കെട്ടിക്കിടക്കുന്ന കേസുകള്‍; വൈകുന്ന നീതിയും

അവസാനതീർപ്പ് വരാത്ത കേസുകൾ രാജ്യത്തെ കോടതികളിൽ കുന്നുകൂടുകയാണ്. വിവിധ കോടതികളിലായി മൂന്നു കോടിയിലധികം കേസുകൾ തീർപ്പ് കാത്ത് കിടക്കുന്നുണ്ടെന്ന് നാഷനൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡി (എൻ.ജെ.ഡി.ജി) ന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ മിക്കതും 10 വർഷത്തിലധികം പഴക്കമുള്ളവയത്രെ. 60,000 കേസുകളാണ് പരമോന്നത കോടതിയിൽ അവസാനവിധി വരാതെ കിടക്കുന്നത്; വിവിധ ഹൈക്കോടതികളിൽ തീർപ്പാവാതെയുള്ളത് 42 ലക്ഷം കേസുകളും. ജില്ലാ കോടതികളിലും മറ്റു കീഴ്‌ക്കോടതികളിലും ഇത്തരം കേസുകൾ 2.7 കോടിയാണ്!

കെട്ടിക്കിടക്കുന്ന കേസുകള്‍;  വൈകുന്ന നീതിയും

ബിഹാറിലെ ബക്‌സർ നഗരത്തിലെ രാഹുൽ പഥക്കിന്റെ കഥ അനുകമ്പാർഹമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്നതാണത്. ഒരു കേസിൽ അവസാനതീർപ്പിനായി 1951 മെയ് 5 നാണ് ഭുംറാവോൺ സിവിൽ കോടതിയിൽ രാഹുൽ പഥക് ഹർജി സമർപ്പിച്ചത്. ഒടുവിലത്തെ വിചാരണനടന്നത് കഴിഞ്ഞമാസം 18 നാണ്. കേസ് കേൾക്കുന്നതിനുള്ള അടുത്ത തിയ്യതി കോടതി തീരുമാനിച്ചിട്ടില്ല. രാഹുൽ പഥക്കിന്റെ ദുരനുഭവം ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. നീതിക്കായി കാത്തുകെട്ടിക്കിടക്കുന്ന രാഹുൽ പഥക്കിനെപ്പോലെയുള്ള നിരവധി പേരെ കോടതി വരാന്തകളിൽ കാണാം.

അവസാനതീർപ്പ് വരാത്ത കേസുകൾ രാജ്യത്തെ കോടതികളിൽ കുന്നുകൂടുകയാണ്. വിവിധ കോടതികളിലായി മൂന്നു കോടിയിലധികം കേസുകൾ തീർപ്പ് കാത്ത് കിടക്കുന്നുണ്ടെന്ന് നാഷനൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡി (എൻ.ജെ.ഡി.ജി) ന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ മിക്കതും 10 വർഷത്തിലധികം പഴക്കമുള്ളവയത്രെ. 60,000 കേസുകളാണ് പരമോന്നത കോടതിയിൽ അവസാനവിധി വരാതെ കിടക്കുന്നത്; വിവിധ ഹൈക്കോടതികളിൽ തീർപ്പാവാതെയുള്ളത് 42 ലക്ഷം കേസുകളും. ജില്ലാ കോടതികളിലും മറ്റു കീഴ്‌ക്കോടതികളിലും ഇത്തരം കേസുകൾ 2.7 കോടിയാണ്!

ഇവയിൽ 71 ശതമാനവും ക്രിമിനൽ കേസുകളാണ്. ഇവയിൽ അറസ്റ്റിലായി ജീവിതത്തിന്റെ നല്ലൊരു ഭാഗം വിചാരണാ തടവുകാരായി ജയിലിൽ തള്ളിനീക്കേണ്ടി വരുന്ന എത്രയെത്രപേർ! കേസ് തീർപ്പാക്കുമ്പോഴേക്കും ചെയ്ത കുറ്റത്തിന് ലഭിക്കാവുന്ന തടവുശിക്ഷയേക്കാൾ കൂടുതൽ കാലം ഇവർ ജയിലിൽ 'അന്തേവാസി'യായി കഴിഞ്ഞിരിക്കും!

