ദേശീയപാത വികസനം; ജനങ്ങളുടെ വികാരം മാനിക്കണം

ഭൂവുടമകൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകിയും അവരുടെ ആശങ്കകൾ പരിഹരിച്ചുമാണ് ദേശീയപാത വികസനം പൂർത്തിയാക്കേണ്ടത്. ഒപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉൽകണ്ഠകളും പരിഗണിക്കണം

ദേശീയപാത വികസനം; ജനങ്ങളുടെ വികാരം മാനിക്കണം

ദേശീയപാത വികസനത്തിന് കേന്ദ്രം ഇടങ്കോലിട്ടതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുകയാണ്. ആറു വരിയായി ദേശീയപാത വികസിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതിനായി സ്ഥലമെടുപ്പ് തകൃതിയായി നടന്നു. എന്നാൽ സ്ഥലമെടുപ്പ് നിർത്തിവെക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ഉത്തരവ് വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലാണ്. സ്ഥലമേറ്റെടുപ്പു 60 ശതമാനത്തിലേറെ പൂർത്തിയായപ്പോഴാണ് കേന്ദ്രം പുതിയ ഉത്തരവയച്ചത്. സംസ്ഥാന സർക്കാറിന് വലിയ തിരിച്ചടിയാണിത്. എൻ.എച്ച് 66 നാലുവരിയാക്കുന്ന പ്രവൃത്തി പാതിവഴിയിൽ നിന്നുപോകുമെന്ന ആശങ്കയിലാണ് സംസ്ഥാനം. ദേശീയ പാതാ വികസനപദ്ധതികൾ മുൻഗണനാടിസ്ഥാനത്തിൽ രണ്ടു തട്ടിലാക്കുന്ന നടപടിയുടെ ഭാഗമായാണ് ദേശീയ പാതാ അതോറിറ്റി എൻ.എച്ച് 66ന്റെ വികസന പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനുള്ള നിർദ്ദേശം നൽകിയത്. എന്നാൽ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഇടപെടലാണ് കേന്ദ്ര നിലപാടിനു കാരണമെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.

കാര്യമെന്തായാലും ദേശീയപാത സ്ഥലമെടുപ്പ് സംസ്ഥാനത്ത് വിവാദ വിഷയമാണ്. പ്രത്യേകിച്ചും ജനസാന്ദ്രത കൂടിയ മേഖലകളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റും ഒഴിപ്പിക്കുന്നത് സംഘർഷത്തിന് കാരണമാകുന്നുണ്ട്. ജനങ്ങളുടെ വികാരം മാനിക്കാതെയാണ് പലയിടത്തും സംസ്ഥാന സർക്കാർ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയത്. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നതിന്റെ ഫലമായി ദേശീയപാതാ വികസനം അനിവാര്യമാണെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല. എന്നാൽ ഒരു ജനാധിപത്യ ഭരണകൂടം ഇതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങൾ സുതാര്യവും ജനങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തുന്നതും ആയിരിക്കണം. അതിനുള്ള ഒരു ഇടവേളയായി ഈ ഉത്തരവിനെ കാണാവുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഇനി ദേശീയപാതാ വികസനത്തിന്റെ തുടർനടപടികൾ സാദ്ധ്യമാവുകയുള്ളൂ. 1000 കോടിയിലധികം ചെലവു വരുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി അനിവാര്യമാണ്. കേന്ദ്ര ഉത്തരവ് പ്രകാരം ആദ്യ ഘട്ടത്തിൽ തലപ്പാടി മുതൽ ചെങ്കള, ചെങ്കള മുതൽ നീലേശ്വരം വരെയുള്ള പാതകളുടെ വികസനത്തിനുള്ള 1600 കോടിരൂപ മാത്രമേ ഈ സാമ്പത്തിക വർഷം അനുവദിക്കുകയുള്ളൂ. പഴയ എൻ.എച്ച്-17, എൻ.എച്ച് 47ൽ ഇടപ്പള്ളി മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം എന്നീ മേഖലയിലെ നാലുവരിയാക്കൽ പ്രവൃത്തി ഇനിയും നീളും. 2021 ഓടെ ദേശീയ പാതാ വികസനം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥലമേറ്റെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും നീങ്ങുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ സ്ഥലമേറ്റെടുപ്പ് 80 ശതമാനവും പൂർത്തിയായി കഴിഞ്ഞു. ബാക്കിയുള്ള സ്ഥലമേറ്റെടുപ്പു നടപടികൾ ഊർജ്ജിതമായി മുന്നേറുന്നതിനിടെയാണ് ദേശീയപാതാ അതോറിറ്റി തടസ്സവാദവുമായി രംഗത്തെത്തിയത്.

ഭൂവുടമകൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകിയും അവരുടെ ആശങ്കകൾ പരിഹരിച്ചുമാണ് ദേശീയപാത വികസനം പൂർത്തിയാക്കേണ്ടത്. ഒപ്പം പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഉല്‍കണ്ഠകളും പരിഗണിക്കണം. 1980കളിലാണ് കേരളത്തിലെ ദേശീയപാത 30 മീറ്ററിൽ വികസിപ്പിക്കാൻ ആദ്യമായി സ്ഥലം ഏറ്റെടുക്കുന്നത്. എന്നാൽ അതു നടന്നില്ല. ജനസാന്ദ്രത കൂടിയതോടെ ഇത്തരം പദ്ധതികളെല്ലാം പാതിവഴിയിൽ മുടങ്ങി. എന്നാൽ ഇപ്പോൾ ദേശീയപാതാ വികസനം അനിവാര്യമാണ്. നിലവിലുള്ള പാതയെ ഫലപ്രദമായി ഉപയോഗിക്കാനും കൂടുതൽ പരിക്കില്ലാതെ സ്ഥലമേറ്റെടുപ്പ് നടത്താനും കഴിയുമെങ്കിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാനുമാണ് ശ്രമങ്ങൾ നടത്തേണ്ടത്. നിലിവുള്ള നഷ്ടപരിഹാര പാക്കേജുകളിൽ മാറ്റം വരുത്തണം. ഒരു വീട് വിട്ടുപോകുന്നവന് കേവലം ഭൂമിയല്ല നഷ്ടപ്പെടുന്നത്. അവന്റെ വൈകാരിക പരിസരങ്ങൾ കൂടിയാണ്. എത്ര വിലയിട്ടാലും അതിനുള്ള നഷ്ടപരിഹാരമാകില്ല. അതുകൊണ്ടാണ് വികാരങ്ങൾ മാനിച്ചുകൊണ്ടുള്ള പരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നത്.

കേന്ദ്രം സ്ഥലമെടുപ്പ് നിർത്തിവെക്കാൻ ഉത്തരവിട്ടത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇല്ലാതാകും. ഭാവിയിൽ ഇതേ ഭൂമിക്ക് കൂടുതൽ വില കൊടുക്കേണ്ടി വരും. ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിൽ കഴിയുന്നവരും വലിയ ആശയക്കുഴപ്പത്തിലാകും. വസ്തു വില്പന പ്രതിസന്ധിയിലാകും. നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും അവതാളത്തിലാകും. സർക്കാറിന് പദ്ധതിയുടെ ആകെ അടങ്കൽ തുക ഇരട്ടിയാകുന്ന സാഹചര്യം വന്നു ചേരും.

1956ലെ ദേശീയപാത ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. എന്നാൽ ഭൂമിയുടെയും മറ്റും നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കലും പുന:രധിവാസ നിയമ പ്രകാരവുമാണ്. ഭൂമി എറ്റെടുക്കൽ അനിശ്ചിതമായി നീളുന്നത് ഇതിനെയെല്ലാം തകിടം മറിക്കും. കാര്യമെന്തായാലും വരാനിരിക്കുന്ന വികസന നയം എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ഒരു സുപ്രഭാതത്തിൽ വീടും സ്ഥലവും അളന്നെടുക്കാൻ ആളെത്തുന്ന അവസ്ഥയുണ്ടാകരുത്. സർക്കാർ ഉദ്യോ​ഗസ്ഥർ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്ന അവസ്ഥയുണ്ടാകരുത്. ജനങ്ങളുടെ സ്വത്തിനും അഭിമാനത്തിനും വില നൽകിയാവണം പുനരധിവാസ പ്രവർത്തനങ്ങൾ നടത്തേണ്ടത്. പുനരധിവാസ പാക്കേജ് കൂടുതൽ ജനസൗഹൃദമാക്കാനുള്ള അവസരമായി ഈ സാവകാശത്തെ ഭരണകൂടം വിനിയോ​ഗിക്കണം.

Read More >>