പെണ്ണൊരുമ്പെട്ടാല്‍

ലോകത്ത് ഏറ്റവുമധികം കാലം ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തി 2011 ലാണ് മമത പശ്ചിമബംഗാൾ മുഖ്യമന്ത്രിയായത്. 34 വർഷം വംഗനാട്ടിൽ നിലനിന്ന ചുവപ്പ് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ അവർ തുടച്ചുമാറ്റി.

പെണ്ണൊരുമ്പെട്ടാല്‍

നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന് പറഞ്ഞ് സാക്ഷാൽ മനുസ്മൃതി പെണ്ണവകാശങ്ങൾക്ക് വിലക്കിട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യം അതെല്ലാം മറികടന്ന് കരുത്തിന്റെ ആൾരൂപങ്ങളായ പല വനിതകളേയും പൊതുജീവിതത്തിന്റെ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയ്ക്കു പിറകെ ജയലളിതയും മായാവതിയും ഏറ്റവുമൊടുവിൽ പ്രിയങ്കയുമെല്ലാം ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു. എന്നാൽ ഇവർക്കെല്ലാം മീതെ, യഥാർത്ഥ പെൺകരുത്ത് ഓരോ ചലനത്തിലും മൊഴിയിലും വഴിയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന നേതാവാണ് മമതാബാനർജി. വംഗനാടിന്ന് പ്രിയപ്പെട്ട ദീദി. 2012 ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുനേതാക്കളിലൊരാളായി അവരെ വിശേഷിപ്പിച്ചു; അതെന്തായാലും ശരി ബംഗാളിജനതയെ അന്നുമിന്നും ഏറ്റവും ശക്തമായി സ്വാധീനിച്ച നേതാവ് മമതാബാനർജിയാണ്. അതുകൊണ്ടു തന്നെയാണ് ആജന്മവൈരികളായ സി.പി.എമ്മും കോൺഗ്രസ്സും മമതയെ നേരിടാൻ കൈകോർക്കുന്നത്. പക്ഷേ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും ഇപ്പോഴത്തെ അവസ്ഥയിൽ മമതാബാനർജിയെ തറപറ്റിക്കാൻ സാധിക്കുകയില്ലെന്ന് തീർച്ച.

തനിയ്ക്കുകീഴിൽ പ്രവർത്തിക്കുന്ന പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ വിറപ്പിച്ചുവിട്ട മമതയുടെ നടപടിയെ നാടകമെന്ന് വിശേഷിപ്പിച്ചവർ ഏറെ. അതൊരു അപക്വമായ നീക്കമായിരുന്നു എന്നതും ശരി. കോടതിയിൽ നിന്ന് അവർക്ക് തിരച്ചടി കിട്ടി. പക്ഷേ മമതാബാനർജിയെന്ന രാഷ്ട്രീയക്കാരിക്ക് അതിൽ ഒട്ടും കൂസലില്ല. കാരണം, അതുവഴി ബംഗാളിന്റെ മനസ്സിൽ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണവർ. ദീദിയുടെ ഓരോ രാഷ്ട്രീയനീക്കത്തിലും ഇത്തരം ചില സൂത്രങ്ങളുണ്ട്. വനിതാ സംവരണബിൽ പാർലമെന്റിലവതരിപ്പിച്ച വേളയിൽ ദരോഗ പ്രസാദ് സരോജ് എന്ന സമാജ്‌വാദി എം.പിയുടെ കോളറിൽ കയറിപ്പിടിച്ചൂ അവർ. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അവർ പള്ളി ഇമാമുമാർക്ക് ഇമാം ബത്തയെന്ന ആനുകൂല്യം അനുവദിച്ചു. പിൽക്കാലത്ത് കോടതി അതു ഭരണഘടനാവിരുദ്ധമെന്ന് വിധിയെഴുതിയെങ്കിലും ബംഗാളിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് അത് മതിയായിരുന്നു. നന്ദിഗ്രാമിലും സിംഗൂറിലും കുടിയൊഴിക്കപ്പെട്ട കർഷകർക്കുവേണ്ടി മമത പോരാടി. സലീം ഗ്രൂപ്പ് എന്ന ഇന്തോനീഷ്യൻ കമ്പനിയുടെ അമരക്കാരൻ സാന്റോസോറാ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ തോരാമഴയത്ത് കുത്തിയിരിപ്പ് നടത്തിയ മമതാബാനർജി വംഗനാട്ടിൽ പോരാട്ടത്തിന്റെ പ്രതീകമായി. അവർ ബംഗാളിന്റെ ചരിത്രത്തിൽ നിന്നും സംസ്ക്കാരത്തിൽ നിന്നും മതപാരമ്പര്യത്തിൽ നിന്നും ബിംബങ്ങൾ തേടിപ്പിടിച്ച് നിരത്തുകൾക്കും കെട്ടിടങ്ങൾക്കും അവയുടെ പേരുചാർത്തിക്കൊടുത്തു. മുസ്‌ലിം ന്യുനപക്ഷങ്ങളെ ഒപ്പം നിർത്താൻ ഒരിക്കൽ ബി.ജെ.പിയുടെ കൂടെ നിന്നിട്ടും മമതക്ക് ഒരു പ്രയാസവുമുണ്ടായില്ല. ഹിന്ദുത്വവാദികൾ അവരെ മുംതാസ് ബിംഗജിയെന്ന് വിളിക്കുന്നേടത്തോളം ഈ മുസ്‌ലിം അനുകൂലനിലപാട് എത്തിച്ചേർന്നു.

