പരീക്ഷാഫലങ്ങളും സമ്മര്‍ദ്ദങ്ങളും നല്‍കുന്ന പാഠം

മാർക്കിനേക്കാൾ വലുതാണ് മക്കളെന്നു രക്ഷിതാക്കളും പുസ്തകങ്ങളെക്കാൾ ജീവനാണ് മാതാപിതാക്കളെന്നു തിരിച്ചു വിദ്യാർത്ഥികൾക്കും ബോദ്ധ്യമുണ്ടാവണം. മാർക്ക് കുറയുമ്പോൾ, എ പ്ലസുകൾ ഇല്ലാതെ വരുമ്പോൾ വീട്ടിൽ പോവേണ്ട, മരിച്ചാൽ മതി എന്ന ചിന്ത ഒരുനിലയ്ക്കും ആശാസ്യമല്ല

പരീക്ഷാഫലങ്ങളും സമ്മര്‍ദ്ദങ്ങളും നല്‍കുന്ന പാഠം

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഫലങ്ങളെല്ലാം പുറത്തുവന്നുകഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് തിളക്കമാർന്ന വിജയമാണ് റിസൾട്ടിൽ പ്രതിഫലിച്ചത്. സർക്കാർ സ്കൂളുകളും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് ഏറെ അഭിമാനകരമാണ്. എന്തും ലാഭക്കണ്ണോടെ മാത്രം കാണുന്ന വർത്തമാന സമൂഹത്തിൽ സർക്കാർ വിദ്യാലയങ്ങളുടെ ഈ തിരിച്ചുവരവ് വിദ്യാഭ്യാസരംഗത്ത് ഏറെ പ്രതീക്ഷ പകരുന്നതാണ്.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ മികച്ച മാർക്കു വാങ്ങി അഭിമാനനേട്ടം സ്വന്തമാക്കിയപ്പോൾ ചിലർക്കു അത് എത്തിപ്പിടിക്കാനാവാതെ പോവുക സ്വാഭാവികമാണ്. ഒരു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി എന്നതുകൊണ്ടോ കിട്ടിയില്ലാ എന്നതുകൊണ്ടോ അത് ഒരു വിദ്യാർത്ഥിയുടെയും ജീവിതത്തിലെ അവസാന പരീക്ഷണമാകുന്നില്ല. ഓരോ പരീക്ഷകളും ഓരോ വിദ്യാർത്ഥിയുടെയും ഭാവി സാദ്ധ്യതകളിലേക്കുള്ള നൂറുകൂട്ടം വാതിലുകളാണ് തുറന്നിടുന്നത്. ഇത് തിരിച്ചറിയാൻ വൈകുന്നതാണ് തെറ്റ്. പരീക്ഷയിൽ മാർക്കു കുറഞ്ഞുപോയാൽ ജീവിതത്തിലെ നിർണ്ണായക തോൽവീയാണെന്ന മട്ടിലുള്ള തെറ്റായ ചിന്ത ഉപേക്ഷിക്കേണ്ട സമയം എന്നോ കഴിഞ്ഞതാണ്. എന്നാൽ ഇപ്പോഴും കാലത്തിനൊത്ത് ഇക്കാര്യങ്ങളിൽ വളർച്ചയും പക്വതയും പ്രകടമാക്കാൻ പല രക്ഷിതാക്കൾക്കും ആവുന്നില്ലാ എന്നതാണ് സങ്കടകരം.

മാർക്കു കുറഞ്ഞതിന്റെ പേരിൽ സ്വന്തം കുട്ടികളെ കൊടും പീഡനത്തിനു വിധേയമാക്കുന്ന രക്ഷിതാക്കൾ ഇപ്പോഴുമുണ്ടെന്നത് സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കണം. എസ്.എസ്.എൽ.സിക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടാത്തതിന്റെ പേരിൽ മകനെ മൺവെട്ടിയുടെ കൈകൊണ്ടു ക്രൂരമായി മർദ്ദിച്ച അഛൻ കിളിമാനൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായത് നമ്മുടെ രക്ഷിതാക്കളിൽ ചിലരെങ്കിലും ഇപ്പോഴും എവിടെയാണ് എത്തിനിൽക്കുന്നത് എന്നതിന്റെ സൂചനയാണ്. കുട്ടിക്ക് ആറു വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചെങ്കിലും ഇതു പോരെന്നു പറഞ്ഞായിരുന്നു അഛന്റെ മർദ്ദനം. മൺവെട്ടിക്കൈ കൊണ്ടു കഴുത്തിൽ അമർത്തിപ്പിടിച്ചു ശ്വാസംമുട്ടിക്കാനും ആ പിതാവ് തയ്യാറായി. കൈക്കും കാലിനും മർദ്ദനമേറ്റ വിദ്യാർത്ഥിക്കു കഴുത്തിൽ മുറിവുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലും പിതാവ് കോടതിയിൽ റിമാൻഡിലുമാണ് ഇപ്പോൾ.

