പറയുന്നതു കൊടുത്താൽ മതി, ഇങ്ങോട്ട് വരേണ്ട, ചോദ്യങ്ങളും വേണ്ട

ജനങ്ങൾ വിവരം അറിയരുത് എന്ന ഗൂഢോദ്ദേശത്തോടെയുള്ള നിയന്ത്രണങ്ങൾ പിൻവലിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം. അതിന്റെ പിന്നിൽ ചരടുവലിച്ചവരെ തുറന്നു കാട്ടുക എന്ന ഉത്തരവാദിത്തം മാദ്ധ്യമങ്ങളും നിർവ്വഹിക്കേണ്ടതുണ്ട്.

പറയുന്നതു കൊടുത്താൽ മതി, ഇങ്ങോട്ട് വരേണ്ട, ചോദ്യങ്ങളും വേണ്ട

സംസ്ഥാനത്തെ മന്ത്രിമാരുമായും വകുപ്പുകളുമായും മാദ്ധ്യമപ്രവർത്തകർ എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ച പുതിയ കല്പന പുറത്തിറക്കിയത് ആഭ്യന്തരവകുപ്പാണ്. മാദ്ധ്യമസമ്പർക്കം പൂർണ്ണമായി പൊതു സമ്പർക്ക വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. മാദ്ധ്യമപ്രവർത്തകർ അറിയട്ടെ, ഇനി നിങ്ങളോട് കടക്കു പുറത്ത് എന്നു പറയുന്നത് പൊലീസ് കോൺസ്റ്റബ്ൾ ആയിരിക്കും. മുൻകാല സർക്കാറുകൾ അര നൂറ്റാണ്ടിലേറെയായി സുഗമമായി കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾ എത്ര ലാഘവത്തോടെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യേണ്ട അധികാരങ്ങളായി കൈമാറ്റപ്പെട്ടത് എന്നോർക്കുക. ഇത്തരം അധികാര കയ്യേറ്റം ഗുരുതരമായ നിയമലംഘനവും കുറ്റകൃത്യവുമല്ലേ? എന്തും ഒരു മറു ചോദ്യം പോലും ചോദിക്കാതെ ജനങ്ങളും മാദ്ധ്യമപ്രവർത്തകരും വിഴുങ്ങും എന്നാണോ ജനങ്ങൾ വോട്ടു ചെയ്ത് അധികാരത്തിലേറ്റിയ ഈ സർക്കാർ കരുതുന്നത്?

'ആഭ്യന്തരവകുപ്പ്-മാധ്യമങ്ങളുമായി സംവദിക്കുമ്പോൾ പാലിക്കേണ്ട പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ' എന്ന വിഷയത്തിനു കീഴിൽ ഇറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിനകത്തും പുറത്തും മാദ്ധ്യമങ്ങൾ പാലിക്കേണ്ട ചട്ടങ്ങളും മാദ്ധ്യമങ്ങളുമായി ബന്ധപ്പെടുമ്പോൾ സർക്കാർ വകുപ്പുകൾ പാലിക്കേണ്ട അച്ചടക്കവും ആണ് വിസ്തരിച്ച് രേഖപ്പെടുത്തിയത്. കേരളം ഒരു പൊലീസ് സ്റ്റേറ്റായി രൂപാന്തരപ്പെട്ടു കഴിഞ്ഞു എന്നു ഈ ഉത്തരവ് വ്യക്തമാക്കുന്നു. മാദ്ധ്യമങ്ങളുമായി ഇടപെടുന്നതിൽ പി.ആർ വകുപ്പിനു കൂടുതൽ അവസരവും ഉത്തരവാദിത്തവും മാധ്യമങ്ങൾക്കു കൂടുതൽ സൗകര്യവും ഏർപ്പെടുത്തുകയാണ് എന്ന നാട്യം ഇതിൽ ഉടനീളം ഉണ്ട്. പി.ആർ വകുപ്പിൽ പെടാത്തവരാരും മാദ്ധ്യമങ്ങളുമായി ഒരു ബന്ധവും പുലർത്തരുത് എന്ന ഗൂഢോദ്ദേശ്യം വളരെ പ്രകടമാണ്.

പുതിയ ഉത്തരവിലെ ഈ ഖണ്ഡിക ശ്രദ്ധിക്കുക- 'ജില്ലാതലങ്ങളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിപാടികൾ/ പത്രസമ്മേളനങ്ങൾ എന്നിവ അതതു വകുപ്പുകൾ നേരിട്ട് മാധ്യമപ്രവർത്തകരെ അറിയിക്കുന്നത് പതിവാണ്. പത്രക്കുറിപ്പുകൾ പോലും ഇവർ നേരിട്ടാണ് പത്രം ഓഫീസുകളിൽ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വാർത്തകൾ നേരിട്ട് നൽകുന്ന വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ വിരുദ്ധ വാർത്തകളുടെ 'സോഴ്‌സുകളായി' മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. സർക്കാർ പദ്ധതികളെക്കുറിച്ച് നെഗറ്റീവ് വാർത്തകൾ വരുന്നതിനും ഇതു കാരണമാകാറുണ്ട്'.

സർക്കാറിന്റെ ഉള്ളിലിരിപ്പ് മുഴുവൻ ഈ വാചകങ്ങളിലൂടെ പുറത്തു ചാടുന്നു. സർക്കാറിനു അതിന്റെ ഉദ്യോഗസ്ഥന്മാരിൽ ഇത്രയേ വിശ്വാസമുള്ളൂ? പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥർതന്നെ കാര്യങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കുമ്പോൾ അവ ശരിയായി പറഞ്ഞു കൊടുക്കാനുള്ള അവസരമല്ലേ ലഭിക്കുക? ഇത്രയും ആത്മവിശ്വാസക്കുറവ് പ്രകടമാക്കുന്ന ഉത്തരവുകൾ കാണുമ്പോൾ അകത്ത് എന്തെല്ലാമോ ചീഞ്ഞു നാറുന്നുണ്ട് എന്ന തോന്നലാണ് ഉണ്ടാവുന്നത്.