ലോകത്ത് ഏറ്റവുമധികം കാലം ഭരണം നടത്തിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അറുതി വരുത്തി 2011 ലാണ് മമത പശ്ചിമബംഗാൾ മുഖ്യമന്ത്രിയായത്. 34 വർഷം വംഗനാട്ടിൽ നിലനിന്ന ചുവപ്പ് സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ അവർ തുടച്ചുമാറ്റി. ഇന്ത്യയിലെ ആദ്യത്തെ വനിതാ റെയിൽവേമന്ത്രി, ആദ്യത്തെ വനിതാ കൽക്കരി മന്ത്രി എന്നിങ്ങനെ പല ആദ്യസ്ഥാനങ്ങളും അവർക്കുണ്ട്. മഹാശ്വേതാ ദേവിയെപ്പോലുള്ള വലിയ എഴുത്തുകാരെപ്പോലും തനിക്കൊപ്പം അണിനിരത്താനായതാണ് മമതാബാനർജിയുടെ മിടുക്ക്. എൻ.ഡി.എയ്ക്കും യു.പി.എയ്ക്കുമൊപ്പം മാറിമാറി നിലക്കൊണ്ടിട്ടും മമതയെ ബംഗാളികൾ നെഞ്ചിലേറ്റി. ശാരദാചിട്ടിക്കേസ്‌ പോലെ പല അഴിമതിക്കഥകളിലും നായികയായിട്ടും മമതയെന്ന 63കാരി അവരുടെ ദീദീതന്നെ. നേതാവും ജനങ്ങളും തമ്മിൽ നന്നായി ചേർന്നു പ്രവർത്തിക്കുന്ന ഈ കെമിസ്ട്രിയെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ പഠിച്ചേതീരൂ.

പതിനഞ്ചാം വയസ്സിൽ ഛത്രപരിഷത്തിൽ പ്രവർത്തിച്ചു തുടങ്ങിയ മമത പിന്നീട് യൂത്ത് കോൺഗ്രസിന്റേയും മഹിളാകോൺഗ്രസ്സിന്റേയും ജനറൽ സെക്രട്ടറിയായി. 1984 ൽ 29-ാം വയസ്സിൽ സോമനാഥ് ബാനർജിയെന്ന അതികായനെ ജാദവ്പൂരിൽ തോല്പിച്ച് എം.പിയായി. ആജന്മ സി.പി.എം വിരോധിയായ മമത 1997 ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ്സുണ്ടാക്കിയത് മാർക്സിസ്റ്റ് പാർട്ടിയോട് കോൺഗ്രസ് പുലർത്തുന്ന വിധേയത്വത്തിന്റെ പേരിലാണ്.

ലാളിത്യത്തിന്റെ പ്രതിരൂപമായ മമത കവിയാണ്, ചിത്രകാരിയാണ്. എല്ലാം സ്വയം പഠിച്ചെടുത്തത്. മമതയുടെ 300 പെയിന്റിങ്ങുകൾ വിറ്റുപോയത് ഒരിക്കൽ 9 കോടി രൂപക്കാണ്. അതിലൊരു ചിത്രം വാങ്ങിയത് ശാരദാചിട്ടിക്കമ്പിയുടെ സുദീപ്തസെൻ ആയിരുന്നു. വില 1.8 കോടി രൂപ. എതിരാളികൾ മമതയെ കറുത്ത ചായത്തിൽ വരയ്ക്കാൻ മറ്റൊരുകാരണം വേണ്ടല്ലോ. പക്ഷേ മമതയെന്ന ചരിത്ര പണ്ഡിതക്കും നിയമജ്ഞക്കും സർവ്വോപരി സൂത്രക്കാരിയായ രാഷ്ട്രീയനേതാവിനും അതെല്ലാം തൃണസമാനം.