തം ലോകത്തെവിടെയെങ്കിലുമുണ്ടോ? ഒരു സവര്‍ണ്ണ ഹിന്ദു നടക്കുന്ന തെരുവിലൂടെ പാവം പറയന് നടക്കാനാവില്ലെന്നോ? മലബാറില്‍ ജനങ്ങള്‍ ഭ്രാന്തന്മാരാണോ? അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളോ?''. ഈ സംഭവം ഓര്‍മ്മിച്ചുകൊണ്ടാണ് കേരളത്തില്‍ ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്നാണ് പ്രമേയം.

സര്‍ക്കാര്‍ പങ്കുവെച്ചത് നല്ല ആശയമാണ്. പക്ഷേ, അതിന്റെ നടത്തിപ്പുരീതിയില്‍ സംശയങ്ങളുണ്ട്. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. അങ്ങനെയല്ലെന്ന് പറഞ്ഞാലും അതാണു സത്യം. ഇതിന്റെ ആദ്യ ചുവടുവയ്പ്പായ സംഘാടക സമിതി തന്നെ വിവാദമായി. സമുദായ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച സര്‍ക്കാര്‍ വിളിക്കപ്പെട്ടവരുടെ പശ്ചാത്തലം അന്വേഷിച്ചില്ല. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ താല്‍പര്യമുള്ള സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുന്നതായി രാഷ്ട്രീയ പൊതുഭരണ വകുപ്പാണ് സംഘടനാ പ്രതിനിധികള്‍ക്ക് കത്തയച്ചത്. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയും തീവ്ര മുസ്ലിം വിരോധിയുമായ സി.പി സുഗതന്‍ ഈ കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കുകയും യോഗത്തില്‍ പങ്കെടുത്ത് സംഘാടക സമിതിയുടെ ജോ. കണ്‍വീനര്‍ ചുമതല ഏല്‍ക്കുകയും ചെയ്തു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്നതിനെതിരെ സംസാരിക്കുന്നവരാണ് യോഗത്തില്‍ പങ്കെടുത്തവരില്‍ ഏറെയും. മകനെ ശബരിമല സമരത്തിന് അയച്ച വെള്ളാപ്പള്ളി നടേശനും നവോത്ഥാന മൂല്യം സംരക്ഷിക്കാനുള്ള യോഗത്തില്‍ ക്ഷണിതാവായി. ബ്രാഹ്മണ സഭയുടെ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ യോഗത്തില്‍ പങ്കെടുക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോരുകയും ചെയ്തു. വിയോജിപ്പ് പ്രകടിപ്പിച്ച ഇദ്ദേഹവും സംഘാടക സമിതിയിലുണ്ട്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരെ പോരാടിയ സുഗതനെ വനിതാ മതിലിന്റെ മുന്നില്‍ നിര്‍ത്തിയത് ശുദ്ധ വിവരക്കേടാണ്. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പ്രഖ്യാപിച്ച ആളാണ് സുഗതന്‍. യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട് എന്നു പറഞ്ഞ് ഭരണഘടനയെ പരിഹസിച്ചവന്‍. ശബരിമല വിധിയിലും ഭരണഘടനക്കെതിരെ നിലനിന്ന ഒരാള്‍. ഭരണഘടനയും നവോത്ഥാനവും സംരക്ഷിക്കുന്ന പരിപാടിയില്‍ ഇങ്ങനെയൊരാള്‍ കയറിവന്നതിന്റെ സാം?ഗത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ വനിതകളുടെ ചങ്ങല കെട്ടുന്ന ആശയം മികച്ചതാണ്. പക്ഷേ, പേരു വനിതാ മതില്‍ എന്നാണെങ്കിലും സംഘാടക സമിതിയില്‍ ഒരു വനിത പോലുമില്ല. പിന്നെ ആരെ ബോദ്ധ്യപ്പെടുത്താനാണ് ഈ പൊറാട്ടുനാടകം എന്ന ചോദ്യം പ്രസക്തമാണ്. എല്ലാ സര്‍ക്കാര്‍ പരിപാടികളിലുമെന്ന പോലെ കുടുംബശ്രീയിലെ സാധാരണ സ്ത്രീകളെ വേഷം കെട്ടിച്ച് നിരത്തില്‍ വരിനിര്‍ത്താനുള്ള പദ്ധതിയായി വനിതാ മതില്‍ മാറാതിരിക്കണമെങ്കില്‍ തുടക്കത്തിലേ ഉള്ള ഇത്തരം അവ്യക്തതകള്‍ നീക്കിയേ തീരൂ. ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെയൊരു വനിതാ മതില്‍ ആസൂത്രണം ചെയ്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. വനിതകള്‍ മതില്‍ കെട്ടുമെന്ന് പ്രഖ്യാപിച്ചത് ഏതെങ്കിലും വനിതകളോട് കൂടിയാലോചന നടത്തിയ ശേഷമാണോ? വനിതാ സംഘടനകള്‍ എമ്പാടുമുള്ള കേരളത്തില്‍ അക്കൂട്ടത്തില്‍ ആരെയെങ്കിലും ബന്ധപ്പെട്ടിരുന്നോ? വനിതകള്‍ക്കിടയില്‍ ഒരുതരത്തിലുള്ള അഭിപ്രായ സ്വരൂപണവും നടത്താതെ മതില്‍ കെട്ടാന്‍ വരൂ എന്ന് സ്ത്രീകളോട് പറയുന്നതും വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്ത ആചാര ശാഠ്യവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? സ്ത്രീകള്‍ തീരുമാനിക്കേണ്ട ഇക്കാര്യം ആണുങ്ങള്‍ കൂടിയിരുന്ന് തീരുമാനിക്കുകയും എന്നിട്ട് സ്ത്രീകളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതിലെ അശ്ലീലം എന്തുതരം നവോത്ഥാന പ്രവര്‍ത്തനമാണ്? സ്ത്രീകളുടെ കാര്യം തീരുമാനിക്കുമ്പോഴെങ്കിലും അവരെ മുന്നില്‍ നിര്‍ത്താനുള്ള മാന്യത കാട്ടേണ്ടതായിരുന്നു.

എന്തിനാണ് വനിതാ മതില്‍ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്നു പുറമേക്ക് പറയുകയല്ലാതെ ശബരിമലയില്‍ കോടതി വിധി നടപ്പാക്കാനാണ് എന്നു തുറന്നു പറയാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഒളിച്ചുകടത്തപ്പെടേണ്ട ഒന്നല്ല നവോത്ഥാനം. ഉറക്കെ വിളിച്ചു പറയേണ്ടതാണ്. കവല പ്രസംഗത്തില്‍ സംഘ്പരിവാറിനെ ആക്ഷേപിക്കുകയും മുറിയിലേക്കു വിളിച്ചുവരുത്തി കൂട്ടിപ്പിടിക്കുകയും ചെയ്യുന്നത് കാപട്യമാണ്. സര്‍ക്കാര്‍ ചെലവില്‍ ഇങ്ങനെയൊരു പരിപാടി നടത്തുന്നതിലെ ശരികേടും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

Read More >>