ചട്ടലംഘനത്തിലും മത്സരം: ഈ വര്‍ഗീയോന്മാദത്തിനു അറുതി വേണ്ടേ?

നാലു വോട്ടിനും സീറ്റിനും വേണ്ടിയാണീ വഴിവിട്ട പ്രചാരണം. രാജ്യത്തിന്റെ അഖണ്ഡതയിൽതന്നെണ്ട സംശയം ജനിപ്പിക്കുന്നു ഈ വർഗീയോന്മാദം. അവിടെ ഭരണഘടനയും മാനവിക മൂല്യങ്ങളും വെറും കെട്ടുകാഴ്ചകളാവുകയാണ്. വോട്ടുകിട്ടാൻ എന്തുമാവാമെന്നാണ് ഇവർ കരുതുന്നത്‌

ചട്ടലംഘനത്തിലും മത്സരം: ഈ വര്‍ഗീയോന്മാദത്തിനു അറുതി വേണ്ടേ?

17ാം ലോക് സഭയിലേക്കുള്ള കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇനി നാലു നാളുകളാണ് ശേഷിക്കുന്നത്. പ്രചാരണം മൂർദ്ധന്യത്തിലേക്കു കൊട്ടിക്കയറവേ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കാറ്റിൽപറത്തിയാണ് പലേടത്തും പ്രചാരണം. ദേശീയ നേതാക്കൾ തൊട്ട് സംസ്ഥാന നേതാക്കൾ വരെ ചട്ടലംഘനത്തിൽ മത്സരിക്കുകയാണ്. ഇക്കാര്യത്തിൽ ഭരണ, പ്രതിപക്ഷ കക്ഷികളിൽ പലരും മോശക്കാരല്ലെന്നു തെളിയിച്ചിട്ടുണ്ട്.

ദേശീയതലത്തില്‍ പ്രചാരണം അവസാനിക്കാൻ ആറുഘട്ടം ബാക്കിനിൽക്കേയാണ് പേരിനെങ്കിലും നാലു രാഷ്ട്രീ­യ നേതാക്കൾക്കെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് വിലയ്ക്കുണ്ടായത്. അതിനു തന്നെയും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് വടി ഓങ്ങേണ്ടി വന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി മനേക ഗാന്ധി, ബി.എസ്.പി അദ്ധ്യക്ഷ മായാവതി, സമാജ് വാദി പാർട്ടിയുടെ അസംഖാൻ എന്നിവരെയാണ് പ്രചാരണത്തിൽ നിന്ന് താൽക്കാലികമായി വിലക്കിയത്. യോഗിക്കും മനേക ഗാന്ധിക്കും മൂന്നു ദിവസത്തേക്കും മായാവതിക്കും അസംഖാനും രണ്ടു ദിവസവുമാണ് വിലയ്ക്ക്. ഇതിനേക്കാൾ വലിയ വിഷം ചീറ്റിയവർ ഇപ്പോഴും നടപടിക്കു പുറത്താണ്.

ഇക്കാര്യത്തിലുണ്ടായ സുപ്രിംകോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷന് തങ്ങളുടെ അ­ധികാര പരിധി ശക്തമായി ഉപയോഗിക്കാൻ ആത്മവിശ്വാസം പകരുന്നതുമാണ്. ഇത് പ്രചാരണ രംഗത്ത് ക്രിയാത്മക മാറ്റങ്ങളുണ്ടാക്കട്ടെ എന്നു നാം ആശിക്കുക. എന്നാൽ ആ ഉത്തരവാദിത്തം കണിശമായും ആർജവത്തോടെയും നിർവ്വഹിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനു സാധിക്കുന്നുണ്ടോ എന്ന ആശങ്ക ഇ­പ്പോഴും അസ്ഥാനത്തല്ല.

മൂന്നാംകിട രാഷ്ട്രീയക്കാർ എന്നൊരു പ്രയോഗംതന്നെ നമ്മുടെ നാട്ടിലുണ്ട്. രാജ്യം ഏറെ ബഹുമാനത്തോടെ കാണുന്ന സുപ്രധാന പദവികളിലിരിക്കുന്ന ഒന്നാംകിട രാഷ്ട്രീയക്കാരാണ് മൂന്നാംകിട രാ­ഷ്ട്രീയക്കാരുടെ നിലവാരത്തിലേക്കു താഴുന്നത്. എതിരാളികളെ അടിച്ചിരുത്താൻ തെരഞ്ഞെടുപ്പു ചട്ടങ്ങളുമെല്ലാം ലംഘിക്കപ്പെടുകയാണിവിടെ. രാഷ്ട്രത്തിന്റെ ഭാഗമായ ഒരു ജില്ലയെത്തന്നെ മറ്റൊരു രാജ്യത്തിന്റെ ഭാ​ഗമാണെന്ന മട്ടില്‍ ഉപമിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന് മടിയുണ്ടായില്ല. വയനാട് ഇന്ത്യയിലാണോ അതോ പാകിസ്താനിലാണോ എന്നു സംശയം തോന്നുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിനായുള്ള പ്രചാരണത്തിൽ പച്ചപ്പതാക പാറിയതാണ് ഇവരുടെ ആധി കൂട്ടിയത്. ഹിന്ദുക്കളെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും മുസ്‌ലിംകളെല്ലാം ലീ​ഗും ആണെന്നു തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമവും കൂടി ഇതിനു പിന്നിലുണ്ടോ എന്നറിയില്ല.

