പ്ലാമ്മൂട്ടിലെ കൊച്ചന്റെ പുതിയ അവതാരം

രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണല്ലോ. സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ആദര്‍ശവും അറിവും മാത്രം പോരാ തന്ത്രവും ചങ്കൂറ്റവും വേണം. ഇവ രണ്ടുമുപയോഗിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാറിലൊരു സാമ്രാജ്യം കെട്ടിപ്പടുത്തത്. അച്ചായന്മാര്‍ക്കൊപ്പം കോയിക്കല്‍ സ്വരൂപത്തിലെ തമ്പുരാന്മാരും ഈരാറ്റുപേട്ടയിലെ മേത്തന്മാരുമെല്ലാം ജോര്‍ജിന്റെ സ്വന്തക്കാരായി.

പ്ലാമ്മൂട്ടിലെ കൊച്ചന്റെ പുതിയ അവതാരം

ബറിഡന്റെ കഴുത എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. തുല്യദൂരത്ത് വച്ച രണ്ടു പുല്‍ക്കെട്ടുകള്‍ക്കിടയില്‍ പെട്ടുപോയ കഴുത ഏതു തിന്നണമെന്ന് തീരുമാനിക്കാനാവാതെ വലഞ്ഞ്, വിശന്നു ചത്തുപോവുമെന്നാണ് പ്രയോഗത്തിന്റെ സാരാംശം. യുഡിഎഫും എല്‍ഡിഎഫും രണ്ടറ്റങ്ങളില്‍ വച്ചിട്ടുള്ള പുല്‍ക്കെട്ടുകള്‍ക്കിടയിലാണ് പി.സി. ജോര്‍ജ് എന്ന ജനപ്രിയ നേതാവ്. എന്നാല്‍ ജോര്‍ജ് വിശന്നു ചത്തുപോയില്ലെന്ന് മാത്രമല്ല ബി.ജെ.പി നീട്ടിക്കൊടുത്ത ഇളംനാമ്പുകള്‍ രസിച്ചു തിന്നുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. അത് പ്ലാമ്മൂട്ടില്‍ ചാക്കോ മകന്‍ ജോര്‍ജിനു മാത്രം സാധിക്കുന്ന അഭ്യാസമാണ് കേരള രാഷ്ട്രീയത്തില്‍. രണ്ടു മുന്നണികളോടും പി.സി ജോര്‍ജ് 'പോടാ പുല്ലേ'എന്ന് പറയും. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും ശരി പൂഞ്ഞാറിലെ ജനം തന്നെ കൈവിടുകയില്ലെന്നൊരു വിശ്വാസം അദ്ദേഹത്തിനുണ്ട്. പി.സി ജോര്‍ജിന്റെ മലക്കംമറിച്ചിലുകള്‍ക്കും കോമാളി വേഷങ്ങള്‍ക്കുമെല്ലാം പിന്നിലുള്ളത് ഈ ആത്മവിശ്വാസമൊന്നു മാത്രം.

പ്ലാമ്മൂട്ടില്‍ തറവാട്ടുകാര്‍ സത്യക്രിസ്ത്യാനികളായതിനാല്‍ ജോര്‍ജിന്റെ ജാതകമെഴുതിച്ചിരിക്കാന്‍ ഇടയില്ല. 67 കൊല്ലം മുമ്പ് അമ്മട്ടില്‍ 'പുരോഗമിച്ചി'ട്ടൊന്നുമില്ലല്ലോ കേരളം. പക്ഷേ, ജോര്‍ജിന് ജാതകമുണ്ടായിരുന്നുവെങ്കില്‍ ഗജകേസരി യോഗം നിശ്ചയമായും ഓലയില്‍ കുറിച്ചു കാണുമായിരുന്നു എന്നു കരുതുന്നവര്‍ ഏറെ. ഉടുപ്പിലും നടപ്പിലും മാത്രമല്ല കരുനീക്കങ്ങളിലും ജോര്‍ജൊരു ഒറ്റയാനെപ്പോലെയാണ്. ഇടഞ്ഞാല്‍ എന്തെന്നും ആരെന്നും നോട്ടമില്ല. രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണല്ലോ. സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ആദര്‍ശവും അറിവും മാത്രം പോരാ തന്ത്രവും ചങ്കൂറ്റവും വേണം. ഇവ രണ്ടുമുപയോഗിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാറിലൊരു സാമ്രാജ്യം കെട്ടിപ്പടുത്തത്. അച്ചായന്മാര്‍ക്കൊപ്പം കോയിക്കല്‍ സ്വരൂപത്തിലെ തമ്പുരാന്മാരും ഈരാറ്റുപേട്ടയിലെ മേത്തന്മാരുമെല്ലാം ജോര്‍ജിന്റെ സ്വന്തക്കാരായി. തുടര്‍ച്ചയായി ആറാം തവണയാണ് അദ്ദേഹം പ്രസ്തുത മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്; കഴിഞ്ഞ തവണ ഇരുമുന്നണികള്‍ക്കുമെതിരായി ഒറ്റയ്ക്കു മത്സരിച്ചപ്പോള്‍ ജോര്‍ജ് തോറ്റു പോകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ കൂള്‍കൂളായി ആള്‍ ജയിച്ചു കയറി. പിണറായി വിജയന്‍ രണ്ടുപ്രാവശ്യം മണ്ഡലത്തില്‍ പോയി പ്രസംഗിച്ചിട്ടൊന്നും കാര്യമുണ്ടായില്ല. മാര്‍ക്സിസ്റ്റുകാര്‍ ജോര്‍ജിന്നാണ് വോട്ടു ചെയ്തത്. യു.ഡി.എഫ് വോട്ടുകളും ജോര്‍ജിന്റെ പെട്ടിയിലേക്കു പോന്നു; ജോര്‍ജാണ് ജനപക്ഷത്തെന്നതിനു പൂഞ്ഞാര്‍ തെളിവ്.