ജീവിതത്തിലെ നൂറുകൂട്ടം പരീക്ഷണങ്ങളിൽ ഒന്നു മാത്രമാണ് പരീക്ഷ. അതുകൊണ്ടുതന്നെ ഒരു പരീക്ഷയും ജീവിതത്തിന്റെ അവസാനമല്ലെന്ന തിരിച്ചറിവോടെ പ്രതീക്ഷ ഉണർത്താൻ രക്ഷിതാക്കൾക്കു സാധിക്കണം. മിക്ക രക്ഷിതാക്കളും കുട്ടികൾക്ക് മാർക്ക് കുറയുമ്പോൾ ചോദ്യം ചെയ്യും. ചിലർ വഴക്കു പറയും. അതു സ്വാഭാവികം മാത്രമാണ്. എന്നാൽ, മാർക്ക് കുറഞ്ഞതിന്റെ പേരിൽ രക്ഷിതാക്കൾ മക്കളിൽ ഏല്പിക്കുന്ന സമ്മർദ്ദം വളരെ വലുതാണെന്നു കാണാതെ പോകരുത്. പല കുട്ടികളും വീട് വിട്ട് ഇറങ്ങുന്നതിനും മാതാപിതാക്കളുമായി പരസ്പരം സംസാരിക്കുന്നതിനുമെല്ലാം വലിയ അളവിൽ വിള്ളലുണ്ടാക്കാനും പരീക്ഷാഫലം ഇടയാക്കുന്നുണ്ട്. ഇതുമൂലം, ചിലർ ആത്മഹത്യക്കു ശ്രമിക്കുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും ദുർബലമായ മനസ്സിനെ കടുംകൈകൾക്കു പ്രേരിപ്പിക്കാത്ത വിധം തിരുത്തലുകളുടെയും വീണ്ടുവിചാരത്തിന്റെയും ശിക്ഷണങ്ങളിലേക്കാണ് രക്ഷിതാക്കൾ കുട്ടികളെ നയിക്കേണ്ടത്. അതിന് പകരം കൂടുതൽ ആപൽക്കരമായ വഴിയിലേക്കു ചിന്തിക്കാൻ കുട്ടികൾക്കു ഒരിക്കലും വഴിയൊരുക്കരുത്.

മാർക്കിനേക്കാൾ വലുതാണ് മക്കളെന്നു രക്ഷിതാക്കളും പുസ്തകങ്ങളെക്കാൾ ജീവനാണ് മാതാപിതാക്കളെന്നു തിരിച്ചു വിദ്യാർത്ഥികൾക്കും ബോദ്ധ്യമുണ്ടാവണം. മാർക്ക് കുറയുമ്പോൾ, എ പ്ലസുകൾ ഇല്ലാതെ വരുമ്പോൾ വീട്ടിൽ പോവേണ്ട, മരിച്ചാൽ മതി എന്ന ചിന്ത ഒരുനിലയ്ക്കും ആശാസ്യമല്ല. ഏതെങ്കിലുമൊരു പരീക്ഷയിൽ എല്ലാം എപ്ലസ് ആകുന്നതു മാത്രല്ല ജീവിതം. എ പ്ലസ് ആകുന്നതുകൊണ്ടു മാത്രം ഒരാളും ജീവിതത്തിൽ പൂർണമായും എ പ്ലസ് ആകുന്നുമില്ല. മാർക്ക് കുറയാൻ നിരവധി കാരണങ്ങളുണ്ട്. മാർക്ക് കുറഞ്ഞാലും കൂടിയാലും സന്തോഷപൂർവ്വം കയറിച്ചെല്ലാവുന്ന ഇടങ്ങളാവണം വീടുകൾ. ഇവിടെയാണ് മാതാപിതാക്കളുടെയും മക്കളുടെയും യഥാർത്ഥ വിജയം കുടുകൊള്ളുന്നത്.

മാർക്കും ഗ്രേഡും അടിസ്ഥാനമാക്കിയുള്ള പെർഫോമൻസ് പരീക്ഷാ പരിശ്രമത്തിന്റെ സ്വാഭാവിക ഫലം മാത്രമാണ്. അത് തുടർന്നുള്ള ഘട്ടഘങ്ങളിൽ മാറ്റങ്ങൾക്കു വിധേയമാണ്. അതിനാൽ കുട്ടിയെ മാനസികമായി തകർക്കുന്ന രീതികൾ ഒരിക്കലും അവലംബിച്ചുകൂടാ. പോരായ്മകൾ അവധാനതയോടും സമാധാനത്തോടെയും മക്കളെ ബോദ്ധ്യപ്പെടുത്താനാവണം രക്ഷിതാക്കളുടെ ശ്രമം. ഓരോരുത്തരുടെയും അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. എ പ്ലസ് കിട്ടിയവരോടൊപ്പം കിട്ടാത്തവർക്കും ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും. അതരത്തിലുള്ള ഒട്ടനവധി ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. മികച്ച വിജയം നേടിയവർക്കു കൂടുതൽ മികവ് തെളിയിക്കാൻ അവസരങ്ങൾ ഒരുക്കുന്നതോടൊപ്പം പല കാരണങ്ങളാൽ പരീക്ഷയിൽ കാലിടറിയവരെയും ആശ്വസിപ്പിച്ച്, അവരുടെ അഭിരുചി മനസ്സിലാക്കി വഴികാണിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സന്നദ്ധ സാമൂഹ്യ രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾക്കു ഏറെ നിർവ്വഹിക്കാനുണ്ട്. ആ ഉത്തരവാദിത്തം മറന്നുകൂടാ.

Read More >>