ആഭാസകരമായ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള വരെയുള്ളവരുടെ ഭാ­ഗ­ത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ, കോൺഗ്രസ് സ്ഥാനാർത്ഥികളായ കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.പി.എം പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, എസ് രാമചന്ദ്രൻ പി­ള്ള എന്നിവരില്‍നി­ന്ന് വിവാദ പ്രസ്താവനകളുണ്ടായി. പുൽവാമയിലെ സൈനിക നടപടിക്കു വോട്ടഭ്യർത്ഥിച്ചു തുടങ്ങിയ പ്രധാനമന്ത്രി കേരളത്തിൽ അയ്യപ്പന്റെ പേരു പറയുന്നവരെ അറസ്റ്റു ചെയ്യുന്നുവെന്നു വരെ പച്ചക്കള്ളം തട്ടിവിട്ടു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഹിന്ദുക്കളെ വഞ്ചിച്ച് ന്യൂനപക്ഷ കേന്ദ്രത്തിലേക്കു ഒളിച്ചോടിയെന്നു ആക്ഷേപിക്കാനും അദ്ദേഹത്തിന് മനസ്സാക്ഷിക്കുത്തുണ്ടായില്ല. എല്ലാവരെയും തുല്യരായി പരിഗണിക്കുമെന്നു ഭരണഘടന തൊട്ട് സത്യം ചെയ്തവരാണ് ഇത്തരം അധിക്ഷേപങ്ങൾ/ആക്രോശങ്ങൾ നടത്തുന്നത്.

ശബരിമലയുടെ പേര് പറയാതെ വിശ്വാസ സാംസ്കാരിക പൈതൃകത്തെ തകർക്കുന്നുവെന്നാണ് മോദിയുടെ ഗീർവാണം. ശബരിമലയിലെ യുവതീ പ്രവേശത്തിനു പച്ചക്കൊടി കാണിച്ച കോടതി വിധിയെ പച്ചക്കു ലംഘിക്കണമെന്ന നിയമലംഘകരുടെ ഉള്ളിലിരിപ്പല്ലേ പ്രധാനമന്ത്രി തുറന്നു പറഞ്ഞത്. കോടതി വിധിക്കെതിരെ കലാപത്തിനു കോപ്പുകൂട്ടിയവരെ തള്ളിപ്പറയാതിരുന്ന മോദി തരംതാണ ഇത്തരം പ്രചാരണങ്ങൾ നടത്തരുതായിരുന്നു.

നാലു വോട്ടിനും സീറ്റിനും വേണ്ടിയാണീ വഴിവി­ട്ട പ്രചാരണം. രാജ്യത്തിന്റെ അഖണ്ഡതയിൽതന്നെ­ സംശയം ജനിപ്പിക്കുന്നു ഈ വർഗീയോന്മാദം. അവിടെ ഭരണഘടനയും മാനവിക മൂല്യങ്ങളും വെറും കെട്ടുകാഴ്ചകളാവുകയാണ്. വോട്ടുകിട്ടാൻ എന്തുമാവാമെന്നാണ് ഇവർ കരുതുന്നത്. അതിന് മൂക്കുകയറിടേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. വളരെ ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. അതിന് ഭരണഘടനാ മൂല്യങ്ങളോടും ചട്ടങ്ങളോടുമാണ് കടപ്പാട്. അതിനു വിരുദ്ധമായ പ്രചാരണങ്ങൾ ഏത് കോണിൽ നിന്നുണ്ടായാലും മുഖം നോക്കാതെ നടപടി എടുക്കാനുള്ള അധികാരമുണ്ട്. പക്ഷേ, ആ അധികാരം ഏതെങ്കിലും പാർട്ടിക്കോ നേതാവിനോ മുന്നിൽ അടിയറവ് വയ്ക്കാനുള്ളതല്ല. ഇത് ഇന്ത്യയുടെ വിശ്വാസ്യതയുടെ പ്രശ്നമാണ്. അതിനാൽ രാജ്യത്തെ ദുർബലമാക്കുന്ന നീക്കങ്ങൾ ഏത് കേന്ദ്രത്തിൽനിന്നായാലും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് ഉണ്ടായേ തീരൂ.

Read More >>