എല്ലാറ്റിന്റെയും ഉദ്ദേശ്യം ഒന്നു മാത്രമാണ്. ഞങ്ങൾ പറയുന്നതു പ്രസിദ്ധപ്പെടുത്തിയാൽ മതി. ഇങ്ങോട്ടാരും വരേണ്ട, വന്നാലും, ആരും ചോദ്യമൊന്നും ചോദിക്കേണ്ട. റിപ്പോർട്ടർമാരും കേമറക്കാരും 'സെക്രട്ടേറിയറ്റിൽ അനാവശ്യ തിരക്കുണ്ടാക്കുന്നത് ഒഴിവാക്കാം, അക്രഡിറ്റേഷൻ /എൻട്രി പാസ് ഉള്ളവരെ പ്രവേശിപ്പിക്കാം, മറ്റള്ളവർക്ക് സന്ദർശനസമയത്ത് പ്രവേശനം അനുവദിക്കാവുന്നതാണ് (അതിനു സർക്കാർ കല്പന വേണ്ട!) തുടങ്ങിയ പ്രത്യക്ഷവും അല്ലാത്തതുമായ വ്യവസ്ഥകൾക്കെല്ലാം ഈ പറഞ്ഞ ഉദ്ദേശ്യമേ ഉള്ളൂ. മാദ്ധ്യമകാര്യങ്ങൾക്കുള്ള വകുപ്പാണ് പി.ആർ.ഡി. ആ ഓഫീസിൽപോലും മാദ്ധ്യമപ്രവർത്തകരുടെ പ്രവേശനം തടയപ്പെടുകയാണ്. ലഭ്യമായ വളരെ പരിമിതമായ പ്രവേശനാനുമതിക്കു പോലും അക്രഡിറ്റേഷൻ കാർഡ് നിർബന്ധമാക്കുന്നു. എത്ര പേർക്ക് അക്രഡിറ്റേഷൻ കാർഡ് ഉണ്ട്? എത്ര പേരുടെ കാർഡിനുള്ള അപേക്ഷകൾ എത്ര കാലമായി ഫയലിൽ കെട്ടിക്കിടക്കുന്നുണ്ട്? ഒരു വർഷമായി ഒരാൾക്കും അക്രഡിറ്റേഷൻ കാർഡ് നൽകിയിട്ടില്ല എന്ന കാര്യം അതിനുള്ള കമ്മിറ്റിയുടെ തലവനായ മുഖ്യമന്ത്രി അറിഞ്ഞിട്ടേയില്ലേ?

മാദ്ധ്യമങ്ങളിലേക്കു ഭരണവിവരങ്ങൾ കൈമാറപ്പെടുന്നു എന്നതു തന്നെയാണ് സർക്കാറിന്റെ ഈ പരിഭ്രമത്തിന്റെയെല്ലാം അടിസ്ഥാനമെന്നു വ്യക്തമാക്കുന്ന പല വ്യവസ്ഥകളും ഉത്തരവിൽ കാണാം. പ്രമുഖ വ്യക്തികളുടെ പ്രതികരണം മാദ്ധ്യമങ്ങൾ നിർബന്ധപൂർവം എടുക്കുന്നു എന്ന ആരോപണം രണ്ടാം ഖണ്ഡികയിലുണ്ട്. നിർബന്ധിച്ച് പറയിക്കാൻ ലോക്കപ്പിൽ കിടക്കുന്ന കുറ്റവാളിയൊന്നുമല്ലല്ലോ വി.ഐ.പി കൾ. എത്ര ചോദ്യം ചോദിച്ചാലും അവർക്ക് ഉത്തരം പറയാതെ നടന്നു പോകാവുന്നതേ ഉളളൂ. വേണ്ടത്രയും അതിലേറെയും നിയന്ത്രണങ്ങൾ ഇപ്പോൾതന്നെ നിലവിലുണ്ട്. സുതാര്യത ജനാധിപത്യത്തിന്റെ ഭാഗമാണ്. അതില്ലാതാക്കാൻ ആരെയും അനുവദിക്കാനാവില്ല.

അടിയന്തരാവസ്ഥക്കാലത്ത് വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്നതിനു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, വാർത്തകൾ ശേഖരിക്കുന്നതിനു ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിയെ കാണാൻ പോലും തടസ്സമുണ്ടായിരുന്നില്ല. ഇവിടെ ഫാസിസ്റ്റുകളെപ്പോലും കടത്തിവെട്ടുന്ന രീതിയിൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മനോവൈകല്യമല്ല, രാഷ്ട്രീയ യജമാനന്മാരുടെ തീരുമാനം തന്നെ ആണെന്ന് മന്ത്രി ഇ.പി ജയരാജന്റെ ന്യായീകരണം വെളിവാക്കുന്നു. ജനങ്ങൾ വിവരം അറിയരുത് എന്ന ഗൂഢോദ്ദേശത്തോടെയുള്ള നിയന്ത്രണങ്ങൾ പിൻവലിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടു വരണം. അതിന്റെ പിന്നിൽ ചരടുവലിച്ചവരെ തുറന്നു കാട്ടുക എന്ന ഉത്തരവാദിത്തം മാദ്ധ്യമങ്ങളും നിർവ്വഹിക്കേണ്ടതുണ്ട്.

Read More >>