പി.സി ജോര്‍ജിന് പൂഞ്ഞാറിന്നപ്പുറത്തൊരു ലോകമില്ല. സംസ്ഥാന - ദേശീയ താല്പര്യങ്ങള്‍ വിഷയമേയല്ല, അതിനാല്‍ എന്തും പറയാം, ഏതും ചെയ്യാം. ഈ ലൈസന്‍സ് ഭൂഷണമെന്ന് കരുതുന്നതിനാല്‍ മുതുകത്തൊരാല്‍ മുളച്ചാലും ജോര്‍ജച്ചായന്‍ അതിന്റെ തണലില്‍ നിന്ന് വിയര്‍പ്പൊപ്പും. തന്നിഷ്ടം പോലെ മുന്നണിമാറും, പാര്‍ട്ടിമാറും, അഭിപ്രായങ്ങള്‍ തഞ്ചത്തിന്നും തരത്തിനും അനുസരിച്ച് മാറ്റും. ചെറുപ്പത്തിലേ കേരളാ കോണ്‍ഗ്രസ്സാണ് കക്ഷി. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.സിയുടെ എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്നു. പിന്നീട് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. മാതൃ സംഘടനയില്‍ ജോസഫിനേയും മാണിയേയും മാറിമാറി കാല്‍ തൊട്ടു വന്ദിച്ചു നിന്നു; ഇടയ്ക്ക് രണ്ടുപേരുടേയും കാലുവാരി കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്നൊരു പാര്‍ട്ടിയുണ്ടാക്കി, ഒരു ഘട്ടത്തില്‍ സെക്കുലര്‍ വിട്ട് വീണ്ടും മുഖ്യധാരാ കേരള കോണ്‍ഗ്രസ്സില്‍ ചേക്കേറി. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടി ലീഡര്‍ക്കെതിരായി. അങ്ങനെ പി.സി ജോര്‍ജിന്റെ അവതാരങ്ങള്‍ പലത് തന്ത്രങ്ങള്‍ പലത്; പക്ഷേ പ്രവര്‍ത്തന ശൈലി ഒന്നു തന്നെ - ഈ ഒറ്റയാന്‍ കോംപ്ലക്സാണ് പി.സി ജോര്‍ജിന് ഇതുവരേയും മന്ത്രിസ്ഥാനം കിട്ടാതിരിക്കാന്‍ കാരണമെന്ന് കരുതുന്നവരുണ്ട്; യു.ഡി.എഫ് വാഴ്ചക്കാലത്ത് കിട്ടിയ ചീഫ് വിപ്പ് പദവിയാണ് ഭരണതലത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ബി.ജെ.പിയോട് ചേര്‍ന്നതോടെ രാജ്യസഭാംഗത്വ സ്വപ്നം ജോര്‍ജച്ചായന്റെ മനസ്സിലുണ്ടെന്നാണ് ഇപ്പോഴത്തെ അടക്കം പറച്ചില്‍ ... നടക്കുമോ ആവോ!

പി.സി ജോര്‍ജ് എത്രകാലം ബി.ജെ.പി പാളയത്തിലുണ്ടാവുമെന്നൊന്നും ആര്‍ക്കും ഉറപ്പു പറഞ്ഞു കൂടാ. സാക്ഷാല്‍ ശ്രീധരന്‍പിള്ള വക്കീലിനു പോലും ജോര്‍ജിന്റെ വരവ് സൃഷ്ടിച്ച നെഞ്ചിടിപ്പ് മാറിയിട്ടുണ്ടാവില്ല; പക്ഷേ അച്ചായനെ സമ്മതിക്കണം. ശുദ്ധ ഗതിക്കാരനും മാന്യനുമായ ഒ രാജഗോപാലിനെക്കൊണ്ട് പോലും കറുപ്പുടുപ്പിച്ചുവല്ലോ. ഇതെല്ലാം ചെയ്യുമ്പോള്‍ ഒരു കാര്യം പി.സി ജോര്‍ജ് ഓര്‍ത്തിരിക്കാനിടയില്ല; ഏതു കോമാളി വേഷം കെട്ടിയാലും പൂഞ്ഞാറിലേയും ഇരാറ്റുപേട്ടയിലേയും ആളുകള്‍ തന്നെ കൈവിടുകയില്ലെന്ന വിശ്വാസം എത്രമാത്രം ശരിയാണെന്ന കാര്യം. പ്ലാമ്മൂട്ടിലെ കൊച്ചന് മാത്രമല്ല ബുദ്ധി. അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അതുണ്ട് കെട്ടോ!

Read More >>