രാജ്യത്ത് ജില്ല, കീഴ്‌ക്കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ കൂടുതലും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ബിഹാർ, ഗുജറാത്ത് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലത്രെ. ഇവിടങ്ങളിൽ 1.8 കോടി കേസുകൾ തീർപ്പ് കാത്ത് കിടക്കുന്നു-ആകെയുള്ളതിന്റെ 61 ശതമാനം. യു.പിയാണ് ഇതിൽ മുൻപന്തിയിൽ. യു.പിയിൽ 30 വർഷത്തിലധികം പഴക്കമുള്ള കേസുകൾ 26,000 ഉണ്ട്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്- 30 വർഷത്തിലേറെയായി തീർപ്പില്ലാതെകിടക്കുന്ന 13,000 കേസുകൾ. കേസുകൾ കൂടിക്കൂടി വരുന്നതിന് കാരണങ്ങൾ പലതാണ്. അതിലൊന്ന് സാമൂഹിക പുരോഗതി മൂലം നിയമപരമായ അവകാശങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായതാണ്. നീതിനിഷേധത്തിനെതിരെ കോടതിയെ സമീപിക്കാമെന്നൊരു ആത്മവിശ്വാസം ജനങ്ങൾക്കുണ്ടായിരിക്കുന്നു. വിവരാവകാശ നിയമവും കേസുകളുടെ എണ്ണം കൂടുന്നതിനു കാരണമായിട്ടുണ്ട്. വിവരാവകാശനിയമം വഴി ലഭിക്കുന്ന മറുപടികളിലെ സർക്കാറിന്റെ വീഴ്ചകളും പാളിച്ചകളും ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ നീതിക്കായി കോടതിയെ സമീപിക്കും. അതിനു പുറമേയാണ് പൊതുതാല്പര്യഹർജികൾ.

കേസുകൾ കെട്ടിക്കിടക്കാനുള്ള മുഖ്യകാരണം ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതാണ്. രാജ്യത്ത് ആകെയുള്ള ജഡ്ജിമാരുടെ എണ്ണം 21,000 ആണ്-10 ലക്ഷം പേർക്ക് ഒരു ജഡ്ജി എന്ന തോതിൽ. 10 ലക്ഷം പേർക്ക് 50 എന്ന തോതിലെങ്കിലും ന്യായാധിപൻമാർ വേണമെന്ന് നിയമകമ്മിഷൻ 1987 ൽ ശുപാർശചെയ്തിരുന്നു. അതിപ്പോഴും നടപ്പിലായില്ല. ജുഡീഷ്യറിയുടെ വികസനത്തിനും സൗകര്യവർദ്ധനക്കും ഫണ്ട് നീക്കിവെക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് വിമുഖതയുള്ളതായി പരാതിയുണ്ട്. ജുഡീഷ്യറിക്കുള്ള ഓരോ കൊല്ലത്തെയും ബജറ്റ് വിഹിതം .4 ശതമാനം മാത്രമാണ്. ഫണ്ടില്ലാത്തത് മൂലം ആവശ്യമായ കോടതികൾ സ്ഥാപിക്കപ്പെടുന്നില്ല. കോടതികളിൽ കമ്പ്യൂട്ടർവൽക്കരണമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വേണം.

ഏറ്റവും വലിയ വ്യവഹാരി ഭരണകൂടമാണെന്നതാണ് കൗതുകകരമായ വസ്തുത. തീർപ്പാകാത്ത പകുതിയോളം കേസുകളുടെയും ഉത്തരവാദിത്തം സർക്കാറുകൾക്കാണ്. വിവിധ വകുപ്പുകൾ തമ്മിലുള്ള കേസുകളാണ് അവയിൽ പലതും. കീഴ്ക്കോടതിയും ജില്ലാ കോടതിയും നിയമം ഭിന്നവിധത്തിൽ വ്യാഖ്യാനിച്ച് വിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഒടുവിലത്തെ തീർപ്പിനായി കക്ഷികൾ ഹൈക്കോടതിയേയോ സുപ്രിം കോടതിയേയോ സമീപിക്കും-ഇതും കേസുകളുടെ വർദ്ധനവിനിടയാക്കുന്നു. കേസുകളുടെ തീർപ്പ് വൈകുന്നത് ജുഡീഷ്യറിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുത്തും. ത്വരിത ജൂഡീഷ്യൽ നടപടികളുടെ അഭാവത്തിൽ പല സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കടലാസിൽ വിശ്രമിക്കും; അവ നടപ്പാക്കാനാവില്ല. കേസുകളുടെ തീർപ്പ് വൈകുന്നത് വിദേശ സംരംഭകർക്കും ആശങ്കയുളവാക്കുന്നതാണ്. വിവാദകാര്യങ്ങളിൽ പെട്ടെന്ന് തീർപ്പുണ്ടാവില്ലെന്ന ഭയം മൂലം അവർ ഇന്ത്യയിൽ മൂലധനമിറക്കാൻ മടിച്ചേക്കും.

പുതിയ കോടതികൾ സ്ഥാപിക്കാനും ജഡ്ജിമാരുടെ അംഗസംഖ്യ വർദ്ധിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണം. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറും കൊളീജിയവും തമ്മിലുള്ള അസ്വാരസ്യം മാറേണ്ടതാണ്. ‌വൈകുന്ന നീതി, നീതിനിഷേധമാണ്-മൂന്ന് തവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം ഇ ഗ്ലാഡ്സ്റ്റണിന്റെ പ്രശസ്തമായ ഈ വാക്കുകളുടെ പൊരുൾ കേന്ദ്ര-സംസ്ഥാനസർക്കാറുകളും ജുഡീഷ്യറിയും ഉൾക്കൊള്ളണം.

Read More >>